city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വെസ്റ്റ് എളേരിയുടെ വികസന പ്രതീക്ഷകൾ

വനിതകൾ ഭരിക്കുന്ന ഗ്രാമപഞ്ചായത്തുകൾ- 14 

കൂക്കാനം റഹ്‌മാൻ

(www.kasargodvartha.com 18.08.2021) ഒരു പാട് തവണ വിളിച്ചിട്ടാണ് ഗിരിജാ മോഹനന്‍ എന്ന വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡണ്ടിനെ കിട്ടിയത്. വിളിച്ചപ്പോഴൊക്കെ മീറ്റിംഗിലാണ്, പിന്നെ വിളിക്കാം എന്ന മറുപടിയാണ്. വിളിച്ച് എടുക്കാത്തപ്പോള്‍ വാട്സ്ആപ്പ് മെസ്സേജ് അയച്ചു. അതിനും മറുപടിയില്ല. ഞായാറാഴ്ച ഒന്നു കൂടി ശ്രമിച്ചു നോക്കാമെന്ന് വിചാരിച്ച് വിളിച്ചപ്പോള്‍ ആളെ കിട്ടി. വിളിച്ച കാര്യം ഞാനും, ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ കഴിയാത്ത പ്രയാസം ഗിരിജാ മോഹനനും പരസ്പരം പറഞ്ഞു. ഞാന്‍ കാര്യത്തിലേക്ക് കടന്നു.
 
വെസ്റ്റ് എളേരിയുടെ വികസന പ്രതീക്ഷകൾ

ചോദ്യം - ഗിരിജാ മോഹനന്‍ ആദ്യമായിട്ടാണ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്നത് മല്‍സര രംഗത്ത് എത്തിയപ്പോള്‍ ഉണ്ടായ സന്തോഷ-സന്താപങ്ങള്‍ ഒന്ന് പങ്ക് വെക്കാമോ?

ഗിരിജ - ഞാന്‍ ജനിച്ചു വളര്‍ന്നത് അജാനൂര്‍ പഞ്ചായത്തിലെ പാണത്തോട് കോളനിയിലാണ്. വിവാഹം കഴിഞ്ഞ് എത്തിപ്പെട്ടതാണ് വെസ്റ്റ് എളേരി പഞ്ചായത്തിലെ മണാട്ടിക്കവല കോളനിയില്‍. 38 വയസ്സിലെത്തിയ ഞാന്‍ ആദ്യമായിട്ടാണ് പഞ്ചായത്തിലേക്കുളള സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്നത്. പതിനാലാം വാര്‍ഡില്‍ നിന്നാണ് മല്‍സരിക്കുന്നത്.

കോണ്‍ഗ്രസ് പാര്‍ട്ടിക്കാരെല്ലാം പൂര്‍ണ്ണ പിന്തുണയുമായി വന്നു. വോട്ടഭ്യര്‍ത്ഥിച്ചു കൊണ്ട് വാര്‍ഡിലെ ഓരോ വീട്ടിലും കയറിയിറങ്ങി. ജാതീയമായ വേര്‍പെടുത്തലുണ്ടാവുമോ എന്ന് ഭയന്നു, പക്ഷേ എല്ലാവരും പൂര്‍ണ്ണ മനസ്സോടെയും, സന്തോഷത്തോടെയുമാണ് പ്രോല്‍സാഹിപ്പിച്ചു കൊണ്ടിരുന്നത്. ഭയപ്പെട്ടതിന്‍റെ നേരെവിപരീതമായ സന്തോഷമാണ് എങ്ങും പ്രകടമായത്. പൊതു പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിച്ചതിന്‍റെ ഗുണം വോട്ടര്‍മാരെ സമീപിക്കുന്നതിനും വോട്ടഭ്യര്‍ത്ഥിക്കുന്നതിനും സഹായകമായി.

ചോദ്യം - പ്രസംഗിക്കാനുളള കഴിവും, ആളുകളുമായി ആശയം പങ്കിടാനുളള കഴിവും കുടുംബശ്രീ വഴിയാണ് സാധ്യമായതെന്ന് പറഞ്ഞല്ലോ? അതെങ്ങിനെയാണ്?

ഗിരിജ - വാസ്തവത്തില്‍ സഭാകമ്പം മൂലം വേദികളില്‍ സംസാരിക്കാന്‍ എനിക്കാവുമായിരുന്നില്ല. കുടുംബശ്രീ പ്രവര്‍ത്തനം വഴി, യോഗങ്ങള്‍ നടക്കുമ്പോള്‍ ഓരോ വ്യക്തിയെക്കൊണ്ടും നിര്‍ബന്ധിച്ച് സംസാരിപ്പിക്കും. ഓരോ ആള്‍ക്കും ഓരോ ചാര്‍ജ് കൊടുക്കും. അധ്യക്ഷന്‍, സ്വാഗതം, നന്ദി, വിഷയ അവതരണം തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാന്‍ മുന്‍കൂട്ടി ആളെ നിശ്ചയിക്കും.

നിര്‍ബന്ധം വന്നപ്പോള്‍ അതാതാളുടെ റോള്‍ നിര്‍വ്വഹിച്ചു. അത്തരം പ്രവര്‍ത്തനങ്ങളിലൂടെയാണ് ഞാനും പൊതു വേദിയില്‍ സംസാരിക്കാന്‍ പഠിച്ചത്. ഇപ്പോള്‍ ഏത് സദസ്സില്‍ ചെന്ന് സംസാരിക്കാനും എനിക്ക് പ്രയാസം തോന്നുന്നില്ല.പഴയ നാണം കുണുങ്ങി ഗിരിജയല്ല ഞാനിന്ന്. ഏത് ഓഫീസില്‍ കടന്നു ചെല്ലാനും ആവശ്യങ്ങള്‍ ഉന്നയിക്കാനും കഴിവുളള വ്യക്തിയായി ഞാന്‍ മാറി. സ്വയം ആര്‍ജിച്ചെടുത്ത ഈ കഴിവിന് ഞാന്‍ കുടുംബശ്രീയോട് നന്ദിയുളളവളാണ്.

ചോദ്യം - കക്ഷി രാഷ്ട്രീയ അനുഭവങ്ങള്‍ മറ്റുളളവരുമായി പങ്കുവെക്കാമോ ?

ഗിരിജ - ഞാന്‍ ജനിച്ചു വളര്‍ന്ന പ്രദേശം അജാനൂര്‍ പഞ്ചായത്താണ്. അവിടുത്തുകാരില്‍ മിക്കവരും ഇടതുപക്ഷ ആശയക്കാരായിരുന്നു. എന്‍റെ കുടുംബാംഗങ്ങളൊക്കെ സി പി ഐക്കാരായിരുന്നു. ഞാനും ആ മനോഭാവക്കാരിയായിട്ടാണ് വളര്‍ന്നു വന്നത്. 20 വയസ്സിലെത്തിയപ്പോള്‍ വിവാഹം നടന്നു. വിവാഹിതയായി എത്തപ്പെട്ടത് വെസ്റ്റ് എളേരി പഞ്ചായത്തിലാണ്.

ഭര്‍ത്താവിന്‍റെ വീട് മണാട്ടിക്കവല കോളനിയിലാണ്. കോളനിയിലെ മിക്കവരും ഭര്‍ത്താവിന്‍റെ വീട്ടുകാരും പഴയകാലം മുതലേ കോണ്‍ഗ്രസ് അനുഭാവികളാണ്. അങ്ങിനെ ഞാനും കോണ്‍ഗ്രസുകാരിയായി. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിട്ടാണ് മല്‍സരിച്ചത്. വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡണ്ട് പദവി ദളിത് വനിതാ റിസര്‍വ്വേഷന്‍ ആയതുകൊണ്ടു മാത്രമാണ് ഞാന്‍ പഞ്ചായത്ത് പ്രസിഡണ്ടായി തീര്‍ന്നത്.

ചോദ്യം - സംവരണ സമ്പ്രദായത്തെക്കുറിച്ച്, പ്രത്യേകിച്ച് ദളിത് സംവരണ സീറ്റുകളെക്കുറിച്ചെന്താണ് പറയാനുളളത്?

ഗിരിജ - സമൂഹത്തിന്‍റെ താഴെ തട്ടില്‍ സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കാവസ്ഥ അനുഭവിക്കുന്ന ദളിത് ജനവിഭാഗത്തെ അധികാരത്തിന്‍റെ ഭാഗമാക്കുമ്പോള്‍ മാത്രമെ അവരുടെ മോചനം സാധ്യമാവൂ. അതു കൊണ്ടാണ് ജാതീയമായി ഔന്നത്യം കാണിക്കുന്ന വ്യക്തികളോടും ഗ്രൂപ്പുകളോടും തന്‍റേടത്തോടെ തുറന്നു സംവദിക്കാന്‍ ഇപ്പാള്‍ എനിക്കു കഴിയുന്നത്. അവരുടെ വീടുകളിലേക്ക് കയറിചെല്ലാന്‍ കഴിയുന്നത്. പ്രയാസപ്പെട്ട് ജീവിതം നയിക്കുന്ന ദളിതര്‍ക്ക് അവര്‍ക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ എത്രയും പെട്ടെന്ന് ലഭ്യമാക്കികൊടുക്കാന്‍ എനിക്ക് സാധിക്കും.

തീര്‍ച്ചയായിട്ടും സംവരണ ആനുകൂല്യമുളളതു കൊണ്ടാണ് എന്നെപോലുളള ദളിത് സ്ത്രീകള്‍ക്ക് മുന്നോട്ട് കുതിക്കാന്‍ കഴിയുന്നത്. ഒരു സ്ഥാനത്തിരുന്ന് ഞങ്ങളുടെ കഴിവുകളും കര്‍മ്മശേഷിയും വേണ്ടവിധം പ്രയോജനപ്പെടുത്തിയാലും സംവരണമില്ലാത്ത പൊതു സീറ്റുകളിലേക്ക് ഞങ്ങളെ പരിഗണിക്കാത്ത അവസ്ഥയുണ്ട്. അത് മാറ്റിയെടുക്കണം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നിവൃത്തിയില്ലാത്തതു കൊണ്ടു മാത്രമാണ് സംവരണ സീറ്റുകളില്‍ ഞങ്ങള്‍ക്ക് ചാന്‍സ് തരുന്നത്.

ചോദ്യം - വിവാഹത്തെക്കുറിച്ചുളള സങ്കല്‍പമെന്തായിരുന്നു അനുഭവത്തില്‍ എന്താണ് തോന്നുന്നത്.?

ഗിരിജ - പരസ്പരം പ്രയാസങ്ങളും പ്രശ്നങ്ങളും പങ്കുവെക്കാന്‍ പറ്റുന്ന അന്യോന്യം അംഗീകരിക്കാന്‍ പറ്റുന്ന മനസുളള വ്യക്തിയായിരിക്കണം ഭര്‍ത്തവായി വരുന്ന വ്യക്തി എന്നായിരുന്നു എന്‍റെ സങ്കല്‍പം. ഞാന്‍ ഡിഗ്രി വരെ പഠിച്ചവളാണ്. അതേപോലെ വിദ്യാഭ്യാസം ഉളളവനാവണം വരുന്ന ഭര്‍ത്താവ് എന്ന ആഗ്രഹം എനിക്കുണ്ടായിരുന്നില്ല. പക്ഷേ കാര്യങ്ങള്‍ മനസ്സിലാക്കാനും പ്രതികരിക്കാനും കഴിവുളള വ്യക്തിയാവണം എന്ന മോഹമുണ്ടായിരുന്നു. അതില്‍ ഞാന്‍ പൂര്‍ണ്ണ സംതൃപ്തയാണ്. മദ്യപാനശീലമോ, മറ്റ് ദുശ്ശീലങ്ങളോ ഇല്ലാത്ത വ്യക്തിയാണ് എന്‍റെ ഭര്‍ത്താവ് മോഹനന്‍. എട്ടാം ക്ലാസു വിദ്യാഭ്യാസം മാത്രമെയുളളൂ. നല്ല അധ്വാനിയാണ് കൂലി പണിയെടുത്ത് കുടുംബം നോക്കുന്ന വ്യക്തിയാണ്. വിവാഹിതയായിട്ട് രണ്ട് പതിറ്റാണ്ട് പിന്നിട്ടു.

മൂന്നു മക്കളാണ് ഞങ്ങള്‍ക്കുളളത്. 18 വയസ്സുകാരികളായ അതുല്യയും, അനഘയും ഇരട്ടകളാണ്. അവര്‍ രണ്ടു പേരും ഐ ടി ഐയില്‍ ചേര്‍ന്ന് പഠിക്കുകയാണ്. മൂന്നാമത്തെയാള്‍ 11 കാരനായ അഖിലാണ് അവന്‍ ആറാം ക്ലാസില്‍ പഠിക്കുന്നു. സന്തോഷകരമായ കുടുംബജീവിതമാണ് ഞങ്ങള്‍ നയിക്കുന്നത്.

ചോദ്യം - മക്കളെ വളര്‍ത്തുന്നതില്‍ മാതൃക സ്വന്തം അമ്മയാണെന്നു സൂചിപ്പിച്ചല്ലോ എങ്ങിനെയായിരുന്നു ഗിരിജയുടെ കുട്ടിക്കാലം ?

ഗിരിജ - കുട്ടിക്കാലം എല്ലാവര്‍ക്കുമെന്നപോലെ ദാരിദ്ര്യവും കഷ്ടപ്പാടും തന്നെയായിരുന്നു. അച്ഛന്‍ പൊക്കളന്‍, അമ്മ മീനാക്ഷി. ഞങ്ങള്‍ മൂന്നു പേരാണ് മക്കള്‍. രണ്ട് ജ്യേഷ്ഠന്‍മാരും ഞാനും. അച്ഛന്‍ പണികഴിഞ്ഞ് വരുമ്പോള്‍ അല്പം പൂസായിട്ടാണ് വരിക. അമ്മ അതിനെ എതിര്‍ക്കും. മക്കള്‍ വളര്‍ന്നു വരുന്നുണ്ട് അവരെ ശ്രദ്ധിക്കണം. അവര്‍ക്ക് മാതൃകയാവണം എന്നൊക്കെ ദിവസേന അച്ഛനോടു പറയുമായിരുന്നു. അച്ഛന്‍ മദ്യപിച്ച് ശല്യമുണ്ടാക്കുന്ന വ്യക്തിയൊന്നുമല്ല. കുടുംബത്തെ മറന്ന് ഒരു പ്രവൃത്തിയുമില്ല. അമ്മ എന്നും എന്നെ ശ്രദ്ധിക്കും.

പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പറഞ്ഞു തരും. പോയിവന്ന ഉടനെ എല്ലാ കാര്യങ്ങളും അമ്മയോട് പറയണം. അതുകൊണ്ടു തന്നെ ഒരു തെറ്റിലേക്കു നീങ്ങാതേ ഇവിടം വരെ എത്തിയത്. അമ്മയാണെന്‍റെ വഴികാട്ടി. വിദ്യാഭ്യാസമില്ലങ്കിലും മക്കളെ എങ്ങിനെ വളര്‍ത്തണം എന്ന കാര്യത്തില്‍ കോളനിയിലെ മറ്റുളളവര്‍ക്ക് മാതൃകയണെന്‍റെ അമ്മ. ഇതേ രീതിയിലാണ് ഞാന്‍ എന്‍റെ മക്കളേയും വളര്‍ത്തുന്നത്. ഇരട്ടകുട്ടികളായതു കൊണ്ട് അല്പം പ്രയാസമുണ്ട്. അവര്‍ക്കെല്ലാം ഒരേ പോലെ വേണം. എങ്കിലും അതില്‍ സന്തോഷമുണ്ട്.

ചോദ്യം - സ്ത്രീയെന്ന നിലയില്‍ സാമൂഹ്യ പ്രവര്‍ത്തനവും രാഷ്ട്രീയ പ്രവര്‍ത്തനവും കൊണ്ടു പോകുന്നതില്‍ വല്ല പ്രയാസവും അനുഭവപ്പെടുന്നുണ്ടോ?

ഗിരിജ - കുടംബത്തിന്‍റെ പൂര്‍ണ്ണ പിന്തുണയും സഹകരണവും കിട്ടുന്നതുകൊണ്ട് രണ്ട് പ്രവര്‍ത്തനവും കൊണ്ടു പോകുന്നതിലും ഒരു പ്രയാസവും തോന്നിയിട്ടില്ല. പുറത്ത് രാഷ്ട്രീയമായസഹകരണവും ലഭ്യമാവുന്നുണ്ട്. പഞ്ചായത്തിന്‍റെ ഭരണകാര്യങ്ങളിലാണെങ്കില്‍ സ്റ്റാഫിന്‍റെയും പഞ്ചായത്ത് അംഗങ്ങളുടേയും എല്ലാ വിധത്തിലുളള സഹായങ്ങളുമുണ്ട്. വീട് ഭരണത്തിലും മക്കളെ വളര്‍ത്തുന്ന കാര്യത്തിലും സ്ത്രീയെന്ന നിലയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ കഴിയാറില്ല. അക്കാര്യം അറിഞ്ഞുകൊണ്ടു തന്നെ വീട്ടുകാര്‍ ഇടപെടുന്നുമുണ്ട്.

സ്ത്രീയെന്ന നിലയില്‍ സാമൂഹ്യ അംഗീകാരം കിട്ടുമോ എന്ന സംശയമുണ്ടായിരുന്നു. ആളുകള്‍ ഒരു വ്യക്തിയെ പലതരത്തിലുമായാണ് കാണുക. സൗന്ദര്യം,ജാതി വിദ്യാഭ്യാസം ഇതൊക്കെ വിലയിരുത്തിയാണ് വ്യക്തിയെ അംഗീകരിക്കുകയോ, അംഗീകരിക്കാതെയിരിക്കുകയോ ചെയ്യുക. എനിക്കീ പ്രശ്നങ്ങളൊന്നുമുണ്ടായിട്ടില്ല. എവിടെയും കയറി ചെന്നാലും നേരിട്ട് പരിചയപ്പെടുത്തും. പഞ്ചായത്ത് പ്രസിഡണ്ട് എന്നറിയുമ്പോഴേക്കും ആളുകളുടെ മനോഭാവം മാറും. അവരുടെ സംസാരത്തിന്‍റെയും നോട്ടത്തിന്‍റെയും രൂപവും ഭാവവും മാറും. അധികാരം കയ്യിലുണ്ടായാല്‍ സ്ത്രീയെന്നോ ദളിതനെന്നോ ഉളള വ്യത്യസമൊന്നും കാണിക്കില്ല. ബഹുമാനവും ആദരവും പ്രകടിപ്പിക്കുന്നതായിട്ടാണ് എന്‍റെ അനുഭവം.

ചോദ്യം - ദളിത് വിഭാഗത്തില്‍ നിന്ന് വന്ന വ്യക്തിയെന്ന നിലയില്‍ സ്വന്തം വിഭാഗം അനുഭവിക്കുന്ന പ്രയാസങ്ങളും പ്രശ്നങ്ങളും എന്താണ് ? അവ പരിഹരിക്കാന്‍ പറ്റുന്ന വല്ല ആശയങ്ങളും മനസ്സിലുണ്ടോ?

ഗിരിജ - വെസ്റ്റ് എളേരി പഞ്ചായത്തില്‍ 68 ദളിത് കോളനികളുണ്ട്. ദളിത് വിഭാഗത്തിന്‍റെ പ്രശ്നങ്ങള്‍ അറിഞ്ഞ് ബന്ധപ്പെട്ടവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനും ആവശ്യ നടപടികള്‍ സ്വീകരിക്കാനും അഞ്ച് പ്രമോട്ടര്‍മാരുണ്ട്. കൂടാതെ ഊര് മൂപ്പന്‍മാരുണ്ട്. ദളിത് വിഭാഗക്കാര്‍ക്ക് പഴയകാല സ്വഭാവങ്ങളില്‍ നിന്നൊക്കെ മാറ്റം വന്നിട്ടുണ്ട്.

വിദ്യാഭ്യാസം നേടിയും സമൂഹവുമായി ബന്ധപ്പെട്ടും അവര്‍ പുരോഗതിയുടെ പാതയിലാണിന്ന്. കോളനികളില്‍ കുടിവെളള പ്രശ്നമുണ്ട്. മരിച്ചു കഴിഞ്ഞാല്‍ ശവം സംസ്ക്കരിക്കാനുളള സൗകര്യമില്ലായമയുണ്ട്. നടന്നു പോവാന്‍ പോലും നടവഴി ഇല്ലാത്ത ചില പ്രദേശങ്ങളുണ്ട്. ലഹരി ഉപയോഗം കുറഞ്ഞു വരുന്നുണ്ടെങ്കിലും പ്രായമായവരെ അതില്‍ നിന്ന് മോചിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതൊക്കെ പരിഹരിക്കാനുളള കൂട്ടായ ശ്രമത്തിന് രൂപം കൊടുക്കണമെന്നുണ്ട്. കോളണികളില്‍ എല്ലാവരേയും ഒപ്പമിരുത്തി ഗൃഹസദസ്സുകള്‍ സംഘടിപ്പിക്കണമെന്നുണ്ട്. കോളണികളില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനം സ്ഥിരമായി നടത്തുന്നതിലേക്ക് സന്നദ്ധ വളണ്ടിയര്‍ ഗ്രൂപ്പ് ഉണ്ടാക്കണമെന്നും പദ്ധതി ഉണ്ട്.

ഊര്‍ജസ്വലയാണ് ഗിരിജ. തുറന്നു പറയാന്‍ തന്‍റേടം കാണിക്കുന്ന വ്യക്തിയാണ്. താന്‍ കടന്നു വന്ന വഴികളെക്കുറിച്ച് പൂര്‍ണ്ണ ബോധ്യമുളള ആളാണ്. ചുറുചുറുക്കും ധൈര്യവും കൈമുതലായിട്ടുളള പ്രശ്നങ്ങള്‍ പഠിക്കാനും പരിഹരിക്കാനും ഉത്സാഹം കാണിക്കുന്ന ഗിരിജ മോഹനന്‍ വരുന്ന അഞ്ചു വര്‍ഷക്കാലം കൊണ്ട് പഞ്ചായത്തിലെ ജനജീവിതം മെച്ചപ്പെടുത്തുന്നതിലേക്ക് കാര്യമായ നടപടികളുമായി മുന്നേറുമെന്ന് പ്രതീക്ഷിക്കാം.












Keywords:  Kookanam-Rahman, Panchayath-Member, Article, Panchayath, Woman, Kerala, Members, Development prospects for West Eleri.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia