city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെറുവത്തൂരിന്റെ മുഖച്ഛായ മാറ്റാൻ അനുഭവങ്ങളുടെ കരുത്തുമായി സി വി പ്രമീള

വനിതകൾ ഭരിക്കുന്ന ഗ്രാമപഞ്ചായത്തുകൾ- 1

കൂക്കാനം റഹ്‌മാൻ

(www.kasargodvartha.com 29.05.2021) സന്നദ്ധ പ്രവര്‍ത്തനം മുഖമുദ്രയാക്കി പൊതു രംഗത്ത് പ്രവര്‍ത്തിക്കാനുളള മനക്കരുത്തുമായി വനിതകള്‍ മുന്നേറിക്കൊണ്ടിരിക്കുന്ന കാഴ്ച ആശാവഹമാണ്. സ്ത്രീകള്‍ അടുക്കളയില്‍ മാത്രം തളച്ചിടേണ്ടവരാണെന്ന സമൂഹ കാഴ്ചപ്പാട് അപ്പാടെ മാറിയിരിക്കുന്നു. അടുക്കള മാനേജ്മെന്‍റില്‍ കാണിച്ച സൂക്ഷ്മതയും, ക്ഷമയും, ആസൂത്രണവും പൊതുരംഗതത് പ്രയോഗവല്‍ക്കരിച്ചാല്‍ പുരുഷന്‍മാരെ വെല്ലുന്ന വിധത്തില്‍ ഭരണ നേതൃരംഗങ്ങളില്‍ അസൂയാവഹമായ നേട്ടം കൈവരിക്കാന്‍ സ്ത്രീകള്‍ക്കാവും. ചിന്തയിലും പ്രവൃത്തിയിലും ഔന്നത്യം പുലര്‍ത്താന്‍ അവര്‍ക്ക് സാധ്യമാവും എന്നുളളത് ഭരണരംഗത്തെ പാടവം തെളിയിച്ചു കൊണ്ട് ഇതിനകം സമൂഹത്തെ അവര്‍ ബോധ്യപ്പെടുത്തിക്കഴിഞ്ഞു.തെരഞ്ഞെടുക്കപ്പെട്ട വനിതാ ഗ്രാമാധ്യക്ഷന്മാരെ പരിചയപ്പെടുത്താന്‍ ശ്രമിക്കുകയാണിവിടെ.

ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ ഭരണസാരഥിയായ സി വി പ്രമീളയെയാണ് ആദ്യമായി നമ്മള്‍ പരിചെയപ്പെടാന്‍ പോവുന്നത്. കാസര്‍കോട് ജില്ലയില്‍ വികസന രംഗത്ത് കുതിപ്പ് കാണിക്കുന്ന ചെറുവത്തൂര്‍ പഞ്ചായത്തിനെ എല്ലാ തലത്തിലും മികവ് പുലര്‍ത്താന്‍ കഠിനമായി യത്നിക്കാനുളള ശേഷിയും ശേമുഷിയുമുളള വ്യക്തിയാണ് പ്രമീള. കഴിഞ്ഞ ടേമില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനത്തിരുന്നു കൊണ്ട് ചെറുവത്തൂരിന്‍റെ വികസന മിഡിപ്പുകള്‍ ഉള്‍ക്കൊളളാന്‍ സാധിച്ചതിനാല്‍ കൂടുതല്‍ വേഗതയില്‍ കാര്യങ്ങള്‍ നടത്താന്‍ പ്രമീളക്ക് സാധ്യമാവും.

ചെറുവത്തൂരിന്റെ മുഖച്ഛായ മാറ്റാൻ അനുഭവങ്ങളുടെ കരുത്തുമായി സി വി പ്രമീള



രാഷ്ട്രീയ രംഗത്ത് പയറ്റിതെളിഞ്ഞ അനുഭവ വീര്യം നേതൃത്വപരമായ കാര്യക്ഷമതയ്ക്ക് കരുത്തു പകരും. വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴെ വിദ്യാര്‍ത്ഥി സംഘടനയില്‍ സജീവ പങ്കാളിത്തമുണ്ടായിരുന്നു പ്രമീളയക്ക് . സ്ക്കൂള്‍ വിട്ടതിന് ശേഷം ഡി വൈ എഫ് ഐയിലൂടെ പാര്‍ട്ടി മെമ്പര്‍ഷിപ്പ് നേടി. മഹിളാവിഭാഗത്തിന്‍റെ നേതൃസ്ഥാനം വഹിച്ചു കൊണ്ട് പ്രവര്‍ത്തിക്കാനും അവസരം ലഭിച്ചു. ഈ അനുഭവങ്ങളില്‍ കൂടിയെല്ലാം സഞ്ചരിച്ചതിനാല്‍ നാട്ടുകാരുടെ അംഗീകാരം നേടിയെടുക്കാന്‍ പ്രമീളക്ക് സാധിച്ചിട്ടുണ്ട്.

കുടുംബശ്രീയിലൂടെയുളള പ്രവര്‍ത്തനം വഴി പൊതു രംഗത്ത് കൂടുതല്‍ ശക്തിയോടെ ഉറച്ചു നില്‍ക്കാന്‍ കഴിഞ്ഞു. സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് നേരിട്ടറിയാനും, അവരുടെ ശക്തികളെയും, ദൗര്‍ബല്യങ്ങളേയും തിരിച്ചറിയാനും അതിനുളള പ്രതിവിധി കണ്ടെത്താന്‍ കഴിഞ്ഞതും സാമൂഹ്യ പ്രവര്‍ത്തനത്തിന് കരുത്ത് നല്‍കിയിട്ടുണ്ട്. ആശാ വര്‍ക്കര്‍ എന്ന നിലയിലും സാമൂഹ്യ പ്രശ്നങ്ങളെ സ്വയം അവലോകനം ചെയ്യാനും അവയ്ക്കുളള പ്രതിവിധി തേടാനും അവസരം ലഭിച്ചതും ഇതര പ്രവര്‍ത്തനത്തിന് ഊര്‍ജ്ജദായകമായിട്ടുണ്ട്.

ഇപ്പോള്‍ 43 ല്‍ എത്തിനില്‍ക്കുന്ന പ്രമീളയ്ക്ക് സാമൂഹ്യ പ്രവര്‍ത്തനം എന്നത് രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ഒരു കര്‍മ്മ ശേഷിയാണെന്ന് പുറമേയുളളവര്‍ നോക്കികാണുകയാണ്. വളരെ ചെറുപ്പത്തിലേ സംഘടനാ ശേഷി നേടാനും, താന്‍ ഉള്‍ക്കൊളളുന്ന ഏതു മേഖലയായാലും അവിടെ നേതൃസ്ഥാനം വഹിക്കാനും കഴിഞ്ഞു എന്നുളള ചാരിതാര്‍ത്ഥ്യത്തോടെയാണ് പ്രമീള മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.

സന്തോഷകരമാണ് കുടുംബജീവിതം. പലപ്പോഴും സ്ത്രീകള്‍ക്ക് പൊതു പ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ കുടുംബം തടസ്സമാകാറുണ്ട്. മിലിട്ടറി ജീവനക്കാരനായ ഭര്‍ത്താവ് പൂര്‍ണ പിന്തുണയുമായി നില്‍ക്കുന്നു. നാട്ടുകാരനായ അനില്‍കുമാറാണ് ഭര്‍ത്താവ്. രണ്ട് ആണ്‍ മക്കളാണ്. അമല്‍ജിത്ത് ഒമ്പതാം ക്ലാസിലും അശ്വിന്‍ മൂന്നാം ക്ലാസിലും പഠിക്കുന്നു. അല്പമൊരു പ്രയാസം തോന്നുന്നത് കുട്ടികളുടെ പഠനകാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താന്‍ ആവുന്നില്ലായെന്നുളളതാണ്. പ്രത്യേകിച്ച് കോവിഡ് കാലത്ത് നടപ്പാക്കുന്ന ഓണ്‍ലൈന്‍ പഠന പ്രക്രിയയില്‍ രക്ഷിതാക്കളുടെ സപ്പോര്‍ട്ട് ഉണ്ടായേ പറ്റൂ. പക്ഷേ മക്കള്‍ അമ്മയുടെ പ്രവര്‍ത്തനം മനസ്സിലാക്കി സ്വയം കാര്യങ്ങള്‍ ചെയ്യ്ത് മുന്നോട്ട് പോകുന്നുണ്ട്. മിലിട്ടറികാരനായതിനാല്‍ മക്കള്‍ക്ക് അച്ഛന്‍റെ സാമീപ്യം വര്‍ഷത്തില്‍ ഒന്നോ രണ്ടോ മാസം മാത്രമെ ലഭിക്കുന്നുളളൂ. പക്ഷേ അതൊക്കെ അതിജീവിച്ചു പോകാനുളള മനശ്ശക്തിയും തന്‍റേടവും പ്രമീളയ്ക്കുണ്ട്.

ഔപചാരിക പഠനം പ്രിഡിഗ്രി വരെ ഉണ്ടായിട്ടുളളൂ. പക്ഷേ അതിനെക്കാള്‍ ജീവിതാനുഭവങ്ങളിലൂടെ ഒരു പാട് പഠിക്കാന്‍ കഴിഞ്ഞു. വായനവഴിയും വിവിധ മേഖലകളിലുളള വ്യക്തികളില്‍ നിന്ന് ലഭ്യമായ അറിവും സാമൂഹ്യ ഇടപെടലിന് സഹായകമായിത്തീര്‍ന്നിട്ടുണ്ട്. ഏറ്റവും വലിയ പഠനം സമൂഹത്തില്‍ നിന്നാണ് ലഭിക്കുന്നതെന്ന് പ്രമീള സാക്ഷ്യപ്പെടുത്തുന്നു

പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ പല പ്രശ്നങ്ങളേയും നേരിടേണ്ടിവരുന്നുണ്ട് മിക്ക സ്ത്രീകളും വീട്ടമ്മമാരായിരിക്കും. കുടുംബാംഗങ്ങളുടെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താന്‍ കഴിയാത്ത അവസ്ഥ ഉണ്ടാവും. കുടുംബാംഗങ്ങളുടെ പൂര്‍ണ്ണ പിന്തുണയുണ്ടായാല്‍ അതു പരിഹരിക്കപ്പെടും. പിന്നൊന്ന് കുശുമ്പും കുന്നായ്മയുമാണ് അത് ഇന്നത്തെ പരിതസ്ഥിതിയില്‍ കുറവു വന്നിട്ടുണ്ട്. എങ്കിലും ചെറിയ വീഴ്ചയ്ക്ക് പോലും കുറ്റപ്പെടുത്തലുകള്‍ ഉണ്ടാവാറുണ്ട്. സ്ത്രീ സഹജമാണ് ആ സ്വഭാവം. എന്ന് പറഞ്ഞ് തളളിക്കളയാനാവില്ല. പുരുഷന്മാരിലും അത്തരം സ്വഭാവങ്ങള്‍ കാണാം. അതു കൊണ്ട് തന്നെ ഓരോ പ്രവൃത്തിയും പറയുന്ന ഓരോ വാക്കും വളരെ വളരെ ആലോചിച്ച് മാത്രമെ ചെയ്യാന്‍ പാടുളളൂ. ഒരു വാക്ക് നമ്മുടെ നാക്കില്‍ നിന്ന് പുറത്തായാല്‍ പിന്നെ ആ വാക്ക് നമ്മുടെതല്ലാതാവുകയും കേള്‍വിക്കാരുടെയോ, വായനക്കാരുടേയോ ആയി മാറുകയും ചെയ്യും. അതു കൊണ്ട് തന്നെ വളരെ ശ്രദ്ധിച്ചേ ഞാന്‍ ഓരോ പ്രവൃത്തിയും ചെയ്യുകയും ഓരോ വാക്കു പറയുകയും ചെയ്യൂ.

നമ്മുടെ സമൂഹത്തില്‍ എപ്പോഴും രണ്ട് തരം സ്വഭാവമുളള വ്യക്തികളെ കണ്ടെത്താന്‍ കഴിയും. ഒരു കൂട്ടര്‍ വിമര്‍ശനം മാത്രം നടത്തുന്നവര്‍. തെറ്റും, ശരിയുമൊന്നും അത്തരം ആളുകള്‍ കാണില്ല. വിമര്‍ശനം നല്ലതുമാണ്. തെറ്റ് കണ്ടാല്‍ ചൂണ്ടികാണിക്കുകയെന്നത് മഹത്വമുളളകാര്യം തന്നെ. പക്ഷേ തെറ്റു ചെയ്യാതെയും വിമര്‍ശിക്കുമ്പോഴുണ്ടാകുന്ന മാനസീക പ്രയാസം അത്തരം വിമര്‍ശകര്‍ ഉള്‍ക്കൊളളുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം എല്ലാ ഭാഗത്തുനിന്നും സപ്പോര്‍ട്ട് ലഭിക്കുന്നുണ്ട്. ആദ്യത്തെ സപ്പോര്‍ട്ട് കുടുംബത്തിന്‍റെതാണ്. പാര്‍ട്ടി ഘടകങ്ങളില്‍ നിന്ന് തികഞ്ഞ പ്രോല്‍സാഹനവും. വേണ്ട സമയങ്ങളിലൊക്കെ താങ്ങും തണലുമായി പാര്‍ട്ടി ഉണ്ട്. എടുത്ത് പറയേണ്ടത് യുവജന വിഭാഗങ്ങളുടെ പിന്താങ്ങലാണ്. മഹിളാഘടകത്തിന്‍റെതായാലും യുത്ത് വിംഗിന്‍റെതായാലും ശക്തമായ പിന്തുണയും പ്രോല്‍സാഹനവും നല്‍കി എന്നെ മുന്നോട്ട് നയിക്കുന്നതില്‍ യുവജന സംഘടനകള്‍ വഹിക്കുന്ന പങ്ക് ആവേശം തരുന്നതാണ്.

പ്രതിപക്ഷ ഗ്രൂപ്പും, ഭരണ കാര്യങ്ങളില്‍ സുതാര്യമായി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടു പോകുന്നതില്‍ പൂര്‍ണ്ണസഹകരണം നല്‍കുന്നുണ്ട്. കഴിഞ്ഞ ടേമില്‍ വൈസ് പ്രസിഡണ്ടായിരിക്കേ എനിക്കു ബോധ്യപ്പെട്ടിട്ടുളള കാര്യമാണത്. പഞ്ചായത്തിലെ പതിനേഴ് വാര്‍ഡുകളില്‍ പന്ത്രണ്ടിലും എല്‍ ഡി എഫ് ആണ് വിജയിച്ചത്. മൂന്ന് ലീഗ് മെമ്പര്‍മാരും രണ്ട് കോണ്‍ഗ്രസു മെമ്പര്‍മാരുമാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുളളത്. അയല്‍ പഞ്ചായത്തുകളെക്കാള്‍ ഭൂമി ശാസ്ത്രപരമായ സൗകര്യങ്ങളും മുന്നേറാനുളള സാധ്യതകളും നിരവധിയുണ്ട് ചെറുവത്തൂരിന്. അയല്‍ പ്രദേശങ്ങളില്‍ നിന്നൊക്കെ എത്തിപ്പെടാനുളള സൗകര്യം മൂലം പഞ്ചായത്ത് ആഫീസ് സ്ഥിതി ചെയ്യുന്ന ഏരിയ പട്ടണ പ്രദേശമായി മാറിക്കൊണ്ടിരിക്കുകയാണ്. സിനിമാ ശാലയും, മികച്ച ചികില്‍സാ സൗകര്യം ലഭ്യമാവുന്ന സര്‍ക്കാര്‍ ആശുപത്രിയും പ്രൈവറ്റ് ആശുപത്രികളും ഉന്നത നിലവാരം പുലര്‍ത്തുന്ന വിദ്യലയങ്ങളും പഞ്ചായത്തിന്‍റെ അഭിമാന കേന്ദ്രങ്ങളാണ്.

കഴിഞ്ഞ ടേമില്‍ പഞ്ചായത്തിന്‍റെ വൈസ് പ്രസിഡണ്ട് സ്ഥാനത്തിരുന്നു ചെയ്ത പ്രവര്‍ത്തന മികവ് കണക്കിലെടുത്താവണം ഇത്തവണ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാന ലബ്ധി ഉണ്ടായത്. ഇനിയും കരുത്തോടെ മുന്നേറാനുളള ഭാവനയും, പ്രവര്‍ത്തന ചാതുരിയും പ്രമീളയ്ക്കുണ്ട്. പഞ്ചായത്തില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളാക്കാന്‍ പറ്റാവുന്ന നിരവധി പ്രദേശങ്ങളുണ്ട്. വ്യവസായ മേഖലകളും മല്‍സ്യബന്ധന കേന്ദ്രവും കൂടുല്‍ വിപുലപ്പെടുത്താനുളള സാധ്യതകള്‍ ആരായുന്നുണ്ട്. അതൊക്കെ കണ്ടെത്തി വരുന്ന അഞ്ചുവര്‍ഷത്തിനകം ചെറുവത്തൂരിന്‍റെ മുഖച്ഛായ മാറ്റിയെടുക്കാന്‍ പ്രമീളയുടെ നേതൃത്വത്തില്‍ പുതിയ ഭരണസമിതിക്കു കഴിയട്ടെ എന്നാശംസിക്കുന്നു.

Keywords:  Kerala, Article, Kookanam-Rahman, Cheruvathur, Panchayath-Member, Panchayath, Woman, CV Prameela with the power of experience to change the face of Cheruvathur.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia