city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വികസനത്തിന്റെ തേര്‌ തെളിക്കാൻ പി ശ്രീജ; കോടോം ബേളൂരിന്റെ അധിപയുടെ സ്വപ്‌നങ്ങളേറെ

വനിതകൾ ഭരിക്കുന്ന ഗ്രാമപഞ്ചായത്തുകൾ - 6 

കൂക്കാനം റഹ്‌മാൻ

(www.kasargodvartha.com 21.06.2021) കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജയുമായി ആദ്യമായി ഫോണില്‍ സംസാരിക്കുകയായിരുന്നു. ആത്മ വിശ്വാസം മുറ്റി നില്‍ക്കുന്ന സംസാരം. തന്റെ നിലപാടുകള്‍ക്ക് വിട്ടുവീഴ്ചയില്ലാത്ത, ഇടപാടു നടത്തുവാന്‍ ത്രാണിയുളള വ്യക്തിത്വമാണവരുടേതെന്ന് ഏതാനും വാക്കുകളിലൂടെ തന്നെ എനിക്ക് ബോധ്യപ്പെട്ടു. ഒരു കമ്മ്യൂണിസ്റ്റുകാരി എങ്ങിനെയായിരിക്കണം, എങ്ങിനെയായിരിക്കരുത് എന്ന നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തനരംഗത്ത് ഉറച്ചു നില്‍ക്കുന്ന പ്രവര്‍ത്തക.

വാക്കുകളില്‍ എളിമയുണ്ട്. കാര്‍ക്കശ്യമുണ്ട്. തെളിഞ്ഞ ചിന്തയും അത് പ്രയോഗവല്‍ക്കരിക്കാനുളള കര്‍മ്മ കുശലതയുമുണ്ട്. അധികാര സ്ഥാനത്തിരിക്കുന്ന ഒരു സ്ത്രീ എങ്ങിനെയായിരിക്കണം സാമൂഹ്യ ഇടപെടല്‍ നടത്തേണ്ടതെന്ന് കൃത്യവും കണിശവുമായ ധാരണയോടെയാണ് കോടോം ബേളൂര്‍ ഗ്രാമ പഞ്ചയാത്ത് പ്രസിഡണ്ട് പി ശ്രീജ തന്റെ കര്‍മ്മ പഥത്തില്‍ മുന്നേറുന്നത്.
വികസനത്തിന്റെ തേര്‌ തെളിക്കാൻ പി ശ്രീജ; കോടോം ബേളൂരിന്റെ അധിപയുടെ സ്വപ്‌നങ്ങളേറെ

കുറച്ചുകാലം മുമ്പുളള ഒരനുഭവം ഞാന്‍ ശ്രീജയുമായി പങ്കിട്ടു. ഉദ്യോഗതലത്തിലും ഭരണതലത്തിലും പ്രവര്‍ത്തിച്ചു വരുന്ന ചില സ്ത്രീകളോട് ക്രിട്ടിക്കല്‍ ആയ ചില നടപടികളില്‍ തീരുമാനം എടുക്കാന്‍ പറഞ്ഞപ്പോള്‍ 'വീട്ടില്‍ ചോദിച്ചിട്ടു പറയാം' എന്ന മറുപടി എനിക്ക് കിട്ടിയിരുന്നു. ഇപ്പോഴത്തെ ഭരണ നേതൃത്വത്തില്‍ ഇരിക്കുന്ന സ്ത്രീകള്‍ അങ്ങിനെയൊരു നിലപാട് സ്വീകരിക്കുമോ. ശ്രീജയുടെ മറുപടി ഒരിക്കലും ഞാന്‍ അങ്ങിനെ ചെയ്യില്ല. നേതൃത്വത്തോടും സഹപ്രവര്‍ത്തകരോടും ആലോചിച്ചും ചര്‍ച്ച ചെയ്തും തീരുമാനത്തിലെത്തും. അല്ലാതെ വീട്ടില്‍ ചോദിച്ചിട്ടു പറയാം എന്ന രീതി എന്റെ പ്രവര്‍ത്തനത്തിലില്ല. ഇന്നും ചിലര്‍ അങ്ങിനെയുണ്ടോ എന്ന് എനിക്ക് പറയാന്‍ പറ്റില്ലെന്നും ശ്രീജ കൂട്ടിച്ചേര്‍ത്തു.

ഈ ഗ്രാമപഞ്ചായത്ത് ദളിത് വിഭാഗം കൂടുതല്‍ അധിവസിക്കുന്ന പ്രദേശമാണ്. 108 ദളിത് കോളനികള്‍ ഈ പ്രദേശത്തുണ്ട്. അവരുടെ സാംസ്‌ക്കാരിക വിദ്യഭ്യാസ ഉന്നമനമാണ് ഞാന്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. അവരുടെ ഉന്നമനത്തിനു വേണ്ടി ഗവണ്‍മെന്റ് ഒരു പാട് തുക നീക്കിവെക്കുന്നുണ്ട്. പക്ഷേ ആ നേട്ടം അവരില്‍ കാണുന്നില്ല. വരുന്ന അഞ്ച് വര്‍ഷത്തിനുളളില്‍ അതിനൊരു കര്‍മ്മ പദ്ധതി തയ്യാറാക്കണം. ബോധവല്‍ക്കരണം എന്നൊരു പ്രക്രിയ കൊണ്ട് മാത്രം അവരെ മാറ്റിയെടുക്കാന്‍ കഴിയില്ല. അവരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഊരു മൂപ്പന്‍മാര്‍, പ്രമോട്ടര്‍മാര്‍ എന്നിവരെ കൂടുതല്‍ കര്‍മ്മോന്മുഖരാക്കം. കോളനികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ പറ്റുന്ന സന്നദ്ധ വളണ്ടിയര്‍മാരെ ട്രയിന്‍ ചെയ്ത് എടുക്കണം.

കോളനി നിവാസികളായ വിദ്യാര്‍ത്ഥികളേയും യുവതി - യുവാക്കളേയും കേന്ദ്രീകരിച്ച് പ്രവര്‍ത്തന പരിപാടി ആസൂത്രണം ചെയ്യണം. പ്രായം ചെന്നവരില്‍ മാറ്റമുണ്ടാക്കാന്‍ വളരെ പ്രയാസമായിരിക്കും. യുവാക്കളില്‍ കാണുന്ന ലഹരി ഉപയോഗത്തിന് തടയിടണം. പെണ്‍കുട്ടികളിലും യുവതികളിലും കണ്ടുവരുന്ന ആത്മ വിശ്വാസക്കുറവിനെ ഇല്ലായ്മ ചെയ്യണം. സ്‌ക്കൂള്‍ പ്രായമെത്തിയ മുഴുവന്‍ കുട്ടികളേയും സ്‌ക്കൂളിലെത്തിക്കണം. കൊഴിഞ്ഞു പോക്കില്ലാത്ത കോളനികളാക്കി മാറ്റണം. ഇതൊക്കെയാണ് ചെയ്യാനുദ്ദേശിക്കുന്നതെന്ന് ശ്രീജ പറയുന്നു.

എസ് എസ് എയില്‍ പഞ്ചായത്ത് കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ച ശ്രീജയ്ക്ക് പഞ്ചായത്തില്‍ നടപ്പിലാക്കേണ്ട വിദ്യാഭ്യാസ പദ്ധതികളെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അപര്യാപ്തതയൊന്നും പഞ്ചായത്തിലില്ല. രണ്ട് ഹൈസ്‌കൂളുകളും, മൂന്ന് ഹയര്‍ സെക്കന്റി സ്‌കൂളുകളും, ആവശ്യത്തിന് പ്രൈമറി സ്‌കൂളുകളും നിലവിലുണ്ട്. കുട്ടികളുടെ എണ്ണം പൊതു വിദ്യാലയങ്ങളില്‍ വര്‍ഷം തോറും കൂടി വരുന്നുണ്ട്. എങ്കിലും അണ്‍ എയ്ഡഡ് സ്‌കൂളിനോടുളള താല്‍പര്യം സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവരില്‍ ഇന്നും കണ്ടു വരുന്നുണ്ട്. അത് മാറിവരാന്‍ സാധ്യത ഏറെയാണ്. പൊതു വിദ്യാലയങ്ങളില്‍ ഏറെ ആകര്‍ഷകവും, ശുഷ്‌കാന്തിയോടെയുളള പഠന പ്രവര്‍ത്തനവും നടക്കുന്നതിനാല്‍ അണ്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ നിന്നും കുട്ടികള്‍ ഇവിടേക്ക് ചേക്കാറാന്‍ തുടങ്ങിക്കഴിഞ്ഞു.

പഞ്ചായത്തിന്റെ മുഖച്ഛായ മാറ്റിയെടുക്കാന്‍ ഉതകും വിധത്തില്‍ ഒടയം ചാലില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഷോപ്പിംഗ് കോംപ്ലക്‌സിന്റെ പണി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനുളള ശ്രമം ഇതിനകം ആരംഭിച്ചു കഴിഞ്ഞു. കാര്‍ഷിക മേഖലയ്ക്കും കൂടുതല്‍ ഊന്നല്‍ നല്‍കണമെന്ന പദ്ധതികളുണ്ട്. പഞ്ചായത്തിലെ തരിശു ഭൂമിയൊക്കെ കൃഷിയോഗ്യമാക്കിമാറ്റിയെടുക്കണം അതിന് യുവാക്കളെ കാര്‍ഷിക രംഗത്തേക്ക് ആകര്‍ഷിക്കണം. യുവാക്കള്‍ക്ക് പ്രോല്‍സാഹനം നല്‍കിയാല്‍ കാര്‍ഷിക മേഖലയിലേക്ക് അവരെ ആകൃഷ്ടരാക്കാന്‍ സാധിക്കുമെന്നാണ് പഞ്ചായത്ത് പ്രസിഡണ്ട് വിശ്വസിക്കുന്നത്. ബ്രാന്‍ഡ് അരി വിപണത്തിന് തയ്യാറാക്കണമെന്ന മോഹവുമുണ്ട്. നെല്‍കൃഷിചെയ്യാനും , വിളവെടുക്കാനും, ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനുമുളള കൃഷിക്കാരുടെ കൂട്ടായ്മ ഉണ്ടാക്കുന്നതിലൂടെ ലക്ഷ്യത്തിലെത്താന്‍ കഴിയുമെന്ന് ശ്രീജ വിശ്വസിക്കുന്നു.

വളരെ ചെറുപ്പം മുതലേ രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു ശ്രീജ. പ്ലസ് ടു വിദ്യാര്‍ത്ഥിയായിരിക്കേ എസ് എഫ് ഐ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വരുന്നുണ്ട്. 21 വയസ്സില്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പ് കിട്ടി. സി പി എമ്മിന്റെ കരുത്താര്‍ജിച്ച പ്രവര്‍ത്തകയായി ഇന്നും മുന്നോട്ട് നീങ്ങുകയാണ് കോടോം സെക്കന്റ് ബ്രാഞ്ച് സെക്രട്ടറി കൂടിയായ ശ്രീജ.

ഇത്രയും കാലം പൊതു രംഗത്തും, സ്ത്രീ ശാക്തീകരണ രംഗത്തും സജീവമായി പ്രവര്‍ത്തിച്ചു വന്ന ശ്രീജയ്ക്ക് വനിതകളോട് എന്താണ് പറയാനുളളത് എന്ന ചോദ്യത്തിനും കൃത്യമായ മറുപടി പറഞ്ഞു. സ്ത്രീകള്‍ ആരുടെ പ്രേരണയില്ലാതെ തന്നെ പ്രവര്‍ത്തനരംഗത്തിറങ്ങണം. തന്റേടത്തോടെ പെരുമാറാനുളള ആര്‍ജ്ജവം കൈവരിക്കണം. സ്ത്രീ സംവരണം മൂലമാണ് പലരും ഇന്ന് ഗ്രാമാധ്യക്ഷന്മാരായി രംഗത്ത് വന്നത്. സംവരണ ആനുകൂല്യം കിട്ടാന്‍ കാത്തുനില്‍ക്കാതെ ഒരു വ്യക്തി എന്ന നിലയില്‍ ഇത്തരം സ്ഥാനങ്ങളില്‍ എത്താന്‍ സ്ത്രീകള്‍ മുന്നോട്ട് വരണം. സമൂഹത്തിലായാലും വീട്ടിലായാലും സ്ത്രീയെന്ന നിലയില്‍ സ്വയം പിന്‍വലിഞ്ഞ് പോകരുത്.

പൊതു രംഗത്തും ഔദ്യോഗിക രംഗത്തും സ്ത്രീകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ മിക്കപ്പോഴും ഡബ്ള്‍ റോളില്‍ അഭിനയിക്കേണ്ടി വരും. കൂടുതല്‍ അധ്വാന ഭാരം ഏല്‍ക്കേണ്ടി വരും. അടുക്കളപ്പണിയും, കുട്ടികളെ വളര്‍ത്തുന്ന പണിയും സ്ത്രീകള്‍ തന്നെ ചെയ്യേണ്ടിവരുന്നുണ്ട്. അത് ഒരു ക്രെഡിറ്റാണെന്നു കരുതി പ്രവര്‍ത്തിക്കുന്നതായിരിക്കും കൂടുതല്‍ ഉചിതം. വിമര്‍ശനങ്ങളും ദുരാരോപണങ്ങളും കേള്‍ക്കേണ്ടി വരും. അതൊക്കെ തളളിക്കളഞ്ഞും വേണ്ട സ്ഥലത്ത് വേണ്ടപോലെ തിരിഞ്ഞു കൊത്തിയും മുന്നോട്ടേക്ക് കുതിച്ചാലേ വരും തലമുറയ്ക്ക് തലയുയര്‍ത്തി നിന്ന് പോരാടാനുളള ശക്തി കിട്ടൂ.

ഗ്രാമപഞ്ചായത്തധിപ എന്ന നിലയില്‍ അധ്യക്ഷ പദവയില്‍ ഇരിക്കുമ്പോള്‍ തന്നെക്കാള്‍ പ്രായം ചെന്ന പുരുഷന്‍മാരുടെ മുന്നില്‍ ജാള്യത തോന്നാറുണ്ടോ എന്ന എന്റെ ചോദ്യത്തിനും ശ്രീജ പറഞ്ഞു, 'ഒരിക്കലുമില്ല. നമ്മുടെ സ്ഥാനത്തിന്റെ മാന്യത അനുസരിച്ച് പ്രതികരിക്കാന്‍ പ്രയാസമില്ല. ഞാന്‍ സ്ത്രീയാണെന്ന ബോധ്യത്തോടെ തന്നെ പുരുഷന്‍മാരോട് കാര്യങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനോ, ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കണമെന്ന് പറയാനോ എനിക്ക് പ്രയാസമില്ല. പക്ഷേ പ്രായം ചെന്ന വ്യക്തികളോട് ഭവ്യതയോടെയും , ആദരവോടെയും മാത്രമെ ഇടപെടൂ അത് പുരുഷനായാലും സ്ത്രീയായാലും'.

ജാതീയത തുടച്ചു മാറ്റാന്‍ ഇനിയും ഇവിടങ്ങളില്‍ സാധ്യമായിട്ടില്ല. അത് അല്പാല്‍പമായി ഇന്നും നിലനില്‍ക്കുന്നുണ്ട്. ഭൂസ്വത്തുക്കള്‍ ധാരാളമായി കൈവശം വെച്ച അടിപൊളിയായി ജീവിതം നയിച്ചവരുടെ തലമുറ അതേ ധാര്‍ഷ്ട്യത്തോടെ ഇന്നും ജീവിച്ചു വരുന്നു. അവരുടെ കൃഷിയിടങ്ങളല്‍ തൊഴിലാളികളില്‍ മിക്കവരും ദളിദ് വിഭാഗക്കാരുമാണ്. ഉച്ച നിചത്വ മനോഭാവം മാറ്റിയെടുക്കാനുളള എളിയ ശ്രമം ആരംഭിച്ചിട്ടുണ്ട്.

കോടോം ബേളൂര്‍ പഞ്ചായത്തില്‍ 19 വാര്‍ഡുകളാണുളളത്. അതില്‍ എല്‍ഡിഎഫ് 14 വാര്‍ഡുകളില്‍ വിജയം നേടി. നാലു യുഡിഎഫിന്, ഒരു വാര്‍ഡ് ബിജെപിക്കും ലഭിച്ചും. ആദ്യമായണ് 31 ല്‍ എത്തിനില്‍ക്കുന്ന ശ്രീജ ത്രിതല പഞ്ചായത്തിലേക്ക് മല്‍സരിക്കുന്നത്. വന്‍ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചു വന്നത്. ബിഎ, ബിഎഡ്കാരിയായ ശ്രീജ സമഗ്രശിക്ഷാ കേരള പദ്ധതിയുടെ പഞ്ചായത്ത് കോ-ഓര്‍ഡിനേറ്ററായാണ് പ്രവര്‍ത്തിച്ചു വന്നത്. സജീവ പാര്‍ട്ടി പ്രവര്‍ത്തകനും പനത്തടി സര്‍വീസ് ബാങ്ക് ജീവനക്കാരനുമായ മനോജാണ് ഭര്‍ത്താവ്. മനോജ് ശ്രീജയുടെ പൊതു പ്രവര്‍ത്തനത്തിന് പൂര്‍ണ്ണ സഹകരണം നല്‍കുന്നുണ്ട്. ആറു വയസ്സുകാരനായ ഭഗത് ഏകമകനാണ്.




Keywords:  Kookanam-Rahman, Panchayath-Member, Article, Panchayath, Woman, Kerala, Members, Kodom Bellur, P Sreeja to show the spirit of development; Many dreams for Kodom Bellur.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia