city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദേലംപാടിക്ക് സ്വന്തമായൊരു 'ദുരിതാശ്വാസനിധി'; നവ ആശയങ്ങളുമായി അഡ്വ. ഉഷ

വനിതകള്‍ ഭരിക്കുന്ന ഗ്രാമപഞ്ചായത്തുകള്‍ 9

കൂക്കാനം റഹ്‌മാൻ

(www.kasargodvartha.com 08.07.2021) സാമൂഹിക അംഗീകാരം ആര്‍ജിച്ചെടുത്ത വ്യക്തിയാണ് ദേലംപാടി ഗ്രാമപഞ്ചായത്തിനെ നയിക്കുന്ന അഡ്വ.ഉഷ. ജനപ്രതിനിധി എന്ന നിലയില്‍ നിരവധി വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുളള വ്യക്തിയാണ് അവർ. ത്രിതല പഞ്ചായത്തുകളില്‍ ഓരോന്നിലും തന്റെ സാന്നിദ്ധ്യം അറിയിക്കാന്‍ കഴിഞ്ഞു എന്നുളളതും അഡ്വ. ഉഷയുടെ പ്രത്യേകതയാണ്. മറ്റാര്‍ക്കും ലഭ്യമല്ലാത്ത അവസരങ്ങളാണ് ജനപ്രതിനിധി എന്ന നിലയില്‍ ഉഷയ്ക്ക് സാധ്യമായത്.

2010-15 ടേമില്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്തു മെമ്പറായി തന്റെ കഴിവു തെളിയിച്ചു. തുടര്‍ന്ന് 2015-20ല്‍ ജില്ലാ പഞ്ചായത്ത് മെമ്പറും, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേര്‍സണുമായി, തീര്‍ന്നില്ല 2020-25 ലേക്ക് അവസരം ലഭ്യമായത് ദേലംപാടി ഗ്രാമ പഞ്ചായത്തിനെ നയിക്കാനാണ്. ബ്ലോക്ക് പഞ്ചായത്തും, ജില്ലാ പഞ്ചായത്തും കഴിഞ്ഞാല്‍ പോകേണ്ടത് സംസ്ഥാന അസംബ്ലിയിലേക്കാണ്. അത്തരമൊരു സ്ഥാന ലബ്ധിക്കു കൂടി യോഗ്യയാണ് അഡ്വ. ഉഷ.

ദേലംപാടിക്ക് സ്വന്തമായൊരു 'ദുരിതാശ്വാസനിധി'; നവ ആശയങ്ങളുമായി അഡ്വ. ഉഷ

ഇത്തരമൊരു വളര്‍ച്ചയ്ക്കും, പ്രവര്‍ത്തന ചാതുരിക്കും പാരമ്പര്യത്തിനും പരിസ്ഥിതിക്കും നിര്‍ണ്ണായക സ്വാധീനമുണ്ട്. ഇരിയണ്ണിയയില്‍ അറിയപ്പെടുന്ന കര്‍ഷക നേതാവും കമ്മ്യൂണിസ്റ്റുകാരനുമായ വി നാരായണന്റെ മകളായി ജനിച്ചതില്‍ ഉഷ വക്കീല്‍ അഭിമാനിക്കുന്നുണ്ട്. അച്ഛന്റെ വിരല്‍തുമ്പില്‍ തൂങ്ങി നടക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ചെവിയില്‍ മുഴങ്ങുന്ന മുദ്രാവാക്യമാണ് 'ഇന്‍ക്വിലാബ്' ബാലസംഘത്തിലൂടെ, എസ് എഫ് ഐയിലൂടെ ഡി വൈ എഫ് ഐ വഴി പാര്‍ട്ടി മെമ്പര്‍ഷിപ്പ് നേടിയവളാണ് ഉഷ. ഇപ്പോള്‍ ഇരിയണ്ണി ലോക്കല്‍ കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചു വരുന്നു. അറിയപ്പെടുന്ന പാര്‍ട്ടി പ്രവര്‍ത്തകരില്‍ പലരും അച്ഛന്റെ കൂടെ വീട്ടില്‍ വരുന്നതും ചര്‍ച്ച നടത്തുന്നതും മറ്റും കണ്ടു വളര്‍ന്നവളാണ് ഉഷ എന്ന പെണ്‍കുട്ടി. പാച്ചേനി കുഞ്ഞിരാന്‍ തുടങ്ങിയവര്‍ വന്നതും അവരുമായി സംസാരിച്ചതുമൊക്കെ ഇന്നും മനസ്സില്‍ തെളിഞ്ഞു നില്‍ക്കുന്നുണ്ടെന്ന് ഉഷ പറയുന്നു.

ഗ്രാമ പഞ്ചായത്തിലെ ജനങ്ങള്‍ ഇന്നനുഭവിക്കുന്ന പ്രശ്‌നങ്ങളും കൃത്യമായി പഠിച്ചുകൊണ്ട് തന്നെ അവയ്ക്കുളള പരിഹാരം എങ്ങിനെ കാണാമെന്നുളള ധാരണയും അഡ്വ.ഉഷയ്ക്കുണ്ട്. ഭൂരിപക്ഷം ജനങ്ങളും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടു ജീവിച്ചു വരുന്നവരാണ്. വന്യമൃഗ ശല്യം ഭീകരമാണിവിടെ ഗ്രാമം സ്ഥിതി ചെയ്യുന്നതും ഭൂരിഭാഗവും വനമേഖലയിലാണ്. അധ്വാനിച്ചുണ്ടാക്കിയ കാര്‍ഷിക വിളകള്‍ ഒരു ദിവസം പുലര്‍ന്നു കഴിയുമ്പോഴേക്കും മുഴുവന്‍ അപ്രത്യക്ഷമാവുമ്പോള്‍ കര്‍ഷകരുടെ ഉളളം പൊളളുന്ന വേദന നമുക്ക് മനസ്സിലാവുന്നുണ്ട്. കാട്ടാന ശല്യം മൂലം കഴിഞ്ഞ കുറച്ചു നാളുകള്‍ക്കു മുമ്പ് ഒരു പതിനെട്ടുകാരന്‍ ഓടി രക്ഷപ്പെടുന്നതിനിടെ വീണ് കാലൊടിഞ്ഞ് അനങ്ങാന്‍ വയ്യാതെ കിടപ്പിലാണ്.

വനമേഖലയോട് തൊട്ടു കിടക്കുന്ന സ്ഥലത്ത് നടത്തുന്ന കാര്‍ഷിക വിളകളാണ് വന്യമൃഗങ്ങള്‍ നശിപ്പിച്ചു കളയുന്നത്. പ്രസ്തുത പ്രദേശങ്ങളില്‍ വര്‍ഷങ്ങളായി താമസിച്ച് അധ്വാനിച്ച് ജീവിച്ചുവരുന്നവര്‍ തങ്ങളുടെ കൈവശമുളള ഭൂമി കൈമാറി കൊടുക്കാന്‍ സന്നദ്ധരായിരിക്കുകയാണ്. പക്ഷേ കാര്യം അറിയുന്നവര്‍ അത്തരം ഭൂമി കൈപ്പറ്റാന്‍ സന്നദ്ധരാവുന്നില്ല. ഇവിടങ്ങളിലേക്ക് യാത്രാ സൗകര്യങ്ങളില്ലാത്തതാണ് മറ്റൊരു പ്രധാന പ്രശ്‌നം. നടപ്പാതകള്‍ മാത്രമെ ഉളളൂ. കിലോമീറ്ററുകളോളം നടന്നു വേണം കാര്‍ഷിക വിഭവങ്ങള്‍ വിറ്റഴിക്കാനോ, രോഗ ചികില്‍സക്കോ, സ്‌ക്കൂള്‍ പഠനത്തിനോ ചെന്നെത്താന്‍ വനം വകുപ്പിന്റെ പെര്‍മിഷന്‍ ലഭിക്കാത്തതാണ് ഇവിടേക്കുളള റോഡ് നിര്‍മ്മാണത്തിന് തടസ്സം. ഇതിനൊക്കെ പരിഹാരം നല്‍കേണ്ടതുണ്ട്. ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് വന മേഖലയില്‍ അധിവസിക്കുന്ന ജനങ്ങളുടെ ജീവിത പ്രാരാബ്ധങ്ങള്‍ക്ക് പരിഹാരം കണ്ടേ തീരൂ.
എടുത്തു പറയത്തക്ക തൊഴില്‍ മേഖലകളൊന്നും ദേലംപാടി പഞ്ചായത്തില്‍ നിലവിലില്ല. നിരവധി ആളുകള്‍ വളരെ തുച്ഛമായ വരുമാനം ലഭിക്കുന്ന ബീഡിതെറുപ്പുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു വരുന്നു. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ജീവിത മാര്‍ഗ്ഗം കണ്ടെത്തുന്ന കുറേ ആളുകളുണ്ട്, ഇത് കഴിഞ്ഞാല്‍ ഭൂരിപക്ഷം പേരും കാര്‍ഷിക വൃത്തിയിലേര്‍പ്പെടുന്നവരാണ്.

പഞ്ചായത്തില്‍ മൂന്ന് ഹയര്‍ സെക്കന്റി സ്‌ക്കൂളുകളുണ്ട്. പാണ്ടി, അഡൂര്‍, ദേലംപാടി എന്നിവിടങ്ങളിലാണ് അവ സ്ഥിതി ചെയ്യുന്നത്. പക്ഷേ ഇവിടെയൊന്നും സയന്‍സ് വിഷയം അനുവദിച്ചു കിട്ടിയിട്ടില്ല. വരുന്ന വിദ്യാഭ്യാസ വര്‍ഷം ആ പ്രശ്‌നത്തിനൊരു പരിഹാരം കാണാമെന്ന ഉറച്ച വിശ്വാസത്തിലാണ് പ്രസിഡണ്ട്. ഇവിടെ രണ്ട് യു പി സ്‌ക്കൂളൂകളും, ആറ് എല്‍ പി സ്‌ക്കൂളുകളും മൂന്ന് മള്‍ട്ടി ഗ്രേഡ് ലേണിംഗ് സെന്ററുകളും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഇവിടങ്ങളിലൊക്കെ കന്നട, മലയാളം മീഡിയങ്ങളുണ്ട്. പഞ്ചായത്തിന്റെ രണ്ട് അതിരുകളും കര്‍ണ്ണാടക സംസ്ഥാനവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. അതു കൊണ്ടു തന്നെ കര്‍ണ്ണാടക സംസ്ഥാനത്തിലെ വിദ്യാഭ്യാസ കേന്ദ്രങ്ങളായ സുളള്യ, പുത്തൂര്‍,മംഗളൂര്‍ എന്നിവിടങ്ങളില്‍ ചെന്ന് കോളേജ് വിദ്യാഭ്യാസം നേടുന്നതിന് ഇവിടുത്തുകാര്‍ക്ക് സൗകര്യമുണ്ട്.

കര്‍ഷക സമരം നടന്ന പ്രദേശമാണിത്. ജന്മിത്വം അവസാനിപ്പിക്കാന്‍ ഇവിടുത്തുകാര്‍ ശക്തമായ സമരമുറകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. അതു വഴി യഥാര്‍ത്ഥ കൃഷിക്കാരുടെ കൈകളിലേക്ക് ഭൂമി ലഭ്യമായി. ലഭ്യമായ ഭൂമിയില്‍ കൃഷി ലാഭകരമാക്കാന്‍ കര്‍ഷകരെ സഹായിക്കേണ്ട പദ്ധതികള്‍ക്കാണ് ഗ്രാമപഞ്ചായത്ത് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ഒരിഞ്ചു ഭൂമി പോലും കൃഷിചെയ്യാതെ തരിശായി ഇടരുത്. ജലസേചല സൗകര്യം ഉണ്ടാക്കിയെടുക്കണം, കര്‍ഷകര്‍ക്ക് ലഭ്യമാവേണ്ട സബ്‌സിഡി യഥാസമയത്ത് ലഭ്യമാക്കികൊടുക്കണം, കര്‍ഷക കര്‍മ്മ സേന രൂപീകരിക്കണം. യുവാക്കളെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ അവരെ സജ്ജരാക്കാനുളള ബോധവല്‍ക്കരണ കര്‍മ്മ പദ്ധതികള്‍ക്ക് രൂപം നല്‍കണം. ഇതൊക്കെയാണ് കാര്‍ഷിക രംഗത്ത് ചെയ്യാനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളെന്ന് പ്രസിഡണ്ട് സൂചിപ്പിച്ചു.

പ്രസിഡണ്ടിന്റെ മനസ്സിലുളള വേറൊരു കര്‍മ്മ പദ്ധതി വളരെ ആവശ്യവും , ആകര്‍ഷകവുമായി തോന്നി. മറ്റ് പഞ്ചായത്തുകള്‍ക്കും മാതൃകയാക്കാന്‍ പറ്റുന്ന പദ്ധതിയാണിത്. അത് മറ്റൊന്നുമല്ല. പഞ്ചായത്തിനു തനതായൊരു 'ദുരിതാശ്വാസനിധി' ഉണ്ടാക്കാന്‍ ശ്രമിക്കും എന്നുളളതാണ്. ദുരിതമനുഭവിക്കുന്ന ഗ്രാമവാസികള്‍ക്ക് വളരെ പെട്ടെന്ന് സഹായമെത്തിക്കാനുളള ഒരു മാര്‍ഗ്ഗമാണിത്. സര്‍ക്കാര്‍ സഹായം ലഭ്യമാവാന്‍, ചില നൂലാമാലകള്‍ ഉളളതിനാല്‍ വളരെ പെട്ടെന്ന് ലഭിക്കില്ല. നേരെ മറിച്ച് പഞ്ചായത്തിന് തനതായി ഇത്തരമൊരു ഫണ്ട് ഉണ്ടായാല്‍ അര്‍ഹതപ്പെട്ടവര്‍ക്ക് വളരെ പെട്ടെന്ന് തന്നെ ലഭ്യമാക്കികൊടുക്കാന്‍ സാധിക്കും. ജനസഹകരണമുണ്ടായാല്‍ , സന്നദ്ധതയും ജനങ്ങളെ സഹായിക്കണമെന്ന ആഗ്രഹവുമുളള ജനപ്രതിനിധികള്‍ക്ക് ഇത്തരം പരിപാടി വിജയിപ്പിക്കാന്‍ കഴിയും. ദേലംപാടിയെ ഇപ്പോള്‍ നയിക്കുന്ന അഡ്വ. ഉഷക്ക് ഇത് സാധ്യമാകുമെന്ന് അവരുടെ നിശ്ചയദാര്‍ഢ്യമുളള വാക്കുകള്‍ ശ്രവിച്ചപ്പോള്‍ എനിക്കു തോന്നി.

കഴിഞ്ഞ ഇരുപത് വര്‍ഷമായി ദേലംപാടി പഞ്ചായത്ത് ഭരിക്കുന്നത് എല്‍ഡിഎഫ് ആണ്. വീണ്ടും ഒരഞ്ചു വര്‍ഷം കൂടി ഭരിക്കാന്‍ ജനങ്ങള്‍ അനുവാദം നല്‍കിയിരിക്കുകയാണ് മൊത്തം പതിനാറ് വാര്‍ഡുകളാണ് പഞ്ചായത്തിലുളളത്. അതില്‍ എല്‍ഡിഎഫ് ഒമ്പത് സീറ്റും, യുഡിഎഫ് അഞ്ച് സീറ്റും, ബിജെപിക്ക് രണ്ട് സീറ്റുമാണുളളത്.

ഇന്റര്‍വ്യൂ നടത്തിയ വനിതാ ഗ്രാമാധ്യക്ഷന്‍മാരോട് ഞാന്‍ സ്ഥിരമായി ചോദിക്കുന്ന കാര്യം: സ്ത്രീ എന്ന നിലയില്‍ താങ്കള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? സമൂഹത്തിലെ സ്ത്രീകള്‍ പൊതുവെ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? അഡ്വ.ഉഷയുടെ ദീര്‍ഘകാലാനുഭവങ്ങളുടെ വെളിച്ചത്തില്‍ അവര്‍ കൃത്യമായി അതിന് മറുപടി നല്‍കി. കഴിഞ്ഞ പത്തുവര്‍ഷമായി ജനപ്രതിനിധി എന്നനിലയിലും , ഇരുപത് വര്‍ഷത്തിലേറെയായി സാമൂഹ്യ പ്രവര്‍ത്തന രംഗത്തും ഇടപ്പെട്ടപ്പോള്‍ സ്ത്രീയെന്ന നിലയില്‍ അപക്വമായ സമീപനം എന്റെ നേര്‍ക്ക് ആരും നടത്തിയിട്ടില്ല.

പുരുഷമേധാവിത്വം ഉണ്ട് എന്ന് പറഞ്ഞ് പരിതപിക്കാതെ തുല്യരാണ് നമ്മളെല്ലാം എന്ന ബോധം സ്വയം വളര്‍ത്തിയെടുത്ത് അത് പ്രയോഗത്തില്‍ കൊണ്ടു വന്നാല്‍ തുല്യതയ്ക്ക് കുറവു വരില്ല. അവിടെ ശരിയാവേണ്ടത് സ്ത്രീകള്‍ തന്നെയാണ്. നമ്മുടെ സാമൂഹ്യ വ്യവസ്ഥ കാരണം ചൂഷണം നടക്കുന്നതിനെ തടയിടണം, ആനുകൂല്യങ്ങള്‍ തുല്യമായി ലഭ്യമാക്കണം, കുടുംബത്തില്‍ നിന്ന് തന്നെ സ്ത്രീ പുരുഷ വ്യത്യാസമില്ലാത്ത സമീപനങ്ങള്‍ ഉണ്ടാക്കിയെടുക്കണം സ്ത്രീകള്‍ ഞാന്‍ രണ്ടാം തരക്കാരിയാണെന്ന ബോധം പാടെ ഇല്ലാതാവണം. ഇതൊക്കെ പ്രയോഗത്തില്‍ വരുത്തിയാല്‍ തുല്യതാ മനോഭാവം തനിയേ വന്നോളും.

കുറച്ചുകൂടി വ്യക്തിപരമായി കാര്യങ്ങള്‍ അഡ്വ.ഉഷ പങ്കിട്ടു. ഇപ്പോള്‍ 41 ല്‍ എത്തിയ വ്യക്തിയാണെങ്കിലും , സംസാരത്തിലും, പ്രവൃത്തിയിലും, ഇടപെടലിലും യുവത്വം തന്നെയാണ്. കിലയിലെ ഫാക്കല്‍റ്റി മെമ്പറായ എച്ച് കൃഷ്ണനാണ് ഭര്‍ത്താവ്. രണ്ട് പെണ്‍മക്കളാണവര്‍ക്ക്. പ്ലസ് വണ്ണിന് പഠിക്കുന്ന സൗപര്‍ണ്ണികയും ഏഴാം ക്ലാസുകാരി തേജസ്വിനിയുമാണവര്‍.

വരുന്ന അഞ്ചു വര്‍ഷം കൊണ്ട് ദേലംപാടി പഞ്ചായത്തില്‍ ആശാവഹമായ പല നേട്ടങ്ങളും കൈവരിക്കാന്‍കഴിയുമെന്ന് തീര്‍ച്ചയാണ്. അതിന് നേതൃത്വം കൊടുക്കുന്ന ഊര്‍ജ്ജസ്വലയായ ഉഷക്ക് അത് സാധിക്കുമെന്ന് ഉറപ്പായും പ്രതീക്ഷിക്കാം. ദേലംപാടിയെ ദേശം മുഴുവനറിയുന്ന ഇടമായി മാറ്റാന്‍ അഡ്വ.ഉഷ നേതൃത്വം കൊടുക്കുന്ന ഭരണ സമിതിക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.







Keywords:  Kookanam-Rahman, Panchayath-Member, Article, Panchayath, Woman, Kerala, Members, Delampady, Delampadi has its own 'relief fund'; Adv. Usha with new ideas.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia