അനുഭവങ്ങളുടെ കനൽ വഴികൾ താണ്ടിയ പി ലക്ഷ്‌മി നേതൃത്വമേകുന്നത് ഉദുമ കൊതിക്കുന്ന മാറ്റങ്ങളിലേക്ക്
Jun 3, 2021, 20:01 IST
വനിതകൾ ഭരിക്കുന്ന ഗ്രാമപഞ്ചായത്തുകൾ-3
കൂക്കാനം റഹ്‌മാൻ
(www.kasargodvartha.com 03.06.2021) എളിമയുടെ പര്യായമാണ് ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ലക്ഷ്മി. അവരുടെ നടപ്പും വേഷവിധാനവും സംസാര ശൈലിയിലുമൊക്ക എളിമ തെളിഞ്ഞു കാണാം. പഞ്ചായത്ത് അധ്യക്ഷയെന്ന ഗമയോ ആഢ്യത്തമോ ഒന്നും അവരില്‍ ദര്‍ശിക്കില്ല. പത്ത് മുപ്പത്തിയഞ്ച് വര്‍ഷം ബീഡി തെറുപ്പുകാരിയായി ബീഡിപ്പുകയിലയുടെ മണമേറ്റ് ജീവിതം തുഴഞ്ഞവളാണ് ലക്ഷ്മി. താന്‍ കടന്നു വന്ന വഴികളെക്കുറിച്ച് അഭിമാന പൂര്‍വ്വമാണ് ലക്ഷ്മി സംസാരിക്കുന്നത്. കടുത്ത ജീവിത യഥാര്‍ത്ഥ്യത്തോട് മല്ലടിച്ചു കൊണ്ട് തന്നെ ജനകീയ പ്രശ്നങ്ങളില്‍ ആവേശപൂര്‍വ്വം പങ്കെടുക്കുന്ന സ്വഭാവം ചെറുപ്പം മുതലേ ലക്ഷ്മിയില്‍ പ്രകടമായിരുന്നു.
(www.kasargodvartha.com 03.06.2021) എളിമയുടെ പര്യായമാണ് ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ലക്ഷ്മി. അവരുടെ നടപ്പും വേഷവിധാനവും സംസാര ശൈലിയിലുമൊക്ക എളിമ തെളിഞ്ഞു കാണാം. പഞ്ചായത്ത് അധ്യക്ഷയെന്ന ഗമയോ ആഢ്യത്തമോ ഒന്നും അവരില്‍ ദര്‍ശിക്കില്ല. പത്ത് മുപ്പത്തിയഞ്ച് വര്‍ഷം ബീഡി തെറുപ്പുകാരിയായി ബീഡിപ്പുകയിലയുടെ മണമേറ്റ് ജീവിതം തുഴഞ്ഞവളാണ് ലക്ഷ്മി. താന്‍ കടന്നു വന്ന വഴികളെക്കുറിച്ച് അഭിമാന പൂര്‍വ്വമാണ് ലക്ഷ്മി സംസാരിക്കുന്നത്. കടുത്ത ജീവിത യഥാര്‍ത്ഥ്യത്തോട് മല്ലടിച്ചു കൊണ്ട് തന്നെ ജനകീയ പ്രശ്നങ്ങളില്‍ ആവേശപൂര്‍വ്വം പങ്കെടുക്കുന്ന സ്വഭാവം ചെറുപ്പം മുതലേ ലക്ഷ്മിയില്‍ പ്രകടമായിരുന്നു.
തന്‍റെ പതിനെട്ടു വയസ്സുമുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്വമുളളവളാണ് ലക്ഷ്മി. ഇന്നും അതേ ആശയത്തെ മുറുകെ പിടിച്ച് ലക്ഷ്മി മുന്നോട്ട് പോവുകയാണ്. ബാര ലോക്കല്‍ കമ്മിറ്റി അംഗമായി തുടരുന്ന ലക്ഷ്മിക്ക് പാര്‍ട്ടിയെന്നാല്‍ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ആവേശമായി ഇന്നും കൊണ്ടു നടക്കുന്നു. പാര്‍ട്ടി ഘടകമായ മഹിളാ വിഭാഗത്തിന്‍റെ ജില്ലാ കമ്മിറ്റി മെമ്പര്‍ കൂടിയാണ് ലക്ഷ്മി. ജീവിത വേതനത്തിന് പതിനെട്ട് വയസ്സില്‍ തുടങ്ങിയതാണി ബീഡിതെറുപ്പ് ജോലി. കേരളാ ദിനേശ് ബീഡി ഉദുമ ബ്രാഞ്ചിലെ തൊഴിലാളിയാണ് ലക്ഷ്മി ഇന്നും. ഇപ്പോള്‍ അവധിയെടുത്ത് ഉദുമ പഞ്ചായത്തിനെ നയിക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേക പ്രകാരം പ്രവര്‍ത്തിക്കുകയാണ്. പാര്‍ട്ടി മെമ്പര്‍ ഷിപ്പില്‍ 35 വര്‍ഷമായി തുടരുന്ന ലക്ഷ്മി ബീഡി മേഖലയിലും 35 വര്‍ഷമായി തൊഴില്‍ ചെയ്തു വരുന്നു.
ഇത് രണ്ടാം തവണയാണ് ലക്ഷ്മി പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 2000-2005 ല്‍ ഗ്രാമ പഞ്ചായത്ത് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പ്രസ്തുത കാലയളവില്‍ രാപകലന്യേ വാര്‍ഡിലെ ജനങ്ങള്‍ക്കു വേണ്ടി അവരുടെ പ്രശ്നങ്ങള്‍ കണ്ടറിഞ്ഞ് സേവനം നടത്താന്‍ കഴിഞ്ഞു. അതില്‍ ലക്ഷ്മിക്ക് അഭിമാനമുണ്ട്. കഴിഞ്ഞ ടേമില്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ലക്ഷ്മി മല്‍സരിച്ച് വിജയം നേടിയ വാര്‍ഡില്‍ യുഡിഎഫ് പ്രതിനിധിയാണ് ജയിച്ചത്. പക്ഷേ ലക്ഷ്മി വീണ്ടും അതേ വാര്‍ഡില്‍ മല്‍സരിച്ചപ്പോള്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയപഥം കൈവരിച്ചു. നാട്ടിലെ പ്രശ്നങ്ങളില്‍ ഇടപെട്ടതും പൊതുജന സമ്മതിനേടാന്‍ സാധിച്ചതുമാണ് വീണ്ടും ലക്ഷ്മിക്ക് അതേ വാര്‍ഡില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടാന്‍ ഇടയാക്കിയതെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നത്.
പഞ്ചായത്തിന്‍റെ ഭരണ നേതൃത്വത്തിലിരുന്നു കൊണ്ട് ജനപങ്കാളിത്തത്തോടെ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് മനസ്സില്‍ പ്ലാന്‍ ചെയ്തുവെച്ചിട്ടുണ്ട് ലക്ഷ്മി. സ്ത്രീകളെ പൊതു രംഗത്തു കൊണ്ടുവരാനുളള നൂതന പരിപാടികള്‍ ആവിഷ്ക്കരിക്കണമെന്ന ആഗ്രഹവുമുണ്ട്. അതിനു വേണ്ടുന്ന ആദ്യപടി സ്ത്രീകളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കുകയെന്നതാണ്. സ്വയം തൊഴില്‍ പദ്ധതികളെക്കുറിച്ചും അതിന് പരിശീലന പരിപാടി സംഘടിപ്പിക്കുന്നതിനെക്കുറിച്ചും പദ്ധതി തയ്യാറാക്കാന്‍ മനസ്സില്‍ ആഗ്രഹമുണ്ട്.
യുവാക്കള്‍ വഴിതെറ്റിപ്പോകാതിരിക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ ഭാവി ഭയാനകമാവാന്‍ സാധ്യതയുണ്ട്. യുവാക്കളുടെ സന്നദ്ധസേന രൂപീകരിച്ച് വഴിതെറ്റുന്ന യുവത്വത്തിന് കടിഞ്ഞാണിടാനുളള ശ്രമം ആരംഭിക്കണം. തൊഴില്‍ രഹിതരായ യുവാക്കളാണ് മിക്കപ്പോഴും വഴിവിട്ട കൂട്ടുകെട്ടിലേക്കും അതിലൂടെ ലഹരി ഉപയോഗത്തിലേക്കും കടന്നു പോവുന്നു. സുഹൃത്തുക്കളായി നടിക്കുന്ന വ്യക്തികളും അപരിചിതരും വെച്ചു നീട്ടുന്ന എന്തെങ്കലിലും സൗകര്യങ്ങളില്‍ യുവാക്കള്‍ വീണുപോവുന്നു. പിന്നീട് അത്തരം ആള്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ യുവാക്കള്‍ തയ്യാറാവുന്നു. ചെറിയ സഹായം ചെയ്തു കൊടുക്കുന്ന വ്യക്തികളോട് കടപ്പാട് വരികയും ആ കടപ്പാട് വഴിതെറ്റിപ്പോവാനുളള പ്രചോദനമായി മാറുകയും ചെയ്യുന്നു.
ആ യുവാക്കള്‍ വീടുകളില്‍ നിന്നുളള നിയന്ത്രണങ്ങളില്‍ നിന്ന് പലപ്പോഴും മോചിതരായാണ് ജീവിക്കുന്നത്. രക്ഷിതാക്കളുടെ നിയന്ത്രണങ്ങളും ഇടപെടലുകളും അവര്‍ ഇഷ്ടപ്പെടാതെ പോവുന്നു. ജീവിക്കാന്‍ ഒരു തൊഴിലും ആ തൊഴിലിനോട് ആഭിമുഖ്യവും വളര്‍ത്തികൊണ്ടു വരണം. പൊതു സമൂഹത്തിന്‍റെയോ, സമപ്രായക്കാരുടെയോ ശക്തമായ ഇടപെടലിലൂടെ മാത്രമേ വഴിമാറി നടക്കുന്ന യുവതയെ നിയന്ത്രണ വിധേയമാക്കാന്‍ പറ്റൂ. അതിനുളള കര്‍മ്മ പരിപാടികള്‍ രാഷ്ട്രീയ-മത-സാംസ്ക്കാരിക സംഘടനാ നേതൃത്വത്തെ അണിനിരത്തി പ്രയോഗവല്‍ക്കരിക്കണമെന്നാണ് ലക്ഷ്മിയുടെ കാഴ്ചപ്പാട്.
മെച്ചപ്പെട്ട വിദ്യാഭ്യാസത്തിന്‍റെ അടിസ്ഥാനത്തിലും കുടുംബശ്രീ പോലുളള സ്ത്രീ സംഘടനാ പ്രവര്‍ത്തനം മൂലവും പഞ്ചായത്തിലെ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മെച്ചപ്പെട്ട രീതിയില്‍ കുടുംബാന്തരീക്ഷത്തിലും സമൂഹത്തിലും ഇടപഴകാന്‍ സാധ്യമാവുന്നുണ്ട്. പുറത്തിറങ്ങി പ്രവര്‍ത്തിക്കാനുളള ആര്‍ജ്ജവം സ്ത്രീകള്‍ നേടിക്കഴിഞ്ഞിട്ടുണ്ട്. വീട്ടകങ്ങളില്‍ തളച്ചിട്ട മുസ്ലീം സ്ത്രീകളും മുന്നേറ്റത്തിന്‍റെ പാതയിലാണിന്ന്. സംവരണം കിട്ടിയതോടുകൂടി രാഷ്ട്രീയ സാമൂഹ്യരംഗങ്ങളില്‍ മുസ്ലീം സ്ത്രീകള്‍ വന്‍ മുന്നേറ്റത്തിലാണ്. സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബങ്ങളില്‍പെട്ട പെണ്‍കുട്ടികളും സ്ത്രീകളും ഉന്നത വിദ്യാഭ്യാസം നേടിയിട്ടുണ്ടെങ്കിലും, സര്‍ക്കാര്‍ ജോലിയിലോ, മറ്റ് മേഖലകളിലോ ജോലി കണ്ടെത്താന്‍ ശ്രമിക്കുന്നതില്‍ പിന്നോക്കമാണെന്നാണ് ലക്ഷ്മിയുടെ അഭിപ്രായം.
വിദ്യാഭ്യാസത്തെക്കുറിച്ചും ലക്ഷ്മിക്ക് ശരിയായ കാഴ്ചപ്പാടുണ്ട്. ജീവിതാനുഭവങ്ങളില്‍ കൂടിയുളള അറിവ് നേടുമ്പോഴാണ് മെച്ചപ്പെട്ട രീതിയില്‍ സാമൂഹ്യ ഇടപെടല്‍ നടത്താന്‍ കഴിയുക. ലക്ഷ്മിക്ക് ഏഴാം ക്ലാസുവരെയുളള ഔപചാരിക വിദ്യാഭ്യാസം മാത്രമെ ലഭിച്ചിട്ടുളളൂ. എങ്കിലും ഏത് ഉന്നത വേദിയിലും പങ്കെടുക്കാനും തന്‍റെ അഭിപ്രായം ശക്തിയോടെ പറയാനും പ്രതികരിക്കാനും ലക്ഷ്മിക്ക് സാധിക്കുന്നുണ്ട് . നീണ്ടകാലത്തെ തൊഴില്‍ശാലയിലെ തൊഴിലാളി കൂട്ടുകെട്ടു വഴിയും അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കലില്‍ കൂടിയും അറിവു നേടാന്‍ അവസരം ഉണ്ടായിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തനം വഴി ക്ലാസുകളും ചര്‍ച്ചകളും വിമര്‍ഷനങ്ങളും ഒക്കെ അറിവും കഴിവും നേടാനുളള അവസരമായി മാറിയിട്ടുണ്ട്.
പഠനം പാതിവഴിക്ക് നിര്‍ത്തിപ്പോരേണ്ടി വന്നതിന്‍റെ കഥയും ലക്ഷ്മി തുറന്നു പറയുന്നുണ്ട്. അച്ഛനും അമ്മയ്ക്കും ഏഴുമക്കളാണ്. മൂത്തവളാണ് ലക്ഷ്മി. തന്‍റെ ഇളയ സഹോദരങ്ങളെ സംരക്ഷിക്കേണ്ട ചുമതല ലക്ഷ്മിയുടെ തലയിലായി. അതു കൊണ്ട് തന്നെ കൂലിപ്പണിക്കു പോകുന്ന രക്ഷിതാക്കള്‍ക്ക് മകളെ കൂടുതല്‍ പഠിപ്പിക്കാനായില്ല. ബാര ഗവ യു പി സ്ക്കൂളിലെ ഏഴാം ക്ലാസ് പഠനം കൊണ്ട് ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടി വന്നു. ഇങ്ങിനെയാണെങ്കിലും തന്‍റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനോ, സാമൂഹ്യപ്രവര്‍ത്തനത്തിനോ ജനപ്രതിനിധി എന്ന നിലയിലുളള പ്രവര്‍ത്തനത്തിനോ അത് തടസ്സമായില്ല. ഒപചാരിക വിദ്യാഭ്യാസംകൊണ്ട് നേടുന്ന ഉന്നത ഡിഗ്രിയെക്കാളേറെ ജീവിത പാഠശാലയില്‍ നിന്നുളള അറിവ് കൈമുതലാക്കി ലക്ഷ്മി മുന്നേറിക്കൊണ്ടിരിക്കുകയാണ്.
വിഷന്‍ 2021 എന്ന കാഴ്ചപ്പാടോടുകൂടി പഞ്ചായത്തിന്‍റെ വികസനത്തില്‍ സമഗ്രമായ മാറ്റമാണ് ഉദ്ദേിക്കുന്നത്. ജനകീയ പങ്കാളിത്ത, ഉത്തരവാദിത്വ, മേല്‍നോട്ട പരിപാടികള്‍ വളരെ ശാസ്ത്രീയമായ രീതിയില്‍ ചിട്ടപ്പെടുത്താനും പദ്ധതികളുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കാനും ജയപരാജയത്തിന്‍റെ സോഷ്യല്‍ ഓഡിറ്റിങ്ങിലൂടെ മനസ്സിലാക്കാനും വാര്‍ഷിക പ്രോഗ്രസ്സ് റിപ്പോര്‍ട്ടും ജനസൗഹൃദ ഭരണ സംവിധാനവും നടപ്പിലാക്കാന്‍ ഭരണ സമിതി പ്രതിജ്ഞാബദ്ധമാണെന്ന് പി ലക്ഷ്മി ഉറപ്പിച്ച് പറയുന്നു.
പഞ്ചായത്തിന്‍റെ ഭരണ നേതൃത്വത്തിലിരിക്കുമ്പോഴും പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്ന അവസ്ഥയാണിന്ന്. പഞ്ചായത്തില്‍ 21 അംഗങ്ങളാണുളളത്. അതില്‍ എല്‍ ഡി എഫ് 10 സീറ്റും യുഡിഎഫിന് ഒമ്പത് സീറ്റും, ബിജെപിക്ക് രണ്ട് സീറ്റുമാണുളളത്. എല്ലാ കാര്യങ്ങളിലും വളരെ ശ്രദ്ധാപൂര്‍വ്വം നീങ്ങിയില്ലെങ്കില്‍ പ്രശ്നമുണ്ടാക്കാനുളള അവസരം ഉണ്ടാവും. പക്ഷേ ഇപ്പോള്‍ എല്ലാ അംഗങ്ങളും പൂര്‍ണ്ണമായി സഹകരിക്കുന്നുണ്ട്. പാര്‍ട്ടിയുടെ പൂര്‍ണ്ണ പിന്തുണയുമുണ്ട്. ആവശ്യമായ അവസരങ്ങളിലൊക്കെ നിര്‍ദ്ദേശോപദേശങ്ങള്‍ തേടാറുണ്ട്. രാത്രിയും പകലുമില്ലാതെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഇപ്പോഴും ലക്ഷ്മി സജീവമായിട്ടുണ്ട്. പലപ്പോഴും രാത്രി ഒമ്പത് മണിക്കു ശേഷമേ വീട്ടില്‍ എത്തിപ്പെടാന്‍ പറ്റാറുളളൂ. ഭര്‍ത്താവ് പാര്‍ട്ടിമെമ്പറായ ശ്രീധരന്‍ എന്നും പൂര്‍ണ്ണ സപ്പോര്‍ട്ടാണ്.
ഏകമകന്‍ 23 കാരനായ ശ്രീനാഥ് പോളിടെക്കിനിക്കില്‍ നിന്ന് ഡിപ്ലോമ നേടി ഇപ്പോള്‍ കോയമ്പത്തൂരില്‍ എല്‍ ആന്‍റ് ടി കമ്പനിയില്‍ ജൂനിയര്‍ എഞ്ചീനിയറായി ജോലി ചെയ്യുന്നു. ഒരു പഞ്ചായത്തിനെ എങ്ങിനെ നയിക്കണമെന്ന് കൃത്യമായ ബോധ്യത്തോടെയാണ് അമ്പത്തിമൂന്നിലെത്തിയ ലക്ഷ്മി മുന്നോട്ടു പോവുന്നത്. ആരെയും വെറുപ്പിക്കാത്ത പ്രകൃതവും ലാളിത്യവും മൂലം പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളുടെയും സ്നേഹാദരം നേടിയെടുത്തു മുന്നോട്ട് കുതിക്കുന്ന ലക്ഷ്മിക്ക് മാതൃകാപരമായ പ്രവര്‍ത്തനത്തിലൂടെ ഉദുമ ഗ്രാമ പഞ്ചായത്തിനെ ഉന്നതിയിലെത്തിക്കാന്‍ കഴിയട്ടെയെന്ന് നമുക്ക് ആശംസിക്കാം.
ALSO READ:
Keywords: Kookanam-Rahman, Panchayath-Member, Article, Panchayath, Woman, Kerala, Members, Uduma, P Lakshmi leads to the changes that Uduma aspires to.
< !- START disable copy paste -->