പരങ്ങേന്‍ സദാനന്ദന് വെള്ളരികൃഷിയില്‍ നൂറ്മേനി വിളവ്
Mar 19, 2012, 14:30 IST
തൃക്കരിപ്പൂര്‍: കാല് നൂറ്റാണ്ട് കാലത്തെ പ്രവാസി ജീവിതം അവസാനിപ്പിച്ച് ജന്മനാട്ടില് നടത്തിയ പരീക്ഷണ കൃഷിയില്‍ നൂറ്മേനി വിളവ്. നടക്കാവ് മൈത്താണിയിലെ പരങ്ങേന്‍ സദാനന്ദനാണ് ചുട്ടുപൊള്ളുന്ന മണലാരുണ്യത്തിന്റെ അനുഭവങ്ങള്‍ മറക്കാന്‍ ഹരിത കാന്തിയുടെ പുതിയ മാതൃക തീര്‍ത്തത്. നാട്ടില്‍ ഡ്രൈവറായിരുന്ന സദാനന്ദന് രണ്ടര പതിറ്റാണ്ടിന് ശേഷം പ്രവാസി ജീവിതം മതിയാക്കി നാട്ടിലെത്തിയതോടെ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ പച്ചക്കറി കൃഷി ജീവിത ചെലവിനുള്ള പ്രധാന വരുമാന മാര്‍ഗമായി തെരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് വിള നെല്‍കൃഷി ചെയ്യുന്ന മൈത്താണിച്ചാല് പാടശേഖരത്തിലാണ് നെല്‍കൃഷിയുടെ ഇടവേളയില്‍ പച്ചക്കറി വിളയിച്ച് വിജയം കൊയ്യുന്നത്. ജലാംശം കൂടുതലുള്ള ഇവിടെ ജലസേചനം നടത്താതെയായിരുന്നു കൃഷി. ചാണകം, കോഴി വളം, ആവശ്യത്തിന് രാസവളം എന്നിവ ഉപയോഗിച്ചാണ് കൃഷി രീതി. പരീക്ഷണടിസ്ഥാനത്തില്‍ 25 സെന്റ് നനവുള്ള പാടത്ത് വെള്ളരിയില്‍ നൂറ് മേനി വിളഞ്ഞത് പ്രവാസിയുടെ മനസ്സിനെ കൂടുതല്‍ ഹരിതാഭമാക്കി.
അഞ്ച് ക്വിന്റല്‍ വെള്ളരിയാണ് ആദ്യവിളവെടുപ്പില്‍ ലഭിച്ചത്. വാഴ, കുരുമുളക്, കപ്പ, തുടങ്ങിയ കൃഷിയും വിജയം കണ്ടു. കൃഷിക്കുള്ള കുഴിയെടുക്കലും വെള്ളം വളം ചേര്‍ക്കലും തനിച്ചാണ് ചെയ്യുന്നത്. ഭാര്യ പ്രേമലതയും കൃഷിയില്‍ സഹായിക്കും. ഒരു വര്‍ഷം മുമ്പ് കൃഷി ഭവനില്‍ നിന്നും കണ്ടു മുട്ടിയ ചെറുകാനത്തെ കര്ഷകന് കെ ദിനേശനാണ് വെള്ളരി കൃഷിയെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. കീടനാശിനി ഉപയോഗിക്കുന്നതിന് പകരം കൃഷി വകുപ്പ് തയ്യാറാക്കിയ പാറ്റക്കെണിയാണ് ഉപയോഗിച്ചത്. സഹോദരന് മാരോടപ്പം ഒരേക്കര്‍ സ്ഥലത്ത് വിപുലമായ പച്ചക്കറി കൃഷി ചെയ്യാനാണ് അടുത്ത ലക്ഷ്യം. മാര്‍ക്കറ്റില്‍ പൊന്നും വില കൊടുത്ത് വാങ്ങുന്ന വിവിധയിനം പച്ചക്കറികള്‍ നമ്മുടെ മണ്ണിലും വിളയിക്കാമെന്നാണ് സി പി ഐ പ്രവര്ത്തകന് കൂടിയായ ഈ 52 കാരന് പറയുന്നത്. വിളവെടുപ്പ് ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ സി ശ്യാമള നിര്‍വ്വഹിച്ചു.
Keywords: Agriculture, Trikaripur, Kasaragod