city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹിമാലയത്തെ ലക്ഷ്യമാക്കി പറക്കുന്ന കാസര്‍കോട്ടെ ബുള്ളറ്റ് റാണി

കാസര്‍കോട്: (www.kasargodvartha.com 06.07.2016)   ഹിമാലയത്തിലേക്ക് പറക്കുന്ന കാസര്‍കോട്ടുകാരിയായ ബുള്ളറ്റ് റാണിയുടെ സാഹസികത ആരെയും അമ്പരപ്പിക്കുന്നതാണ്. ലോകത്തിലെ ഉയരംകൂടിയ പാതയിലൊന്നായ ഹിമാലയത്തിലെ കര്‍ദുംഗ് ലായിയിലേക്കാണ് കാസര്‍കോട് ഇരിയണ്ണി സ്വദേശിനിയായ  പി.എന്‍. സൗമ്യ  ബുള്ളറ്റില്‍ സാഹസിക യാത്ര നടത്തുന്നത്. റോയല്‍ എന്‍ഫീല്‍ഡ് കമ്പനി പെണ്‍കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന സാഹസിക യാത്രയിലാണ് സൗമ്യ പങ്കെടുക്കുന്നത്. വാഹനസവാരി ഈ പെണ്‍കുട്ടിക്ക് ഹരമുള്ള കാര്യമാണ്. സ്‌കൂളിലേക്ക് സൈക്കിളിലായിരുന്നു സൗമ്യ യാത്ര ചെയ്തിരുന്നത്. അല്‍പം മുതിര്‍ന്നപ്പോള്‍ യാത്ര സൈക്കിളില്‍ നിന്നും സ്‌കൂട്ടറിലേക്ക് മാറി. പിന്നീട് മംഗളൂരുവിലെ കോളജ് പഠനകാലത്ത് യാത്ര ബുള്ളറ്റിലാക്കുകയായിരുന്നു.

വിവാഹം കഴിക്കുമ്പോള്‍ പോലും സൗമ്യക്കുണ്ടായിരുന്ന ഏക ഡിമാന്റ്  ബുള്ളറ്റ് ഓടിക്കാനറിയാവുന്ന ആള്‍ ആയിരിക്കണം തന്റെ ഭര്‍ത്താവെന്നാണ്.  ബുള്ളറ്റ്  ഓടിക്കാനറിയുന്ന തിരുവല്ല സ്വദേശിയും മംഗളുരുവില്‍ താമസക്കാരനുമായ വിപിന്‍ ഗോപനാണ് സൗമ്യയെ വിവാഹം കഴിച്ചത്. വിപിന്‍ ഇപ്പോള്‍ തിരുവനന്തപുരത്ത് സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ്. ഇരിയണ്ണി സ്‌നേഹാലയത്തിലെ കെ.വി. നാരായണന്റെയും എസ് സവി പങ്കജത്തിന്റെയും മകളായ  സൗമ്യ  ബംഗളൂരുവില്‍ ഐ.ടി കമ്പനിയില്‍ ജോലി ചെയ്യുമ്പോഴാണ് റോയല്‍ എന്‍ഫീല്‍ഡ് കമ്പനി പെണ്‍കുട്ടികളുടെ ബൈക്ക് യാത്ര ഹിമാലയന്‍ ഒഡീസി സംഘടിപ്പിക്കുന്ന വിവരം അറിഞ്ഞത്.

എന്നാല്‍ ഇതിനുവേണ്ട അവധി കമ്പനി നിഷേധിച്ചതോടെ സൗമ്യ ജോലി തന്നെ രാജിവെക്കുകയായിരുന്നു. ഇപ്പോള്‍ ബംഗളുരുവിലെ ഐ ടി കമ്പനികളില്‍ ജോലിക്ക് ശ്രമിച്ച് കൊണ്ടിരിക്കുകയാണ് സൗമ്യ.   ഉയരത്തിലുള്ള റോഡുവഴിയുള്ള അപകടകരമായ സാഹസികയാത്ര പുരുഷന്മാര്‍ക്കുവേണ്ടി മാത്രമാണ് ഇതുവരെ സംഘടിപ്പിച്ചത്. പുരുഷന്മാരുടെ കൂടെ പെണ്‍കുട്ടികളെ അയക്കുമായിരുന്നു. ഇത്തവണ വനിതാ റൈഡര്‍ മഹാരാഷ്ട്രക്കാരി ഉഷാ പാറ്റോളിന്റെ നേതൃത്വത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള 12 പെണ്‍കുട്ടികള്‍ സാഹസികയാത്രക്ക് തുടക്കമിടുകയായിരുന്നു. ഈ സംഘത്തിലെ ഒരേയൊരു മലയാളിയാണ് കാസര്‍കോട്ടുകാരിയായ സൗമ്യ.

പെണ്‍കുട്ടികളുടെ ആദ്യ മോട്ടോര്‍ സൈക്കിള്‍ കഌായ ബൈക്കേര്‍ണിയില്‍ അംഗമായ സൗമ്യ അതുവഴിയാണ് ഹിമാലയം ഒഡീസിയിലേക്ക് എത്തിയത്. ജൂലൈ ഒമ്പതിന് ഡല്‍ഹിയില്‍ നിന്നാണ് സാഹസികയാത്രക്ക് തുടക്കം കുറിക്കുന്നത്.  18 ദിവസത്തെ യാത്രയാണ് ഉദ്ദേശിക്കുന്നത്.  ഡല്‍ഹി, മണാലി, ലേ, ലഡാക്ക്, ഏറ്റവും ഒടുവില്‍ സമുദ്രനിരപ്പില്‍ നിന്നും18380 അടി ഉയരത്തിലെ കര്‍ദുംഗ്‌ലാ റോഡില്‍ എത്തിച്ചേരും. അഞ്ചു മണിക്കൂര്‍ അവിടെ തങ്ങും. ഓക്‌സിജന്‍ കുറവായതിനാല്‍ അവിടെ കൂടുതല്‍ തങ്ങാന്‍ കഴിയില്ല. ജൂലൈയില്‍ സൈന്യം ഈ റോഡ് തുറന്നുകൊടുക്കും.മഴയും ഉരുള്‍പൊട്ടലുമൊക്കെയുള്ള സ്ഥലമാണിതെങ്കിലും തനിക്കതൊന്നും ഒരു പ്രശ്‌നമല്ലെന്നാണ് സൗമ്യ പറയുന്നത്.

ഹിമാലയത്തെ ലക്ഷ്യമാക്കി പറക്കുന്ന കാസര്‍കോട്ടെ ബുള്ളറ്റ് റാണി

Keywords: Kasaragod, Bike, Student, Adventure, Himalaya, Odisa, Iriyanni, Maharashtra, World, Girl, Delhi, Bullet, Soumya,The Bullet Queen of Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia