city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 10.90 കോടിയുടെ കടബാധ്യതകള്‍ എഴുതിതളളും: കൃഷി മന്ത്രി

കാസര്‍കോട്: (www.kasargodvartha.com 16/07/2015) ജില്ലയില്‍ 1191 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 10.90  കോടി രൂപയുടെ കടബാധ്യതകള്‍ എഴുതിതളളുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി കെ.പി മോഹനന്‍ പറഞ്ഞു.  രണ്ടാഴ്ചയ്ക്കകം കടബാധ്യതകള്‍ തീര്‍ക്കും. രണ്ട് ലക്ഷത്തിലധികം കടബാധ്യതകളുള്ള 267 പേരുടെ 5.88 കോടി രൂപയുടെ പട്ടിക കൂടി എന്‍ഡോസള്‍ഫാന്‍ പുനരധിവാസ സെല്‍ അംഗീകരിച്ചു. അമ്പതിനായിരം രൂപ വരെ കടബാധ്യതയുള്ള 591 പേരുടേയും 50,001 മുതല്‍ രണ്ട് ലക്ഷം വരെ കടമുള്ള 333 പേരുടേയും അപേക്ഷകളാണ് കടാശ്വാസ കമ്മിറ്റി തീര്‍പ്പാക്കിയത്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനും ഏകോപനത്തിനുമുളള ജില്ലാതല സെല്ലിന്റെ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരില്‍  ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്തത് പ്രകാരം 90.465 കോടി രൂപയുടെ  ധനസഹായം നല്‍കിയതായി മന്ത്രി പറഞ്ഞു. ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട പൂര്‍ണ്ണമായും കിടപ്പിലായവര്‍ക്കും ബുദ്ധിമാന്ദ്യം  സംഭവിച്ചവര്‍ക്കും എന്‍ഡോസള്‍ഫാന്‍ ദുരിതം മൂലം മരണപ്പെട്ടവരുടെ  ആശ്രിതര്‍ക്കും  അഞ്ച്  ലക്ഷം  രൂപയും ശാരീരിക  വൈകല്യമുളളവര്‍, അര്‍ബുദരോഗികള്‍ എന്നിവര്‍ക്ക് മൂന്ന് ലക്ഷം രൂപയും ഗഡുക്കളായി  നല്‍കുന്നതിന്റെ ഭാഗമായി  ആദ്യ രണ്ട്  ഗഡുക്കളാണ്  അനുവദിച്ചത്. 3483 കുടുംബങ്ങള്‍ക്ക് ആദ്യ ഗഡുവായി 445600000 രൂപയും  രണ്ടാം ഗഡുവായി  3408 ദുരിതബാധിതര്‍ക്ക് 439050000 രൂപയും നല്‍കി കേരള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ 53.067 കോടി രൂപയും സാമൂഹിക സുരക്ഷാമിഷന്‍ 51.3 കോടി രൂപയുമാണ്  ഫണ്ട് അനുവദിച്ചത്.

പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ പെരിയ, ചീമേനി, രാജപുരം തോട്ടങ്ങളിലും പാലക്കാട് തെങ്കരയിലും ഗോഡൗണുകളില്‍  സൂക്ഷിച്ചിട്ടുള്ള അവശേഷിക്കുന്ന എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കാന്‍ എച്ച് ഐ എല്‍ നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം എറണാകുളം ജില്ലാ കളക്ടര്‍ രാജമാണിക്യവും ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്‌സ് ലിമിറ്റഡ്  ഉദ്യോഗസ്ഥരും കൃഷിമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. എറണാകുളത്തെ ഉദ്യോഗ മണ്ഡല്‍ എച്ച് ഐ എല്‍ ഫാക്ടറിയുള്ള എലൂരില്‍ ഇത് നിര്‍വീര്യമാക്കുന്നത് പ്രദേശത്തെ ജനങ്ങളുമായി ചര്‍ച്ച ചെയ്ത് നടപടിയെടുക്കും.

ഒമ്പത് ഗ്രാമപഞ്ചായത്തുകള്‍ക്ക്  അനുവദിച്ച  ആംബുലന്‍സുകളുടെ  തുടര്‍ പ്രവര്‍ത്തനങ്ങള്‍  അതാത് ഗ്രാമപഞ്ചായത്തുകളില്‍ നിര്‍വ്വഹിക്കുന്നതിനും തീരുമാനമായി.  ആഗസ്ത് മാസത്തില്‍ സ്‌പെഷ്യല്‍ മെഡിക്കല്‍  ക്യാമ്പുകള്‍ സംഘടിപ്പിക്കും. നബാര്‍ഡ് - ആര്‍ ഐ ഡി എഫ്  പദ്ധതി വിലയിരുത്തുന്നതിന് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, എഞ്ചിനീയര്‍മാര്‍, കരാറുകാര്‍ ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ആഗസ്ത് ഒന്നിന് മൂന്നു മണിക്ക് കൃഷിവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേരും.236 പദ്ധതികളില്‍ 144 എണ്ണം പൂര്‍ത്തീകരിച്ചു. മറ്റുള്ള പ്രവൃത്തികള്‍ വിലയിരുത്തും. സമഗ്ര പുനരധിവാസ ഗ്രാമത്തിന്റെ ഡിസൈന്‍ അംഗീകരിക്കുന്നതിനുളള യോഗം ആഗസ്ത് ഒന്നിനകം ചേരുമെന്ന് മന്ത്രി പറഞ്ഞു. ജനസമ്പര്‍ക്ക പരിപാടിയില്‍  മുഖ്യമന്ത്രി പ്രഖ്യാപിച്ച സാഫല്യം ഭവന പദ്ധതിയുടെ ഭാഗമായി ഭൂമിയും വീടുമില്ലാത്ത 128 ദുരിതബാധിതരുടെ പട്ടിക തയ്യാറാക്കി. ഇതില്‍ 108 പേര്‍ക്ക് പരപ്പ, പുല്ലൂര്‍, എണ്‍മകജെ വില്ലേജുകളില്‍ കണ്ടെത്തിയ റവന്യു ഭൂമിയില്‍ 10 സെന്റ് വീതം സ്ഥലം അനുവദിക്കും. ഇവിടെ അഞ്ച്  ലക്ഷം രൂപയുടെ 500 ചതുരശ്രഅടി വിസ്തീര്‍ണ്ണമുളള വീടുകള്‍ സായി ഓര്‍ഫനേജ് ട്രസ്റ്റ്  നിര്‍മ്മിച്ചു നല്‍കും. ബദിയടുക്ക പഞ്ചായത്തില്‍  മൃഗസംരക്ഷണ വകുപ്പിന്റെ ഭൂമി  ബഡ്‌സ് സ്‌കൂള്‍ നിര്‍മ്മിക്കുന്നതിന് അനുവദിക്കുന്നതിന് തീരുമാനമായി.  എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍.പി ബാലകൃഷ്ണന്‍ നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

യോഗത്തില്‍ എംഎല്‍എ മാരായ ഇ. ചന്ദ്രശേഖരന്‍, കെ. കുഞ്ഞിരാമന്‍, ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍, ആര്‍ഡിഒ എന്‍. ദേവീദാസ്, ബ്ലോക്ക് പഞ്ചായത്ത്് പ്രസിഡണ്ട് മുംതാസ് സമീറ, എ. കൃഷ്ണന്‍, അംഗങ്ങളായ മടിക്കൈ കമ്മാരന്‍, കെ.ബി  മുഹമ്മദ് കുഞ്ഞി, നാരായണന്‍ പേരിയ, എ.വി രാമകൃഷ്ണന്‍,  ടി. കൃഷ്ണന്‍, ഡോ രൂപ സരസ്വതി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ എച്ച്. വിഘ്‌നേശ്വര ഭട്ട് (കളളാര്‍), വി ഭവാനി(മുളിയാര്‍), സുപ്രിയ അജിത്കുമാര്‍ (പനത്തടി) , ജി ഹസൈനാര്‍ (കുമ്പഡാജെ), സി.കെ അരവിന്ദാക്ഷന്‍(പുല്ലൂര്‍-പെരിയ) പി.പി നസീമ (അജാനൂര്‍) ജെ.എസ് സോമശേഖര (എണ്‍മകജെ) കാറഡുക്ക വൈസ് പ്രസിഡണ്ട്  ജനനി,  കയ്യൂര്‍- ചീമേനി സ്ഥിരം സമിതി അധ്യക്ഷന്‍ കെ. സുകുമാരന്‍, എം. അബൂബക്കര്‍ തുടങ്ങിയവരും വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരും സംബന്ധിച്ചു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 10.90 കോടിയുടെ കടബാധ്യതകള്‍ എഴുതിതളളും: കൃഷി മന്ത്രി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia