city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നോഹയുടെ പ്രവചനം

നോവല്‍: അതിജീവനം/ ഇന്ദ്രജിത്ത്
(അധ്യായം നാല്)

(www.kasargodvartha.com 10.07.2020) ഇത്തവണ നോഹ പേടകമുണ്ടാക്കിയില്ല; എങ്കിലും പ്രവചനം നടത്തി. ബനൂ ഇസ്രാഈലിന്റെ തിരുമൊഴിയായ ഹീബ്രുവിലാണത് ആദ്യം വെളിവായത്; പിന്നീട് മൊഴിമാറ്റങ്ങളുണ്ടായി. അതിനിടയില്‍ സാത്താന്‍ പണിയൊപ്പിച്ചോ? കണ്‍ഫൗണ്ടര്‍, തേഡ് വേരിയബ്ള്‍, എക്‌സ്ട്രീനിയസ് വേരിയബ്ള്‍ - പ്രവചനത്തിനിടയില്‍ പിശാച് പല രൂപത്തില്‍ വരാമല്ലോ. തകര്‍ന്നത് ഹോമോ ഡിയസിനെക്കുറിച്ചുള്ള മനക്കോട്ടകളാണ്. ഇനിയിപ്പോള്‍ നോഹയുടെ പ്രവചനം തിരുത്താനായി പുതിയ പ്രവാചകന്മാര്‍ അവതരിക്കുമോയെന്നറിയില്ല. വിജനമായ വന്‍കരകള്‍. നോവല്‍ കൊറോണയെത്താത്ത മഞ്ഞുപുതച്ച ഗ്രീന്‍ലാന്റിലെ എസ്‌കിമേകളില്‍ കൊളംബസും അമരിഗോ വെസ്പൂച്ചിയുമൊക്കെ ജനിക്കുന്നു. അവര്‍ വന്‍കരകളിലേക്ക് കവിഞ്ഞൊഴുകുന്നു. സഹസ്രാബ്ദങ്ങള്‍ കൊണ്ട് അവര്‍ നാഗരികതകള്‍ കെട്ടിപ്പടുക്കുന്നു.

അവര്‍ക്കിടയിലെ ഡാര്‍വിനുമാര്‍ ബീഗിളുകളില്‍ സഞ്ചരിക്കുമോയെന്നറിയില്ല. അന്നത്തെ സ്പില്‍ബര്‍ഗുമാര്‍ നമ്മുടെ കഥ പറയുന്ന ജുറാസിക് പാര്‍ക്കുകള്‍ നിര്‍മ്മിച്ചേക്കാം. അവരായിരിക്കുമോ ശരിക്കും ഹോമോ ഡിയസ്? ഹോമോയും ഇറക്ടസും സാപ്പിയന്‍സും ഡിയസുമൊക്കെ അവരുടെ മനസ്സില്‍ വരണമെങ്കില്‍ ലാറ്റിനുമായി ബന്ധം വേണ്ടേ ? ഇന്യൂട്ട്, യുപ്പിക്, അലൗട്ട് ഭാഷകളിലേതെങ്കിലുമാവാം അവരുടെ ടാക്‌സോണമിയുടെ അടിസ്ഥാനവാങ്മയം. അവരുടെ നാമകരണപദ്ധതി ബൈനോമിയല്‍ തന്നെയാവണമെന്നില്ല. ട്രൈനോമിയലോ ക്വാഡ്രിനോമിയലോ ഒക്കെയാവാം.

ഉച്ചഭക്ഷണത്തിനുശേഷം അലമാരകള്‍ വാരിവലിച്ചിട്ട് വൃത്തിയാക്കാനൊരുങ്ങിയതായിരുന്നു. വീട് എന്നത് കയറിക്കിടക്കാനുള്ള ഒരിടം മാത്രമായിട്ട് കാലമേറെയായി. ലൈബ്രറിയും ഓഫീസ് റൂമുമൊക്കെ വീടുണ്ടാക്കുമ്പോള്‍ പ്രത്യേകമായി  ഒരുക്കിയിരുന്നുവെങ്കിലും അവയെല്ലാം തിരിഞ്ഞുനോക്കാതെ പൊടിപിടിച്ചുകിടക്കുകയായിരുന്നു.  കടലാസ്സുകളില്‍ നിന്ന് ഡെസ്‌ക്ടോപ്പിലേക്കും ഡെസ്‌ക്ടോപ്പില്‍ നിന്ന് ലാപ്‌ടോപ്പിലേക്കും ലാപ്‌ടോപ്പില്‍ നിന്ന് ആന്‍ഡ്രോയ്ഡ് ഫോണിലേക്കും ജീവിതം മാറിയപ്പോള്‍ സൗകര്യങ്ങളാണോ അസൗകര്യങ്ങളാണോ വര്‍ധിച്ചതെന്നറിയില്ല. ജീവിതം അക്ഷരാര്‍ത്ഥത്തില്‍ മൊബൈല്‍ ആയി മാറിയപ്പോള്‍ വീട് അധികപ്പറ്റാവുകയായിരുന്നു. നോവല്‍ കൊറോണയും ലോക്ക്‌ഡൌണും എല്ലാം മാറ്റിമറിച്ചുവെങ്കിലും വൈദ്യം പഠിപ്പിക്കുന്നവര്‍ക്ക് പരക്കം പാച്ചില്‍ വര്‍ധിച്ചുവെന്നതാണ് യാഥാര്‍ഥ്യം. ആശുപത്രിയില്‍ പോവണം. യു.ജി. പി.ജി വിദ്യാര്‍ഥികളുടെ സിനോപ്‌സിസും ഡിസര്‍ട്ടേഷനുമൊക്കെ ശരിയാക്കിക്കൊടുക്കണം. വിദ്യാര്‍ഥികള്‍ക്ക് ഒഴിവാണെങ്കിലും അവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നടത്തണം.
നോഹയുടെ പ്രവചനം

അലമാരകള്‍ വൃത്തിയാക്കണമെന്ന് തോന്നിയിട്ട് മൂന്നുനാല് ദിവസമായി. ഇന്നത്തെ സാഹചര്യത്തില്‍ പുറത്തിനിന്നുള്ള സെര്‍വന്റ്‌സിനെ ആശ്രയിക്കാനാവില്ല. അടുക്കിവെക്കുന്നതിനിടയില്‍ ഏതെങ്കിലും കടലാസ്സിലോ പുസ്തകത്തിലോ കണ്ണുടയ്ക്കും. ഒന്ന് വായിച്ചുകഴിയുമ്പോള്‍ അടുത്തത് കൈയില്‍ കിട്ടും. അങ്ങനെ പണി നീണ്ടുപോകും. ആരോഗ്യസര്‍വകലാശാലയിലെ റിസര്‍ച്ച് മെഥഡോളജി ആന്റ്  ബയോസ്റ്റാറ്റിസ്റ്റിക്‌സ്, ഹിസ്റ്ററി ഓഫ് മെഡിസിന്‍ ആന്റ് ഹെല്‍ത്ത് ഹ്യുമാനിറ്റീസ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളുടെ നോട്ടുകള്‍ അലങ്കോലമായി കിടക്കുകയായിരുന്നു. ഉച്ചയൂണിനുശേഷം അവ അടുക്കിവെക്കാനിരുന്നതായിരുന്നു. പെട്ടെന്നാണ് പുതിയ അതിഥിയായ ഹോമോ ഡിയസില്‍ കൌതുകം തോന്നിയത്. യൂവല്‍ നോഹ് ഹരാരിയുടെ ഏറെ ജനപ്രിയമായി മാറിയ സാപ്പിയന്‍സിനുശേഷം ഇറങ്ങിയ പുസ്തകം. ഉച്ചഭക്ഷണത്തിനുശേഷമായതിനാല്‍ തന്നെ കണ്ണുകളില്‍ ഉറക്കം നൃത്തം ചെയ്യുന്നുണ്ടായിരുന്നു. സാപ്പിയന്‍സ് പോലെ ഹോമോ ഡിയസും ആദ്യമിറങ്ങിയത് ഹീബ്രുവിലാണ്. ഹീബ്രുഭാഷയെക്കുറിച്ച് ചിന്തിക്കുമ്പോഴോക്കെ ചരിത്രവും ഐതിഹ്യങ്ങളും കൂടിക്കുഴഞ്ഞുകിടക്കുന്ന ഏതൊക്കെയോ  ഊടുവഴികളിലൂടെ മനസ്സ് സഞ്ചരിക്കും. ഇത്തവണ യൂവല്‍ നോഹ് ഹരാരിയുടെ പേര് ആ സഞ്ചാരത്തിന് വേഗത കൂട്ടി. ഉറക്കം കണ്ണുകളെ തഴുകിയപ്പോള്‍ എവിടെയോ വെച്ച് ചിന്തയും കിനാവും അതിര്‍ത്തി പങ്കിടുകയായിരുന്നു.

വികസിതമായ മസ്തിഷ്‌കം ഇതരജീവികളില്‍ നിന്ന് വ്യത്യസ്തമായി ഒരുപാട് ഉത്കണ്ഠകള്‍ മനുഷ്യന് സമ്മാനിച്ചു. അനുഭവങ്ങളില്‍ നിന്ന് അനുമാനങ്ങളിലെത്തിച്ചേരാനുള്ള കഴിവ് ഭൂതത്തെയും വര്‍ത്തമാനത്തെയും വിശകലനം ചെയ്തുകൊണ്ട് ഭാവി എന്തായിരിക്കുമെന്നൂഹിക്കാന്‍ അവനെ പ്രാപ്തനാക്കി. അങ്ങനെയുണ്ടായ ഉത്കണ്ഠകളില്‍ മരണഭീതിയാണ് മുന്നിട്ടുനിന്നത്. അതിനെ നേരിട്ടത് പല വഴികളിലൂടെയാണ്. ഒരു കൂട്ടര്‍ ഈ ജീവിതത്തിന് തുടര്‍ച്ചയുണ്ടെന്ന തത്ത്വചിന്താപരമായ നിഗമനങ്ങളില്‍ അഭിരമിച്ചു. പരലോകം, പുനര്‍ജന്മം തുടങ്ങിയ ആശയങ്ങള്‍  ഇങ്ങനെയുണ്ടായി. മറ്റൊരു കൂട്ടര്‍ ഈ ജീവിതത്തിന്റെ തന്നെ ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് സ്വപ്നങ്ങള്‍ നെയ്തു. ഈ സ്വപ്നം സഫലമാക്കാനായി പലരും യത്‌നിച്ചപ്പോള്‍ വൈദ്യശാസ്ത്രമുണ്ടായി.

ചില ആയുര്‍വേദഗ്രന്ഥങ്ങളിലെ ഒന്നാമത്തെ അധ്യായത്തിന്റെ ആയുഷ്‌കാമീയം, ദീര്‍ഘഞ്ജീവിതീയം തുടങ്ങിയ പേരുകള്‍ ഈ സ്വപ്നത്തെ പ്രതിനിധാനം ചെയ്യുന്നു. ദേവന്മാരെയും അമൃതിനെയുമൊക്കെ കുറിച്ചുള്ള കഥകളില്‍  പക്ഷേ മരണത്തെ മറികടക്കാന്‍ മനുഷ്യന് ഇതുവരെ കഴിഞ്ഞിട്ടില്ല. എങ്കിലും രോഗങ്ങളില്‍ പലതിനെയും കീഴടക്കാനായെന്ന് അവന്‍ ഊറ്റം കൊണ്ടു.എന്നാല്‍ നാഗരികജന്യവും ജീവിതശൈലീജന്യവും ഇയാട്രോജെനിക്കുമായ  അസുഖങ്ങളുടെ ബാഹുല്യം ഈ ഊറ്റം കൊള്ളലിന്റെ തിളക്കം കെടുത്താന്‍ പര്യാപ്തമായിരുന്നു. ആധുനികതയില്‍ നിന്ന് ഉത്തരാധുനികതയിലെത്തുമ്പോള്‍ പല പല കാഴ്ചപ്പാടുകളിലുമുണ്ടായ ഇവ സംഭാവന ചെയ്ത വിഹ്വലതകളുടെ ഫലമായിരുന്നു.എങ്കിലും ചില വൃത്തങ്ങള്‍ നല്ലൊരളവില്‍  ശുഭാപ്തിവിശ്വാസം  വെച്ചുപുലര്‍ത്തി. ആയുഷ്‌കാമീയവും  ദീര്‍ഘഞ്ജീവിതീയവുമൊക്കെ പുതിയ തലക്കെട്ടുകളില്‍ പുനര്‍ജനിച്ചു. ചിലര്‍ ടീലോമിയറുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ മനുഷ്യന്റെ അമരത്വത്തിലേക്ക് നയിക്കുമെന്ന് സ്വപ്നം കണ്ടു. മരണത്തെ അതിജയിച്ച ഹോമോ ഡിയസിനെക്കുറിച്ചുള്ള യൂവല്‍ നോഹ് ഹരാരിയുടെ പ്രവചനം ശാസ്ത്രീയമായ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ളത് തന്നെയായിരുന്നു. തീര്‍ച്ചയായും  പ്രവചനാത്മകമാണ് സയന്‍സ്.ചില വേരിയബിളുകളുടെ ഇതുവരെയുള്ള പരിവര്‍ത്തനങ്ങളുടെ ഗതിയുടെ അടിസ്ഥാനത്തില്‍ ഇനി എന്താകുമെന്ന് പ്രവചിക്കുന്ന കല. ഇവിടെ കണ്ണില്‍ പെടാത്ത വേരിയബിളുകള്‍ ഉണ്ടാവാം. കണ്‍ഫൌണ്ടര്‍ എന്ന പ്രതിഭാസമുണ്ടാവാം.   

ഈ പാന്‍ഡെമിക് കാലം ഒരു  പ്രാക്ടിക്കലാണോയെന്ന ചോദ്യം കാതില്‍ മുഴങ്ങാന്‍ തുടങ്ങിയത് ഓണ്‍ലൈന്‍ ക്ലാസ്സുകളെക്കുറിച്ചുള്ള നിര്‍ദേശം ആരോഗ്യസര്‍വകലാശാലയില്‍ നിന്ന് ഇ-മെയിലായി വന്നത് പ്രിന്‍സിപ്പാള്‍ ഫോര്‍വേഡ് ചെയ്തതു കണ്ടപ്പോഴാണ്. പെട്ടെന്നൊന്നും ഇതില്‍ നിന്ന് രക്ഷപ്പെടാനാവില്ലെന്ന് ആളുകള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. അതുകൊണ്ടുതന്നെ പുതിയ സാഹചര്യം നേരിടുന്നതിനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നത്.
'ഇവിടത്തെ നമ്മുടെ തലമുറയ്ക്ക് പാന്‍ഡെമിക്കിനെക്കുറിച്ച് പ്രായോഗികമായ അറിവില്ല'.
സുനീഷ് ഇതുപറയുമ്പോള്‍ പഠിതാക്കളായി ഗവണ്മെന്റ മെഡിക്കല്‍ കോളേജുകളില്‍ നിന്ന് വിരമിച്ചതിനുശേഷം സ്വാശ്രയ മെഡിക്കല്‍ കോളേജുകജുകളില്‍ ആധ്യാപനത്തിലേര്‍പ്പെട്ട രണ്ടുമൂന്നുപേരുണ്ടായിരുന്നു.  സാറിനെക്കാള്‍ പ്രായമുളള അവരെയും ഉള്‍പ്പെടുത്തിക്കൊണ്ടുതന്നെയാണ് നമ്മുടെ തലമുറയെന്നു പറഞ്ഞത്. നമ്മുടെ നാട്ടില്‍ ഇന്ന് ജീവിച്ചിരിക്കുന്നവര്‍ക്ക് പാന്‍ഡെമിക് അനുഭവങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയില്ലെന്നത് വാസ്തവമാണ്. ഗസ്റ്റ് ഫാക്കല്‍റ്റിയായി വന്ന ആയുര്‍വേദ കോളേജ് പ്രൊഫസര്‍ ആ വൈദ്യസമ്പ്രദായത്തിലെ ക്ലാസ്സിക്കല്‍ ഗ്രന്ഥങ്ങളിലെ പ്രദിപാദ്യവിഷയങ്ങളെക്കുറിച്ച് ക്ലാസ്സെടുത്തതിനുശേഷമായിരുന്നു സുനീഷ് സാറിന്റെ ക്ലാസ്സ് തുടങ്ങിയത്. ബൃഹത്ത്രയി എന്ന കാറ്റഗറിയിലുള്‍പ്പെടുന്ന ക്ലാസ്സിക്കല്‍ ആയുര്‍വേദഗ്രന്ഥങ്ങളുടെ ഇന്‍ഡക്‌സ് എന്ന നിലയിലുള്ള ക്ലാസ്സ് ആയുര്‍വേദകോളേജുകളില്‍ നിന്നുള്ളവര്‍ക്ക് ബോറായിരുന്നുവെങ്കിലും ബാക്കിയുള്ളവര്‍ ശ്രദ്ധാപൂര്‍വം കേട്ടു. സുനീഷ് സാര്‍ തന്റെ ഊഴത്തിന് മുമ്പുതന്നെ സ്ഥലത്തെത്തിയിരുന്നതിനാല്‍ ആയുര്‍വേദ കോളേജ് പ്രൊഫസറുടെ ക്ലാസ്സില്‍ ശ്രോതാവായി കയറിയിരുന്നു. പ്രൊഫസര്‍, ക്ലാസ്സിനിടയില്‍ പറഞ്ഞ ജനപദോധ്വംസനീയത്തെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു സുനീഷ് സാര്‍ ക്ലാസ്സ് തുടങ്ങിയത്. ജനപദം എന്നാല്‍ നഗരം അല്ലെങ്കില്‍ പട്ടണം; ഗ്രാമവുമാകാം.

ജനപദങ്ങളെ അപ്പടി തുടച്ചുനീക്കുന്ന മഹാമാരികള്‍. ഈ ജനപദത്തിലെ ജനത്തെ യവനഭാഷയില്‍ ഡെമോസ് എന്നുവിളിക്കുന്നു. ഒരു ജനപദത്തില്‍ അങ്ങുമിങ്ങും ഏറിയും കുറഞ്ഞും നില്ക്കുന്ന വ്യാധികളാണ് എന്‍ഡെമിക്. പുറത്തുനിന്നോ അജ്ഞാതകാരണത്താലോ വന്നുഭവിക്കുന്ന വ്യാധി എപിഡെമിക് ആണ്. ജനപദങ്ങളുടെ അതിര്‍ത്തികള്‍ ഭേദിച്ചുകൊണ്ട് ലോകത്തിന് മൊത്തത്തില്‍ ഭീഷണിയാവുന്ന വ്യാധിയാണ് പാന്‍ഡെമിക്.

എന്‍ഡെമിക്, എപ്പിഡെമിക്, പാന്‍ഡെമിക് എന്നിങ്ങനെയുള്ള കൃത്യമായ നിര്‍വചനങ്ങള്‍ പില്ക്കാലത്തുണ്ടായതാവാം. ആദ്യകാലത്ത് ഒന്നേ ഉണ്ടായിരുന്നിരിക്കാന്‍ സാധ്യതയുള്ളൂ. അതുതന്നെയാവാം ജനപദോധ്വംസനീയമെന്ന പേരില്‍ ആയുര്‍വേദത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. നിര്‍വചനത്തിന്റെ  കൃത്യതയെക്കാള്‍ അനുഭവത്തിന്റെ തീക്ഷ്ണതയാണ് ജനപദോധ്വംസകവ്യാധിയെന്ന നാമകരണത്തിലുള്ളത്. ഇന്ന് നോവല്‍ കൊറോണയുടെ കാര്യത്തില്‍ വുഹാന്‍ നഗരമെന്നതുപോലെ ചരിത്രത്തിലെ തന്നെ ജനപദോധ്വംകവ്യാധികളുടെ പ്രധാനപ്പെട്ട ഉദാഹരണങ്ങളും ചൈനയില്‍ നിന്നാണ്. ഇന്നേക്ക് അയ്യായിരം കൊല്ലം മുമ്പ് മഹാമാരികള്‍ തുടച്ചു നീക്കിയ രണ്ട് ചൈനീസ് ജനപദങ്ങളൊണ് ഹാമിന്‍ മാങ്ഹയും മിയാവോസിഗോവുവും. പലപ്പോഴും ചരിത്രത്തിന്റെ സംക്രമണഘട്ടങ്ങളായി തന്നെ മഹാമാരികള്‍ മാറിയിട്ടുണ്ട്.

പാന്‍ഡെമിക് എന്നതുപോലെ പാന്‍-ഇപ്പോക്ക് എന്ന ഒരു പദമുണ്ടെങ്കില്‍ അത് പ്ലേഗിന് അവകാശപ്പെട്ടതാവാം. പല കാലഘട്ടങ്ങളില്‍ ജീവിച്ച മനുഷ്യരുടെ പേടിസ്വപ്നമായിരുന്നു അത്. സി.ഇ രണ്ടാം ശതകത്തിലെ അന്റോണൈന്‍ പ്ലേഗ്, മൂന്നാം ശതകത്തിലെ സൈപ്രിയന്‍ പ്ലേഗ്, ആറാം നൂറ്റാണ്ടിലെ ജസ്റ്റീനിയന്റെ പ്ലേഗ്, പതിമൂന്നാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ താണ്ഡവമാടിയ ബ്ലാക്ക് ഡെത്ത്, പതിനാറാം നൂറ്റാണ്ടിലെ അമേരിക്കന്‍ പ്ലേഗ്, പതിനേഴാം നൂറ്റാണ്ടിലെ ലണ്ടന്‍ ഗ്രെയ്റ്റ് പ്ലേഗ്, പതിനെട്ടാം നൂറ്റാണ്ടിലെ റഷ്യന്‍ പ്ലേഗ്   തുടങ്ങിയവ അക്കൂട്ടത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു. യെല്ലോ ഫീവര്‍, ഫ്‌ലു, കോളറ. വസൂരി തുടങ്ങിയവയും ചരിത്രത്തിലെ പേടിസ്വപ്നങ്ങളായിരുന്നു.

മഹാമാരികള്‍ പേടിസ്വപ്നങ്ങളാവുന്നത് പല വിധത്തിലാണ്. തുടക്കത്തില്‍ എന്താണ് കാരണമെന്നറിയണമെന്നില്ല. ശാസ്ത്ര-സാങ്കേതികവിദ്യകള്‍ ഇത്രയധികം വളര്‍ന്നിട്ടും കോവിഡിനുമുമ്പില്‍ അമേരിക്ക മുട്ടുമടക്കുകയാണ്. ചൈന, വുഹാന്‍ നഗരത്തില്‍ ആദ്യം പകച്ചുനിന്നു. എന്നാല്‍ ഇതിനെക്കാള്‍ ഭീകരമായിരുന്നു ഒരു നൂറ്റാണ്ട് മുമ്പത്തെ അവസ്ഥ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒന്നാം പകുതി രണ്ടാം പകുതിയുമായി സന്ധിച്ച ഒന്നര പതിറ്റാണ്ടുകാലത്ത് പല രാജ്യങ്ങളിലുമായി കോളറ ആഞ്ഞടിക്കുമ്പോള്‍ മയാസ്മ എന്ന ദുഷിച്ച വായു കൊടുണ്ടാകുന്ന രോഗമാണ് അതെന്നായിരുന്നു ധാരണ. ആയിരത്തി എണ്ണൂറ്റി അന്‍പത്തിനാലില്‍ ലണ്ടനിലെ ബ്രോഡ് സ്ട്രീറ്റില്‍ രോഗം ആഞ്ഞടിച്ചപ്പോഴാണ് ജലത്തിലൂടെയാണ് അത് പകരുന്നതെന്ന കണ്ടുപിടിത്തത്തിലേക്ക് നയിച്ച ജോണ്‍ സ്‌നോവിന്റെ അന്വേഷണമുണ്ടായത്. വിവിധ ഭാഗങ്ങളില്‍ രോഗത്തിന്റെ തീക്ഷണതയിലുണ്ടായ വ്യത്യാസം മയാസ്മ സിദ്ധാന്തത്തെ പുറംതള്ളാന്‍ പര്യാപ്തമായിരുന്നു. രോഗം പരക്കുന്നതിന് കാരണമായ പൊതുജലവിതരണസംവിധാനത്തിലെ പ്രശ്‌നം അദ്ദേഹം കണ്ടെത്തിയതോടെ ശാസ്ത്രം ഒരടി മുന്നോട്ടുകുതിക്കുകയായിരുന്നു. വാട്ടര്‍ പമ്പിലൂടെയുള്ള രോഗവ്യാപനം കണ്ടെത്തിയ ജോണ്‍ സ്‌നോവിന്റെ സ്മാരകമായി സ്ഥാപിച്ചതും വാട്ടര്‍ പമ്പ് തന്നെയാണ്. 

ഇരുപതാം നൂറ്റാണ്ടിലെ മഹാമാരികളില്‍ അമേരിക്കന്‍ പോളിയോ എപ്പിഡെമിക്, സ്പാനിഷ് ഫ്‌ലൂ, ഏഷ്യന്‍ ഫ്‌ലൂ എന്നിവ പ്രാധാന്യമര്‍ഹിക്കുന്നു. സ്പാനിഷ് ഫ്‌ലൂ കെട്ടടങ്ങിയതിന്റെ ഒരു നൂറ്റാണ്ട് തികയുന്ന വേളയിലാണ് നോവല്‍ കൊറോണ തലപൊക്കിയിരിക്കുന്നത്. മാരകമായ മഹാമാരികള്‍ ഈ തലമുറയുടെ അനുഭവപരിധിക്ക് പുറത്താണെന്ന പ്രസ്താവനയില്‍ അതിശയോക്തിയില്ല. സുനീഷ് സാറിന്റെ പാന്‍ഡെമിക് ക്ലാസ്സില്‍ പോക്കര്‍ ഓര്‍ത്തത് ചെറുപ്പത്തില്‍ കണ്ട ഒരു ഫോട്ടോ ആണ്. പെങ്ങളുടെ കൂടെ  വീട്ടിനുപുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഉമ്മ എന്തോ ആവശ്യത്തിന്  തൊട്ടടുത്ത വീട്ടില്‍ പോയതാണ്. ജ്യേഷ്ഠന്മാര്‍ സാധനങ്ങള്‍ വാങ്ങാനായി  മാര്‍ക്കറ്റില്‍ പോയതായിരുന്നുവെന്ന് തോന്നുന്നു. വൃത്തിയില്‍ വസ്ത്രം ധരിച്ച, അച്ചടിഭാഷ സംസാരിക്കുന്ന, ഒറ്റനോട്ടത്തില്‍ തന്നെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെന്ന് തോന്നിക്കുന്ന, രണ്ടുപേര്‍ വീട്ടില്‍ വന്നു. അവരില്‍ ഒരാള്‍ പുരുഷനും ഒരാള്‍ സ്ത്രീയുമായിരുന്നു. വീട്ടില്‍ മുതിര്‍ന്നവര്‍ ആരുമില്ലെന്നറിഞ്ഞതിനുശേഷം എന്തൊക്കെയോ അവര്‍ പരസ്പരം സംസാരിച്ചു. അതിനുശേഷം കുട്ടികള്‍ക്ക് ചിത്രം കാണിക്കാമല്ലേയെന്ന് ഒരാള്‍ മറ്റേയാളോട് പറയുകയും സ്ത്രീ തന്റെ കൈയിലെ ഫയല്‍ ഫോള്‍ഡറില്‍ നിന്ന് ഒരു പോട്ടോ എടുത്ത് കാണിച്ചു.

ഈ ഫോട്ടോയില്‍ കാണുന്നതുപോലുള്ളയാളെ എവിടെയെങ്കിലും കണ്ടാല്‍ കാണിച്ചുകൊടുക്കണമെന്നും പറഞ്ഞു. അന്ന് സ്‌കൂളില്‍ ചേര്‍ന്നിരുന്നില്ല. അയല്‍വീട്ടിലെ ജാനകിയും കൌസല്യയും വൈകുന്നേരം സ്‌കൂള്‍ വിട്ടതിനുശേഷം കളിക്കാനായി വന്നപ്പോള്‍ പറഞ്ഞു, അവരുടെ സ്‌കൂളിലും ചിത്രം കാണിച്ചിരുന്നുവെന്നും സമ്മാനത്തെക്കുറിച്ച് പറഞ്ഞിരുന്നുവെന്നും. പതിറ്റാണ്ടുകള്‍ കഴിഞ്ഞ് വൈദ്യം പഠിക്കാന്‍ തുടങ്ങിയപ്പോഴാണ് പോക്കറിന് മനസ്സിലായത്, വസൂരി നിര്‍മാര്‍ജനത്തിന്റെ ഭാഗമായി ആയിരത്തി തൊള്ളായിരത്തി എഴുപത്തിയഞ്ചില്‍ നടപ്പിലാക്കിയ ടാര്‍ഗറ്റ് സീറോ ഓപ്പറേഷന്റെ ഭാഗമായിട്ടായിരുന്നു ആ ഫോട്ടോ കാണിക്കലെന്ന്. രണ്ടുവര്‍ഷം മുമ്പ്  പശ്ചിമബംഗാളില്  വസൂരി പടര്‍ന്നുപിടിച്ചിരുന്നു. അതാവട്ടെ ലോകത്ത് പ്രസ്തുതരോഗത്തിനെതിരെയുള്ള വാക്‌സിന്‍ നിലനില്ക്കുമ്പോഴായിരുന്നു. ശ്രീമതി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കേന്ദ്രഭരകൂടം അവസരത്തിനൊത്തിയരുകയും ലോകാരോഗ്യസംഘടനയുടെ സഹായത്തോടെ ടാര്‍ഗറ്റ് സീറോ ഓപ്പറേഷന്‍ നടപ്പിലാക്കുകയും ചെയ്തു. അഞ്ചുവര്‍ഷത്തിനുള്ളില്‍ ലോകം മുഴുവനായി വസൂരി നിര്‍മാര്‍ജനം ചെയ്യപ്പെട്ടതായി പ്രഖ്യാപിച്ചു.

പിന്നീടുവന്ന വ്യാധികള്‍ നമ്മുടെ നാട്ടില്‍ വലിയ ഭീതി സൃഷ്ടിച്ചില്ല. ആയിരത്തിതൊള്ളായിരത്തി എണ്‍പത്തിയൊന്നുമുതല്‍ എയ്ഡ്‌സ് നിലനില്ക്കുന്നുണ്ടെങ്കിലും അത് പകരുന്ന മാര്‍ഗങ്ങള്‍ അടച്ചുകൊണ്ട് മുന്‍കരുതലുകള്‍ എടുക്കാന്‍ ബുദ്ധിമുട്ടില്ലായിരുന്നു. ഡിസ്‌പോസബിള്‍ സിറിഞ്ചും കോണ്ടത്തിന്റെ ഗര്‍ഭനിരോധനത്തിനുവേണ്ടിയല്ലാതെയുള്ള ഉപയോഗവുമൊക്കെ ഇത്തരം മുന്‍കരുതലുകളില്‍ ഉള്‍പ്പെടുന്നു.    എച്ച് വണ്‍ എന്‍ വണ്‍ സ്വയിന്‍ ഫ്‌ലൂവും  ഇബോളയും സിക്കയുമൊക്കെ വന്നുവെങ്കിലും നാം സംഭീതരായില്ല. നോവല്‍ കൊറോണ ഭീകരമാവുന്നത് പിടിപെട്ടവര്‍ക്ക് മരണം  ഉറപ്പാണെന്നതുകൊണ്ടല്ല; മുന്‍കരുതലുകളിലെ ബുദ്ധിമുട്ടുകൊണ്ടാണ്. രോഗലക്ഷണങ്ങളെല്ലാം മറ്റുള്ള നിസ്സാരരോഗങ്ങള്‍ക്കുമുള്ളത് കൊണ്ടുതന്നെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. ശ്വാസകോശവുമായി ബന്ധപ്പെട്ട അസുഖമായതിനാല്‍ തന്നെ പകരുന്ന മാര്‍ഗങ്ങളടയ്ക്കാന്‍ ബുദ്ധിമുട്ടാണ്.

സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ നോട്ടുകള്‍ക്കും ഹോമോ ഡയസിനുമിടയില്‍ മനസ്സ് ആടിക്കളിക്കുന്നതിനിടയിലാണ് മൊബൈല്‍ ഫോണില്‍ കിഡ്‌സ് കാര്‍ട്ടൂണുകള്‍ കാണുകയായിരുന്ന കുട്ടി അതുമായി തിരിച്ചുവന്നത്. ഫോണ്‍ റിംഗ് ചെയ്യുന്നു; ആരുടെയോ കോള്‍ ആണ്. എടുത്തുനോക്കിയപ്പോള്‍ നാട്ടില്‍ നിന്ന് കുഞ്ഞമ്പു. ബിരുദാനന്തരബിരുദധാരിയായ കുഞ്ഞമ്പു പരിസ്ഥിതി പ്രവര്‍ത്തകനാണ്. ചിലപ്പോഴൊക്കെ ഉത്തരാധുനികാശയങ്ങളോട് ശക്തമായ അഭിനിവേശം കാണിക്കാറുണ്ട്.

ഫോണില്‍ കുഞ്ഞമ്പുവുമായി കുറേയധികം സംസാരിച്ചു. ആള്‍,  ലാബില്‍ നിന്ന് പുറത്തുചാടിയ ജൈവായുധമാണ് കൊറോണയെന്ന അഭിപ്രായം ശക്തമായി പുലര്‍ത്തുന്ന വ്യക്തിയായതിനാല്‍ തന്നെ ആ രീതിയിലാണ് സംസാരം മുന്നേറിയത്. ഇക്കാര്യത്തിലും പരിസ്ഥിതി-പ്രകൃതിജീവനസിദ്ധാന്തക്കാര്‍ രണ്ടുതട്ടിലാണ്. കുഞ്ഞമ്പു പഴയ നക്‌സലൈറ്റായിരുന്നു. അതുകൊണ്ടുതന്നെ സാമ്രാജ്യത്വവിരുദ്ധമായ വാര്‍ത്തകള്‍ക്കാണ് പ്രാധാന്യം നല്കുക. എന്നാല്‍ പ്രകൃതിജീവനം ജീവിതദര്‍ശനമായി സ്വീകരിച്ച മറ്റൊരു കൂട്ടര്‍ കാട്ടുപന്നി സിദ്ധാന്തത്തെ സ്വന്തമായ രീതിയില്‍ വ്യാഖ്യാനിക്കുന്നവരാണ്. വുഹാന്‍ മാര്‍ക്കറ്റിലെ ഇറച്ചിക്കടയില്‍ വേട്ടയാടിക്കൊണ്ടുവന്ന കാട്ടുപന്നിയില്‍ നിന്നാണ് നോവല്‍ കൊറോണ പടര്‍ന്നത് എന്ന കാഴ്ചപ്പാടിനാണല്ലോ പ്രാമുഖ്യം. വ്യഭിചാരികള്‍ക്കും സ്വവര്‍ഗഭോഗികള്‍ക്കും ദൈവം നല്കിയ ശിക്ഷയാണ് എയ്ഡ് മുമ്പ് സദാചാരവാദികള്‍ വാദിച്ചിരുന്നതുപോലെ മാംസഭോജികള്‍ക്ക് ദൈവം നല്കിയ ശിക്ഷയാണിതെന്ന് ഇവരിലെ തീവ്രവാദികള്‍ പ്രചരിപ്പിക്കുന്നു.

ജൈവായുധസിദ്ധാന്തക്കാര്‍ പൊക്കിപ്പിടിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. പടര്‍ന്നുപിടിക്കാനുള്ള കൊറോണയുടെ കഴിവ് ആരോ കൃത്യമായി ആസൂത്രം ചെയ്തതുപോലെയാണ്.  പക്ഷേ   വന്നത് ബയോ-വെപ്പണ്‍ ലാബില്‍ നിന്നാണോ കാട്ടുപന്നിയില്‍ നിന്നാണോയെന്നത് ഇപ്പോള്‍ വലിയ ചര്‍ച്ചയാക്കേണ്ട ഒന്നല്ല. രണ്ടായാലും ഭീഷണി തന്നെയാണ്. പായക്കപ്പലില്‍ നടുക്കടലില്‍ വെച്ച് ഓട്ടയിലൂടെ വെള്ളം കയറാന്‍ തുടങ്ങിയാല്‍ ആ ഓട്ട എങ്ങനെയുണ്ടായി എന്നതിനെക്കുറിച്ച് തര്‍ക്കിക്കുകയല്ല, എത്രയും പെട്ടെന്ന് അതടയ്ക്കുകയാണ് വേണ്ടത്. നോവല്‍ കൊറോണ വൈറസിന് പിന്നെയും മ്യൂട്ടേഷന്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്ന സംശയവും അസ്ഥാനത്തല്ല.
ഇവിടെ ചരിത്രം ആവര്‍ത്തിക്കുകയാണോയ്യെന്നറിയില്ല. അഗ്‌നിവേശനോ ചരകനോ ആരായാലും ദീര്‍ഘഞ്ജീവിതീയത്തെക്കുറിച്ച് പറഞ്ഞിട്ട് രണ്ടുസഹസ്രാബ്ദമായി. അതേ സ്വപ്നങ്ങള്‍ പേരുമാറി  ടീലോമിയര്‍ ഗവേഷണങ്ങളിലുള്ള അമിതപ്രതീക്ഷയും  ഹോമോ ഡിയസുമൊക്കെയാവുമ്പോഴും ബാക്ടീരിയയും വൈറസ്സുമെല്ലാം മ്യൂട്ടേഷനിലൂടെ അവയെ തകര്‍ക്കാനൊരുങ്ങുകയാണോയെന്നത് ഒരു ചോദ്യമാണ്.
                                                       
* ഇന്യൂട്ട്, യുപ്പിക്, അലൗട്ട്- എസ്‌കിമോ വിഭാഗക്കാരുടെ പ്രധാനപ്പെട്ട ഭാഷകള്‍

സര്‍വൈവല്‍ ഓഫ് ദ ഫിറ്റെസ്റ്റ്
 (അധ്യായം ഒന്ന്)

പാവ് ലോവിന്റെ പട്ടി   (അധ്യായം രണ്ട്്)

പാന്‍ഡെമിക് പാനിക്കുകള്‍(അധ്യായം  മൂന്ന്‌ )

Keywords:  Athijeevanam, Malayalam Novel, Indrajith, Corana, Covid 19, Noah, Prophecy, Yuval Noah Harari, Sapiens, Homo Deus, Noha's prediction

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia