കാസർകോട്ട് ഏറ്റവും കൂടുതൽ നേന്ത്രവാഴ കൃഷിചെയ്യുന്ന സ്ഥലത്ത് കുലകളിൽ കറുത്തപാടുകൾ; പ്രതിസന്ധികൾക്കിടെ വിളവെടുത്ത കർഷകർക്ക് കണ്ണീര് മാത്രം
Jul 3, 2021, 17:34 IST
കയ്യൂർ: (www.kasargodvartha.com 03.07.2021) നേന്ത്രവാഴക്കുലകളിൽ രോഗം വ്യാപിച്ച് കർഷകർ പ്രതിസന്ധിയിൽ. കയ്യൂർ, കൂക്കോട്ട്, ചെറിയാക്കര എന്നിവിടങ്ങളിലെ നേന്ത്രവാഴ കർഷകരാണ് ദുരിതത്തിലായിരിക്കുന്നത്. വിളവെടുത്ത നേന്ത്രവാഴക്കുലകളിൽ കറുപ്പ് നിറം കാണപ്പെടുകയാണ്. എന്നാൽ വാഴയുടെ വളർചാ ഘട്ടത്തിലും കുലച്ചപ്പോഴുമൊന്നും ഈ പ്രശ്‍നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് കർഷകർ പറയുന്നു. വാഴക്കുലയിൽ കറുത്ത കുത്തു പോലെയുള്ള പാടുകളാണ് കാണപ്പെടുന്നത്.
പ്രളയത്തിലും പ്രകൃതി ക്ഷോഭത്തിലും കൃഷിനാശം സംഭവിച്ച് പ്രയാസത്തിലായ കർഷകർ, കോവിഡും ലോക് ഡൗണും കൂടിയായതോടെ സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് ഉഴലുകയാണ്. അതിനിടെ ഫംഗസ് ബാധ കൂടിയായതോടെ കർഷകരുടെ കണ്ണീർ വീഴുകയാണ്. ലോൺ എടുത്ത് കൃഷി ചെയ്‌ത പല കർഷകരും ഇക്കൂട്ടത്തിലുണ്ട്. ഇനി ഇതൊക്കെ എങ്ങനെ മറികടക്കുമെന്ന നിരാശയിലാണ് ഇവർ. തങ്ങളുടെ ദുരിതത്തിന് അധികൃതരുടെ ഭാഗത്ത് നിന്ന് കൈത്താങ്ങ് ഉണ്ടാവണമെന്നാണ് കർഷകരുടെ ആവശ്യം.
Keywords: Kerala, News, Kasaragod, Kayyur, Farmer, Agriculture, Banana-plant, Black spots on bananas cultivated in largest banana-growing area in Kasaragod; Only tears for the farmers who harvested during the crisis.