Street vendors | കാസർകോട് നഗരത്തിലെ അനധികൃത തെരുവ് കച്ചവടക്കാരെ ഒഴിപ്പിച്ചു; നടപടി വ്യാപാരികളുടെ സമരം നടക്കാനിരിക്കെ
Nov 27, 2023, 19:18 IST
കാസർകോട്: (KasargodVartha) നഗരത്തിലെ അനധികൃത തെരുവ് കച്ചവടക്കാരെ ഒഴിപ്പിച്ചു. റോഡും നടപ്പാതയും കയ്യേറി കച്ചവടം നടത്തി വന്നവർക്കെതിരെയാണ് പൊലീസ് സഹായത്തോടെ നഗരസഭ അധികൃതർ നടപടി സ്വീകരിച്ചത്. അതേസമയം ലൈസൻസുള്ള അംഗീകൃത കച്ചവടക്കാർക്ക് നിയമപ്രകാരമുള്ള നിശ്ചിത ഏരിയയിലാണ് കച്ചവടത്തിന് അനുമതി നൽകിയത്. അനുവദനീയമായതിലും കൂടുതൽ സ്ഥലം കയ്യേറിയവരുടെ സ്ഥലം ചുരുക്കി നൽകി.
നഗരത്തിൽ അനധികൃതമായി നടത്തുന്ന തെരുവ് കച്ചവടം വ്യാപാരികൾക്കും വഴിയാത്രക്കാർക്കും വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ടും നവംബർ 28ന് രാവിലെ 10 മണി മുതൽ 12 വരെ കാസർകോട് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് പ്രതീകാത്മക തെരുവ് കച്ചവട സമരം നടത്തുമെന്ന് കാസർകോട് മർചന്റ്‌സ് അസോസിയേഷൻ പ്രഖ്യാപിച്ചിരുന്നു.
അതിനിടെയാണ് കാസർകോട് നഗരസഭ അധികൃതർ നടപടി സ്വീകരിച്ചത്. കാസർകോട് ഗവ. ഹയർ സെകൻഡറി സ്കൂൾ ജൻക്ഷൻ മുതൽ ബദരിയ്യ ഹോടെൽ വരെയാണ് പരിശോധന നടത്തിയത്.