പത്താമുദയ രാവിൽ ദേവതകൾക്ക് പുത്തരി നൽകാൻ നന്മയുടെ പൊൻകതിർ കൊയ്‌ത്ത് തുടങ്ങി
Oct 21, 2021, 19:01 IST
സുധീഷ് പുങ്ങംചാൽ
വെള്ളരിക്കുണ്ട്: (www.kasargodvartha.com 21.10.2021) പത്താമുദയ രാവിൽ ദേവതകൾക്ക് പുത്തരി നൽകാൻ ബളാൽ ക്ഷേത്ര പാടത്ത് കൊയ്ത്ത് തുടങ്ങി. കാലാവസ്ഥയെയും പ്രതിസന്ധി കാലവും അതിജീവിച്ചു കൊണ്ടാണ് ഇക്കുറി നന്മയുടെ പൊൻകതിരിൽ നൂറ് മേനി വിളവ് ഉണ്ടായത്.
മിഥുന മാസത്തിലെ നല്ലനാളിൽ വിത്തിറക്കുമ്പോൾ തുലാമാസത്തിലെ പത്താമുദയദിവസം നാടിന്റെ ഐശ്യര്യമായി കുടികൊള്ളുന്ന ബളാൽ ഭഗവതി കാവുകളിലെയും ക്ഷേത്രങ്ങളിലെയും ദേവതകൾക്ക് പുത്തരി നൽകാനുള്ള പ്രാർഥന നേർന്നാണ് തുടക്കം കുറിച്ചത്. നെൽവിത്തിനങ്ങളിൽ അത്യുൽപാദന ശേഷിയുള്ള ശ്രേയസ് വിത്തായിരുന്നു വിതച്ചത്.
പത്തേകെറോളം വരുന്ന പാടത്ത് അഞ്ചു മാസം കൊണ്ട് തന്നെ വിളവെടുപ്പിന് പാകമായി. കോരി ചൊരിയുന്ന മഴയത്താണ് ശ്രീ ഭഗവതി ക്ഷേത്രപാടത്ത് ഞാറ്റൊടി നട്ടത്. ഞാറ്റോടി പറിച്ചു വയലിൽ നടാൻ ആളെ കിട്ടാത്ത അവസ്ഥയിൽ ഇക്കുറി യന്ത്രം ഉപയോഗിച്ചായിരുന്നു കൃഷി ഇറക്കിയത്.
പാരമ്പര്യ നെൽകൃഷിക്ക് പതിറ്റാണ്ടുകളോളം പഴക്കവും പേരും പെരുമയും ഉള്ള സ്ഥലമാണ് ബളാൽ. മാലോം പട്ടേലർ ദാനമായി നൽകിയതാണ് ബളാൽ പാടശേഖരം. അന്യം നിന്നുപോകുന്ന നെൽകൃഷിക്ക് കാലത്തിന്റെ കുത്തൊഴുക്കിൽ ഇപ്പോഴും പിടി കൊടുക്കാതിരിക്കുന്ന ബളാൽ ദേവസ്വം ഇത്തവണ തരിശായി കിടന്ന ഒന്നര ഏകെറിൽ കൂടി നെൽകൃഷി വ്യാപിപ്പിച്ചു എന്നതും ശ്രദ്ധേയമാണ്.
ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം നേൽക്കറ്റ കൊയ് തെടുത്ത് കൊയ്‌ത്തുൽസവം ഉദ്‌ഘാടനം ചെയ്‌തു. ക്ഷേത്ര കമിറ്റി പ്രസിഡന്റ് കൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ഡോ. അനിൽ സെബാസ്റ്റ്യാൻ, അസി. കൃഷി ഓഫീസർ എസ് രമേഷ് കുമാർ, വാർഡ് മെമ്പർ എം അജിത, സ്ഥിരം സമിതി അധ്യക്ഷ പി പത്മാവതി, പാടശേകര പ്രതിനിധികളായ ബാലകൃഷ്ണൻ പറമ്പത്ത്, സേതുരാജ് മാവില, തമ്പാൻ കുരുക്കൾ, കൃഷ്ണൻ നായർ പൊളിയപ്രം, ശശിധരൻ വാവോലിൽ പ്രസംഗിച്ചു.
Keywords: Kerala, News, Vellarikundu, Balal, Farmer, Agriculture, Farming, Paddy harvest begins.
< !- START disable copy paste -->