city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പുതിയ കാര്‍ഷിക നയം: ജില്ലാതല കൂടിയാലോചനയ്ക്ക് തുടക്കം

പുതിയ കാര്‍ഷിക നയം: ജില്ലാതല കൂടിയാലോചനയ്ക്ക് തുടക്കം
കാസര്‍കോട്: സംസ്ഥാനത്ത് പുതിയ കാര്‍ഷിക നയം രൂപീകരിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ ജില്ലാതല കൂടിയാലോചനകള്‍ക്ക് തുടക്കമായി. മുന്‍ എം.എല്‍.എ കെ. കൃഷ്ണന്‍കുട്ടി ചെയര്‍മാനായ സമിതിയുടെ ജില്ലാതല നയരൂപീകരണത്തിന് കാസര്‍കോട് കളക്ടറേറ്റില്‍ നടന്ന ചര്‍ചയോടെയാണ് തുടക്കമായത്. കര്‍ഷക സംഘടനാ പ്രതിനിധികള്‍ തദ്ദേശസ്ഥാപനങ്ങളുടെ അദ്ധ്യക്ഷന്മാര്‍ എന്നിവര്‍ ചര്‍ചയില്‍ പങ്കെടുത്തു. കാര്‍ഷികമേഖല കൂടുതല്‍ ആകര്‍ഷകമാക്കുക, യുവതലമുറയെ കാര്‍ഷികവൃത്തിയിലേക്ക് ആകര്‍ഷിക്കുക, കാര്‍ഷികമേഖലയില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിപ്പിക്കുക തുടങ്ങിയവ മുന്‍നിര്‍ത്തി സമഗ്രമായ കാര്‍ഷിക നയത്തിന് രൂപം നല്‍കുകയാണ് സമിതിയുടെ ലക്ഷ്യം.

കൃഷിഭൂമിയുടെ വ്യാപ്തി കുറയുകയും കുത്തക കമ്പനികള്‍ കാര്‍ഷികമേഖലയിലേക്ക് കടന്നുവരികയും ചെയ്യുന്ന സാഹചര്യത്തില്‍ പുതിയ പ്രവണതകളെ അഭിമുഖികരിക്കാനുതകുന്ന നയം രൂപീകരിക്കുകയാണ് സമിതി ചെയ്യുകയെന്ന് അദ്ധ്യക്ഷന്‍ കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. കൃഷിമന്ത്രി അദ്ധ്യക്ഷനായ കൃഷി ഉപദേശക സമിതിയുടെ തീരുമാനപ്രകാരമാണ് പുതിയ നയം രൂപീകരിക്കാനുള്ള സമിതിയെ നിയോഗിച്ചിട്ടുള്ളത്.

കളക്ടറേറ്റില്‍ നടന്ന ചര്‍ചയില്‍ നിരവധി നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവന്നു. കൃഷി കൂടുതല്‍ ആദായകരമാക്കാന്‍ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍, കൃഷി അനുബന്ധ വ്യവസായങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് അഭിപ്രായമുണ്ടായി. നാളികേരത്തില്‍ നിന്ന് ആരോഗ്യപാനീയങ്ങളായ നീരയും കശുമാങ്ങയില്‍ നിന്ന് ഫെന്നിയും ഉല്പാദിപ്പിക്കാനുള്ള സംരംഭങ്ങള്‍ വേണമെന്ന് ആവശ്യമുയര്‍ന്നു. കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കുന്നതിനായി പുതിയ മാനദണ്ഡം രൂപീകരിക്കണം. ഉല്‍പാദനച്ചെലവ് കര്‍ഷകന് ലഭിക്കുംവിധം സര്‍ക്കാര്‍ സംഭരണം നടത്തണം. ഉല്പന്നം വിറ്റഴിക്കുന്നതിനുള്ള വില്പന സംവിധാനം പഞ്ചായത്തടിസ്ഥാനത്തില്‍ രൂപീകരിക്കണം. നഷ്ടം നികത്താന്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കണം. ഏറ്റവുമധികം നദികളുള്ള ജില്ലയില്‍ ജലസേചനം കാര്യക്ഷമമാക്കാന്‍ അണക്കെട്ടുകളും ചെക്ക്ഡാമുകളും നിര്‍മ്മിക്കണം. അടയ്ക്കാ കൃഷി വികസന ബോര്‍ഡ് രൂപീകരിച്ച് അടയ്ക്കാ കര്‍ഷകര്‍ക്ക് ആശ്വാസമെത്തിക്കണം. കവുങ്ങ്, തെങ്ങ് തടികള്‍ ഉപയോഗിച്ചുള്ള ഫര്‍ണിച്ചര്‍ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കണം നെല്‍കര്‍ഷകര്‍ക്കുള്ള ഉല്പാദന ബോണസ് വര്‍ദ്ധിപ്പിക്കണം, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കാര്‍ഷീകോന്മുഖമാക്കണം, കര്‍ഷകത്തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കാന്‍ ഇതിലൂടെ കഴിയണമെന്നും നിര്‍ദ്ദേശമുണ്ടായി. ജൈവ ജില്ലയായിപ്രഖ്യാപിക്കപ്പെട്ടെങ്കിലും ജൈവവളം ആവശ്യാനുസരണം ലഭ്യമല്ലെന്ന് കര്‍ഷക സംഘടനാ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ഇത് പരിഹരിക്കാന്‍ നടപടിവേണം. നാടന്‍ പശുക്കളെ കൂടുതല്‍ വിതരണം ചെയ്യണം, നാടന്‍ പശുപരിപാലനം പ്രോത്സാഹിപ്പിക്കണം, യന്ത്രവല്‍ക്കരണത്തിനായി 100 ശതമാനം സബ്‌സിഡി നല്‍കണമെന്നും നിര്‍ദ്ദേശമുണ്ടായി. ജില്ലയിലെ കൊപ്ര സംഭരണകേന്ദ്രങ്ങള്‍ അപര്യാപ്തമായതിനാല്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തണം. കാര്‍ഷിക തൊഴിലുകളിലേക്ക് തൊഴില്‍ സേനയെ പരിശീലിപ്പിക്കണം, പഞ്ചായത്ത് തലത്തില്‍ ഓര്‍ഗാനിക് കൗണ്ടര്‍ സ്ഥാപിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും അവതരിപ്പിച്ചു.

സമിതി ചെയര്‍മാന്‍ കെ.കൃഷ്ണന്‍കുട്ടിക്ക് പുറമെ അംഗങ്ങളായ കൃഷി ഡയറക്ടര്‍ ആര്‍. അജിത് കുമാര്‍, മുന്‍ ഡയറക്ടര്‍ ആര്‍. ഹേലി, കാര്‍ഷിക സര്‍വകലാശാല വിജ്ഞാനവിഭാഗം ഡയറക്ടര്‍ ഡോ. പി.വി. ബാലചന്ദ്രന്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ചന്ദ്രന്‍, രാജശേഖരന്‍ തുടങ്ങിയവര്‍ സിറ്റിംഗില്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ശ്യാമളാദേവി സംബന്ധിച്ചു.

Keywords: Agriculture, Programme, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia