'ദിർഹം' നൽകി 5 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ ജാർഖണ്ഡ് സ്വദേശി അറസ്റ്റിൽ; 'പ്രതികൾ പണം മംഗളൂറിൽ ധൂർത്തടിച്ചു'
Sep 10, 2021, 11:11 IST
തൃക്കരിപ്പൂർ: (www.kasargodvartha.com 10.09.2021) വ്യാജ ദിർഹം നൽകി തട്ടിപ്പ് നടത്തിയെന്ന കേസിൽ ജാർഖണ്ഡ് സ്വദേശി അറസ്റ്റിൽ. ഹസരിബാദ് സ്വദേശി ഫാറൂഖ് ശെയ്ഖ് (35) ആണ് അറസ്റ്റിലായത്. സംഘത്തിൽ ഇതര സംസ്ഥാനക്കാരായ രണ്ടു പേർ കൂടിയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ദിർഹമാണെന്ന് വിശ്വസിപ്പിച്ച് കടലാസ് കെട്ടുകൾ നൽകി കാടങ്കോട് നെല്ലിക്കാലിലെ പി ഹനീഫിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.
സെപ്റ്റംബർ നാലിന് വൈകിട്ടാണ് സംഭവം നടന്നത്. കയ്യിലുള്ള ദിർഹം മാറ്റിക്കിട്ടുന്നതിന് സഹായം തേടി സംഘം പരിചയപ്പെട്ടെന്നും തുടർന്ന് 100 ദിർഹം നൽകിയതായും ഈ ഇടപാടിൽ തനിക്ക് ലാഭം കിട്ടിയതായും ഹനീഫ് പറയുന്നു. പിന്നീട് തങ്ങളുടെ കയ്യിൽ എട്ട് ലക്ഷം ദിർഹം ഉണ്ടെന്നും അഞ്ച് ലക്ഷ്മ രൂപ തന്നാൽ മതിയെന്നും സംഘം പറയുകയും അത് വിശ്വസിച്ച് ഭാര്യയുടെ സ്വർണം വിറ്റും മറ്റുമായി അഞ്ച് ലക്ഷം രൂപ സംഘടിപ്പിച്ചു റെയിൽവെ സ്റ്റേഷൻ പരിസരത്ത് എത്തി സംഘത്തിന് രൂപ കൈമാറിയതായും പരാതിയിൽ പറയുന്നു.
എന്നാൽ വ്യാജ ദിർഹവും കടലാസ് കഷ്ണങ്ങളും അടങ്ങിയ പൊതി നൽകി സംഘം രക്ഷപ്പെടുകയായിരുന്നുവെന്നാണ് ഹനീഫ് വ്യക്തമാക്കുന്നത്. ഇവരുടെ പേരും മറ്റുവിവരവും ഇദ്ദേഹത്തിന് കൃത്യമായി അറിയില്ലായിരുന്നു.
തുടർന്ന് മൊബൈൽ ഫോൺ, സിസിടിവി ദൃശ്യങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെരുമ്പയിൽ നിന്ന് ഫാറൂഖ് പിടിയിലായത്. കാഞ്ഞങ്ങാട് ഡിവൈെഎസ്പി ഡോ. വി ബാലകൃഷ്ണന്റെ നിർദേശത്തിൽ ചന്തേര പൊലീസ് സിഐ പി നാരായണൻ, എസ്ഐ എം വി.ശ്രീദാസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. കിട്ടിയ പണം സംഘം മംഗളൂറിൽ ധൂർത്തടിച്ചതായാണ് പൊലീസ് പറയുന്നത്. ബാക്കി പണം എന്തുചെയ്‌തെന്ന് അന്വേഷിച്ച് വരികയാണ്.
Keywords: Kasaragod, News, Kerala, Trikaripur, Arrest, Police, Gold, Mobile Phone, Top-Headlines, Kanhangad, Mangalore, Karnataka, Crime, Jharkhand native arrested for money fraud case.