(www.kasargodvartha.com 15.01.2021)
'ആ രണ്ടാമത്തെ നാരങ്ങ എനിക്കു തരൂ സാർ', അനുശ്രീ ഡോക്ടറാണ് പറഞ്ഞത്.
'അല്ല എനിക്ക്', ഷെമി ഡോക്ടറാണ് അവകാശവാദം ഉന്നയിച്ചത്.
'മാഡം കൺട്രോൾ ഗ്രൂപ്പാണ്, നാരങ്ങ ആവശ്യമില്ല.'
'ഓ .... ഇന്നലത്തെ ക്ലാസ്സ് മറന്നിട്ടില്ല, അല്ലേ?'
അതൊരു വ്യാഴാഴ്ചയായിരുന്നു, ആ മാസത്തെ ക്ലാസ്സിന്റെ രണ്ടാമത്തെ ദിവസം. രാവിലെ പുറപ്പെടുമ്പോൾ പ്രാതൽ കഴിക്കാൻ പറ്റാറില്ല. മാത്രമല്ല, യൂണിവേഴ്സിറ്റി കാന്റീനിൽ എന്തെങ്കിലും കഴിക്കുകയെന്നത് ഒരനുഭവമാണ്. ഉച്ചഭക്ഷണവും പത്തുമണിയുടെയും നാലുമണിയുടെയും ചായയും മുകളിൽ കൊണ്ടുവന്ന് തരും.
കാൻറീനിലിരുന്ന് വല്ലതും കഴിക്കാനുള്ള ഒരേയൊരവസരം രാവിലെയാണ്. അവിടത്തെ ഭക്ഷണം രുചിയിൽ മുന്തിയതുകൊണ്ടൊന്നുമല്ല. ജനാലയുടെ ചില്ലിലൂടെ മുമ്പിലുള്ള ലാൻഡ്സ്കൈപ് കാണാം. രാവിലെയായതിനാൽ ഒരു ശാന്തതയുണ്ടായിരിക്കും. കുറച്ച് തൊഴിലാളികൾ ചെടികൾ നനയ്ക്കുന്നുണ്ടാവും. അതൊക്കെ കുറച്ചുനേരം കാണുകയെന്നത് മനസ്സിന് സുഖമുള്ള കാര്യമാണ്. പിന്നെ, കാന്റീൻ ജീവനക്കാരുടെ പെരുമാറ്റവും തരക്കേടില്ല. വിസിറ്റേഴ്സ് ലോഞ്ചിലിരുന്നാലും ഗാർഡനും ലാൻഡ്സ്കൈപ് കാണാമെങ്കിലും കയറിവരുന്ന ഓരോ ആളോടും അവിടെയിരിക്കുന്നതിന്റെ കാരണം ബോധിപ്പിക്കേണ്ടിവരും.
അതിരാവിലെയെണീറ്റ് തിരക്കുപിടിച്ച് പ്രഭാതകൃത്യങ്ങൾ നിർവഹിച്ചതിനാൽ ഒരു അസ്വസ്ഥതയുണ്ടായിരിക്കും. ലെമൺ ടീയാണ് കുടിക്കുക. എല്ലായിടത്തും ചെറുനാരങ്ങ കിട്ടാൻ സാധ്യതയില്ലാത്തതിനാൽ തന്നെ വീട്ടിൽ നിന്ന് അത് ഒന്നോരണ്ടോ എണ്ണം എടുത്ത് പോക്കറ്റിലിടും.
കണ്ണ് നഷ്ടപ്പെട്ടവനേ കാഴ്ചയുടെ പ്രാധാന്യം അറിയുകയുള്ളൂ എന്ന് പറയാറുണ്ട്. എല്ലാ കാര്യങ്ങളിലും ഇത് ശരിയാണ്. ഒന്ന് നഷ്ടപ്പെട്ടതിനുശേഷമാണ് അത് എത്രത്തോളം ആവശ്യമായിരുന്നുവെന്ന് മനസ്സിലാവുക. യാത്രയായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ ആനന്ദം. ചെറുപ്പത്തിൽ ചെറിയമ്മാവന്റെ കൂടെ മംഗലാപുരത്തുപോകുമ്പോൾ ഉള്ളാൾ എത്തുമ്പോൾ മനസ്സിൽ ഒരു വൃഥ പടർന്നു കയറും. ഏതാനും മിനിട്ടുകൾക്കും ട്രെയിനിൽ നിന്ന് ഇറങ്ങേണ്ടി വരുമല്ലോ എന്ന ആകുലതയാണതിനുകാരണം. എങ്കിലും മംഗലാപുരം ടൗൺ കാണാമല്ലോയെന്ന പ്രതീക്ഷയിൽ ആശ്വാസം കൊള്ളും. എന്നാൽ തിരിച്ചുവരുമ്പോൾ അങ്ങനെയൊരാശ്വാസമില്ല. യാത്ര അവസാനിച്ചാൽ കയറിച്ചെല്ലുന്നത് എന്നും കാണാറുള്ള വീട്ടിലേക്കാണ്.
കളനാട്ടെ തുരങ്കത്തിൽ ട്രെയിൻ കയറിയതിന്റെ സൂചന നല്കിക്കൊണ്ട് കമ്പാർട്ട്മെന്റിൽ ഇരുട്ട് പരക്കുമ്പോൾ പേടിക്കാതിരിക്കാനായി കുട്ടികളെ കൂടെയുള്ള മുതിർന്നവർ സ്വന്തം ശരീരത്തോട് ചേർത്തുപിടിക്കാറാണ് പതിവ്. പോക്കറിനെ അമ്മാവനും ചേർത്തുപിടിക്കും. അങ്ങോട്ട് പോക്കുമ്പോൾ തുരങ്കത്തിൽ നിന്ന് വണ്ടി പുറത്തുവന്ന് വെളിച്ചം പരക്കുന്നതോടെ മനസ്സ് ശാന്തമാകും. എന്നാൽ തിരിച്ചുവരുമ്പോൾ തുരങ്കത്തിൽ നിന്ന് പുറത്തുവന്നാലും യാത്ര അവസാനിക്കാറായല്ലോ എന്ന ചിന്ത മനസ്സിനെ വേട്ടയാടും.
കുട്ടിക്കാലത്തെ പല ശീലങ്ങളും മാറിയെങ്കിലും യാത്രയോടുള്ള കമ്പം മാറിയില്ല. ബസ്സിലും ട്രെയിനിലും ജനാലയ്ക്കടുത്തുള്ള സീറ്റ് കിട്ടിയില്ലെങ്കിൽ ആ യാത്ര തന്നെ നഷ്ടമായതായാണ് തോന്നുക. യാത്രകളിൽ വായിക്കാറില്ല. സംസാരിക്കാറുമില്ല. എന്നാൽ ആരോഗ്യസർവകലാശാലയുടെ ഹ്യുമാനിറ്റീസ് കോഴ്സിനുവേണ്ടിയുള്ള യാത്രകളിൽ മാത്രമാണ് മറ്റുള്ളവരുടെ സംസാരത്തിൽ അല്പമെങ്കിലും പങ്കുചേര്‍ന്നത്. പുറംകാഴ്ചകളില്‍ ലയിച്ചുചേരുന്നതിനാല്‍ തന്നെ സ്വന്തമായി വണ്ടിയോടിച്ച് ദീര്‍ഘയാത്ര ചെയ്യാനാവില്ല. പോതുവാഹനങ്ങളെയാണ് കൂടുതലായി ആശ്രയിക്കുന്നത്.
ജീവിതത്തിരക്കുകൾ വർധിക്കുംതോറും യാത്ര അസൗകര്യമായി വന്നു. നാട്ടിൽ കല്യാണങ്ങൾക്കും മറ്റുള്ള ചടങ്ങുകൾക്കുമൊക്കെ വിളിക്കും. പക്ഷേ, ഒന്നിനും പോവാൻ പറ്റാറില്ല. പോയാൽ തന്നെ പെട്ടന്നുള്ള തിരിച്ചുവരവാണ്.
കഴിഞ്ഞ പ്രാവശ്യം പോയപ്പോൾ തിരിച്ചുവരുന്നതിന് ഒരു മണിക്കൂർ മുമ്പാണ് ചെറിയമ്മാവനെ കാണാൻ പോയത്. അമ്മാവൻ പഴയ പുരയിടത്തിലായിരുന്നു. നാട്ടുകാരുടെ നേതാവായിരുന്ന കാലത്ത് അമ്മാവന്റെ ഓരോ പ്രവർത്തനത്തിനും സാക്ഷിയായ മൺതരികൾ. രാഷട്രീയപ്രശ്നങ്ങളും കുടുംബകലഹങ്ങളുമെല്ലാം അമ്മാവന്റെ കോലായിൽ വെച്ച് തീർപ്പായി. ആ ഇടത്തോടുള്ള ആത്മബന്ധം വിട്ടുമാറാത്തതിനാലാവാം, അമ്മാവൻ പുതിയ വീട്ടിൽ നിന്ന് അവിടെ വരും. കാണാൻ പോയ നേരത്ത് അവിടെ തെങ്ങോലയും മടലുമൊക്കെ വെട്ടിമാറ്റി പറമ്പ് വൃത്തിയാക്കുകയായിരുന്നു.
പ്രായമായപ്പോഴും ക്രിയാത്മകതയ്ക്ക് ഒരു കുറവുമില്ല. മനുഷ്യനെ ജീവിപ്പിക്കുന്നതുതന്നെ ക്രിയാത്മകതയാണല്ലോ. സജീവമായ ജീവിതം ശീലിച്ചവർക്ക് ഒരിക്കലും അടങ്ങിയിരിക്കാനാവില്ല. ജോലികൾ ചെയ്യുന്നത് കാണുമ്പോൾ ഒന്ന് ശ്രദ്ധിക്കണമെന്ന് പറയാൻ തോന്നിയതായിരുന്നു, പക്ഷേ, പറഞ്ഞില്ല. അമ്മാവനെ ഉപദേശിക്കുന്ന കാര്യം ഓർത്തപ്പോൾ മനസ്സ് ഉൾവലിഞ്ഞതായിരുന്നു. ബന്ധുക്കളിൽ തന്നെ ഏറ്റവും കൂടുതൽ ഉപദേശിച്ചിട്ടുള്ള ചെറിയമ്മാവനാണ് മുമ്പിൽ നില്ക്കുന്നത്. അമ്മാവന്റെയടുത്തെത്തുമ്പോൾ ഇപ്പോഴും കൊച്ചുകുട്ടിയാണ്. ഇങ്ങോട്ട് ഉപദേശം കേൾക്കാനല്ലാതെ അങ്ങോട്ട് ഉപദേശിക്കാൻ മനസ്സുവരില്ല.
മറ്റു പല കാര്യങ്ങളിലുമെന്നതുപോലെ യാത്രയ്ക്കുപറ്റിയ അവയവങ്ങളുടെ കാര്യത്തിലും മനുഷ്യന്‍ ശരാശരിക്കാരന്‍ മാത്രമാണ്. പറക്കാന്‍ ചിറകുള്ള ജീവികള്‍. ഓടാന്‍ ബലമുള്ള പേശികളുള്ള ജീവികള്‍, കുതിരയും ചീറ്റയും, പക്ഷേ, മനുഷ്യന്‍ ഒരു വിഭാഗത്തിലും ഉള്‍പ്പെട്ടില്ല. എങ്കിലും ബുദ്ധിയുപയോഗിച്ചുകൊണ്ട് അവന്‍ യാത്രയില്‍ ഒന്നാമനായി. പലതും കണ്ടു. ജലയാത്രയിലൂടെ പുതിയ വന്‍കരകള്‍. ആകാശയാത്രയിലൂടെ ചന്ദ്രനിലെത്തി. ചൊവ്വയെന്നത് വലിയ പദ്ധതിയാണ്. യാത്രകള്‍ വേറെയും അറിവുകള്‍ക്ക് നിമിത്തമായി. ജെയിംസ് ലിന്‍ഡിന്‍റെ ചെറുനാരങ്ങ പോലെ.
രണ്ട് നൂറ്റാണ്ട് മുമ്പുവരെ, നീണ്ട കടൽ യാത്രയ്ക്കൊരുങ്ങുന്ന ആര്‍ക്കുമറിയാം മോണകള്‍ ചീഞ്ഞഴുകുന്ന, മാരകമായ അസുഖത്തിന് ഇരയാകുമെന്ന്.
എഡിൻബർഗിലെ ഒരു വ്യാപാരിയുടെ മകനായാണ് ജെയിംസ് ലിന്‍ഡ് ജനിച്ചത്, എഡിൻബർഗ്, അവിടത്തെ സർജനായ ജോർജ്ജ് ലാംഗ്ലാൻഡിന്‍റെയടുത്ത് പരിശീലനം നേടി. സർജിക്കൽ അപ്രന്റീസ്ഷിപ്പിന് ശേഷം റോയൽ നാവികസേനയിൽ ചേർന്നു, ഒന്നിനുപുറകെ ഒന്നായി കപ്പല്‍ യാത്രകള്‍ ലിന്‍ഡിനെ തേടിയെത്തി. ഒരു വൈദ്യന്‍ എന്ന നിലയില്‍ നേരിടാനുണ്ടായിരുന്ന ഏറ്റവും വലിയ പ്രശ്നം നാവികര്‍ക്കുണ്ടാകുന്ന മോണപഴുപ്പ് പോലുള്ള ലക്ഷണങ്ങളിലൂടെ പ്രകടമാവുന്ന സ്കര്‍വി തന്നെയായിരുന്നു.
ശരീരം അമിതമായി ജീര്‍ണിക്കുന്നതുമൂലമാണ് സ്കർവി ഉണ്ടാകുന്നതെന്ന് ലിൻഡ് കരുതി. അമ്ലദ്രവ്യങ്ങളുടെ സമ്പര്‍ക്കം പല വസ്തുക്കളിലും ജീര്‍ണനം കുറയുമെന്നത് ഒരു അനുഭവപാഠമാണ്. മാത്രമല്ല, ചെറുനാരങ്ങ കഴിച്ചാല്‍ സ്കര്‍വി മാറുമെന്ന നാട്ടറിവും ചിലര്‍ പങ്കുവെക്കാറുണ്ട്. അതും അമ്ലദ്രവ്യമാണല്ലോ. യാത്രയില്‍ മറ്റൊന്നും ചെയ്യാനില്ല. തന്‍റെ നിഗമനം പരീക്ഷിച്ചറിയാന്‍ തന്നെ ലിന്‍ഡ് തീരുമാനിച്ചു. സ്കര്‍വി ബാധിച്ച പന്ത്രണ്ട് നാവികരെ അദ്ദേഹം ആറ് ഗ്രൂപ്പുകളായി തിരിച്ചു. എല്ലാവർക്കും ഒരേ ഭക്ഷണമാണ് കൊടുത്തത്. കൂടാതെ എല്ലാ ഗ്രൂപ്പുകള്‍ക്കും പരീക്ഷണാര്‍ഥം ഓറഞ്ചും ചെരുനാരങ്ങയും കടല്‍ ജലവും വിനാഗിരിയുമൊക്കെ ഉള്‍പ്പെടുടെ വെവ്വേറെ വസ്തുക്കള്‍ നല്കി.
ചെറുനാരങ്ങ ഉപയോഗിച്ച ഗ്രൂപ്പില്‍ മാത്രമാണ് അസുഖം മാറിയത്. വിനാഗരി അടക്കം മറ്റുള്ള അമ്ലദ്രവ്യങ്ങള്‍ നല്കിയ ഗ്രൂപ്പുകളില്‍ രോഗത്തിന് ഒരു മാറ്റവും ഉണ്ടായില്ല. ഒരുപാട് ചോദ്യങ്ങളാണ് ലിന്‍ഡിന്‍റെ മനസ്സില്‍ ഇതവശേഷിപ്പിച്ചത്. ചെറുനാരങ്ങ ഉപയോഗിച്ചാല്‍ സ്കര്‍വി മാറുന്നുവെന്ന നാട്ടറിവ് ശരിയാണ്. അതാവട്ടെ, അമ്ലദ്രവ്യമായതിനാലല്ല. വൈറ്റമിനുകള്‍ കണ്ടെത്താത്ത അന്ന് ഇക്കാര്യത്തില്‍ ശരിയായ ഒരു നിഗമനത്തിലെത്താന്‍ ലിന്‍ഡിനായില്ലെങ്കിലും അദ്ദേഹം ചരിത്രത്തിലിടം നേടി.
ജലയാത്രയ്ക്കിടയില്‍ മറ്റൊരു യാത്രക്കാരക്കാരനായിക്കൊണ്ട് കണ്‍ട്രോള്‍ഡ് ട്രയല്‍ വൈദ്യശാസ്ത്രപരീക്ഷണത്തിലെ ആദ്യപഥികന്‍.
'സാറെന്താ ഇവിടെ?', അനുശ്രീ ഡോക്ടറാണ് ചോദിക്കുന്നത് .
'യൂണിറ്റിലേക്കാവശ്യമുള്ള ഫെയ്സ് ഷീല്‍ഡ് ഇന്‍റന്‍റ് ചെയ്യാന്‍ വന്നതാണ്',
'അതുമനസ്സിലായി; ഞാനും അതിനാണല്ലോ വന്നത്. ഈ ചില്ലുജനാലയ്ക്കരികില്‍ എന്താണ് പണിയെന്നാണ് ഞാന്‍ ചോദിച്ചത്'
'അഞ്ചാമത്തെ നിലയില്‍ നിന്നുള്ള തെരുവിന്‍റെ കാഴ്ച കണ്ടില്ലേ? കൊറോണക്കാലത്ത് യാത്ര വിലക്കപ്പെട്ട കനിയാണല്ലോയെന്നാലോചിച്ചതാണ്'
'ഞാന്‍ കരുതി വല്ല ഹലാല്‍ ചിക്കന്‍റെയും ബോര്‍ഡ് നോക്കി വെള്ളമൊപ്പിക്കുകയാണെന്ന്'
'ചിക്കനല്ല, അതിനെക്കാള്‍ വെള്ളമൂറുന്ന സാധനം; ആ പച്ചക്കറിക്കടയില്‍ അടുക്കിവെച്ചിരിക്കുന്ന ചെറുനാരങ്ങ'
'അതുകണ്ട സാറ് യൂണിവേഴ്സിറ്റി കാന്‍റീനിലെ ലെമണ്‍ ടീയിലേക്ക് യാത്ര ചെയ്തു, അല്ലേ?'
'ഡോക്ടര്‍ക്കെന്താ ടെലിപ്പതി അറിയുമോ?'
'സാറിനെ എനിക്കറിയില്ലേ; ഇതൊക്കെ കണ്ടെത്താനായില്ലെങ്കില്‍ ദൈവമെന്തിനാണ് നല്ലൊരു തലച്ചോറ് തന്നത്?'...
Keywords:
Athijeevanam Malayalam Novel, Indrajith, Corona, Covid 19, Survival, Pandemic, Homo sapiens, Controlled Trial.