city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പറഞ്ഞുതീര്‍ക്കാനാവാത്ത ഖാദറിന്റെ കഥകള്‍

പ്രവാസം, അനുഭവം, ഓര്‍മ (ഭാഗം - 1) 

-കുട്ടിയാനം മുഹമ്മദ് കുഞ്ഞി

(www.kasargodvartha.com) എന്റെ തൊട്ടടുത്ത പ്രദേശക്കാരനായ ഖാദറിനെ ഞാന്‍ നേരില്‍ കാണുന്നതും പരിചയപ്പെടുന്നതും ബോംബെയില്‍ വെച്ചായിരുന്നു. 1980കളില്‍ ഞങ്ങളുടെ നാട്ടില്‍ നിന്നും ദുബായില്‍ പോയി പണക്കാരനായി തിരിച്ചുവന്ന് സുജായിയായി നടക്കാനുള്ള എന്തെന്നില്ലാത്ത ആവേശത്തോടെ ആളുകള്‍ ബോംബെയ്ക്ക് വണ്ടികയറിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. ഞങ്ങളുടെ പ്രദേശങ്ങളില്‍ നിന്നും ആദ്യമായി ഗള്‍ഫില്‍ പോയി വന്ന അബ്ദുറഹിമാന്‍ച്ച തിരിച്ചുപോകുമ്പോള്‍ അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളായ ഔക്കറും മൊയ്തുവും പിന്നെ ഞാനും കൂടെ പോയി. ബോംബെയിലെ പ്രമുഖ ട്രാവല്‍ ആന്റ് മാന്‍പവര്‍ കണ്‍സല്‍ട്ടിംഗ് കമ്പനിയായിരുന്ന പാഷാ എന്റര്‍പ്രൈസസില്‍ ഞങ്ങളെ ഏല്‍പ്പിച്ചു. ട്രാവല്‍സ് ഉടമ ഞങ്ങളുടെ അബ്ദുറഹ്മാന്‍ച്ചായുടെ അളിയന്‍ കൂടിയായിരുന്നതിനാല്‍ അവരുടെ ആളുകള്‍ താമസിക്കുന്ന ട്രാഫോഡ് മാര്‍ക്കറ്റിനടുത്തുള്ള ബാങ്ക് ഓഫ് ബറോഡ ബില്‍ഡിംഗിലെ അഞ്ചാം നിലയിലെ ഒരു ഫ്‌ളാറ്റില്‍ തന്നെ ഞങ്ങള്‍ക്കും താമസ സൗകര്യങ്ങള്‍ ഒരുക്കിതന്നാണ് അദ്ദേഹം ദുബായ്ക്ക് പോയത്.
        
പറഞ്ഞുതീര്‍ക്കാനാവാത്ത ഖാദറിന്റെ കഥകള്‍

റൂമില്‍ ഇരുന്നും കിടന്നും മടുക്കുമ്പോള്‍ ബോംബെ മഹാനഗരത്തിന്റെ വഴിയോരക്കാഴ്ചകള്‍ കണ്ട് അങ്ങനെ നടക്കും. ഏകദേശം പത്തിരുപത് മിനിറ്റ് നടന്നാല്‍ ബിസ്തിമുല്ല എന്ന സ്ഥലത്തെത്താം. അത് ഒരു മിനി കാസര്‍കോടാണ്. അബ്ദുല്‍ റഹ്മാന്‍ ബാബയുടെ ദര്‍ഗയ്ക്ക് ചുറ്റുമുള്ള ഹോട്ടലുകളും മറ്റു കടകളുമെല്ലാം കാസര്‍കോട്ടുകാരുടെ ഉടമസ്ഥതയിലുള്ളവ തന്നെയായിരുന്നു. അതിനാല്‍ നാട്ടുകാരെ കാണാനും നാട്ടുവിവരങ്ങള്‍ അറിയാനുമായി ദൂരെ ദിക്കുകളില്‍ നിന്നുപോലും കാസര്‍കോട് നിവാസികള്‍ ഇവിടെ വന്നെത്തുക പതിവായിരുന്നു.
    
പറഞ്ഞുതീര്‍ക്കാനാവാത്ത ഖാദറിന്റെ കഥകള്‍

അക്കാലത്ത് കാസര്‍കോട് നിന്നും ബോംബെ നഗരത്തില്‍ വന്നു ജോലി ചെയ്യുന്നവരും, ഗള്‍ഫ് നാടുകളിലേക്ക് പോകുന്നവരുടെയും വരുന്നവരുടെയും ഏക കവാടവും ഈ മഹാനഗരം തന്നെയായിരുന്നു. അതിനാല്‍ മലയാളികളുടെ പ്രത്യേകിച്ച് കാസര്‍കോടുകാരുടെ ഇടത്താവളമായിരുന്നു ഇവിടം. കാസര്‍കോട് നിന്നും രാവിലെ എട്ടുമണിക്ക് പുറപ്പെടുന്ന ബസ്സുകള്‍ പിറ്റേദിവസം അതിരാവിലെയോ അല്ലെങ്കില്‍ കുറച്ചുകഴിഞ്ഞോ വന്നെത്താറുള്ളതും ബിസ്തിമുല്ലയിലെ ചാര്‍നല്ലിയിലായിരുന്നു. കാസര്‍കോട്ടുകാരുടെ മെഹ്ബൂബ്, കെസിബിടി എന്നീ ബസ്സുകള്‍ക്ക് പുറമെ മംഗലാപുരംകാരുടെ ചില ബസ്സുകളും കാസര്‍കോട്-ബോംബെ റൂട്ടില്‍ ദിനേന നിരവധി സര്‍വ്വീസുകള്‍ നടത്തിവന്നിരുന്നു. ഇതിന്ന് പുറമെ മംഗലാപുരം - ബോംബെ റൂട്ടിലും ധാരാളം ടൂറിസ്റ്റ് ബസ്സുകളും സര്‍ക്കാര്‍ ബസ്സുകളും ഓടിക്കൊണ്ടിരുന്നു.

എന്നാലും യാത്രക്കാരുടെ തിരക്ക് കാരണം പലപ്പോഴും സീറ്റുകള്‍ കിട്ടാറില്ലായിരുന്നു. അങ്ങിനെ വരുമ്പോള്‍ പലരും മംഗലാപുരത്ത് പോയിട്ടായിരുന്നു യാത്ര. അവിടെ നിന്ന് ചെറിയ ചെലവില്‍ പോകാനാകുമായിരുന്നു. കൊങ്കണ്‍ റെയില്‍പ്പാത വന്നതോടെയാണ് മലബാറുകാരുടെ യാത്ര ഏറെ എളുപ്പത്തിലായത്. അതുവരെ കാസര്‍കോട് ഭാഗങ്ങളിലുള്ളവര്‍ പാലക്കാട് വഴി പോകുന്ന വണ്ടികളിലെ പ്രത്യേക ബോഗികളില്‍ കയറി പോകാറുണ്ടെങ്കിലും രണ്ടര ദിവസത്തെ യാത്രാസമയം വേണ്ടി വരുന്നതിനാല്‍ ബസ്സുകളെയാണ് കൂടുതലും ആശ്രയിച്ചിരുന്നത്.

അങ്ങിനെ ഞങ്ങള്‍ ഒരുദിവസം അബ്ദുറഹിമാന്‍ ദര്‍ഗയ്ക്കടുത്തുള്ള നെക്കരാജെ ഹോട്ടലില്‍ കയറി ചായ കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഖാദറിനെ കാണുന്നത്. പൊങ്ങച്ചത്തിന്റെ ആശാനാണ് ഖാദറെന്ന് അദ്ദേഹത്തിന്റെ സംസാരശൈലിയില്‍ നിന്നു തന്നെ ഞങ്ങള്‍ക്ക് മനസ്സിലാവുകയും ചെയ്തു. രസകരമായ പൊട്ടത്തരങ്ങള്‍ പലതും വിളമ്പിക്കൊണ്ടിരുന്നതിനാല്‍ മിക്ക സായാഹ്നങ്ങളിലും ഖാദറിനെ കാണാതിരിക്കാന്‍ ഞങ്ങള്‍ക്കായില്ല. അങ്ങനെ ഖാദറിനെയും കൂട്ടി കറങ്ങുന്നതിനിടയില്‍ താന്‍ നാട്ടില്‍ നടത്തിയിരുന്ന കാര്‍ഷികവിളവുകളുടെയും കാര്‍ഷികാവശ്യങ്ങള്‍ക്കായി ദൂരെ നിന്നും കൊണ്ടുവന്ന കന്നുകാലികളുടെയും മറ്റു കച്ചവടങ്ങളുടെയും മേന്മകള്‍ പറഞ്ഞാല്‍ അദ്ദേഹത്തിന് തീരാറില്ല.

നാട്ടില്‍ അറ്റമില്ലാത്ത ഭൂസ്വത്തുക്കളുള്ള പ്രമാണിയായ ഫരീദ് മുതലാളിയുടെ കച്ചവടക്കാരനായ മകന്ന് ഗള്‍ഫിലെ ബിസിനസുകാരന്റെ മകളെ കല്ല്യാണാലോചന നടന്നതും അദ്ദേഹത്തിന്റെ കച്ചവടങ്ങള്‍ നോക്കി നടത്താനാണ് തന്നെ അങ്ങോട്ടു കൊണ്ടുപോകുന്നതെന്നും അടുത്ത ആഴ്ച വിസയുമായി ബോംബെയിലെത്തുന്ന അമ്മോച്ഛന്‍ കാക്ക തന്നെ ഗള്‍ഫിലേക്ക് അയച്ചതിന്ന് ശേഷം നാട്ടിലേക്ക് പോകും എന്നൊക്കെ സന്തോഷത്തോടെ പറഞ്ഞും, പൊന്നു വിളയുന്ന ദുബൈയെക്കുറിച്ച് ഭാര്യാവീട്ടുകാരില്‍ നിന്നും പറഞ്ഞുകേട്ട കഥകള്‍ ഓരോന്നും ഞങ്ങള്‍ക്ക് പകുത്തുനല്‍കിക്കൊണ്ട് ഡോംഗ്രിമുതല്‍ ചോപ്പാട്ടി ബീച്ചു വരെയും ഞങ്ങള്‍ പോയി തിരിച്ചെത്തുമ്പോഴേക്കും ഒമ്പത് മണി കഴിഞ്ഞിരിക്കും. സന്ധ്യമയങ്ങിയതും നേരം വൈകിയതുമൊന്നും ഞങ്ങള്‍ അറിയാറേ ഇല്ല. കാരണം, സൂര്യന്‍ അന്തിമയങ്ങുമ്പോഴേക്കും പകലിനെ വെല്ലുന്ന നിയോണ്‍ ബള്‍ബുകള്‍ പരത്തുന്ന വെളിച്ചത്തില്‍ ദിനരാത്രങ്ങള്‍ മാറിവരുന്നത് ശ്രദ്ധയില്‍പ്പെടില്ല.

അങ്ങനെയിരിക്കെ ഒരുനാള്‍ ഖാദറിന്റെ അമ്മോച്ഛന്‍ കാക്ക വന്നെത്തിയ സന്തോഷവാര്‍ത്തയുമായാണ് ഖാദര്‍ വന്നത്. പിന്നീട് ഞങ്ങളെയും കൂട്ടി കുറച്ചകലെയുള്ള മലബാര്‍ പാലസിലുള്ള അദ്ദേഹത്തിന്റെ മുറിയിലേക്ക് പോയി. കറുത്ത് തടിച്ച് സഫാരി സ്യൂട്ട് ധരിച്ച ഹാജിയാര്‍ ഞങ്ങളെ കണ്ടപ്പോഴേ ചായയ്ക്ക് ഓര്‍ഡര്‍ ചെയ്തു; സംസാരത്തിലേക്ക് കടന്നു. നര്‍മ്മരസത്തോടെ കാര്യങ്ങള്‍ ഓരോന്നും പറഞ്ഞു പൊട്ടിച്ചിരിക്കുന്നതിനിടയില്‍ ഈ ഖാദറിനെ മകള്‍ക്ക് ഭര്‍ത്താവായി കിട്ടിയതും പറഞ്ഞു. ഖാദറിന്റെ പെങ്ങളുടെ ഭര്‍ത്താവ് പോക്കര്‍ ഹാജി അന്ന് പള്ളിക്കരയില്‍ മരമില്ല് നടത്തിക്കൊണ്ടിരുന്നു. അതിന്റെ തൊട്ടുപിറകിലായിരുന്നു ഹാജിയാരുടെ വീട്. ഹാജിയാര്‍ നാട്ടില്‍ വരുമ്പോഴെല്ലാം ഇരുവരും എന്നും കാണുകയും ഏറെ സംസാരിക്കുകയും പതിവായിരുന്നു. അത് വഴി ഉറ്റചങ്ങാതിമാരായ പോക്കര്‍ ഹാജി ഈ ബന്ധം കൂടുതല്‍ ദൃഢമാക്കുവാന്‍ വേണ്ടി അളിയനെക്കൊണ്ട് ഇദ്ദേഹത്തിന്റെ മകളെ കല്ല്യാണം കഴിപ്പിക്കാനുള്ള നീക്കങ്ങളായിരുന്നു പിന്നീട് നടത്തിയത്.

അതിന്ന് വേണ്ടി ഭാര്യാവീട്ടുകാരുടെ പ്രതാപങ്ങളുടെ കഥകള്‍ ഓരോന്നായി പറഞ്ഞു പോക്കര്‍, ഹാജിയെ വശീകരിച്ചു. ഒരു ദിവസം അദ്ദേഹത്തെ ജീപ്പില്‍ കയറ്റിക്കൊണ്ടുപോയി പയസ്വിനി പുഴക്കരയില്‍ ബാവിക്കര കുന്നിന്‍ ചെരുവിലായി കിടക്കുന്ന കവുങ്ങിന്‍ തോട്ടത്തിനു നടുവിലുള്ള വലിയ വീടും അറ്റമില്ലാതെ കിടക്കുന്ന സ്ഥലവും ചൂണ്ടിക്കാണിച്ചു, നാട്ടിലെ പ്രമാണിയുടെ ഏക മകന്‍ ഖാദറിനെ തന്റെ മകള്‍ക്ക് പുതിയാപ്ലയായി കിട്ടിയതിന്റെ സന്തോഷത്തില്‍ ഹാജി ഗള്‍ഫിലേക്ക് തിരിച്ചുപോയി. ഉപ്പും ചായപ്പൊടിയുമല്ലാതെ മറ്റൊന്നും വിലകൊടുത്തു വാങ്ങാത്തവരാണെന്ന് പുകഴ്ത്തി പറഞ്ഞവരുടെ വീടിനകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ഓരോന്നും മനസ്സിലാക്കാനായ മകള്‍ക്ക് അവിടെ പിടിച്ചു നില്‍ക്കാനാവാതെ തിരിച്ചു വീട്ടിലേക്ക് തന്നെ പോരേണ്ടിവന്നതിന്റെ പൊരുള്‍ ഓരോന്നായി പുറത്തുവന്നു.

ഖാദറിന്റെ നാലു പെങ്ങന്മാരും അവരുടെ ഭര്‍ത്താക്കന്മാരും ഭാര്യാവീട്ടില്‍ തന്നെ കഴിഞ്ഞുകൂടി, ഖാദറിന് ഒന്നും കൊടുക്കാതെ അകറ്റിനിര്‍ത്തുകയായിരുന്നു. കല്യാണം കഴിഞ്ഞശേഷം ഇവര്‍ക്ക് വേണ്ട ചെലവിന് പോലും അളിയന്മാര്‍ കൊടുക്കാന്‍ തയ്യാറാവാത്തത് കാരണം മാസാമാസം താന്‍ അയച്ചുകൊടുക്കുകയായിരുന്നു. ഇത് വലിയൊരു ബാധ്യതയായിത്തീരുമെന്ന് കരുതിയാണ് ഇവനെ ഞാന്‍ അങ്ങോട്ട് കൊണ്ടുപോകാന്‍ തീരുമാനിച്ചത് എന്ന് നിരാശയോടെ പറഞ്ഞ് അല്പനേരത്തെ മൗനത്തിന് ശേഷം കുലുങ്ങിച്ചിരിച്ചുകൊണ്ട് ഖാദറിനെ ഒന്ന് തുറിച്ചുനോക്കിക്കൊണ്ട് ഞങ്ങളോടായി ചോദിച്ചു: 'ഇങ്ങനെയുള്ള മരബോളന്‍ നിങ്ങളുടെ നാട്ടില്‍ വേറെയുണ്ടോ?' - എന്ന ഒരു വെറുപ്പിന്റെ ചോദ്യം. കാലങ്ങള്‍ കഴിഞ്ഞിട്ടും എന്റെ മനസ്സില്‍ അത് മായാതെ കിടക്കുന്നു.

Keywords:  Article, Mumbai, Kerala, Kasaragod, Story, Dubai, Gulf, Travel, Untold stories of Qadar
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia