city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അളിയന്റെ കട്ടിലും കാത്ത് നിന്ന ആ ഒരു നാള്‍

പ്രവാസം, അനുഭവം, ഓര്‍മ (ഭാഗം - 3) 

-കുട്ടിയാനം മുഹമ്മദ് കുഞ്ഞി

(www.kasargodvartha.com) ഇറാഖ് ഭരണാധികാരിയായിരുന്ന സദ്ദാം ഹുസ്സൈന്‍ കുവൈറ്റിന് മേല്‍ നടത്തിയ അധിനിവേശത്തെ തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തിയ ഞാന്‍ ഇനി ഒരു പ്രവാസ ജീവിതം വേണ്ട നാട്ടില്‍ തന്നെ വല്ല കച്ചവടമോ ജോലിയോ ചെയ്ത് ജീവിക്കാമെന്ന ആഗ്രത്തോടെ അല്ലറചില്ലറ ഏര്‍പ്പാടുകള്‍ ചെയ്തു നോക്കി. അതൊന്നും പച്ചപിടിക്കാതെ വന്നപ്പോഴായിരുന്നു ദുബായിലേക്ക് വിമാനം കയറിയത്. എന്റെ ഭാര്യാ സഹോദരന്‍ ജലാല്‍ കട്ടപ്പണി ദുബായ് എയര്‍പോര്‍ട്ടില്‍ വന്ന് എന്നെ അദ്ദേഹത്തിന്റെ ദേരയിലുള്ള റൂമിലേക്ക് കൂട്ടികൊണ്ടുപോയി താമസിപ്പിച്ചു.
            
അളിയന്റെ കട്ടിലും കാത്ത് നിന്ന ആ ഒരു നാള്‍

ജോലി അന്വേഷിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഷാര്‍ജയില്‍ ഒരു വേക്കന്‍സിയുണ്ടെന്ന കാര്യം എന്റെ സന്തത സഹചാരിയായ ഇബ്രാഹിം ചെര്‍ക്കള വിളിച്ചു പറഞ്ഞത്. ജലാല്‍ എന്നെയും കൂട്ടി മദര്‍ കാറ്റിനടുത്ത് അദ്ദേഹം ജോലി ചെയ്തിരുന്ന അല്‍-അമാനി ഗ്രോസറിയില്‍ കൊണ്ടു വിട്ടു. തൊട്ടടുത്ത ദിവസം തന്നെ (മുമ്പ് പറഞ്ഞു വെച്ച) എനിക്കും ഒരു ജോലി ശരിയായി. അതേ തുടര്‍ന്ന് അല്‍ -വാഹദ സ്ട്രീറ്റിലുള്ള ഇബ്രാഹിമിന്റെ റൂമില്‍ തന്നെ ഒരു ബെഡ് ഒഴിവുണ്ടായിരുന്നതിനാല്‍ എന്റെ താമസവും അങ്ങോട്ടേക്ക് മാറ്റി. അങ്ങിനെ ഞാനും ഇബ്രാഹിം ചെര്‍ക്കളയും നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം ഷാര്‍ജയില്‍ വെച്ച് വീണ്ടും ഒന്നായി ചേര്‍ന്നു. അവിടെയുണ്ടായിരുന്ന ഒരു പഴയ ഇരുമ്പ് കട്ടിലും കിടക്കയും അതോടെ എന്റെ സ്വന്തം സാമ്രാജ്യമായി മാറി.

ഏതൊരു പ്രവാസിയേയും പോലെ ഇത്തിരി പോന്ന സ്ഥലത്തുള്ള സൗകര്യത്തില്‍ സന്തോഷത്തോടെ അതിനകത്ത് ഇങ്ങനെയങ്ങ് കഴിഞ്ഞു പോകുന്നതിനിടയിലാണ് ഒരു സായാഹ്നത്തില്‍ അല്‍ വാഅദാ സ്ട്രീറ്റ്‌സിലെ തിരക്കിനിടയിലൂടെ കാഴ്ചകള്‍ കണ്ടു നീങ്ങുന്നതിനിടയിലാണ് എന്റെ ഭാര്യയുടെ വകയിലൊരു ബന്ധുവായ ശരീഫിനെ കണ്ടുമുട്ടുന്നത്. കുശലാന്വേഷണങ്ങള്‍ക്ക് ശേഷം പരിചയം പുതുക്കി നാട്ടിലെയും ഗള്‍ഫിലേയം വിശഷങ്ങള്‍ പലതു പങ്കു വെച്ച അദ്ദേഹം അജ്മാനില്‍ ഒരു കാറ്ററിംഗ് കമ്പനിയില്‍ ജോലി ചെയ്യുകയാണെന്നും തൊട്ടപ്പുറത്തുള്ള ഒരു റെഡിമേയ്ഡ് സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് ഭക്ഷണമെത്തിക്കുവാനായി ദിവസവും മൂന്ന് തവണ ഇവിടെ വരാറുണ്ടത്രെ. നമ്മള്‍ തമ്മില്‍ കണ്ടില്ലെന്ന് മാത്രം.
              
അളിയന്റെ കട്ടിലും കാത്ത് നിന്ന ആ ഒരു നാള്‍

സംസാരങ്ങള്‍ക്കിടയില്‍ തൊട്ടു പിറകില്‍ തന്നെയുള്ള എന്റെ താമസസ്ഥലത്തേക്ക് ക്ഷണിക്കുകയും ചെയ്തു. അതനുസരിച്ച് മുറിയിലേക്ക് വന്ന ശരീഫ് എന്റെ കട്ടിലില്‍ കയറി ഇരുന്നു. കട്ടിലിന്റെ ആട്ടവും അനക്കവും വല്ലാത്തൊരു ഇരുമ്പുരശുന്ന ശബ്ദവും കേള്‍ക്കാന്‍ തുടങ്ങിയപ്പോള്‍ അത് ശരീഫിന് തീരെ രസിച്ചില്ല. അദ്ദേഹത്തെ അത് വല്ലാതെ അലോസരപ്പെടുത്തി. ഈ ശബ്ദം കേട്ടുകൊണ്ട് അളിയന്‍ എങ്ങിനെ കിടന്നുറങ്ങും, ശരീഫിന്റെ ചോദ്യങ്ങള്‍ ഒന്നിനു പിറകെ ഒന്നൊന്നായി വന്നു കൊണ്ടേയിരുന്നു. പക്ഷേ ഇങ്ങനെയുള്ള അപശബ്ദങ്ങള്‍ ആദ്യം മുതലേ കേട്ടുകൊണ്ടിരുന്നതിനാല്‍ അതൊന്നും എന്നെ അലാസരപ്പെടുത്തിയിരുന്നില്ലെന്ന് മാത്രമല്ല എന്റെ ഉറക്കത്തിനും ഒരു ബുദ്ധിമുട്ടും തോന്നിയില്ലായിരുന്നു.

എന്നാല്‍ ശരീഫിനാണെങ്കില്‍ എന്റെ കാര്യത്തില്‍ വല്ലാത്തൊരു വിഷമവും അത് പരിഹരിക്കാനുള്ള വലിയ താല്പര്യവും. പിന്നീട് ഇതേക്കുറിച്ചു തന്നെയായി അദ്ദേഹത്തിന്റെ വര്‍ത്തമാനങ്ങള്‍, 'നമ്മള്‍ മണിക്കൂറുകളോളം അദ്ധ്വാനിച്ചു വന്ന് കേറിക്കിടന്നുറങ്ങുന്ന കട്ടില്‍ ശരിയല്ലങ്കില്‍ പിന്നെ ഉറക്കം വരില്ല, അത് ശരീരത്തെയും മനസ്സിനേയും തളര്‍ത്തും, അതിനാല്‍ ഉടനെത്തന്നെ ഈ കട്ടില്‍ മാറ്റിയേ പറ്റൂ അളിയാ'. ശരീഫ് താമസിക്കുന്നതിടുത്ത് ധാരാളം ഫര്‍ണിച്ചര്‍ ഷോപ്പുകളുണ്ട്. അവിടെ വളരെ കുറഞ്ഞ വിലക്ക് കട്ടില്‍ കിട്ടും. അതായത് ഒരു നൂറ് ദിനാറിനുള്ളില്‍ നല്ല നല്ല കട്ടിലുകള്‍ കിട്ടാനുണ്ടെന്നും അതിന്റെ ഒരുവശത്തായി ചെറിയൊരു സൈഡ് ബോക്‌സുമുണ്ട്. അതിനകത്ത് നമ്മുടെ സാധനങ്ങള്‍ വെച്ച് ഭദ്രമായി പൂട്ടി വെക്കാനും സാധിക്കും.

ഞങ്ങളുടെ വണ്ടി ദിവസവും മൂന്നു തവണ ഇങ്ങോട്ടു വരാറുള്ളത് കൊണ്ട് വാടക കൊടുക്കാതെ തന്നെ കട്ടില്‍ ഇവിടെയെത്തും, ഇന്ന് വൈകുന്നേരം തന്നെ എത്തിക്കാം, പക്ഷേ എന്റെ കൈയ്യില്‍ ഇപ്പോള്‍ അതിനുള്ള പണം എടുക്കാന്‍ ഇല്ലാതായിപ്പോയല്ലോ അളിയാ. ശമ്പളം കിട്ടിയത് മുഴുവനും നാട്ടിലേക്കയച്ചു വരുന്ന വഴിക്കാണ് നമ്മള്‍ തമ്മില്‍ കണ്ടുമുട്ടിയത്. ഇനി എന്താ ചെയ്യാ?. ഇങ്ങിനെയൊക്കെ പറഞ്ഞു എന്നെ ഏറെ കൊതിപ്പിച്ച ശേഷമുള്ള ഈ ചോദ്യത്തിന് ഞാന്‍ തന്നെ ഒരു പരിഹാരം കാണണമല്ലോ. ഞാന്‍ ഇബ്രാഹിമിനോട് ചോദിച്ചു നൂറ് ദിര്‍ഹംസ് വാങ്ങി ശരീഫിന് ഏല്പിച്ചു.

ഇനി മുതല്‍ നല്ലൊരു കട്ടിലില്‍ കിടക്കാനുള്ള കൊതി മൂത്ത ഞാന്‍ അളിയന്‍ കട്ടിലുമായി വരുന്നതുവരെയെങ്കിലും കാത്തു നില്‍ക്കാന്‍ ക്ഷമ കാണിക്കാതെ നേരെ റൂമില്‍ പോയി എന്റെ കട്ടില്‍ പാടുപെട്ട് അഴിച്ചെടുത്ത് താഴെ കൊണ്ടുപോയി ബലദിയയുടെ കച്ചറ ഇടുന്ന ബോക്‌സിനടുത്ത് വെച്ച് അളിയന്റെ വരവും കാത്ത് നിന്നു. ഇന്നത്തെ പോലെ കമ്മ്യുണിക്കേഷന്‍ സൗകര്യങ്ങളോ മൊബെല്‍ ഫോണ്‍ ബന്ധങ്ങളോ ഇല്ലാതിരുന്ന കാലമായിരുന്നതിനാല്‍ അളിയന്‍ വരുമെന്ന വിശ്വാസത്തോടെ പ്രതീക്ഷകളുമായി കാത്തു നില്‍ക്കുക മാത്രമായിരു ഗതി. അളിയന്‍ എന്നും വരാറുള്ള സമയവും കഴിഞ്ഞും സന്ധ്യ മയങ്ങി രാത്രിയായി, മണി ഒമ്പതും പത്തും കഴിഞ്ഞു. എനിക്ക് ആധിയും പരിഭ്രമവും കൂടി വരാള്‍ തുടങ്ങി.

റൂമില്‍ നിന്ന് ജോലിക്ക് പോയവരെല്ലാം പണികഴിഞ്ഞു തിരിച്ചെത്തിയിട്ടും അളിയന്‍ മാത്രം വന്നില്ല. കക്ഷത്തുള്ളതിനെ വിട്ട് പറക്കുന്ന കിളിയെ പിടിക്കാന്‍ പോയവന്റെ ഗതിയായി ഞാന്‍. അവസാനം പതിനൊന്നു മണി കഴിഞ്ഞു ഇബ്രാഹീം റൂമിലെത്തി ഒരു പുഞ്ചിരിയോടെ ചോദിച്ചു, 'നിന്റെ അളിയന്റെ കട്ടിലെവിടെ?', ഞാന്‍ നിരാശയോടെ കൈമലര്‍ത്തി . ഇനി ഇന്ന് അളിയന്‍ കട്ടില്‍കൊണ്ട് വരാന്‍ ഒരു സാധ്യതയുമില്ലെന്ന് മനസ്സിലാക്കിയ ഞാന്‍ ഇബ്രാഹീമിനെയും കൂട്ടി പഴയകട്ടില്‍ തന്നെ എടുത്തുകൊണ്ടു വരാന്‍ പോയെങ്കിലും, അതും അവിടെ ഇല്ലായിരുന്നു. നിരാശയോടെ തിരിച്ചുവന്ന് തറയില്‍ ബെഡിട്ട് വിരിച്ച് മൂടിപ്പുതച്ചു കിടക്കേണ്ട ഗതികേടാണുണ്ടായത്.

ഭംഗിവാക്കുകള്‍ പറഞ്ഞു വിശ്വസിപ്പിച്ച കാശുമായി പോയ ശരീഫിനെ പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരിക്കല്‍ യാദൃശ്ചികമായി കണ്ടുമുട്ടുന്നത് പഴയ കാര്യങ്ങളൊന്നും തീരെ ഓര്‍മ്മയില്ലെന്ന മട്ടില്‍, അദ്ദേഹം വെളുക്കെച്ചിരിച്ചു കൊണ്ട് മറ്റൊരു കഥയുടെ കെട്ടഴിച്ചു. 'പണിയൊന്നുമില്ലാതെ കുറേ മാസങ്ങളായളിയാ, വിസയുടെ കാലാവധിയും കഴിഞ്ഞ് അര്‍ബാബ് വിസ അടിച്ചു തരുന്നില്ല. ഇനി നാട്ടില്‍ പോകുകയല്ലാതെ നിവൃത്തിയില്ല അളിയാ. ടിക്കറ്റിന് പോലും കൈയ്യില്‍ കാശില്ലാത്തതിന്റെ ബേജാറിലാണ് അളിയാ'. അതിനൊരു സഹായമാണ് മൂപ്പര്‍ക്ക് ഇപ്പോള്‍ വേണ്ടത്. അതിന്ന് വേണ്ടി പരക്കം പായുന്ന ശരീഫിന് കട്ടിലും ഞാന്‍ കൊടുത്ത കാശും അന്നത്തെ സംഭവങ്ങളുമെല്ലാം എന്നേ മറന്നുപോയിരുന്നു.


Keywords: Kasaragod, Kerala, Gulf, Article, Dubai, Kuwait, Job, Worker, The day I waited for bed.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia