നിയമസഭ തെരെഞ്ഞടുപ്പ്: ലീഗിൽ പുതിയ ഫോർമുല ഉരുത്തിരിഞ്ഞു; എൻ എ നെല്ലിക്കുന്ന് മഞ്ചേശ്വരത്തും ടി ഇ അബ്ദുല്ല കാസർകോട്ടും സ്ഥാനാർത്ഥിയാകാൻ സാധ്യത; പാർടി ഒറ്റക്കെട്ടായി നീങ്ങാൻ നേതൃയോഗത്തിൽ തീരുമാനം
Jan 10, 2021, 19:14 IST
കാസർകോട്: (www.kasarogdvartha.com 10.01.2021) നിയമസഭ തെരെഞ്ഞടുപ്പ് സ്ഥാനാർത്ഥി ചർച്ചകൾ മുസ്ലീം ലീഗിൽ ആരംഭിച്ചിരിക്കെ പാർടിയിൽ പുതിയ ഫോർമുല ഉരുത്തിരിഞ്ഞു. എൻ എ നെല്ലിക്കുന്നിനെ മഞ്ചേശ്വരത്തും ലീഗ് ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ലയെ കാസർകോട്ടും സ്ഥാനാർത്ഥിയാകാൻ സാധ്യതയേറി.
യു ഡി എഫിന് ഭരണം ലഭിച്ചാൽ എൻ എ നെല്ലിക്കുന്നിനെ ജില്ലയിൽ നിന്നുള്ള മന്ത്രിയാക്കുമെന്നും വ്യക്തമായി കഴിഞ്ഞു. രണ്ട് തവണ മത്സരിച്ച് എം എൽ എ ആയ എൻ എ മത്സര രംഗത്ത് നിന്നും ഒഴിവാക്കിയാൽ അംഗീകരിക്കുമെന്ന നിലപാടിലായിരുന്നു. എന്നാൽ ബി ജെ പി ശക്തമായ വെല്ലുവിളി ഉയർത്തുന്ന മഞ്ചേശ്വരത്ത് എൻ എ യെ പോലെ കരുത്തനായ നേതാവിനെ തന്നെ മത്സരിപ്പിക്കണമെന്നാണ് പാർടിയുടെ നിലപാട് എന്നറിയുന്നു.
ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ മത്സരിക്കാൻ സാധ്യതയുണ്ടെങ്കിൽ പോലും എൻ എ ഒത്ത പോരാളിയായിരിക്കുമെന്നാണ് വിലയിരുത്തൽ. കാലേകൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനായിരിക്കും ലീഗിൻ്റെ തീരുമാനം. ജില്ലാ നേതൃത്വത്തിൻ്റെ കൂടി നിലപാടിഞ്ഞ ശേഷം സംസ്ഥാന കമ്മിറ്റി കൂടി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളായിരിക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക.
അതേസമയം കഴിഞ്ഞ ദിവസം കാസർകോട് സിറ്റി ടവറിൽ ചേർന്ന പാർടി ജില്ലാ നേതൃയോഗത്തിൽ പാർടിയെ ശക്തിപ്പെടുത്താനും ഒറ്റക്കെട്ടായി മുന്നോട്ട് പോകാനും തീരുമാനിച്ചു. നേതാക്കൾക്കിടയിലെ പോരും തൊഴുത്തിൽ കുത്തും മുന്നണി സംവിധാനത്തിലെ ഐക്യമില്ലായ്മയും കെട്ടുറപ്പില്ലാത്തതുമയുമാണ് തദ്ദേശ തിരെഞ്ഞെടുപ്പിൽ പലയിടത്തും പാർടിക്ക് തിരിച്ചടി ഉണ്ടാകാൻ കാരണമെന്ന് നേതൃയോഗത്തിൽ സ്വയം വിമർശനമുണ്ടായി.
എസ് ഡി പി ഐ, പി ഡി പി, വെൽഫെയർ പാർടി തുടങ്ങിയ സംഘടനകൾ ലീഗിൻ്റെ വോട്ട് ചോർത്തുന്നത് തടയാനുള്ള തന്ത്രങ്ങളും, യുവാക്കൾക്കിടയിലെ തീവ്രനിലപാടുകളിലേക്കുള്ള ഒഴുക്ക് തടയുക എന്നതും ഇതുമൂലം ഉണ്ടാകാനിടയുള്ള ദുരന്തം അവരെ പറഞ്ഞ് ബോധ്യപ്പെടുത്തുക എന്നതുമുൾപെടെയുള്ള വലിയ വെല്ലുവിളികൾ ഏറ്റെടുക്കാനാണ് പാർടി യോഗത്തിലുണ്ടായ തീരുമാനം.
ലീഗുമായി അകന്ന് നിർക്കുന്നവരെ അടുപ്പിക്കാനും സോഷ്യൽ മീഡിയ വഴി ലീഗിൻ്റെ രാഷ്ട്രീയ നിലപാടുകൾ ജനങ്ങളിലെത്തിക്കാനുമുള്ള ശ്രമങ്ങളും ഉണ്ടാകും. പി എം എ സലാം, അബ്ദുർ റഹ് മാൻ കല്ലായി എന്നീ സംസ്ഥാന നേതാക്കളാണ് നേതൃയോഗത്തിൽ കാര്യങ്ങൾ വിശദീകരിച്ചത്.
Keywords: Kerala, News, Kasaragod, N.A.Nellikunnu, Manjeshwaram, Muslim-league, Election, T.E Abdulla, Politics, Top-Headlines, Assembly elections: NA Nellikunnu likely to contest in Manjeswaram and TE Abdullah in Kasargod.
< !- START disable copy paste -->