city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വികസനം കാത്ത് പൈവളികെ; നിലപാട് പറഞ്ഞ്‌ ജയന്തി

വനിതകൾ ഭരിക്കുന്ന ഗ്രാമപഞ്ചായത്തുകൾ -8

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 01.07.2021) മാസങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്ത അമ്പത് മെഗാവാട്ട് സൗരോര്‍ജ്ജ പദ്ധതി പൈവളികെ പഞ്ചായത്തിലാണ്. പഞ്ചായത്തിലെ കൊമ്മന്‍ഗളയില്‍ 250 ഏക്കറിലാണ് കേന്ദ്രാവിഷ്കൃത പദ്ധതിയായ നെഹ്റു ദേശീയ സൗരോര്‍ജ ദൗത്യം ആരംഭിച്ചിരിക്കുന്നത്. എഴുപത്തി രണ്ട് ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുളള പഞ്ചായത്താണിത്. ഇവിടുത്തെ അമ്പത് ശതമാനം ജനങ്ങളും തുളു കന്നട ഭാഷ സംസാരിക്കുന്നവരാണ്. മൊത്തം 34,379 പേര്‍ ഇവിടെ അധിവസിക്കുന്നുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തില്‍ മികച്ചു നില്‍ക്കുന്ന ഏരിയ ആണിത്. രണ്ട് ഹയര്‍ സെക്കന്‍ററി സ്ക്കൂളും ഒരു ഹൈസ്ക്കൂളും പതിനാറ് പ്രൈമറി വിദ്യാലയങ്ങളും ഒരു എം ജി എല്‍ സിയും നിലവിലുണ്ട്. ഇതു കൂടാതെ 36 അംഗണവാടികളും പ്രവര്‍ത്തിച്ചു വരുന്നുണ്ടിവിടെ. സാമ്പത്തിക രംഗത്ത് പിന്നോക്കാവസ്ഥയിലുളള ഇവിടത്തുകാര്‍ ബീഡി തെറുപ്പ്, കൃഷിപണി എന്നിവയെ ആശ്രയിച്ചാണ് ജീവിച്ചു വരുന്നത്. ദളിത് വിഭാഗം കൂടുതല്‍ അധിവസിക്കുന്ന പ്രദേശം കൂടിയാണിത്.

പഞ്ചായത്ത് പ്രസിഡണ്ട് ജയന്തിയെ നമുക്ക് പരിചയപ്പെടാം. നാല്‍പതു വയസ്സുകാരിയായ ജയന്തി ചെറുപ്പം മുതലേ സി പി എമുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വരുന്ന വ്യക്തിയാണ്. പാര്‍ട്ടി മെമ്പര്‍ഷിപ്പ് ഇല്ലെങ്കിലും പാര്‍ട്ടിയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുക്കാറുണ്ട്. ഇവിടെ ബിജെപിക്കും, എല്‍ഡിഎഫിനും എട്ട് സീറ്റു വീതമാണ് ലഭിച്ചത്. തുല്യ ശക്തികളാണ്. നറുക്കെടുപ്പിലൂടെയാണ് എല്‍ഡിഎഫ് പ്രസിഡണ്ട് സ്ഥാനം ലഭ്യമായത്. വൈസ് പ്രസിഡണ്ട് ബി ജെ പിയിലെ സുബ്ബ ലക്ഷ്മിയാണ്. ഭരണ കാര്യങ്ങളിലെല്ലാം പൂര്‍ണ്ണമായും ബിജെപി മെമ്പര്‍മാര്‍ സഹകരിക്കുന്നുണ്ട്. ഇലക്ഷന്‍ സമയത്ത് ശക്തമായ പോരാട്ടം നടത്തി പരസ്പരം വിമര്‍ശനം നടത്തിയിരുന്നെങ്കിലും പഞ്ചായത്ത് ഭരണ നിര്‍വ്വഹണത്തില്‍ എല്ലാ തലത്തിലും ബിജെപി അംഗങ്ങള്‍ സഹകരിക്കുന്നുണ്ട്.

വികസനം കാത്ത് പൈവളികെ; നിലപാട് പറഞ്ഞ്‌ ജയന്തി

പൂര്‍ണ്ണ സമയവും പൊതു രംഗത്ത് പ്രവര്‍ത്തിക്കാന്‍ കുടുബം സഹായകനിലപാടാണ് സ്വീകരിക്കുന്നത്. തോട്ടം തൊഴിലാളിയായ ഭര്‍ത്താവ് അശോകനും പൊതു പ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ പ്രോല്‍സാഹനം നല്‍കുന്നുണ്ട്. മക്കളില്ലാത്തതിനാല്‍ സമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ അവസരം കൂടുതല്‍ ലഭിക്കുന്നുണ്ട്. പ്ലസ്ടു വരെ പഠിക്കാന്‍ കഴിഞ്ഞിട്ടുളളൂ. ഗ്രാമ പഞ്ചായത്തിലെ നാലാം വാര്‍ഡായ ആവളയിലാണ് ജയന്തി മല്‍സരിച്ചത്. പ്രസ്തുത വാര്‍ഡില്‍ 1200 വോട്ടര്‍മാരുണ്ട്. ത്രികോണ മല്‍സരമാണിവിടെ നടന്നത്. ബിജെപി, കോണ്‍ഗ്രസും, സിപിഎം ആണ് മല്‍സരിച്ചത്. ശക്തമായ പ്രചാരണമാണ് മൂന്നു ഗ്രൂപ്പും നടത്തിയതെങ്കിലും സിപിഎം പ്രതിനിധിയായി മത്സരിച്ച ജയന്തിക്ക് 495 വോട്ടും കോണ്‍ഗ്രസിന് 250 വോട്ടും, ബിജെപിക്ക് 195 വോട്ടുമാണ് ലഭിച്ചത്. നല്ല ഭൂരിപക്ഷത്തോടെയാണ് ജയന്തി ഇവിടെ നിന്ന് ജയിച്ചു കയറിയത്.

ഇത്രയും വാശിയേറിയ മല്‍സരത്തില്‍ ജയന്തിക്ക് വിജയം നേടാന്‍ ഇടയാക്കിയ സാഹചര്യമെന്തായിരുന്നു എന്ന ചോദ്യത്തിന് അവരുടെ മറുപടി ഇങ്ങിനെയാണ്: ഈ വാര്‍ഡില്‍ 2015-20 ല്‍ ജയിച്ചതും എല്‍ ഡി എഫ് കാരനായ റഹീം ആയിരുന്നു. അദ്ദേഹം സ്ഥിരോല്‍സാഹിയാണ്. വാര്‍ഡില്‍ ജനോപകാര പ്രദമായ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അദ്ദേഹത്തിന് സാധിച്ചു. എല്‍ ഡി എഫ് ജയിച്ചാലേ ഇനിയും വാര്‍ഡിന് പുരോഗതി ഉണ്ടാവൂ എന്ന് വോട്ടര്‍മാര്‍ക്ക് പൂര്‍ണ്ണ ബോധ്യം വന്നു. മാത്രമല്ല സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരും ജനങ്ങള്‍ക്ക് വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്നതും എന്‍റെ വിജയത്തിന് കാരണമായി.

വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ജനങ്ങളും ജന പ്രതിനിധികളും പൂര്‍ണ്ണമായി സഹകരിക്കുന്നുണ്ട്. പക്ഷേ വ്യക്തികളില്‍ കണ്ട് വരുന്ന ചില ദുഷ് പ്രവണതകളുണ്ട്. ലഹരി ഉപഭോഗം ഈ മേഖലകളില്‍ കൂടുതലുണ്ട്. സ്ത്രീകള്‍ സജീവമായി പുറത്തിറങ്ങി പൊതു പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ വിമുഖത കാണിക്കുന്നുണ്ട്. ഇതിനൊരു പരിഹാരം കാണാനുളള ശ്രമത്തിന് പ്രാമുഖ്യം കൊടുക്കേണ്ടതുണ്ട്. ബോധവല്‍ക്കരണത്തിലൂടെ മാത്രം ഇത് സാധ്യമാവുമെന്നു തോന്നുന്നില്ല. ചെറുപ്പക്കാരില്‍ ഉളള ലഹരി വസ്തു ഉപയോഗം കുറക്കുന്നതിനുളള തീവ്ര ശ്രമം ആരംഭിക്കണം.

ഇത്തരം വ്യക്തികളെ നേരിട്ട് കണ്ട് നിത്യേനയെന്നോണം ഒപ്പം കൂടി അവരെ മോചിതരാക്കാന്‍ പറ്റുന്ന പിയര്‍ ഗ്രൂപ്പിനെ തയ്യാറാക്കണമെന്ന ഒരാശയവുമുണ്ട്. സ്ത്രീകളെ മുന്നോട്ടെത്തിക്കാന്‍ ഇപ്പോള്‍ തന്നെ കുടുംബശ്രീ പ്രവര്‍ത്തനവും, തൊഴിലുറപ്പ് പദ്ധതിയും സഹായകമാവുന്നുണ്ട്. അവ രണ്ടും കൂടുതല്‍ സ്ത്രീകളിലേക്ക് എത്തിക്കാനും അവരെ പ്രചോദിപ്പിക്കാനും അങ്കണ്‍വാടി വര്‍ക്കര്‍മാരുടെയും സാമൂഹ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന വനിതകളുടെയും കൂട്ടായ്മ ഉണ്ടാക്കിയെടുക്കാനും പദ്ധതിയുണ്ട്.

പഞ്ചായത്തില്‍ പൊസഡിഗുമ്പെ എന്ന ടൂറിസ്റ്റ് കേന്ദ്രമുണ്ട്. മലമുകളിലാണ് ഈ പ്രദേശം. പ്രകൃതിരമണീയമായ പ്രസ്തുത പ്രദേശത്തേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുളള പ്രചാരണ പരിപാടി സംഘടിപ്പിക്കേണ്ടതായിട്ടുണ്ട്. ഗ്രാമ പ്രദേശങ്ങളിലെ ഇത്തരം സ്ഥലങ്ങളെക്കുറിച്ച് വ്യാപകമായ പ്രചാരം കിട്ടാത്തുകൊണ്ടാണ് ടൂറിസ്റ്റുകള്‍ എത്തിപ്പെടാത്തത്. ബേക്കല്‍ ഫോര്‍ട്ടും പൊസഡിഗുമ്പെയും ബന്ധിപ്പിച്ചു കൊണ്ടുളള ഒരു ടൂറിസം വികസന പദ്ധതിക്ക് രൂപം നല്‍കി കഴിഞ്ഞു. ഇതിന് നാല് കോടിയോളം രൂപ വകയിരുത്തി പ്രവര്‍ത്തനം ഉടനെ ആരംഭിക്കാന്‍ പോവുകയാണ്. ഇതും കൂടി പ്രയോഗികമാവുന്നതോട് കൂടി പൈവളികെ പഞ്ചായത്തിന്‍റെ മുഖഛായ തന്നെ മാറും.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജയന്തി രണ്ട് കാര്യം അഭിമാനത്തോടെ സൂചിപ്പിക്കുന്നുണ്ട്. നിരക്ഷരരില്ലാത്ത, സ്ക്കൂളുകളില്‍ നിന്ന് കൊഴിഞ്ഞ് പോക്കില്ലാത്ത പഞ്ചായത്താണിതെന്ന്. ആവശ്യത്തിന് സ്ക്കൂളുകളും അങ്കണ്‍വാടികളും ഇവിടെയുണ്ട്. നേരിടുന്ന വലിയൊരു പ്രശ്നം കുടിവെളളത്തിന്‍റെതാണ്. മലയോര മേഖലയായതിനാല്‍ വേനല്‍ക്കാലത്ത് കുടിവെളള ക്ഷാമം നേരിടുന്നുണ്ട്. ശുചിത്വ പ്രശ്നമുണ്ട്. വ്യക്തി ശുചിത്വത്തില്‍ ശ്രദ്ധിക്കുന്നുണ്ടെങ്കിലും പരിസര ശുചിത്വത്തില്‍ കാര്യമായ ശ്രദ്ധ ചെലുത്തുന്നില്ല. അത് ജന സഹകരണത്തോടെ സാധ്യമാവും എന്ന് ജയന്തി കരുതുന്നു.

മൊത്തം പത്തൊമ്പത് വാര്‍ഡുകളാണുളളത്. അതില്‍ എട്ടു വാര്‍ഡുകളില്‍ എല്‍ ഡി എഫും, എട്ടു വാര്‍ഡുകളില്‍ ബിജെപിയും മൂന്നു വാര്‍ഡ് യുഡിഎഫും വിജയിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡണ്ടായി എന്നെ നിയോഗിച്ചത് സിപിഎം ആണ്. മല്‍സരിക്കാന്‍ നിര്‍ദ്ദേശിച്ചതും, എന്നെ വിജയിപ്പിക്കാന്‍ ശ്രമിച്ചതും സിപിഎം ആണ്. ജനങ്ങളല്ലേ എന്നെ തെരഞ്ഞെടുത്തത് അതില്‍ അഭിമാനമുണ്ട്.

ഞാനൊരു ദളിത് വിഭാഗത്തില്‍ പെട്ട വനിതയാണ്. റിസര്‍വേഷനിലല്ല ഞാന്‍ പ്രസിഡണ്ട് പദവിയിലെത്തിയത്. അധികാരം ആസ്വദിക്കാനുളളതല്ല. മറിച്ച് പ്രവര്‍ത്തിക്കാനുളളതാണെന്ന് പൂര്‍ണ്ണ ബോധ്യമുണ്ടെന്ന് ജയന്തി പറയുന്നു. വരുന്ന അഞ്ചു വര്‍ഷവും ഒന്നാന്തരമായിട്ടു തന്നെ പൈവളികെ ഗ്രാമ പഞ്ചായത്ത് ഭരിക്കും. അതിനുളള സഹായസഹകരണങ്ങള്‍ പാര്‍ട്ടിയും, പഞ്ചായത്തു മെമ്പര്‍മാരും, നാട്ടുകാരും, നല്‍കുമെന്ന പ്രതീക്ഷയുമുണ്ടെന്ന് ജയന്തി പറയുന്നു.






Keywords:  Kookanam-Rahman, Panchayath-Member, Article, Panchayath, Woman, Kerala, Members, Paivalike, Pivalike awaiting development; Jayanthi on her stand.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia