city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബദിയടുക്ക പഞ്ചായത്ത് സാരഥിയുടെ വികസന സ്വപ്നങ്ങൾ

വനിതകൾ ഭരിക്കുന്ന ഗ്രാമപഞ്ചായത്തുകൾ- 15 

കൂക്കാനം റഹ്‍മാൻ

​(www.kasargodvartha.com 21.08.2021) 
ബദിയടുക്ക എന്ന സ്ഥലപ്പേര് കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് കയറി വരുന്നത് 89-90 കാലഘട്ടത്തില്‍ അവിടെ ചെന്ന് നടത്തിയ ബോധവല്‍ക്കരണ പ്രവര്‍ത്തനത്തെക്കുറിച്ചാണ്. ഗിരിജന്‍ വനിതാ ബോധവല്‍ക്കരണത്തിന് കാന്‍ഫെഡിന് അക്കാലത്ത് ഒരു പ്രൊജക്ട് സര്‍ക്കാരില്‍ നിന്ന് അനുവദിച്ചു കിട്ടി. പ്രസ്തുത പരിപാടി കൊറഗവിഭാഗത്തില്‍പെട്ട സ്ത്രീകള്‍ക്കായി നടത്തിയത് ബദിയടുക്കയിലായിരുന്നു. കൊറഗ കോളനികളിലൊക്കെ നടന്നു ചെന്ന് അവരോട് കാര്യങ്ങള്‍ സംസാരിച്ചതും, അവരുടെ പ്രതികരണങ്ങളും എന്നും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നതാണ്.

  
ബദിയടുക്ക പഞ്ചായത്ത് സാരഥിയുടെ വികസന സ്വപ്നങ്ങൾ



15 ദിവസവും തുടര്‍ച്ചയായി ക്യാമ്പ് നടത്തിയതും, അവരില്‍ നിന്ന് അനുയോജ്യരായവരെ കണ്ടെത്തി സമൂഹവിവാഹം സംഘടിപ്പിച്ചതും, കവി കിഞ്ഞണ്ണറായ് മുഖ്യാഥിതിയായി എത്തിയതും ധര്‍മ്മസ്ഥല രക്ഷാധികാരി വധൂവരന്‍മാര്‍ക്ക് സ്വര്‍ണ്ണം നല്‍കിയതും, അന്നത്തെ ജില്ലാ കലക്ടറായ ജി സുധാകരന്‍ സാര്‍ പങ്കാളികള്‍ക്കെല്ലാം സമ്മാനമായി ഓരോ സാരി നല്‍കിയതും എന്നും ഓര്‍മ്മയില്‍ പച്ച പിടിച്ചു നില്‍ക്കുന്ന പ്രധാന സംഭവങ്ങളായിരുന്നു.


​ബദിയടുക്ക പഞ്ചായത്ത് പ്രസിഡണ്ട് ബി ശാന്തയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഈ കാര്യങ്ങളെല്ലാം ഓര്‍ത്തുപോയി. അവരുമായി ഈ സംഭവങ്ങള്‍ പങ്കിടുകയും ചെയ്തു. ദളിത് വിഭാഗമായ മൊഗര്‍ സമുദായത്തില്‍പെട്ട വ്യക്തിയാണ് താനെന്നും ശാന്ത തുറന്നു പറഞ്ഞു. പഞ്ചായത്തിന്‍റെ ഭരണ സാരഥിയായി ശാന്ത എത്തിപ്പെട്ടതില്‍ ഞാന്‍ അഭിവാദ്യം ചെയ്തു കൊണ്ടാണ് സംസാരം തുടങ്ങിയത്.


​ചോദ്യം - പഞ്ചായത്ത് പ്രസിഡണ്ടായി സ്ഥാനം ലഭിച്ചത് എങ്ങിനെയാണെന്നും സ്ഥാന ലബ്ധിയില്‍ എന്തു തോന്നുന്നു എന്നും പറയാമോ?
​ശാന്ത - അധികാര സ്ഥാനത്തിരിക്കുമ്പോള്‍ അഭിമാനം തോന്നുന്നു. ഞങ്ങളുടെ വിഭാഗത്തില്‍ പെട്ട ദളിതര്‍ക്കും ഗ്രാമത്തിന്‍റെ ഭരണ തലപ്പത്ത് എത്താനാവുമെന്നൊന്നും ഇതേ വരെ കരുതിയിരുന്നില്ല. ഞാന്‍ ഇന്ന് പഴയ ശാന്തയല്ല, നാട്ടുകാരും, ഉദ്യോഗസ്ഥരും വിദ്യാസമ്പന്നരും ഒക്കെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണിന്ന്. ദളിത് സ്ത്രീ സംവരണത്തിന്‍റെ ആനുകൂല്യം കൊണ്ടാണ് ഈ സ്ഥാന ലബ്ധി ഉണ്ടായത്. ഞാന്‍ യുഡിഎഫിന്‍റെ പ്രതിനിധിയായിട്ടാണ് മല്‍സരിച്ചത്.


ദളിത് ലീഗ് മെമ്പറാണ് ഞാന്‍. 2006 മുതല്‍ പ്രസ്തുത രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. അവരാണെനിക്ക് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കാന്‍ അവസരം തന്നത്. പഞ്ചായത്തിന്‍റെ തലവനായിരിക്കുമ്പോള്‍ ഒരു പാട് ഉത്തരവാദിത്വങ്ങള്‍ ഉണ്ടെന്നറിയാം. ഗ്രാമ വാസികള്‍ ഗ്രാമാധ്യക്ഷയെന്ന നിലയില്‍ എന്നില്‍ നിന്നും പലതും പ്രതീക്ഷിക്കുന്നുണ്ടാവാം. അതൊക്കെ ചെയ്യാന്‍ ഈ ദളിത് സ്ത്രീക്ക് ആവുമോ എന്ന ചിന്തയും ഉണ്ടാവാം. ഞാനിക്കാര്യം ഒരു വെല്ലുവിളിയായിട്ടെടുക്കുകയാണ്. ഞങ്ങളെപോലുളളവര്‍ക്കും നേതൃസ്ഥാനത്തിരുന്നു കൊണ്ട് ഭരണ നിര്‍വഹണം നടത്താനാവുമെന്ന് തെളിയിച്ചു കൊടുക്കും.


​ചോദ്യം - പഞ്ചായത്തിലെ നിലവിലെ കക്ഷിനില എങ്ങിനെയാണ്? മെമ്പര്‍മാരുടെ സമീപനം എങ്ങിനെ?തെരഞ്ഞെടുത്തയച്ച വോട്ടര്‍മാരോടും രാഷ്ട്രീയ കക്ഷികളോടും ഉളള ബാധ്യത നിറവേറ്റാന്‍ പറ്റുമെന്ന വിശ്വാസമുണ്ടോ?
​ശാന്ത - ബദിയടുക്ക പഞ്ചായത്തില്‍ 19 വാര്‍ഡുകളുണ്ട്. യുഡിഎഫ് എട്ട് വാര്‍ഡുകളിലും, ബിജെപി എട്ട് വാര്‍ഡുകളിലും, എല്‍ഡിഎഫ് മൂന്നു വാര്‍ഡുകളിലുമാണ് വിജയിച്ചത്. യു ഡി എഫിനും ബിജെപിക്കും തുല്യ സീറ്റ് ലഭിച്ചതിനാല്‍ നറുക്കെടുപ്പില്‍ യുഡിഎഫിന് അനുകൂലമായി വന്നതിനാലാണ് ഞാന്‍ ഈ സ്ഥാനത്തെത്തിയത്. ഭരണ സമിതി ചുമതല ഏറ്റെടുത്തിട്ട് മാസങ്ങളെ ആയുളളൂവെങ്കിലും എല്ലാ മെമ്പര്‍മാരുടേയും പൂര്‍ണ്ണ സഹകരണം തീരുമാനം എടുക്കുന്നതിലും പ്രവര്‍ത്തന പഥത്തില്‍ കൊണ്ടു വരുന്നതിലും സഹായകമാകുന്നുണ്ട്.


ഞാന്‍ ഒരു വാര്‍ഡില്‍ നിന്നാണ് മല്‍സരിച്ചു ജയിച്ചതെങ്കിലും ഇപ്പോള്‍ പഞ്ചായത്തിന്‍റെ എല്ലാ വര്‍ഡിന്‍റെയും ഉത്തരവാദിത്യം എനിക്കുണ്ട് എന്ന ബോധ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. മുസ്ലീം ലീഗിന്‍റെ പ്രതിനിധിയായിട്ടാണ് ഞാന്‍ മല്‍സരിച്ചു വിജയിച്ചത്. അതുകൊണ്ട് ആ പാര്‍ട്ടിയോട് കൂറുണ്ട്. ജയിപ്പിച്ചയച്ച വോട്ടര്‍മാരോട് നന്ദിയും കടപ്പാടുമുണ്ട്.


​ചോദ്യം - പ്രസിഡണ്ടിന്‍റെ വ്യക്തിപരമായ കാര്യങ്ങള്‍ അതായത് കുടുംബം, വിദ്യാഭ്യാസം, ജീവിത ചുറ്റുപാട് ഇവ പങ്കുവെക്കാമോ?
​ശാന്ത - തീര്‍ച്ചയായും. ബദിയടുക്ക പഞ്ചായത്തില്‍ 30 ശതമനത്തോളം ദളിതര്‍ ജീവിച്ചു വരുന്നുണ്ട്. അതില്‍ പ്രിമിറ്റീവ് ട്രൈബ്സ് വിഭാഗത്തില്‍ പെട്ട കൊറഗരും ഉള്‍പ്പെടുന്നുണ്ട്. ദളിത് വിഭാഗങ്ങളിപ്പോഴും വിദ്യാഭ്യാസ കാര്യത്തില്‍ പിറകോട്ട് തന്നെയാണ്. റിസര്‍വേഷനും മറ്റ് ആനുകൂല്യങ്ങളും ഉണ്ടെങ്കിലും അത് നേടിയെടുക്കാനാവശ്യമായ വിദ്യാഭ്യാസം നേടാന്‍ പോലും അവര്‍ക്കാവുന്നില്ല. ഞാന്‍ കഷ്ടിച്ച് പത്താം ക്ലാസുവരെ പഠിച്ചിട്ടുണ്ട്. പക്ഷേ ഒരു സര്‍ക്കാര്‍ ജോലി എന്ന സ്വപ്നം സഫലീകരിക്കാന്‍ നാല്പതിലെത്തിയ എനിക്ക് ആയിട്ടില്ല.


ഷെഡ്യൂള്‍ഡ് കാസ്റ്റ് വിഭാഗത്തില്‍പെട്ട മൊഗര്‍ ഗ്രൂപ്പിലാണ് ഞാന്‍ ജനിച്ചത്. ഇരുപത് വയസ്സില്‍ വിവാഹം നടന്നു. കൂലിപ്പണിക്കാരനായ ബാബുവാണ് ഭര്‍ത്താവ്. നല്ല അധ്വാനിയാണ്. എന്‍റെ പൊതു പ്രവര്‍ത്തനത്തിന് ബാബു പൂര്‍ണ്ണ പിന്തുണ നല്‍കുന്നുണ്ട്. എന്‍റെ മൂന്നു മക്കളും കന്നട മീഡിയത്തിലാണ് പഠിക്കുന്നത്. മൂത്തമകന്‍ കൃഷ്ണകുമാര്‍ പ്ലസ്ടുവിന് പഠിക്കുന്നു. രണ്ടാമത്തെ മകന്‍ കിരണ്‍ കുമാര്‍ എട്ടാം ക്ലാസിലും, ഇളയമകന്‍ ഗുരുപ്രസാദ് അഞ്ചാം ക്ലാസിലും പഠിക്കുന്നു. അഞ്ചു സെന്‍റ് ഭൂമി മാത്രമേ ഞങ്ങള്‍ക്കുളളൂ. അതില്‍ വീടു വെച്ചിട്ടാണ് ഞങ്ങള്‍ താമസിച്ചു വരുന്നത്. അതും സര്‍ക്കാര്‍ വക കിട്ടിയതാണ്.


​ചോദ്യം - കഴിഞ്ഞ തവണയും 2015-20 താങ്കള്‍ ദളിത് ലീഗിനെ പ്രതിനിധീകരിച്ച് പഞ്ചാത്ത് അംഗമായിരുന്നില്ലേ? ഈ തെരഞ്ഞെടുപ്പില്‍ വീണ്ടും വിജയിച്ചു പഞ്ചായത്ത് പ്രസിഡണ്ടായി. പഞ്ചായത്ത് ഭരണസമിതിയില്‍ രണ്ട് തവണ അവസരം കിട്ടിയ താങ്കള്‍ക്ക് അനുഭവ സമ്പത്തുണ്ടാകും. അതുകൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ നടപ്പിലാക്കാനും പറ്റും. അതെക്കുറിച്ച് എന്തു പറയുന്നു?
ശാന്ത - ​കഴിഞ്ഞ തവണ ഒമ്പതാം വാര്‍ഡായ ബദിയടുക്കയില്‍ നിന്നാണ് മല്‍സരിച്ചു ജയിച്ചത്. ഇത്തവണ പത്താം വാര്‍ഡായ ബീജന്തടുക്കയില്‍ നിന്നാണ് ജയിച്ചത്. രണ്ടു തവണയും യുഡിഎഫ് പ്രതിനിധിയായാണ് മല്‍സരിച്ചത്.


പഞ്ചായത്തിന്‍റെ പ്രശ്നങ്ങളെക്കുറിച്ചും, ജനങ്ങളുടെ ആവശ്യങ്ങളെക്കുറിച്ചും അറിയാന്‍കഴിഞ്ഞിട്ടുണ്ട്. ഞാന്‍ ഒരു ദളിത് വിഭാഗക്കാരിയായതു കൊണ്ട് തന്നെ ആ വിഭാഗക്കാര്‍ അനുഭവിക്കുന്ന പ്രയാസങ്ങളെ തരണം ചെയ്യാനുളള കര്‍മ്മ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുന്നുണ്ട് . പഞ്ചായത്തില്‍ 56 ദളിത് കോളനികളുണ്ട്. ഇവിടങ്ങളില്‍ അയ്യായ്യിരത്തോളം ദളിത് വിഭാഗക്കാര്‍ ജീവിച്ചു വരുന്നുണ്ട്. ഇവിടെയുളള ആളുകള്‍ക്ക് കുടിവെളള പ്രശ്നമുണ്ട്. സ്വന്തം വീടില്ലാത്തവരുണ്ട്. വൈദ്യുതി ലഭിക്കാത്ത പ്രശ്നമുണ്ട്. റോഡ് സൗകര്യമില്ലാത്ത അവസ്ഥയുണ്ട്. ഇതിനൊക്കെയുളള പരിഹാരം കാണേണ്ടിയിരിക്കുന്നു.


​ചോദ്യം- വലിയ വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങളൊക്കെ ബദിയടുക്ക പഞ്ചായത്തിലുണ്ട്. നാട്ടുകാര്‍ക്ക് ഇത് പ്രയോജനപ്പെടുത്താന്‍ കഴിയുന്നുണ്ടോ ? ഇതൊക്കെ അന്യനാട്ടുകാര്‍ക്കും, സമ്പത്തുളളവര്‍ക്കും മാത്രം പ്രയോജനപ്പെടുന്നുളളൂ എന്ന് തോന്നുന്നു. താങ്കളുടെ അഭിപ്രായമെന്താണ് ?
​ശാന്ത - ബദിയടുക്കയില്‍ സ്ഥിതി ചെയ്യുന്ന മാര്‍ത്തോമ്മ സ്പെഷ്യൽ കോളേജില്‍ പഠിക്കാനെത്തുന്നവര്‍ മറ്റ് ജില്ലകളില്‍ നിന്നുളളവരാണ്. പഞ്ചായത്തിലുളള ഒരു വിദ്യാര്‍ത്ഥി പോലും അവിടെ പഠിക്കുന്നില്ല. നീര്‍ച്ചാലിലുളള സംസ്കൃത കോളേജിലും സാമ്പത്തികശേഷിയുളള ഉന്നത കുലജാതരാണ് പഠിക്കാനെത്തുന്നവരില്‍ കൂടുതലും. പക്ഷേ നവജീവന്‍ ഹൈസ്ക്കൂളിലും, ബദിയടുക്ക ഹയര്‍ സെക്കന്‍ററി സ്ക്കൂളിലും, കടമ്പാര്‍ ഹൈസ്ക്കൂളിലും സാധാരണക്കാരായ കുട്ടികളാണ് പഠിക്കുന്നത്.


അത്തരം സ്ഥാപനങ്ങളുളളതിനാല്‍ പഞ്ചായത്തിലെ മിക്കവര്‍ക്കും എസ് എസ് എല്‍ സി വരെ പഠിക്കാന്‍ അവസരം ലഭിക്കുന്നുണ്ട്. പഞ്ചായത്തിലെ ദളിത് കോളനികളില്‍ കൊഴിഞ്ഞ് പോക്ക് തടയാന്‍ കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ പഞ്ചായത്ത് നല്ലൊരു മുന്നേറ്റമമാണ് നടത്തികൊണ്ടിരിക്കുന്നത്.


​ചോദ്യം - പഞ്ചായത്തിന്‍റെ ഗ്രാമാധ്യക്ഷ എന്ന നിലയില്‍ പ്രവര്‍ത്തനത്തില്‍ അനുഭവപ്പെടുന്ന സന്തോഷങ്ങളും പ്രയാസങ്ങളും എന്തൊക്കെയാണ്?
​ശാന്ത - എവിടെ ചെന്നാലും അംഗീകാരം കിട്ടുന്നു എന്നതില്‍ സന്തോഷമുണ്ട്. തൊട്ടുകൂടായ്മയും തീണ്ടി കൂടായ്മയുമൊക്കെ മാറിയെങ്കിലും ജാതീയമായ വിവേചനത്തിന് അറുതി വന്നിട്ടില്ല. പക്ഷേ ഗ്രാമാധ്യക്ഷ എന്ന നിലയില്‍ എവിടെയും കയറിച്ചെല്ലുന്നതില്‍ തടസ്സമില്ലാത്ത അവസ്ഥയുണ്ടായി. വാസ്തവത്തില്‍ ദളിതരേയും പിന്നോക്കക്കാരേയും അധികാര സ്ഥാനങ്ങളില്‍ പ്രതിഷ്ഠിച്ചു കഴിഞ്ഞാല്‍ മേല്‍ജാതി കീഴ്ജാതി എന്ന സമീപനത്തില്‍ മാറ്റമുണ്ടാവും.


സമൂഹം ആ ചിന്തയിലേക്കി മാറികൊണ്ടിരിക്കുകയാണ്. ഫീല്‍ഡില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ട്. സ്ത്രീയെന്ന നിലയിലോ ദളിത് വിഭാഗക്കാരിയെന്ന നിലയിലോ അംഗീകാരം കിട്ടാത്ത അവസ്ഥ വന്നിട്ടില്ല. പഞ്ചായത്തിലെ ഉന്നത സ്ഥാനമലങ്കരിക്കുന്ന വ്യക്തിയെന്ന നിലയില്‍ അഭിമാനമുണ്ട്. എല്ലാവരുടേയും പിന്തുണയോടെ ഗ്രാമത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടണമെന്ന മോഹത്തോടെയാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്.













Keywords:  Kookanam-Rahman, Panchayath-Member, Article, Panchayath, Woman, Kerala, Members, Dreams of Badiyadukka panchayath president.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia