city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രതിപക്ഷമില്ലാത്ത പഞ്ചായത്തിൽ നവ ആശയങ്ങളോടെ എം ധന്യ

വനിതകൾ ഭരിക്കുന്ന ഗ്രാമപഞ്ചായത്തുകൾ- 11 

കൂക്കാനം റഹ്‌മാൻ

(www.kasargodvartha.com 28.07.2021) കാസര്‍കോട്ടെ ഗ്രാമപഞ്ചായത്തുകളില്‍ പലതരത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന പഞ്ചായത്താണ് ബേഡഡുക്ക. നിലവിലെ ഗ്രാമാധ്യക്ഷയായ ശ്രീമതി എം ധന്യ പഞ്ചായത്തിന്റെ വൈവിധ്യമാര്‍ന്ന അവസ്ഥകളെക്കുറിച്ചും, അനുഭവപ്പെടുന്ന അവസ്ഥകളെക്കുറിച്ചും സംസാരിച്ചപ്പോള്‍, വളരെ സമര്‍ത്ഥമായ രീതിയില്‍ പഞ്ചായത്തിനെ നയിക്കാനും, പ്രശ്‌ന പരിഹാരം കാണാനും കെല്പുളള വ്യക്തിത്വന്റെ ഉടമയാണെന്ന് ബോധ്യമായി.

പഞ്ചായത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന നവീന പ്രവര്‍ത്തനങ്ങളക്കുറിച്ച് കൃത്യമായ രൂപരേഖ ഉണ്ടാക്കി മുന്നോട്ട് പോവാനുളള ആര്‍ജ്ജവമുളള വനിതയാണ് ധന്യ. കഴിഞ്ഞ ടേമില്‍ (2015-20) പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പദവിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്ത അനുഭവം മൂലം, ഓരോ മേഖലയിലും വരുത്തേണ്ട കാര്യങ്ങള്‍ എന്താണെന്നതിനെക്കുറിച്ച് ധന്യക്ക് അവഗാഹമുണ്ട്.

പ്രതിപക്ഷമില്ലാത്ത പഞ്ചായത്തിൽ നവ ആശയങ്ങളോടെ എം ധന്യ

ജില്ലയിലെ രണ്ട് പഞ്ചായത്തുകളിലാണ് മുഴുവന്‍ സീറ്റും എല്‍ ഡി എഫ് നേടിയിട്ടുളളത്. അതിലൊന്നാണ് ബേഡഡുക്ക. മറ്റൊന്ന് കയ്യൂര്‍-ചീമേനിയാണ്. പ്രതിപക്ഷ സാന്നിധ്യമില്ലാത്ത ഗ്രാമപഞ്ചായത്ത് ഭരണ രീതി വേണ്ടത്ര മെച്ചമാകില്ല എന്ന ധാരണ പൊതുവേയുണ്ട്. പക്ഷേ ഗ്രാമപഞ്ചായത്തുകളില്‍ പ്രതിപക്ഷത്തിന്റെ സാന്നിധ്യമില്ലെങ്കിലും ഭരണം മാതൃകാപരമായി തന്നെ നടത്തികൊണ്ടു പോവാന്‍ കഴിയുമെന്ന് ധന്യ പറയുന്നു. ജനങ്ങള്‍ ഏല്‍പ്പിച്ചു തന്ന ദൗത്യം കൃത്യമായി നടപ്പിലാക്കാന്‍ ജനപ്രതിനിധികള്‍ തയ്യാറാവും. ഗ്രാമീണരെ നേരിട്ടറിയാവുന്ന ജനപ്രതിനിധികളാവുമ്പോള്‍ തെറ്റായ രീതിയിലോ വിമര്‍ശനമുയര്‍ത്തുന്ന രീതിയിലോ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ പറ്റില്ല.

ബേഡഡുക്കയെ സ്ത്രീ സൗഹൃദ ഗ്രാമ പഞ്ചായത്താക്കി മാറ്റണമെന്ന ഒരു ബൃഹത്തായ പദ്ധതി ധന്യയുടെ മനസ്സിലുണ്ട്. സംവരണം കൊണ്ടു മാത്രം സ്ത്രീകള്‍ക്ക് തുല്യത കിട്ടാന്‍ പോവുന്നില്ല. പക്ഷേ സ്ത്രീകളെ മുന്നോട്ടെത്തിക്കാന്‍ ഒരു പരിധിവരെ സംവരണം കൊണ്ടു സാധ്യമായിട്ടുമുണ്ട്. ഒരു സ്ത്രീ പൊതു പ്രവര്‍ത്തന രംഗത്ത് സജീവമാവണമെങ്കില്‍ ഏത് രാത്രിയിലും തനിച്ച് യാത്ര ചെയ്യാനുളള അവസ്ഥ ഉണ്ടാവണം. പഞ്ചായത്ത് പ്രസിഡണ്ട് എന്ന നിലയ്ക്ക് എനിക്കത് ആവുന്നുണ്ട്. പക്ഷേ എല്ലാ സ്ത്രീകള്‍ക്കും ഇത് സാധ്യമാവാനുളള വഴി എന്താണെന്ന് കണ്ടെത്തണം.

സമൂഹത്തിന്റെ കാഴ്ചപ്പാട് മാറണം. സ്ത്രീയും പുരുഷനും ഒപ്പം യാത്ര ചെയ്താലോ ഒരു സ്ത്രീ തനിച്ച് സാമൂഹ്യ രംഗത്ത് ഇറങ്ങിയാലോ തെറ്റില്ലെന്ന് പൊതുസമൂഹത്തിന് ബോധ്യപ്പെടണം. സ്ത്രീകള്‍ക്ക് സ്വയം ഒരഭിമാന ബോധം ഉണ്ടാവണം. ഇതുണ്ടാവണമെങ്കില്‍ സ്ത്രീകളെ മാത്രം വിളിച്ചിരുത്തി അവബോധം ഉണ്ടാക്കി എടുത്താല്‍ പോര, പുരുഷനും സ്ത്രീയും ഒപ്പമിരുന്ന് ചര്‍ച്ച ചെയ്ത് പ്രശ്‌നത്തിന് പരിഹാരം കാണണം. സ്ത്രീ പുരുഷ തുല്യതയെന്ന ചിന്തയും പ്രവൃത്തിയും വീടുകളില്‍ നിന്നാരംഭിക്കണം. ക്രമേണ ആ മനോഭാവം സമൂഹത്തിലേക്കും വ്യാപിക്കും. അതിന് ആദ്യം രംഗത്തിറങ്ങേണ്ടത് പുരുഷന്‍മാരാണ്. സ്ത്രീ രണ്ടാം തരക്കാരിയാണെന്ന തെറ്റായ ധാരണ പുരുഷന്‍മാരാണ് മാറ്റിയെടുക്കേണ്ടത്. അതേ പോലെ ഞങ്ങള്‍ പുരുഷന്‍മാര്‍ക്ക് അടിമപ്പെട്ട് ജീവിക്കേണ്ടവരല്ലെന്ന് സ്ത്രീകള്‍ ഉറക്കെ പ്രഖ്യാപിക്കുകയും പ്രയോഗത്തില്‍ കൊണ്ടു വരികയും വേണമെന്നാണ് ധന്യ പറയുന്നത്.

വിവാഹത്തെക്കുറിച്ചും വിവാഹജീവിതത്തെക്കുറിച്ചും ധന്യയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. പ്രണയ വിവാഹം തെറ്റൊന്നുമല്ല. പക്ഷേ കഴിയാവുന്ന വിധത്തില്‍ രക്ഷിതാക്കളെയും കൂടി അറിയിച്ചുകൊണ്ടാവണം വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. ജാതിയും മതവുമൊന്നും സ്‌നേഹത്തിന് പ്രതിബന്ധമാവരുത്. സ്ത്രീയുടെയും പുരുഷന്റെയും ഇഷ്ടത്തിന് വിട്ടുകൊടുക്കുന്നതാണ് നല്ലത്. ധന്യയുടെ വിവാഹത്തിലും പ്രണയവുമുണ്ട്. കുടുംബത്തിന്റെ അംഗീകാരവുമുണ്ട്. മാത്രമല്ല ഇന്റര്‍ കാസ്റ്റ് മാരേജാണ് തങ്ങളുടേതെന്ന് ധന്യ പറഞ്ഞു. പരസ്പരം അറിഞ്ഞു കൊണ്ടുളള വിവാഹ ജീവിതമാണ് ഞങ്ങള്‍ നയിക്കുന്നത്. ഭര്‍ത്താവ് ഡ്രൈവറാണ്. ധനീഷ് ആനന്ദ് എന്നാണ് പേര്. എല്‍ കെ ജിയില്‍ പഠിക്കുന്ന നാല് വയസ്സുകാരി ദിയധനീഷാണ് ഏകമകള്‍.

2016- ല്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പ് ലഭിച്ചിട്ടുണ്ട്. ഡി വൈ എഫ് ഐയുടെയും മഹിളാ വിഭാഗത്തിന്റെയും വില്ലേജ് കമിറ്റി മെമ്പറാണ്. ഇത്തവണ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡായ പെരിങ്ങാനത്തുനിന്നാണ് മത്സരിച്ച് ജയിച്ചത്. വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ കലാരംഗത്തും സജീവമായിരുന്നു. ധന്യയുടെ ശബ്ദത്തിന്റെ പ്രത്യേകത മൂലം 'നാടകത്തിലോ മറ്റോ അഭിനയിച്ചിട്ടുണ്ടോ?' എന്ന ചോദ്യത്തിന്റെ ഉത്തരമായാണ് സ്‌ക്കൂളില്‍ നാടകാഭിനയത്തിലും മറ്റും പങ്കെടുക്കാറുണ്ടെന്നും ‘മുന്നാട് കലാക്ഷേത്രം’ കലാസംഘടനയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ധന്യ സൂചിപ്പിച്ചത്.

പൊതു രംഗത്ത് പ്രവര്‍ത്തിക്കുമ്പോള്‍ കുടുംബത്തില്‍ വല്ല അസ്വാരസ്യങ്ങളുമുണ്ടോയെന്ന് ആരാഞ്ഞപ്പോള്‍ കുടുംബം പൂര്‍ണ്ണമായും സപ്പോര്‍ട്ടാണെന്നാണ് ധന്യ പറഞ്ഞത്. ചെറിയ കുട്ടി ഉണ്ടായതു കൊണ്ടുളള ബുദ്ധിമുട്ട് ഒരമ്മയെന്ന നിലയില്‍ ഞാന്‍ അനുഭവിക്കുന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. തീര്‍ച്ചയായും സ്ത്രീകള്‍ക്ക് അമ്മ എന്ന നിലയിലുളള ഉത്തരവാദിത്തം മറ്റാര്‍ക്കും വീതിച്ചു നല്‍കാന്‍ പറ്റില്ല. കുഞ്ഞിന്റെ പരിചരണവും, ആഹാരം നല്‍കി വളര്‍ത്തലും അമ്മ തന്നെ നിര്‍വ്വഹിക്കണം. അതിനു കുടുംത്തിന്റെ സഹകരണമുണ്ടെങ്കില്‍ അല്പസ്വല്പം ആശ്വാസം ലഭിക്കും.

ബേഡഡുക്ക പഞ്ചായത്തില്‍ ആകെ 17 വാര്‍ഡുകളാണുളളത്. അതില്‍ എല്ലാ സീറ്റിലും എല്‍ ഡി എഫ് ആണ് ജയിച്ചത്. പതിനാറ് സീറ്റില്‍ സിപിഎം, ഒരു സീറ്റ് സിപിഐക്ക്. ഒരൊറ്റ ടീമായി, ഒരേ ചിന്തയോടെ പഞ്ചായയത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുന്നു എന്നതും ഇവിടത്തെ നേട്ടമാണ്. ഭരണ സമിതിയില്‍ മാത്രമല്ല, പഞ്ചായത്ത് ജീവനക്കാരും ഏക മനസ്സോടെയും ഐക്യത്തോടെയും പോകുന്നു എന്നതും നേട്ടമായി തോന്നുന്നുവെന്ന് ധന്യ പറയുന്നു.

പഞ്ചായത്തിലെ ജനസംഖ്യ ഏകദേശം 28,000 ന് മേല്‍ വരും, അതില്‍ അയ്യായ്യിരത്തിനടുത്ത് ദളിത് വിഭാഗത്തില്‍പെട്ടവരാണ്. ഇവര്‍ 42 കോളനികളിലാണ് ജീവിച്ചു വരുന്നത്. ഇവരുടെ പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിനും മറ്റും പതിനേഴ് ഊരുകൂട്ടമുണ്ട്. ട്രൈബല്‍ വളണ്ടിയേര്‍സും സജീവമായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

ദളിത് വിഭാഗത്തിലെ മുതിര്‍ന്നവരില്‍ മദ്യപാനശീലം രൂക്ഷമാണ്. അതിന് അറുതി വരുത്താനുളള ശ്രമം ആരംഭിച്ചിട്ടുണ്ട്. ലഹരി ഉപയോഗത്തില്‍ നിന്ന് ചെറുപ്പക്കാരെ മാറ്റിയെടുക്കാനുളള ശ്രമവും ആരംഭിച്ചു കഴിഞ്ഞു. ഇതിനായി ഓരോ ഏരിയയിലും ‘ട്രൈബല്‍ ക്ലസ്റ്റര്‍ പ്ലസ്’ എന്ന പേരില്‍ സംഘടന ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ഇതിന്റെ പ്രവര്‍ത്തനത്തിന് വാര്‍ഡ് മെമ്പര്‍മാരും, സാമൂഹ്യ പ്രവര്‍ത്തകരും ഊര് മൂപ്പന്‍മാരും അടങ്ങിയ കമ്മിറ്റി രൂപീകരിച്ചുകഴിഞ്ഞു. കുട്ടികളുടെ കൊഴിഞ്ഞ് പോക്ക് തടയല്‍, ബാലസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കല്‍, മദ്യത്തിന് അടിമകളാകുന്ന വ്യക്തികളെ അതില്‍ നിന്ന് മോചിപ്പിക്കല്‍, തൊഴില്‍ പരിശീലന കര്‍മ്മ പരിപാടികളാണ് ഇതിലൂടെ നടത്താന്‍ ഉദ്ദേശിക്കുന്നത്.

വിദ്യാഭ്യാസ രംഗത്ത് മികച്ച നിലവാരമാണ് പഞ്ചായത്ത് വെച്ചു പുലര്‍ത്തുന്നത്. മുന്നാട് കേന്ദ്രീകരിച്ച് രണ്ട് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടന്നു വരുന്നുണ്ട് . മുന്നാട് പീപ്പിള്‍സ് കോളേജും, പീപ്പ്ള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസും. ജില്ലയിലെ പല ഭാഗത്തുനിന്നും പഠനത്തിനായി വിദ്യാര്‍ത്ഥികള്‍ ഈ സ്ഥാപനങ്ങളില്‍ എത്തിച്ചേരുന്നുണ്ട്. കുണ്ടംകുഴിയും, കൊളത്തുരും, മുന്നാടും ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. അഞ്ച് പ്രൈമറി സ്‌ക്കൂളുകളും, മൂന്ന് മള്‍ട്ടിഗ്രേഡ് ലേണിംഗ് സെന്ററും പഞ്ചായത്തില്‍ നിലവിലുണ്ട്.



സ്ത്രീകള്‍ക്ക് വേണ്ടി വ്യത്യസ്ത തൊഴില്‍ മേഖല ഉണ്ടാക്കിയെടുത്ത് സ്വന്തം കാലില്‍ നില്‍ക്കാനുളള ആര്‍ജ്ജവം നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. കുണ്ടംകുഴിയില്‍ പ്രവര്‍ത്തിച്ചു വരുന്ന കശുവണ്ടി സംസ്‌ക്കരണ യൂണിറ്റിലും, അപ്പാരല്‍ ടെക്സ്റ്റയില്‍ പാര്‍ക്കിലും നിരവധി സ്ത്രീകള്‍ തൊഴില്‍ ചെയ്യുന്നുണ്ട്. 40 പേര്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഹരിത കര്‍മ്മസേന പഞ്ചായത്തിന്റെ അഭിമാനമാണ്. കീര്‍ത്തി ന്യൂട്രിമിക്‌സ്, ഖാദി സെന്റര്‍, ദിനേശ് ബീഡി ബ്രാഞ്ചുകള്‍ തുടങ്ങിയവയിലും സ്ത്രീകളാണ് തൊഴില്‍ ചെയ്യുന്നത്.

കാര്‍ഷിക രംഗത്ത് കൃഷിക്കാരെ ആകര്‍ഷിക്കുന്നതിനുളള കര്‍മ്മ പദ്ധതികളും ആവിഷ്‌ക്കരിച്ചു നടപ്പാക്കാന്‍ പദ്ധതിയുണ്ട്. കാര്‍ഷിക വിളകള്‍ക്ക് ന്യായമായ വില ലഭിക്കുന്നതിനും, യുവാക്കളെ കാര്‍ഷിക രംഗത്ത് എത്തിക്കാന്‍ ആവശ്യമായ പ്രോല്‍സാഹന പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കാനും ശ്രമം ആരംഭിച്ചിട്ടുണ്ട്. ബേഡകം, മുന്നാട്, കൊളത്തൂര്‍, എന്നീ മൂന്ന് റവന്യൂ വില്ലേജുകള്‍ ഉള്‍ക്കൊളളുന്നതാണ് ബേഡകം പഞ്ചായത്ത്. 85 ചതുരക്ര കിലോമീറ്റര്‍ വിസ്തൃതിയുളള ഭൂ പ്രദേശമാണിത്.

പുത്തന്‍ ആശയങ്ങളും, അവ പ്രയോഗ തലത്തില്‍ കൊണ്ടു വരാനുളള ഊര്‍ജ്ജസ്വലതയും ഉളള എം ധന്യയുടെ നേതൃത്വത്തിലുളള ഭരണസമിതിക്ക് പഞ്ചായത്തിനെ മാതൃകാപരമായി നയിക്കാനും മുന്നേറാനും കഴിയട്ടെയെന്ന് നമുക്ക് ആശംസിക്കാം.









Keywords:  Kookanam-Rahman, Panchayath-Member, Article, Panchayath, Woman, Kerala, Members, Bedadukka, M Dhanya with new ideas in non-opposition panchayath.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia