city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹൈടെക് റോഡിനായി കുഴിച്ച കിളിയളം-കമ്മാടം റോഡ് ഒറ്റമഴയില്‍ ചെളിക്കുളമായി; കാല്‍നട യാത്ര പോലും ദുസ്സഹം

നീലേശ്വരം: (www.kasargodvartha.com 05.06.2020) ഹൈടെക് റോഡിനായി കുഴിച്ച കിളിയളം-കമ്മാടം റോഡ് ഒറ്റമഴയില്‍ ചെളിക്കുളമായതോടെ കാല്‍നട യാത്ര പോലും ദുസ്സഹമായി പ്രദേശവാസികള്‍ ദുരിതത്തിലായി. കിഫ്ബി ഫണ്ടില്‍ നിന്ന് 28 കോടി ചിലവിട്ടാണ് ഹൈടെക് റോഡുണ്ടാക്കുന്നത്. മഴയ്ക്ക് തൊട്ടുമുമ്പ് പഴയ ടാറിംഗ് ഭാഗം വെട്ടിപ്പൊളിച്ചതിന് ശേഷം പ്രവൃത്തി നടക്കാത്തതിനാല്‍ ഇനി എന്ന് ഇതുവഴി ഗതാഗതം സാധ്യമാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. കുഴമ്പുരൂപത്തിലുള്ള ചളി രൂപപ്പെട്ടതിനെ തുടര്‍ന്ന് വാഹനങ്ങള്‍ക്കും ഇതുവഴി കടന്നുപോകാനാവാത്ത സ്ഥിതിയാണ.്

2016-17 കിഫ്ബി പദ്ധതിയില്‍പെടുത്തിയാണ് അഞ്ച് കോടി പാലത്തിനും 23 കോടി റോഡിനുമായി നീക്കിവച്ചത്. 2019 ജൂണ്‍ ഒമ്പതിന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരനാണ് പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. നേരത്തെയുള്ള വീതികുറഞ്ഞ റോഡിലേക്ക് ഇരുവശത്തുനിന്നും മണ്ണ് ഇടിച്ചിടുകയും ചിലയിടങ്ങളില്‍ അരിക് കെട്ടുകയും മാത്രമാണ് ഇതുവരെയായി നടന്നത്. കള്‍വര്‍ട്ടുകളുടെ നിര്‍മ്മാണവും പാതിയില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

കിളിയളം മുതല്‍ വരഞ്ഞൂര്‍ വരെയുള്ള ഭാഗത്താണ് അപകടകരമായ രീതിയില്‍ റോഡ് വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നത്. കിളിയളം, ചാങ്ങാട്, പുതുക്കുന്ന്, വട്ടക്കല്ല്, ചേടിക്കുണ്ട്, കിഴക്കനൊടി, വരഞ്ഞൂര്‍ എന്നിവിടങ്ങളിലെല്ലാം മണ്ണിടിച്ചിലുണ്ടാകുന്ന തരത്തിലാണ് പ്രവൃത്തി നിര്‍ത്തിവച്ചിരിക്കുന്നത്. രണ്ട് സ്വകാര്യബസുകള്‍ സര്‍വീസ് നടത്തിയിരുന്ന റോഡില്‍ ഓട്ടോകള്‍ക്ക് പോലും സര്‍വീസ് നടത്താന്‍ സാധിക്കാത്ത അവസ്ഥയാണ്. ഇരുചക്രവാഹനങ്ങള്‍ തെന്നിവീണ് നിരവധി പേര്‍ ഇതിനകം അപകടത്തില്‍പെട്ടു. ചാറ്റല്‍മഴ പെയ്താല്‍ പോലും യാത്രചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ്. അസുഖബാധിതരെ കൊണ്ടുപോകുന്നതിനും പുറമേയ്ക്ക് ജോലിയ്ക്ക് പോകുന്നതിനും സാധിക്കാത്ത അവസ്ഥയാണ് മിക്കയിടത്തും.

കരാര്‍ ജോലി ഏറ്റെടുത്ത സ്വകാര്യകമ്പനി ഗൗരവമില്ലായ്മയാണ് പ്രവൃത്തി ഇഴയുന്നതിന് പിന്നിലെന്നാണ് നാട്ടുകാരുടെ ആരോപണം. തുടക്കം തൊട്ട് പ്രവൃത്തി ഒച്ചിഴയുംപോലെയാണ് പ്രവൃത്തി. ഇക്കാര്യത്തില്‍ കാര്യമായ ഇടപെടല്‍ നടത്താന്‍ ജനപ്രതിനിധികള്‍ക്ക് സാധിച്ചിട്ടുമില്ല. ഇടയ്ക്ക് നിര്‍ത്തിവച്ച പ്രവൃത്തി ലോക്ക് ഡൗണിന് തൊട്ടുമുമ്പാണ് പുനരാരംഭിച്ചത്. ലോക്ക് ഡൗണ്‍ ഇളവ് പ്രഖ്യാപിച്ചപ്പോഴും നിര്‍മ്മാണത്തിന് വേഗത വര്‍ദ്ധിപ്പിക്കാനും കരാറുകാര്‍ തയ്യാറായില്ല.
ഹൈടെക് റോഡിനായി കുഴിച്ച കിളിയളം-കമ്മാടം റോഡ് ഒറ്റമഴയില്‍ ചെളിക്കുളമായി; കാല്‍നട യാത്ര പോലും ദുസ്സഹം

അതേസമയം റോഡ് മാന്തിപ്പൊളിച്ചതിനെ തുടര്‍ന്ന് ഇതുവഴിയുള്ള വൈദ്യുതിപോസ്റ്റുകള്‍ ബലം നഷ്ടപ്പെട്ട് ഏതുസമയത്തും നിലംപതിക്കാറായ നിലയിലാണ്. പോസ്റ്റുകള്‍ മാറ്റിസ്ഥാപിക്കാന്‍ നമ്പറിട്ടിട്ടുണ്ടെങ്കിലും ഇതിനായി തുക കെട്ടിവെക്കാന്‍ പ്രത്യേകം ഫണ്ടില്ലാത്തതിനാല്‍ ഇതുവരെ കെ.എസ്.ഇ.ബി തയ്യാറായിട്ടില്ല. ചുറ്റുമുള്ള മണ്ണ് നീക്കിയതിനെ തുടര്‍ന്ന് ബലം നഷ്ടപ്പെട്ടാണ് മിക്ക പോസ്റ്റുകളുമുള്ളത്. റോഡ് തുടങ്ങുന്ന കിളിയളത്തിനടുത്തുള്ള ചാങ്ങാട്ടില്‍ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥിതി ചെയ്യുന്നിടത്താണ് വലിയതോതില്‍ വെള്ളം ഒഴുകിയെത്തുന്നത്. ട്രാന്‍സ്‌ഫോര്‍മറിന്റെ താഴെ ഭാഗത്തുള്ള ഫ്യൂസിലേക്ക് രാത്രികാലങ്ങളിലോ മറ്റോ വെള്ളം കയറിയാല്‍ ഇതുവഴി വരുന്ന യാത്രക്കാര്‍ അപകടത്തില്‍പെടാനുള്ള സാധ്യതയേറെയാണെന്ന് നാട്ടുകാര്‍ പറയുന്നു.



Keywords: Kasaragod, Neeleswaram, Kerala, News, Road, Kiliyadam-Kammadam road in bad condition

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia