city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മരുമകളായെത്തി പഞ്ചായത്തിന്റെ നാഥയായി; ലക്ഷ്യം ഏറെ

വനിതകൾ ഭരിക്കുന്ന ഗ്രാമപഞ്ചായത്തുകൾ- 13 

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 09.08.2021) മടിക്കൈ ഗ്രാമം പല തരത്തിലും മാതൃകയാണ്. കമ്മ്യൂണിസ്റ്റാശയങ്ങളില്‍ വ്യാപൃതരായ ജനങ്ങളാണ് ഭൂരിപക്ഷവും. വിപ്ലവ വീര്യം മനസ്സിലും പ്രവൃത്തിയിലും കൊണ്ടു നടക്കുന്നവര്‍. സ്ത്രീ ശാക്തീകരണത്തില്‍ മുമ്പന്തിയിലാണ് ഈ ഗ്രാമപഞ്ചായത്ത്. കഴിഞ്ഞ കാലങ്ങളില്‍ ഇവിടെ ജീവിച്ചു വന്ന കര്‍ഷകരും, തൊഴിലാളികളും പോരാട്ടങ്ങളിലൂടെ നേടിയെടുത്ത മാനസീക-ശാരീരിക ശാക്തീകരണം എല്ലാ രംഗങ്ങളിലും അവര്‍ പ്രകടിപ്പിക്കുന്നുണ്ട്. മടിക്കൈയുടെ മരുമകളാണ് ഇപ്പോള്‍ ഗ്രാമാധ്യക്ഷയായി വിരാജിക്കുന്ന എസ് പ്രീത. 17-ാം വയസ്സില്‍ പളളിക്കര പഞ്ചായത്ത് ജീവനക്കാരനായ കെ വി ചന്ദ്രന്‍റെ പ്രിയതമയായിട്ടാണ് 1989ല്‍ മടിക്കൈയില്‍ പ്രീതയെത്തിയത്.
 
മരുമകളായെത്തി പഞ്ചായത്തിന്റെ നാഥയായി; ലക്ഷ്യം ഏറെ

ഉദുമയിലെ പ്രധാന പുണ്യസ്ഥലമായ തൃക്കണ്ണാടാണ് പ്രീതയുടെ ജന്മസ്ഥലം. ഇടതു പക്ഷ പ്രസ്ഥാനങ്ങളുമായി അത്ര അടുപ്പത്തിലല്ലാത്ത കുടുംബാന്തരീക്ഷത്തിലാണ് പ്രീതയുടെ കൗമാരകാലം കടന്നു പോയത്. പക്ഷേ മടിക്കൈയില്‍ എത്തിയപ്പോള്‍ അന്തരീക്ഷമാകെ മാറി. ഭര്‍ത്താവിന്‍റെ അച്ഛന്‍ കടയങ്ങന്‍ കുഞ്ഞിക്കണ്ണനും, അമ്മ കെ കൊറുമ്പിയും അടിയുറച്ച കമ്മ്യൂണിസ്റ്റുകാരും പ്രവര്‍ത്തകരുമായിരുന്നു. ഭര്‍ത്താവ് കെ വി ചന്ദ്രനും പാര്‍ട്ടിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. മടിക്കൈയിലെ ചാളക്കടവില്‍ ഈയൊരു അന്തരീക്ഷത്തില്‍ എത്തിപ്പട്ടപ്പോള്‍ പ്രീതയിലും കമ്മ്യൂണിസ്റ്റാശയങ്ങള്‍ വേരുറക്കാന്‍ തുടങ്ങി. പ്രവര്‍ത്തന രംഗത്തിറങ്ങാന്‍ പ്രാപ്തിയുളള വ്യക്തിയായി മാറി പ്രീത.

2000 ല്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പ് ലഭിച്ചു. അതിനിടയില്‍ സര്‍ക്കാര്‍ ജോലിയുടെ രുചി അറിയാന്‍ കുറച്ചുകാലം വില്ലേജ് എക്റ്റന്‍ഷന്‍ ഓഫീസറായി പ്രവര്‍ത്തിച്ചു. പാര്‍ട്ടി മെമ്പര്‍ഷിപ്പ് ലഭിച്ചതുമുതല്‍ തുടര്‍ച്ചയായി പൊതു രംഗത്ത് സജീവമായി നിലകൊളളുകയാണ് പ്രീത. 2000-2005 ല്‍ മടിക്കൈ ഗ്രാമപഞ്ചായത്ത് മെമ്പറായും 2005-2010ല്‍ സി ഡി എസ് ചെയര്‍പേര്‍സനായും 2010-2015ല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായും 2015-2020ല്‍ കിലയുടെ ജില്ലാ ട്രെയ്‌നറായും പ്രവര്‍ത്തിച്ചു. ഇതാ വീണ്ടും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി രണ്ടാമൂഴത്തില്‍

എത്തിനില്‍ക്കുന്നു. തുടര്‍ച്ചയായി, സജീവമായി, പൊതുപ്രവര്‍ത്തന രംഗത്തും, രാഷ്ട്രീയ-സാമൂഹ്യരംഗങ്ങളിലും തിളങ്ങി നില്‍ക്കാന്‍ കഴിഞ്ഞ വ്യക്തിത്വത്തിന്‍റെ ഉടമയാണ് പ്രീത.

കറപുരളാത്ത വ്യക്തിത്വമാണ് പ്രീതയില്‍ പ്രകടമാവുന്നത്. ഉന്നതവിദ്യാഭ്യാസം നേടിയാലേ ഇതൊക്കെ സാധ്യമാവൂ എന്ന് തെറ്റിദ്ധരിക്കുന്നവര്‍ക്ക്, അതല്ല കേവല ഔപചാരിക വിദ്യാഭ്യാസം നേടിയാലും സ്വപ്രയത്നവും, ആത്മ വിശ്വാസവും, പിന്തുണക്കാന്‍ കുടുംബവും, പാര്‍ട്ടി സഖാക്കളുമുണ്ടെങ്കില്‍ പിടിച്ചു മുന്നേറാമെന്ന് പറയാതെ പറയുന്നുണ്ട് പ്രീത. പത്താം ക്ലാസ് ഔപചാരിക വിദ്യാഭ്യാസം നേടിയ പ്രീത അനൗപചാരിക വിദ്യഭ്യാസത്തിലൂടെയാണ് ഇത്തരം കഴിവുകള്‍ ആര്‍ജ്ജിച്ചെടുത്തു മുന്നേറിയത് എന്നത് അനൗപചാരിക വിദ്യാഭ്യാസ പ്രവര്‍ത്തകനായ എനിക്ക് സന്തോഷവും സംതൃപ്തിയും തരുന്നു.

ജനപ്രതിനിധിയെന്ന നിലയിലുളള ദീര്‍ഘകാല പ്രവര്‍ത്തനാനുഭവവും, ജനപ്രതിനിധികള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കിയ ട്രെയിനർ എന്ന അനുഭവവും വെച്ചുകൊണ്ട് ഗ്രാമപഞ്ചായത്തില്‍ വിവിധങ്ങളായ നൂതന പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കാന്‍ പ്രീത അതീവ ശ്രദ്ധചെലുത്തുന്നുണ്ട്. ഇവിടെ ആരോഗ്യ പ്രവര്‍ത്തന മേഖലയില്‍ സന്നദ്ധമായിനടത്തിയ ചില പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. പഞ്ചായത്തില്‍ സമ്പൂര്‍ണ്ണ രക്തദാന സേന രൂപീകരിച്ചതും, ആയിരത്തിലേറെ ആരോഗ്യവളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി, പ്രഥമശുശ്രൂഷ ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ അവബോധം ഉണ്ടാക്കിയെടുത്തതും, ആരോഗ്യ കൈപ്പുസ്തകം തയ്യാറാക്കിയതും പഞ്ചായത്തിന്‍റെ അഭിമാനകരമായ നേട്ടങ്ങളില്‍ ഒന്നാണ്.

ഇവിടെ നടത്തിയ അഗതി-ആശ്രയ പദ്ധതി സംസ്ഥാന തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ്. മുപ്പതോളം കുടുംബങ്ങളെ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞത് അഭിമാനത്തോടെയാണ് പ്രീത പങ്കുവെച്ചത്. ഇവര്‍ക്ക് വീട്, കുടിവെളള സൗകര്യം ലഭ്യമാക്കല്‍ , സ്വയം തൊഴില്‍ കണ്ടെത്താനുളള പരിശീലനം നല്‍കി ജീവിത വഴികണ്ടെത്താന്‍ പ്രാപ്ത്തരാക്കല്‍ എന്നിവ വിലയിരുത്തി സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്ക്കാരം നേടാന്‍ കഴിഞ്ഞതും ഏറെ സന്തോഷത്തിന് വഴിയൊരുക്കിയിട്ടുണ്ട്. ഇന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായ ബേബി ബാലകൃഷ്ണന്‍ ഗ്രാമ പഞ്ചായത്തിന്‍റെ പ്രസിഡണ്ടായിരിക്കേ ഈ മേഖലയില്‍ ശ്രദ്ധയൂന്നിയതിന്‍റെ ഫലമായിരുന്നു ഈ നേട്ടങ്ങളൊക്കെ. ഗ്രാമ പഞ്ചായത്തിന് മൂന്നു തവണ സ്വരാജ് ട്രോഫി നേടിയെടുത്തതും പ്രീത അഭിമാനത്തോടെ സൂചിപ്പിച്ചു.

മടിക്കൈ ഒരു പാര്‍ട്ടി ഗ്രാമം തന്നെയാണ്. പക്ഷേ ഇത്തവണത്തെ ഇലക്ഷനില്‍ ഒരു വാര്‍ഡ് ബി ജെ പി കയ്യടക്കി. പാര്‍ട്ടി ഗ്രാമങ്ങളില്‍ മറ്റുളള രാഷ്ട്രീയ കക്ഷികള്‍ക്ക് വളരാനും പ്രവൃത്തിക്കാനും ഇടം നല്‍കില്ലായെന്ന വിമര്‍ശനത്തിനുളള പ്രായോഗികമായ മറുപടി തന്നെയാണിത്. 15 വാര്‍ഡുകളില്‍ 13 സി പി. എമ്മിനും, ഒന്ന് സി പി ഐക്കും ലഭിച്ചു.

സ്ത്രീമുന്നേറ്റത്തില്‍ മടിക്കൈ വേറൊരു മാതൃകയാണ്. ധൈര്യശാലികളാണ് മടിക്കൈയിലെ സ്ത്രീകള്‍. ബ്രിട്ടീഷ് ഭരണകാലത്തു പോലും പുരുഷന്‍മാരെ വെല്ലുന്ന രീതിയില്‍ സമരരംഗത്ത് സ്ത്രീകളുടെ കരളുറപ്പ് മാതൃകയായിരുന്നു. വരുമാനമുണ്ടാക്കുന്ന കാര്യത്തിലും പുരുഷന്‍മാരെക്കാള്‍ മികച്ചു നില്‍ക്കുന്നത് സ്ത്രീകളാണ്. അധ്വാനിക്കുന്നവരാണ് മിക്ക സ്ത്രീകളും..തൊഴിലുറപ്പ് പദ്ധതിയില്‍ സ്ത്രീ സാനിധ്യം വളരെ മികവുറ്റതാണിവിടെ.

നേന്ത്രവാഴകൃഷിയിലും, നെല്‍കൃഷിയിലും, ഉന്നത സ്ഥാനത്താണ് ഇവിടുത്തെ സ്ത്രീ സാന്നിധ്യം. പെണ്‍കുട്ടികളുടെയും, സ്ത്രീകളുടെയും ഇടയില്‍ കാണുന്ന ഒളിച്ചോട്ടം, ആത്മഹത്യ പ്രവണത എന്നിവ മറ്റുളള പ്രദേശങ്ങളെ അപേക്ഷിച്ച് ഇവിടെ വളരെ കുറവാണ്. അതിനുളള പ്രധാന കാരണം എന്ന് ചൂണ്ടിക്കാണിക്കാവുന്ന കാര്യം മിക്കവരും ഏതെങ്കിലും തരത്തിലുളള വരുമാനമുണ്ടാക്കുന്ന തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നു എന്നുളളതാണ്.

പഞ്ചായത്തില്‍ കുടിവെളള പ്രശ്നം രൂക്ഷമാവാറുണ്ട്. ജലജീവനം എന്ന പദ്ധതിയിലൂടെ കോളണികളിലും, വരള്‍ച്ച ബാധിത പ്രദേശങ്ങളിലും കുടിവെളളം ലഭ്യമാക്കാനുളള ബൃഹദ് പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭവനരഹിതരില്ലാത്ത ഗ്രാമം സൃഷ്ടിച്ചെടുക്കാന്‍ ശ്രമിക്കുന്നുണ്ട്.

വിദ്യാഭ്യാസ മേഖലയിലും ഔന്നത്യത്തിലാണ് പഞ്ചായത്തിന്‍റെ സ്ഥാനം. മൂന്ന് ഹയര്‍ സെക്കന്‍ററി സ്ക്കൂളും, മൂന്ന് യു പി സ്ക്കൂളുകളും , മൂന്ന് എല്‍ പി സ്ക്കൂളുകളുമടക്കം പത്ത് സ്ക്കൂളുകള്‍ ഇവിടെ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. എരിക്കുളത്ത് ഒരു.ഐ ടി ഐയും കാഞ്ഞിരിപ്പൊയിലില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ഐ എച്ച് ആര്‍ ഡി (ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഹ്യൂമണ്‍ റിസോര്‍സ് ഡവലപ്മെന്‍റ്) യും പഞ്ചായത്തില്‍ നിലവിലുണ്ട്. വിദ്യാലയങ്ങളില്‍ കൊഴിഞ്ഞു പോക്ക് നന്നേ കുറവാണ്. പഞ്ചായത്ത് ശിശുസൗഹൃദ പഞ്ചായത്താക്കാന്‍ ശ്രമമാരംഭിച്ചിട്ടുണ്ട്.

രണ്ട് കാര്യങ്ങളില്‍ വളരെ സന്തോഷവതിയാണ് പ്രസിഡണ്ട് പ്രീത. അതിലൊന്ന് ഒന്നരക്കോടി ചെലവില്‍ അതിമനോഹരമായ ഒരു പഞ്ചായത്ത് ഓഫീസ്കെട്ടിടം ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചു എന്നതും ജനപ്രതിനിധിയെന്ന നിലയില്‍ ഇന്ത്യയ്ക്കകത്തും, കേരളത്തിനകത്തും ഉളള ഒരു പാട് ആളുകളുമായി ബന്ധപ്പെടാന്‍ കഴിഞ്ഞു എന്നുളളതാണ്. ഈ കാലയളവില്‍ ഡല്‍ഹി, രാജസ്ഥാന്‍, ആസാം, എന്നിവിടങ്ങളില്‍ നടന്ന പഠന ക്യാമ്പുകളിൽ പങ്കെടുക്കാന്‍ കഴിഞ്ഞത് ജീവിത്തിലുണ്ടായ മഹാ നേട്ടമാണ്. ഇതൊക്കെ സാധ്യമാവുന്നതിന്‍റെ പിന്നില്‍ കുടുംബത്തിന്‍റെ താങ്ങും തണലുമുണ്ട്. അതിനൊപ്പം പാര്‍ട്ടി സഹകരണമുണ്ട്, പഞ്ചായത്ത് ഭരണസമിതിയും ഒപ്പം നില്‍ക്കുന്നത് മുന്നോട്ടുളള പ്രയാണത്തിന് ശക്തി നല്‍കുന്നുണ്ട്.

രണ്ട് മക്കളാണ് പ്രീതയ്ക്കുളളത്. എൻവയോണ്‍മെന്‍റ് സയന്‍സില്‍ എം എസ് സി എടുത്ത മകന്‍ സച്ചിനും, വിവാഹം കഴിഞ്ഞു പോയ മകള്‍ സില്‍നയും. രാഷ്ട്രീയ ഇച്ഛാശക്തിയോടെ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുളള, ഇന്ത്യയിലെ പ്രമുഖ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇടയായിട്ടുളള മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ് പ്രീതയിക്ക് ഇനിയും മാതൃകാപരമായ നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കട്ടെയെന്ന് നമുക്ക് പ്രത്യാശിക്കാം











Keywords:  Kookanam-Rahman, Panchayath-Member, Article, Panchayath, Woman, Kerala, Members,  Daughter-in-law became the head of the panchayat.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia