city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വൈ-റ്റു-കെ

ഇന്ദ്രജിത്ത്

നോവല്‍ / അതിജീവനം / അധ്യായം 37

(www.kasargodvartha.com 27.02.2021) 
'എവിടെപ്പോവുകയാണ്?'

ബൈക്കിന്‍റെ ചാവി ഊരിയെടുത്തതിനുശേഷമായിരുന്നു അധികാരത്തോടെയുള്ള ചോദ്യം. പ്രസ് ക്ലബ്ബ് ജംക്ഷൻ സിഗ്നലും കഴിഞ്ഞ് കിംസ് ഹോസ്പിറ്റല്‍ ലക്ഷ്യമാക്കി പോവുകയായിരുന്നു. മറുഭാഗത്ത് നിന്ന് ആ പോലീസ്സുകാരന്‍ കൈകൊണ്ട് ആംഗ്യം കാണിച്ചു. അതുകണ്ടപ്പോള്‍ ബൈക്ക് നിർത്തിയെങ്കിലും അടുത്തുവന്ന അയാള്‍ ഉടനെ ചെയ്തത് ബൈക്കിന്‍റെ ചാവി ഊരിയെടുക്കുകയായിരുന്നു.

എവിടെപ്പോവുകയാണെന്ന ചോദ്യത്തിന് ആശുപത്രിയില്‍ എന്ന് മറുപടി പറഞ്ഞപ്പോള്‍ പോലീസ്സുകാരന്‍റെ ഭാവം മാറി,

'ഇപ്പം തന്നെ പോണോ നിനക്ക്... അടിച്ചിറ്റ് നിന്‍റെ പല്ലുഞ്ഞാന്‍... തല്ല് കൊള്ളേണ്ടെങ്കില്‍ വേഗം പോയ്ക്കോ എന്‍റെ മുമ്പില്‍ നിന്ന്... നിനക്കൊക്കെ പതിനൊന്നുമണി കഴിഞ്ഞ് റോഡിലിറങ്ങിക്കൂടേടോ'

'സാര്‍, ഐ സി യു 10 മണി മുതൽ 11 മണി വരെ മാത്രമേ സന്ദര്‍ശകരെ കയറ്റുകയുള്ളൂ'

ഇതുകേട്ട പോലീസ്സുകാരന്‍റെ വായയില്‍ നിന്നുവന്ന വാക്കുകളില്‍ പലതും എഴുതാന്‍ പറ്റാത്ത തരത്തിലുള്ളതായിരുന്നു. ഗള്‍ഫുകാരെ മൊത്തത്തില്‍ അവഹേളിക്കുന്ന തരത്തിലുള്ള പ്രയോഗങ്ങളായിരുന്നു പലതും.

കരയാനുള്ള ഇടമായി മാറിയിരിക്കുന്നു സോഷ്യല്‍ മീഡിയയെന്നുതോന്നുന്നു. ദുഃഖങ്ങളും അമര്‍ഷങ്ങളുമൊക്കെ മറ്റുള്ളവരുമായി പങ്കിടാനുള്ള വേദി. എന്തൊക്കെയാണ് നാട്ടില്‍ നടക്കുന്നത് എന്നതിന്‍റെ ചെറിയൊരു ഊഹം ജ്യേഷ്ഠന്‍റെ കുറിപ്പില്‍ നിന്നുകിട്ടിയെങ്കിലും വല്ലാത്തൊരു നിസ്സഹായാവസ്ഥ മനസ്സിനെ വെട്ടയാടുന്നതായി പോക്കറിന് തോന്നി. വേദനകള്‍ പങ്കുവെക്കുമ്പോഴുള്ള ആശാസത്തിനപ്പുറം സ്ഥായിയായ പരിഹാരമാര്‍ഗങ്ങളില്ല.

ആരെയും കുറ്റപ്പെടുത്താനാവില്ല. പോലീസ്സുകാര്‍ക്കും അവരുടേതായ പ്രശ്നങ്ങളുണ്ട്. കൊറോണയെക്കുറിച്ചുള്ള ഭയത്താലാണ് ലോകം മുഴുവനും അടഞ്ഞുകിടക്കുന്നത്. അങ്ങനെ അടപ്പിക്കാനായി റോഡിലിറങ്ങി പണിയെടുക്കാന്‍ വിധിക്കപ്പെട്ടവരാണ് പോലീസ്സുകാര്‍.

വൈ-റ്റു-കെ

കേരളത്തിന്‍റെ കോവിഡ് തലസ്ഥാനമാണ്‌ കാസര്‍ക്കോട് എന്ന തരത്തിലാണ് മാധ്യമചര്‍ച്ചകള്‍ മുന്നേറുന്നത്. പോലീസ്സുകാരടക്കം കാസര്‍ക്കോട്ട് ജോലി ചെയ്യുന്ന ഗവണ്മെന്‍റുദ്യോഗസ്ഥരില്‍ നല്ലൊരു പങ്ക്, തെക്കന്‍ ജില്ലകളിലെ ലോക്കല്‍ രാഷ്ട്രീയനേതാക്കളുടെ അപ്രീതിക്ക് പാത്രമായതിന്‍റെ പേരില്‍ സ്ഥലമാറ്റം കിട്ടിയവരാണ്. ബ്രിട്ടീഷ് ഇന്ത്യന്‍ ഭരണകൂടത്തിന് ആന്തമാന്‍ എന്നതുപോലെയാണ് തെക്കന്‍ കേരളത്തിലുള്ളവര്‍ക്ക് കാസര്‍ക്കോട്. അവിടത്തെ പോസ്റ്റിംഗ് എന്നുകേട്ടാല്‍ നരകത്തില്‍ പോവുന്നതുപോലെയാണ്. ജയിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചാല്‍ കുറ്റകൃത്യങ്ങള്‍ കൂടുമെന്ന് പണ്ടാരോ പറഞ്ഞതുപോലെ കാസര്‍ക്കോട്ട് വികസനമുണ്ടായാല്‍ ജീവനക്കാര്‍ക്ക് അവിടത്തെ നിയമനം ശിക്ഷയായി തോന്നില്ലെന്നും അവരെ ചൊല്പടിക്കുനിര്‍ത്താന്‍ ബുദ്ധിമുട്ടാണെന്നും രാഷ്ട്രീയനേതൃത്വങ്ങള്‍ക്ക് തോന്നിയതിനാലാവാം കാസര്‍ക്കോട് ഇന്നും കാലാപാനിയായി തുടരുന്നു. പക്ഷേ, മംഗലാപുരം അടുത്തായതിനാല്‍ നാട്ടുകാര്‍ക്ക് വലിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടില്ല. അങ്ങോട്ടുള്ള വഴിയാണ് ഇപ്പോള്‍ അടഞ്ഞിരിക്കുന്നത്.

കൊറോണയുടെ കേന്ദ്രമാണ് കാസര്‍ക്കോട് എന്ന വാര്‍ത്ത പരന്നതോടെ ഓരോ ജീവനക്കാരന്‍റെയും വീട്ടുകാര്‍ വിളിക്കുകയാണ്‌; സുഖവിവരങ്ങളറിയാന്‍. മാത്രമല്ല, ലീവെടുത്ത് നാട്ടിലെത്താന്‍ പലരോടും കുടുംബാംഗങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഭയപ്പെടുത്തുന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഉറ്റവരുടെ ജീവനില്‍ കൊതിയുള്ളവര്‍ അങ്ങനെ ചെയ്യുക സ്വാഭാവികമാണ്.

കണ്ടാല്‍ ഗള്‍ഫുകാരാണെന്ന് തോന്നുന്നവരോട് നികൃഷ്ടജീവികളെപ്പോലെയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പെരുമാറുന്നതെന്ന് ജ്യേഷ്ഠന്‍റെ കുറിപ്പില്‍ വ്യക്തമാണ്. വിദേശങ്ങളില്‍ നിന്നാണ് കൊറോണ വരുന്ന ധാരണയുള്ളതിനാല്‍ ഇപ്പോള്‍ ഇത് സ്വാഭാവികമാണ്. എന്നാല്‍ ഗള്‍ഫുകാരോടുള്ള മുന്‍വിധി ഇന്നുതുടങ്ങിയതല്ലെന്നതാണ് വാസ്തവം. കൂനിന്മേല്‍ കുരുവെന്നതുപോലുള്ള പങ്കുമാത്രമേ ഇക്കാര്യത്തില്‍ കൊറോണയ്ക്കുള്ളൂ.

ജയില്‍ ശിക്ഷയെന്ന പോലെ കാസര്‍ക്കോട്ടേക്ക് ട്രാന്‍സ്ഫര്‍ കിട്ടുന്നവരില്‍ ചിലര്‍ക്ക് ആശ്വാസവും ഗള്‍ഫുകാരായിരുന്നു. എന്തെങ്കിലും കാര്യം സാധിച്ചുകൊടുത്താല്‍ മോശമല്ലാത്ത കൈമടക്കുകിട്ടും. അത് എല്ലാ കാര്യങ്ങളും ഉദ്യോഗസ്ഥന്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ ചെയ്തുകൊടുക്കും കാശ് വാങ്ങുമ്പോഴും അത് നല്കുന്നവരെക്കുറിച്ച് മനസ്സിലുള്ള ധാരണ അവര്‍ മണ്ടന്മാരാണ് എന്നായിരിക്കും; ബ്യൂറോക്രസിയുടെ നൂലാമാലകള്‍ക്കുപുറകെ ഓടാനുള്ള വിവരമില്ലാത്തതിനാല്‍ എല്ലാം കാശുകൊടുത്ത് ശരിയാക്കുന്നവര്‍.

ഗള്‍ഫുകാരെക്കുറിച്ച് പരദേശികളായ ഉദ്യോഗസ്ഥര്‍ക്ക് പുച്ഛമാണെങ്കിലും നാട്ടുകാര്‍ക്കവര്‍ വിജയികളാണ്. ജനിക്കുന്ന ഓരോ ആണ്‍കുട്ടിയും ഗള്‍ഫുകാരനാവാന്‍ മോഹിച്ചു. മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കി പണിയെടുത്തതിനുശേഷം നാലഞ്ച് പെട്ടിയുമായി നാട്ടില്‍ വന്നിറങ്ങുമ്പോഴുള്ള പത്രാസ് വേറെയെവിടെ നിന്നും കിട്ടില്ല. മറുനാട്ടിലേക്ക് ചേക്കേറാനുള്ള തയാറെടുപ്പുകള്‍ ചെറുപ്പത്തില്‍ തന്നെ തുടങ്ങും. തെക്കുള്ളവര്‍ വയസ്സില്‍ കൃത്രിമം കാണിക്കുക, ഔദ്യോഗികരേഖകളില്‍ പ്രായം കുറച്ചെഴുതിക്കൊണ്ടാണ്. എന്നാല്‍ കാസര്‍ക്കോട്ടെ ഇച്ചമാര്‍ ആണ്‍കുട്ടികളുടെ പ്രായം കൂട്ടിയാണെഴുതുക. പെട്ടെന്നുതന്നെ പാസ്പോര്‍ട്ടും വിസയും സംഘടിപ്പിക്കാനുള്ള സൗകര്യത്തിനുവേണ്ടിയാണത്. ഗള്‍ഫില്‍ എത്തിപ്പെടുകയാണ് മുഖ്യലക്ഷ്യം എന്നതിനാല്‍ തന്നെ പഠിത്തത്തില്‍ ശ്രദ്ധിക്കുകയില്ല.

സ്കൂളില്‍ പോക്കര്‍ പഠിച്ച ക്ലാസ്സുകളില്‍ ബഹുഭൂരിപക്ഷവും ഗള്‍ഫുകാരുടെ മക്കളായിരുന്നു. ഉപജീവനത്തിനായി പഴയ തലമുറ സിങ്കപ്പൂര്‍, മലേഷ്യ തുടങ്ങിയ ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളെയാണ് ആശ്രയിച്ചിരുന്നത്. എന്നാല്‍ പുതിയ തലമുറയിലത് ഗള്‍ഫ് രാഷ്ട്രങ്ങളായി. രണ്ടിനും ഇടയിലുള്ള കുടുംബപശ്ചാത്തലമായിരുന്നു പോക്കറിന്‍റേത്. ഉപ്പ സിങ്കപ്പൂരിലും ജ്യേഷ്ഠന്‍ ഗള്‍ഫിലും. വീടുകളില്‍ ആണുങ്ങള്‍ പുറത്തായതിനാല്‍ കുട്ടികള്‍ പഠിത്തത്തില്‍ ഉഴപ്പുന്നുവെന്നത് അധ്യാപകരുടെ പരാതിയായിരുന്നു. ഗള്‍ഫ് സ്വപ്നം കാരണമായി കുട്ടികള്‍ പഠിക്കുന്നില്ലെന്നതും അതിന്‍റെ കൂടെയുണ്ടായിരുന്നു.

ജ്യേഷ്ഠന്‍റെ കുറിപ്പില്‍ വിഹ്വലത പ്രകാരമാണ്; കാസര്‍ക്കോടിന്‍റെ തെരുവീഥികളിലും ഇടവഴികളിലും ഗ്രാമാന്തരങ്ങളിമെല്ലാം പറഞ്ഞറിയിക്കാനാവാത്ത ഒരു അനിശ്ചിതത്വം നിലനില്ക്കുന്നു. ലോകത്തെല്ലായിടത്തുമുള്ളതാണ്. കേരളത്തില്‍, കൂടുതല്‍ ശക്തം കാസര്‍ക്കോട്ടാണെന്നുമാത്രം.

ചെറിയമ്മാവന്‍റെ കൂടെ മംഗലാപുരത്തുപോകുമ്പോള്‍ കണ്ട വഴികള്‍. പിന്നീട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചത് അധ്യാപകരുടെ കൂടെയായിരുന്നു; ക്വിസ് മത്സരങ്ങളിലും മറ്റും പങ്കെടുക്കാന്‍. സ്കൂള്‍ തലത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചാല്‍ ഉപജില്ലയിലും ജില്ലയിലുമൊക്കെ പോകണം. ഉപ്പ സിങ്കപൂരും മൂത്ത ജ്യേഷ്ഠന്‍ ഗള്‍ഫിലുമാണ്. രണ്ടാമത്തെ ജ്യേഷ്ഠന്‍ പഠിക്കുന്നു. ജ്യേഷ്ഠന്‍റെ പഠിത്തം മുടക്കേണ്ടെന്നുകരുതി അധ്യാപകര്‍ തന്നെ കൊണ്ടുപോകും. മിക്കതിലും യാത്രയുടെയും അതിനിടയിലുള്ള ഭക്ഷണത്തിന്‍റെയും ചെലവ് സ്വന്തമായി വഹിക്കണം. വീട്ടില്‍ നിന്നിറങ്ങുന്നതിനുമുമ്പ് ഉമ്മ പൈസ പോക്കറ്റിലിട്ടുതരും. പക്ഷേ, യാത്ര അധ്യാപകന്‍റെ നേതൃത്വത്തിലാണ്. അതില്‍ ഇടപെടാന്‍ ധൈര്യം വരില്ല. അതുകൊണ്ടുതന്നെ ചെലവുകളെല്ലാം അധ്യാപകന്‍ വഹിക്കും.

നാട്ടില്‍ പലയിടത്തും പോലീസ്സുകാര്‍ ആളുകളെ അടിച്ചോടിക്കുന്ന വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ നിറയെ. അന്നൊക്കെ ആ സ്ഥലങ്ങള്‍ കാണുമ്പോള്‍ വലിയ പ്രതീക്ഷകളായിരുന്നു. ജില്ലയിലെ സ്ഥലനാമങ്ങള്‍ പല തരത്തിലാണ്. മലയാളത്തിലും തുളുവിലും കന്നഡയിലുമൊക്കെയുള്ള പഴയ പേരുകള്‍. പുതുതായി ഇട്ട കൃത്രിമത്വം ദ്വോതിപ്പിക്കുന്ന പേരുകളുമുണ്ട്. മാവുങ്കാലും രാംനഗറും പോലെ പരസ്പരം ലയിക്കാതെ കിടക്കുന്ന പേരുകളുണ്ട്. എന്നാല്‍ അവയൊന്നുമല്ല, പോക്കറിന്‍റെ മനസ്സില്‍ തങ്ങിനില്ക്കുന്നത്. അത്തരം സ്ഥലങ്ങളിലൂടെ ബസ്സ്‌ കടന്നുപോകുമ്പോള്‍ പരീക്ഷയ്ക്കുവേണ്ടി വായിച്ച ഭാഗങ്ങളും തിരിച്ചുവരുമ്പോള്‍ പ്രസംഗങ്ങളില്‍ നിന്നുകിട്ടിയ വിവരങ്ങളും സമ്മാനമായി കിട്ടിയ പുസ്തകം ബസ്സിലിരുന്ന് മറിച്ചുനോക്കുമ്പോള്‍ കണ്ണില്‍ പെട്ട കാര്യങ്ങളുമൊക്കെ അവിയല്‍ രൂപത്തില്‍ സ്ഥലനാമങ്ങളുമായി കൂടിക്കുഴഞ്ഞുനിന്നു. ക്വിസ്സുകളിലും വിജ്ഞാനപ്പരീക്ഷകളിലും കൂടുതലും നടത്തിയിരുന്നത് സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതറ പ്രസ്ഥാനങ്ങളും സന്നദ്ധസംഘടനകളുമൊക്കെയായിരുന്നു. ആദര്‍ശപ്രചാരമാണ് അത്തരം ഗ്രൂപ്പുകളുടെയെല്ലാം ലക്ഷ്യം. എല്‍ എസ് എസ്, യു എസ് എസ് സ്കോളര്‍ഷിപ്പ്‌ പരീക്ഷകള്‍, നാഷണല്‍ ടാലന്റ് സര്‍ച്ച് എക്സാം തുടങ്ങി സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള പരീക്ഷകളില്‍ മറ്റൊന്നുമുണ്ടാവില്ല. എന്നാല്‍, യുറീക്ക വിജ്ഞാനപരീക്ഷയുടെയും ശാസ്ത്രകേരളം ക്വിസ്സിന്‍റെയുമൊക്കെ കാര്യം അങ്ങനെയല്ല. ഏതെങ്കിലും സമ്മേളനത്തോടനുബന്ധിച്ചാവും പരീക്ഷയുണ്ടാവുക. പരീക്ഷാര്‍ഥി റിസള്‍ട്ട് കാത്തിരിക്കുന്ന വേളയില്‍ സമ്മേളനത്തിലെ മുഴുവന്‍ പ്രസംഗങ്ങളും കേള്‍ക്കുന്ന വിധത്തിലായിരിക്കും പരിപാടി ആസൂത്രണം ചെയ്യുക. ഫിസിക്സ്, കെമിസ്ട്രി, ബയോളജി തുടങ്ങി പല വിഷയങ്ങളിലുള്ള പ്രസംഗങ്ങളുണ്ടാവുമെങ്കിലും എല്ലാ ഉപസംഹരിക്കുന്നത് ഒരേ തരത്തിലായിരിക്കും. പരീക്ഷയില്‍ ജയിച്ചാല്‍ സമ്മാനമായി കിട്ടുന്ന പുസ്തകങ്ങളും അതേ രീതിയിലായിരിക്കും അവസാനിക്കുക. ലോകം കീഴടക്കിയ മനുഷ്യന്‍. വിജയങ്ങളിലൂടെ മുന്നേറുന്ന മനുഷ്യന്‍. രോഗങ്ങളെല്ലാം വഴിമാറിക്കൊണ്ടിരിക്കുന്നു. ഏറെത്താമസിയാതെ മരണവും വഴിമാറും.

പ്രസ് ക്ലബ് ജംക്ഷനാണ് ജ്യേഷ്ഠന്‍റെ കുറിപ്പിലെ പ്രധാപെട്ട ഒരു ലാന്‍ഡ്മാര്‍ക്ക്. മുമ്പ് പ്രസ് ക്ലബ് അതിനടുത്തായിരുന്നു. പ്രസ് ക്ലബ് പോയതിനുശേഷവും ജംക്ഷന് ആ പേര് നിലനിന്നു. ജീവിതവും അങ്ങനെയാണെന്ന് തോന്നുന്നു. ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു, ആദ്യമൊക്കെ അതുവഴി കടന്നുപോകുമ്പോള്‍. ചന്ദ്രഗിരിപ്പാലം വരുന്നതിനുമുമ്പ് ചുറ്റിക്കൊണ്ടുവേണം ടൗണിലെത്താന്‍. ആദ്യം പുതിയ സ്റ്റാന്‍റില്ലായിടുന്നു. ജില്ലാതലത്തിലുള്ള ഏതോ പരീക്ഷ കഴിഞ്ഞ് തിരിച്ചുവരിയാണ്. പോക്കറിന്‍റെ സ്കൂളില്‍ നിന്ന് മലയാളമീഡിയക്കാരനായ അവന്‍ മാത്രം. ചില സ്കൂളുകളില്‍ നിന്ന് കന്നഡ മീഡിയക്കാരായ കുട്ടികളുണ്ട്. അതുപോലെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ നിന്നും ചിലരുണ്ട്. ചോദ്യങ്ങള്‍ മൂന്ന് ഭാഷയിലും ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ പരീക്ഷയ്ക്കും ഫലപ്രഖ്യാപനത്തിനുമിടയിലെ പ്രസംങ്ങള്‍ പൂര്‍ണമായും അച്ചടി മലയാളത്തിലായിരുന്നു. അതൊരുകണക്കിന് നന്നായെന്ന് പോക്കറിനുതോന്നി. കന്നഡ മീഡിയക്കാരില്‍ മിക്കവരും മതഭക്തിയുടെ അടയാളമായ ചന്ദനക്കുറി നെറ്റിയിലണിഞ്ഞിട്ടുണ്ടായിരുന്നു. പ്രസംഗങ്ങളില്‍ കൂടുതലും ദൈവത്തെ ചോദ്യം ചെയ്യുന്ന തരത്തിലായിരുന്നു. പ്രസംഗം മനസ്സിലാവാതെ ബോറടിക്കുമെങ്കിലും അവര്‍ക്ക് വീടുകളില്‍ നിന്നുകിട്ടിയ ഭക്തിയും പ്രസംഗത്തില്‍ കേട്ട യുക്തിയും തമ്മിലുള്ള സംഘര്‍ഷം ഒഴിവാകുമല്ലോ. ബസ് സ്റ്റാന്‍റിലെത്തിയപ്പോള്‍ അന്നുണ്ടായിരുന്ന ലേറ്റസ്റ്റ്, കാരവല്‍ എന്നീ സായാഹ്നപത്രങ്ങള്‍ വില്ക്കുന്ന പയ്യന്മാരുടെ ആരവങ്ങളുണ്ട്. അതിനിടയിലാണ് ആ ശബ്ദം ശ്രദ്ധയില്‍ പെട്ടത്,

'സംഭാവന ഉണ്‍ട്ടോ സംഭാവന, ഗണപതിക്ക് ഉണ്‍ട്ടോ സംഭാവന',

ബസ് സ്റ്റാന്‍റിന്‍റെ ഒരു മൂലയില്‍ നിന്ന് പാട്ടുയരുകയാണ്.

'ഇതാണ് നമ്മുടെ നാടിന്‍റെ ശാപം; എന്തിനും ഏതിനും ദൈവത്തിന് കൈക്കൂലി കൊടുക്കണമെന്ന മനോഭാവം',

സ്കൂളില്‍ നിന്ന് പോക്കറിനെ അനുഗമിച്ച അധ്യാപകനാണ് പറയുന്നത്.

'ഇത് ആ ഗണപതിയല്ല, സാറേ ...ഗണപതി പൈ എന്നുപേരുള്ള ഒരാള്‍ പാട്ടുപാടി പൈസ ശേഖരിക്കുകയാണ്'

വലതുപക്ഷമാണ്. അന്ന് നാടുഭരിച്ചിരുന്നത്. ഏതോ തെക്കന്‍ ജില്ലയില്‍ നിന്ന് പണിഷ്മെന്‍റ് ട്രാന്‍സ്ഫര്‍ വഴി പുതുതായെത്തിയ ഇടതുപക്ഷക്കാരനായ അധ്യാപകന് ഗണപതി പൈയുടെ കാര്യം അറില്ലായിരുന്നു. മാത്രമല്ല, അന്നത്തെ പ്രസംഗങ്ങള്‍ കേട്ടതിന്‍റെ ആവേശവുമുണ്ടായിരുന്നു. അധ്യാപകനില്‍ മാത്രമല്ല, പോക്കറിലും വലിയ പ്രതീക്ഷകളാണ് ആ പ്രസംഗങ്ങള്‍ ഉണര്‍ത്തിയത്.

രോഗങ്ങളെ അതിജയിച്ചുകൊണ്ടിരിക്കുന്ന മനുഷ്യന്‍; മരണത്തെ കീഴടക്കനൊരുങ്ങുന്ന മനുഷ്യന്‍. ഇതുപതാം നൂറ്റാണ്ടിന്‍റെ ആദ്യപാദത്തില്‍ പിറന്ന കീമോതെറാപ്പി അര്‍ബുദരോഗികളുടെ പ്രതീക്ഷയായിരുന്നു. പ്രമേഹരോഗികള്‍ക്ക് പ്രതീക്ഷ നല്കിക്കൊണ്ട് പ്രമേഹ ചികിത്സയ്ക്കായി ഇൻസുലിൻ ഉപയോഗിക്കാന്‍ തുടങ്ങി. ആയിരത്തി തൊള്ളായിരത്തി മുപ്പതുകളോടുകൂടി മരുന്നുകളും, ഇലക്ട്രോ-കൺവൾസീവ് തെറാപ്പിയുമൊക്കെ മാനസികരോഗങ്ങളുമുള്ളവര്‍ക്ക് ഒരുപാട് പ്രതീക്ഷകള്‍ നല്കി. ബ്ലഡ് ബാങ്ക് നിലവില്‍ വന്നു. ശത്രക്രിയകളില്‍ രക്തനഷ്ടം വഴിയുള്ള മരണം ഗണ്യമായി കുറഞ്ഞു. ആയിരത്തി തൊള്ളായിരത്തി നാല്പതുകള്‍ ആയതോടുകൂടി പെൻസിലിൻ വലിയ തോതിൽ ഉൽ‌പാദിപ്പിക്കപ്പെടാന്‍ തുടങ്ങി. അടുത്ത പതിറ്റാണ്ടില്‍ മനോരോഗചികിത്സയില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിച്ചു. ഓസ്‌ട്രേലിയൻ സൈക്യാട്രിസ്റ്റ് ജെ എഫ് ജെ കേഡ് ചികിത്സയ്ക്കായി ലിഥിയത്തിന്‍റെ ഉപയോഗം തുടങ്ങിവെച്ചു. ഇരുപതാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയുടെ തുടക്കം കാർഡിയാക് പേസ്‌മേക്കറിന്‍റെ കണ്ടുപിടുത്തത്തിന്‍റേതായിരുന്നു. തുടര്‍ന്ന് ഹൃദയശ്വാസകോശ- ബൈപാസ് യന്ത്രം നിലവില്‍ വന്നു. വാട്സനും ക്രിക്കും ഡി എന്‍ എ ഡബിള്‍ ഹെലിക്സ് സ്ട്രക്ചര്‍ ആവിഷ്കരിച്ചു. അടുത്ത പതിറ്റാണ്ടില്‍ ഡോ. ജോനാസ് സാൽക്കിന്‍റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്ത ആദ്യത്തെ പോളിയോ വാക്സിന്‍ അംഗീകാരം നേടി. തുടര്‍ന്ന് വില്യം ഗ്രേ വാൾട്ടർ ബ്രെയിന്‍ ഇ ഇ ജി ടോപ്പോഗ്രാഫി കണ്ടുപിടിച്ചു. ദക്ഷിണാഫ്രിക്കക്കാരനായ ക്രിസ്റ്റ്യൻ ബർണാർഡ് 1967ല്‍ ആദ്യത്തെ ഹൃദയമാറ്റശസ്തക്രിയ നടത്തിയതോടുകൂടി പ്രതീക്ഷകള്‍ പതിന്മടങ്ങ് വര്‍ധിച്ചു. തൊട്ടടുത്ത പതിറ്റാണ്ടില്‍ പിന്നെയും നേട്ടങ്ങളുണ്ടായി. സി ടി സ്കാന്‍ എന്ന കമ്പ്യൂട്ടഡ് ടോമോഗ്രാഫി രോഗനിര്‍ണയത്തില്‍ വിപ്ലവങ്ങള്‍ സൃഷ്ടിച്ചു. 
ആയിരത്തി തൊള്ളായിരത്തി എഴുപത്തിയെട്ടില്‍ ഇൻ-വിട്രോ ഫെർട്ടിലൈസേഷൻ വഴി ഗർഭം ധരിച്ച ആദ്യത്തെ കുഞ്ഞ് ജനിച്ചു. ടെസ്റ്റ്‌ ട്യൂബ് ശിശു എന്ന പദം പത്രഭാഷയുടെ ഭാഗമായി.

അന്നത്തെ പ്രസംഗങ്ങളില്‍ കൂടുതലും വൈദ്യശാസ്ത്രരംഗത്തുണ്ടായ നേട്ടങ്ങളില്‍ കേന്ദ്രീകരിക്കാന്‍ കാരണമുണ്ടായിരുന്നു. ജാർവിക് സെവന്‍ എന്ന പേരില്‍ കൃത്രിമഹൃദയം യാഥാര്‍ഥ്യമായ വാര്‍ത്ത പത്രങ്ങളില്‍ വന്നതിന് തൊട്ടുടനെയായിരുന്നു പരിപാടി. ഹൃദയം വരെ കൃത്രിമമായി സൃഷ്ടിച്ചു. ഇങ്ങനെ പോയാല്‍ മരണത്തെ അതിജയിക്കുന്ന കാലം വിദൂരമല്ലല്ലോ.

വര്‍ഷങ്ങള്‍ പിന്നെയും കഴിഞ്ഞു. ചന്ദ്രഗിരിപ്പാലം വന്നു. പ്രസ് ക്ലബ് ജംക്ഷനിലൂടെ പിന്നയും യാത്ര ചെയ്തു. മരണം വഴിമാറിയില്ല. ഉമ്മയടക്കം ബന്ധുക്കളില്‍ പലരുടെയും മൃതദേഹങ്ങള്‍ ആശുപത്രികളില്‍ നിന്ന് തിരിച്ചെത്തിയത് അതിലൂടെയായിരുന്നു.

സ്വപ്നങ്ങള്‍ക്കും അന്ത്യമുണ്ടോ? ക്ലോക്കില്‍ നോക്കുമ്പോള്‍ ഏറ്റവും കൂടിയ സമയം പതിനൊന്നുമണി അന്‍പത്തിയൊമ്പതുമിനിട്ടാണ്. എലക്ട്രോണിക് വാച്ചില്‍ സെക്കന്‍റുകൂടി രേഖപ്പെടുത്തും. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആദ്യമായി കൈയില്‍ കിട്ടിയ എലക്ട്രോണിക് വാച്ച് ഇരുപത്തിനാലുമണിക്കൂറായി സെറ്റ് ചെയ്തതായിരുന്നു. അതില്‍ സമയം പൂജ്യമാകുന്നത് കാണാന്‍ ഉറക്കമൊഴിച്ച് അര്‍ധരാത്രി വരെ കാത്തിരുന്നിട്ടുണ്ട്. തിയതിയെഴുതുമ്പോള്‍ അവസാനത്തെ രണ്ടക്കം വര്‍ഷത്തിന്‍റേതായിരുന്നു. ആയിരത്തിതൊള്ളായിരത്തിതൊണ്ണുറ്റിയൊമ്പതുവരെ അത് കൂടിവന്നു. അതുകഴിഞ്ഞെന്താവുമെന്നത് ഒരു സംശയമായിരുന്നു. പലരും പറഞ്ഞു രണ്ടായിരാമാണ്ടില്‍ ലോകം അവസാനിക്കുമെന്ന്. രണ്ടായിരാമാണ്ടോടെ എല്ലാവര്‍ക്കും ആരോഗ്യമെന്ന അല്‍മാ ആട്ടാ പ്രഖ്യാപനം യൂജി കമ്യൂണിറ്റി മെഡിസിന്‍ ക്ലാസ്സില്‍ പഠിച്ചു. ഉമ്മ മരിച്ച് ആറുമാസമാവുന്നതിനുമുമ്പാണ് സുള്ല്യ കേവീജിയില്‍ അധ്യാപകനായി ചേര്‍ന്നത്. മനുഷ്യന്‍റെ പൂര്‍ണമായ ജീനോം ക്രമം അനാവൃതമാക്കുന്നതിനെക്കുറിച്ചുള്ള ഗവേഷണം പൂര്‍ണതയിലെത്തുന്ന വാര്‍ത്ത അവിടെ വെച്ച് വായിച്ചപ്പോള്‍ തോന്നിയത് ഒരു നിര്‍വികാരതയാണ്.



Also read:

സംക്രാന്തികള്‍ 18
ആയിരത്തിയൊന്ന് രാവുകള്‍ 19

സാനിറ്റൈസര്‍ ട്രാജഡി 20

ക്വാറന്റൈന്റെ ഇതിഹാസം 21

സ്‌പെയിനിലെ വസന്തം 22

കഴുകന്റെ സുവിശേഷം 23
തോറയും താല്‍മുദും 24
ക്ലിയോപാട്രയുടെ മൂക്ക് 25

ക്ഷേത്രവും ക്ഷേത്രജ്ഞനും 26

മൊണാലിസയുടെ കാമുകന്‍ 27
മെഡിക്കസ് ക്യുറാത് നാച്യൂറ സനാത് 28

കാസര്‍ക്കോട്ടുകാരന്‍റെ റൂട്ട്മാപ്പ് 29

കാലന്‍റെ സഹോദരന്‍ 30

കണ്‍ട്രോള്‍ഡ് ട്രയല്‍ 31

കണ്ണും കണ്ണും തമ്മിൽ തമ്മിൽ... 32

നികലോന ബേനകാബ്... 33

ലില്ലിപ്പുട്ടിലെ ജീവിതങ്ങള്‍ 34


വുഹാനും കാസര്‍ക്കോടും 35
പുറപ്പാടുപുസ്തകം 36


Keywords: Athijeevanam Malayalam Novel, Indrajith, Corona, Covid 19, Survival, Pandemic, Homo sapiens, Y2K.





Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia