city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പുതുമന ഗോവിന്ദന്‍ നമ്പൂതിരി- തിടമ്പുനൃത്തരംഗത്തെ അദ്ഭുത പ്രതിഭ

(www.kasargodvartha.com 01/06/2015)   കേരളത്തിലെ നാടന്‍ കലാരംഗത്തെ ഇതിഹാസം എന്ന വിശേഷണത്തിന് ഏറ്റവും അര്‍ഹതയുള്ള കലാകാരന്മാരില്‍ ഒരാളാണ് പുതുമന ഗോവിന്ദന്‍ നമ്പൂതിരി. തിടമ്പ് നൃത്തത്തെ അതുല്യപ്രതിഭ കൂടിയാണിദ്ദേഹം. തിടമ്പ്‌നൃത്തം എന്ന കലാരൂപത്തിനു വേണ്ടി സ്വജീവിതത്തിന്റെ ഓരോ നിമിഷവും അദ്ദേഹം സമര്‍പ്പിക്കുന്നു. കഴിഞ്ഞ നാല്‍പതിലേറെ വര്‍ഷങ്ങളായി തിടമ്പു നൃത്തരംഗത്ത് അദ്ദേഹം നല്‍കിവരുന്ന നിസ്തുലമായ പ്രവര്‍ത്തനങ്ങളെ മാനിച്ച് ഇപ്പോള്‍ കേരള സംഗീത നാടക അക്കാദമി അതിന്റെ ഏറ്റവും ശ്രേഷ്ഠമായ പുരസ്‌കാരം നല്‍കി ആദരിച്ചിരിക്കുകയാണ്. മന്ത്രി വി.എസ് ശിവകുമാറാണ് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ അദ്ദേഹത്തിന് ഈ അപൂര്‍വബഹുമതി നല്‍കിയത്.

ഉത്തരകേരളത്തിലെ മഹത്തായ കലാപാരമ്പര്യങ്ങളില്‍ ഒന്നാണ് ക്ഷേത്ര നാടന്‍ അഭ്യാസ നൃത്തരൂപമായ തിടമ്പ് നൃത്തം. പുരാതനമായ ഈ കലാരൂപത്തിന് 700 വര്‍ഷത്തെ പഴക്കമുണ്ട്. പുഷ്പങ്ങള്‍ കൊണ്ടും, പുഷ്പഹാരങ്ങള്‍കൊണ്ടും സ്വര്‍ണാഭരണങ്ങള്‍ കൊണ്ടും അലംകൃതമായ വിഗ്രഹ പ്രതീകം ശിരസിലേന്തി വാദ്യമേളത്തിന്റെ അകമ്പടിയോടു കൂടി താളാനുസൃതമായി കാല്‍ച്ചുവടുകള്‍വച്ചാണ് തിടമ്പ് നൃത്തം അവതരിപ്പിക്കുന്നത്.

ശില്‍പ ഭംഗിയുള്ള തിടമ്പ് (വിഗ്രഹ പ്രതീകം) ശിരസില്‍ അലംകൃതമായ ഉഷ്ണിപീഠത്തിനു മുകളില്‍ (തലപ്പാവിന് മുകളില്‍) വെയ്ക്കുന്നു. ഉരുട്ട് ചെണ്ടകള്‍, വലംതല (താളച്ചെണ്ട), കൊമ്പ്, കുഴല്‍, ഇലത്താളം എന്നീ വാദ്യോപകരണങ്ങളിലൂടെയാണ് നൃത്തത്തിനു നാദവിസ്മയം ഒരുക്കുന്നത്. തകിലടി, അടന്ത, ചെമ്പട, പഞ്ചാരി എന്നിങ്ങനെ നാല് താളവട്ടങ്ങളില്‍ നാല് കാലങ്ങളിലാണ് നൃത്താവതരണം. മന്ദഗതിയില്‍ ആരംഭിച്ചു ദ്രുതഗതിയില്‍ ആണിത്. ഒരു താളവട്ടം കൊട്ടിക്കഴിഞ്ഞാല്‍ വൃത്താകൃതിയില്‍ ചുവടു വെച്ചുള്ള കലാശം കഴിഞ്ഞാണ് അടുത്ത താളവട്ടം ആരംഭിക്കുന്നത്. സാവധാനത്തിലുള്ള ചുവടു വെച്ചാണ് ഒന്നാമത്തെ കാലം. നാലാം കാലത്തില്‍ എത്തുമ്പോഴേക്കും നൃത്തം മൂര്‍ധന്യതയില്‍ എത്തും. തിടമ്പ് നൃത്തം രണ്ടു മണിക്കൂര്‍ നീണ്ടു നില്‍ക്കും.

'തിടമ്പ് നൃത്തം' എന്ന കലാരൂപത്തിന് വേണ്ടി സ്വജീവിതം സമര്‍പ്പിച്ച് ഇപ്പോഴും ഈ രംഗത്ത് സജീവമായി തുടരുന്ന കലാകാരനാണ് പുതുമന ഗോവിന്ദന്‍ നമ്പൂതിരി. ഈ കലാരൂപത്തിന് വേണ്ടി ഒട്ടേറെ ത്യാഗങ്ങളും പ്രയാസങ്ങളും നേരിട്ട കലാകാരനാണ്. അദ്ദേഹം തിടമ്പുനൃത്തം അവതരിപ്പിക്കുന്ന ഓരോ ക്ഷേത്രത്തിലെയും ദേവീദേവന്മാരുടെ പ്രത്യേകതകള്‍ തിടമ്പുനൃത്തത്തിലൂടെ വ്യക്തമായി ദര്‍ശിക്കാനാവും എന്നത് അദ്ദേഹത്തിന്റെ തിടമ്പുനൃത്താവതരണത്തിന്റെ മാത്രം സവിശേഷതയാണ്.

തിടമ്പ് നൃത്തത്തെ ഒരു ക്ഷേത്രകലയായി വളര്‍ത്തിയെടുത്തതില്‍ അദ്ദേഹം നിര്‍ണായക പങ്കു വഹിക്കുകയും, ഈ കലാരൂപത്തിന് വേണ്ടി ഒട്ടേറെ പ്രയത്‌നങ്ങള്‍ ചെയ്യുകയും ത്യാഗങ്ങള്‍ സഹിക്കുകയും ചെയ്തിട്ടുണ്ട്. നിത്യസാധകത്തിലൂടെയും പൂര്‍ണ സമര്‍പ്പണത്തിലൂടെയും ഈ കലാരൂപത്തിന് വേണ്ടി സ്വജീവിതം ഉഴിഞ്ഞു വെച്ച പ്രഗല്‍ഭമതിയാണ് അദ്ദേഹം. കഴിഞ്ഞ നാല്‍പ്പതോളം വര്‍ഷങ്ങളായി മലബാറിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും തിടമ്പ് നൃത്തം അവതരിപ്പിച്ചിട്ടുണ്ട് അദ്ദേഹം.

ക്ഷേത്രങ്ങളിലെ അസാമാന്യവും അഭൂതപൂര്‍വവുമായ നൃത്തപ്രകടനങ്ങള്‍ക്ക് അസംഖ്യം അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. ഇതിലൂടെ ജനസഹസ്രങ്ങളുടെ പ്രശംസയും അദ്ദേഹം നേടിയിട്ടുണ്ട്. ക്ഷേത്രമുറ്റങ്ങളിലെ ഓരോ അരങ്ങുകളിലും പുതുമയാര്‍ന്ന നൃത്തച്ചുവടുകള്‍ ആവിഷ്‌കരിച്ച് അദ്ദേഹം ശ്രദ്ധ നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നൃത്തച്ചുവടുകള്‍ക്കനുസൃതമായി പുതിയ താളങ്ങളും രൂപപ്പെട്ടിട്ടുണ്ട്.

കേവലം ഒരു ക്ഷേത്ര അനുഷ്ഠാനം എന്ന നിലയില്‍ അന്യം നിന്ന് പോയേക്കാവുന്ന അവസ്ഥയില്‍ നിന്ന് തിടമ്പ് നൃത്തത്തെ പുനരുജ്ജീവിപ്പിച്ചത് ഗോവിന്ദന്‍ നമ്പൂതിരിയാണ്. തികച്ചും അനുഷ്ഠാന സ്വഭാവത്തോട് കൂടി എല്ലാ വര്‍ഷവും ക്ഷേത്രമതില്‍ക്കെട്ടിനകത്ത് ശുഷ്‌കമായ സദസിനു മുന്നില്‍ അര്‍ധ രാത്രിയോടടുപ്പിച്ച സമയത്ത് നടക്കുന്ന ഒരു ചെറിയ ചടങ്ങായിരുന്നു 'തിടമ്പ് നൃത്തം'. ഗോവിന്ദന്‍ നമ്പൂതിരിയുടെ എത്രയോ വര്‍ഷത്തെ പരിശ്രമഫലമായി ഇതിലെ കലാപരമായ അംശത്തെ കൂടുതല്‍ വിപുലീകരിച്ച് അന്യം നിന്ന് പോകാതെ ഇന്നത്തെ നിലയില്‍ ജനകീയമാകാന്‍ സാധിച്ചു.

സ്വന്തമായി വികസിപ്പിച്ചെടുത്ത ചുവടുകളും നൃത്തശൈലികളും താളങ്ങളുമായി സമന്വയിപ്പിച്ച് അദ്ദേഹം പൊതുജനങ്ങള്‍ക്ക് ആകര്‍ഷകവും അവിസ്മരണീയവുമായ ഒരു കലാനുഭവം ആക്കി മാറ്റി. ഓരോ പുതിയ അരങ്ങുകളിലും പുതുമയാര്‍ന്ന നൃത്തച്ചുവടുകള്‍ ആവിഷ്‌ക്കരിച്ച് വിസ്മയിപ്പിക്കുവാനുള്ള അസാമാന്യ കഴിവ് അദ്ദേഹത്തിന്റെ മാത്രം പ്രത്യേകതയാണ്.

തിടമ്പുനൃത്ത കലാരൂപത്തിന്റെ തനിമ നിലനിര്‍ത്താന്‍ എല്ലായ്‌പ്പോഴും ശ്രദ്ധിച്ച നൃത്ത വിദഗ്ധനാണ്  പുതുമന ഗോവിന്ദന്‍ നമ്പൂതിരി. മറ്റ് ശാസ്ത്രീയ നൃത്തരൂപങ്ങളെ അമിതമായി അനുകരിക്കുകയും ആ വേഷവിധാനങ്ങളും ചുവടുകളും തിടമ്പുനൃത്താവതരണത്തെ സ്വാധീനിക്കുകയും ചെയ്താല്‍ ഈ പവിത്രമായ കലാരൂപത്തിന്റെ മഹത്വമാണ് ഇല്ലാതാകുന്നതെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്.

ദൃശ്യമാധ്യമങ്ങളുമായുള്ള പല അഭിമുഖങ്ങളിലും അദ്ദേഹം ഇതാവര്‍ത്തിച്ചു. ഇത് പല വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ടെങ്കിലും ഇതുവരെ ആ അഭിപ്രായം തിരുത്താന്‍ അദ്ദേഹം തയ്യാറായിട്ടില്ല.

കേരള നാടന്‍ കലാരംഗത്തെ ഈ അതുല്യപ്രതിഭയെ കേരള സംഗീത നാടക അക്കാദമി അംഗീകാരം നല്‍കി ആദരിച്ചതിലൂടെ തിടമ്പ് നൃത്തത്തെയും അദ്ദേഹത്തിന്റെ സ്വദേശമായ കാസര്‍കോടിനെയുമാണ് ബഹുമാനിച്ചിരിക്കുന്നത്.

-കെ.കെ

പുതുമന ഗോവിന്ദന്‍ നമ്പൂതിരി- തിടമ്പുനൃത്തരംഗത്തെ അദ്ഭുത പ്രതിഭ

പുതുമന ഗോവിന്ദന്‍ നമ്പൂതിരി- തിടമ്പുനൃത്തരംഗത്തെ അദ്ഭുത പ്രതിഭ


Keywords :  Kasaragod, Article, Award,  Puthumana Govindan Namboothiri, Thidamb. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia