city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചുവന്ന ഇരുപത് രൂപാനോട്ട്

നടന്നു വന്ന വഴി (ഭാഗം 81) / കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 05.12.2018) ക്കഴിഞ്ഞ ദിവസം ബസ് യാത്രയില്‍ ടിക്കറ്റിന് ഇരുപത് രൂപാനോട്ട് എടുത്ത് കണ്ടക്ടര്‍ക്ക് നല്‍കുമ്പോള്‍ എന്റെ മനസ്സിലേക്ക് അമ്പത്‌കൊല്ലം മുമ്പ് എനിക്കു കിട്ടിയ ചുവന്ന ഇരുപത് രൂപാനോട്ടിനെക്കുറിച്ച് ഓര്‍ത്തുപോയി. 1968ല്‍ കാസര്‍കോട് ഗവ. കോളജിലെ വിദ്യാര്‍ത്ഥി ജിവിതത്തെക്കുറിച്ചുള്ള ചിത്രങ്ങള്‍ ഓരോന്നായി മനസ്സിലേക്ക് കടന്നു വന്നു.

കരിവെള്ളൂര്‍ ഗവ. ഹൈസ്‌കുളില്‍ നിന്ന് എസ്എസ്എല്‍സി പാസായ ശേഷം പ്രീഡിഗ്രിക്ക് പയ്യന്നൂര്‍ കോളജില്‍ ചേരാതെ അകലെയുള്ള കാസര്‍കോട് ഗവ. കോളജില്‍ ചേര്‍ന്ന കാര്യമോര്‍ക്കുമ്പോള്‍ വിഷമം തോന്നാറുണ്ട്. വളരെ ചുരുങ്ങിയ ചെലവില്‍ വീട്ടില്‍ നിന്ന് പോയി വരാനുള്ള സൗകര്യമുണ്ടായിട്ടുകൂടി എന്തിനാണ് വളരെ അകലെയുള്ള കോളജില്‍ ചേര്‍ന്നു എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്.
ചുവന്ന ഇരുപത് രൂപാനോട്ട്

മാറിത്താമസിക്കുകയും, പുതിയൊരു പ്രദേശവുമായി പരിചയപ്പെട്ടുകയും ചെയ്യുന്നത് കുടുതല്‍ അനുഭവ സമ്പത്തുണ്ടാകാന്‍ ഇടയാക്കുമെന്ന് രക്ഷിതാക്കള്‍ കരുതിയിരിക്കും. പയ്യന്നൂരിലേത് അടുത്തകാലത്ത് തുടങ്ങിയത് കൊണ്ട് പഴയ പാരമ്പര്യമുള്ള കോളജിലാവട്ടെയെന്നും ചിലപ്പോള്‍ കരുതിയിട്ടുണ്ടാവാം.

കോളജ് ജിവിതം അടിപൊളിയായിരുന്നു. ഞങ്ങള്‍ നാട്ടുകാരായ നാലഞ്ചുപേര്‍ ലോഡ്ജ് വാടകക്കെടുത്തു താമസമാരംഭിച്ചു. കോളജ് സ്ഥിതിചെയ്യുന്ന വിദ്യാനഗറില്‍ നിന്ന് കുറച്ചകലെയുള്ള 'കുളിയന്‍' ലോഡ്ജിലായിരുന്നു ഞങ്ങളുടെ താമസം.

ഇനി ചുവന്ന ഇരുപത് രൂപ നോട്ടിലേക്കു വരാം. രണ്ടു വര്‍ഷക്കാലം ആഴ്ചതോറും ഇരുപത് രൂപയ്ക്കാണ് എന്റെ ജീവിതം മുന്നോട്ട് പോയത്. ആഴ്ചതോറും വീട്ടിലേക്ക് വരും. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക്  അമ്മാവന്റെ കടയിലെത്തണം. അദ്ദേഹമാണ് ഇരുപത് രൂപ കയ്യില്‍ തരിക. ആ ഇരുപത് രൂപ തിരിച്ചും മറിച്ചും ഞാന്‍ നോക്കും. പോക്കറ്റിലിട്ട് നേരെ ബസ് സ്‌റ്റോപ്പിലേക്കു നടക്കും.

അന്നത്തെ ഇരുപത് രൂപയുടെ വില ഓര്‍ക്കുമ്പോള്‍ വളരെ ശ്രദ്ധിച്ചേ ചെലവിടൂ. അമ്മാവന്റെ കടയിലെ ഒരു ദിവസത്തെ ആകെ വരുമാനമായിരിക്കാമത്. കച്ചവടം കുറവായ ദിവസമാണെങ്കില്‍ ഇരുപത് രൂപ തരുമ്പോള്‍ അമ്മാവന്റെ മുഖത്ത് വേണ്ടത്ര പ്രസന്നത ഉണ്ടാവില്ല. എങ്കിലും കോജജില്‍ ചേര്‍ത്തത് അമ്മാവനാണ്. വേണ്ടുന്നതെല്ലാം ചെയ്തുതരാമെന്ന് ഉറപ്പു പറഞ്ഞതും അമ്മാവനാണ്.

കോളജിലേക്ക് ഡ്രസ്സും മറ്റും കൊണ്ടുപോകുന്നതിന് ആദ്യമായി വാങ്ങിച്ചു തന്ന ബേഗ് ഇപ്പോഴും ഓര്‍മ്മയുണ്ട്. ഇളംപച്ച നിറത്തിലുള്ള ബേഗില്‍ ഡ്രസ്സിനുപുറമേ വീട്ടില്‍ നിന്ന് സീതാപഴം, ഇളനീര്‍, വാഴപ്പഴം, കുറച്ചു പലഹാരങ്ങള്‍ എന്നിവയൊക്കെ ഉണ്ടാവും. ബാഗും തുക്കിപ്പിടിച്ച് ബസ്സ് കയറും. അന്നും കെഎസ്ആര്‍ടി ബസ്സുണ്ട്. എല്ലാ ബസുകളും എല്ലാ ബസ്‌സ്റ്റോപ്പിലും നിര്‍ത്തും. കരിവെള്ളൂരില്‍ നിന്ന് കാസര്‍കോട്ടേക്കുള്ള ബസ്സ് കൂലി ഒരു രൂപാ നാല്‍പത് പൈസയാണ്. എന്റെ കയ്യിലുള്ള ചുവന്ന ഇരുപത് രൂപ കണ്ടക്ടര്‍ക്ക് കൊടുക്കും. ബാക്കി ക്യത്യം പതിനെട്ട് രൂപാ അറുപത് പൈസ കിട്ടും. ഇതു കൊണ്ടു വേണം ഒരാഴ്ച കഴിയാന്‍.

രാവിലത്തെ ബ്രേക്ക് ഫാസ്റ്റ് മൊയ്തുച്ചാന്റെ പീടികയില്‍ നിന്നാണ്. ഉറുമാല്‍ തലേല്‍ കെട്ടി ഹോട്ടല്‍ മുതലാളിയായി കാഷിനിരിക്കുന്ന നീണ്ടുമെലിഞ്ഞ മൊയ്തുച്ചാന്റെ രൂപം ഒരിക്കലും മറക്കില്ല. എഴുപത്തിയഞ്ച് പൈസ ഉണ്ടായാല്‍ വയറ് നിറച്ചും ഇഡലിയും സാമ്പാറും ചായയും കിട്ടും. ഉച്ചയൂണ് തിമ്മപ്പപട്ടറുടെ ഹോട്ടലില്‍ നിന്നാണ്. വലിയൊരു ചെമ്പു കയിലിലാണ് ഇലയിലേക്ക് ചോറുതട്ടുക. ചോറ് ഇട്ടതിന് ശേഷം സ്പൂണ്‍ കൊണ്ട് ചെമ്പുകയിലില്‍ ശബ്ദമുണ്ടാക്കുന്നതും ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു. ഊണിന് എഴുപത്തിയഞ്ച് പൈസയേ ഉള്ളൂ. ഇങ്ങനെ ദിവസം രണ്ടര രൂപയുണ്ടായാല്‍ കുസാലായി കഴിയാം.

വീട്ടുകാര്‍ ശ്രദ്ധിക്കാനില്ലാത്ത അവസ്ഥയില്‍ രണ്ടു സിനിമയെങ്കിലും കാണും. കാസര്‍കോട് ടൗണില്‍ നിന്ന് വിദ്യാനഗറിലേക്ക് അന്നത്തെ ടാക്‌സി ചാര്‍ജ് വെറും ഇരുപത്തിയഞ്ച് പൈസയാണ്. സിനിമ കണ്ട് ടാക്‌സിയിലാണ് ലോഡ്ജിലേക്ക് തിരിച്ചെത്തുക. ആരെയും ഭയപ്പെടാതെ ജീവിച്ചു വന്ന കോളജ് പഠനകാലം. പക്ഷേ ചുവന്ന ഇരുപത് രൂപ നോട്ടിന്റെ ഓര്‍മ്മ മനസ്സില്‍ ഉണ്ടാവുകയും വേണം. അഞ്ചുദിവസത്തെ ഭക്ഷണം, വീട്ടില്‍ നിന്ന് കോളജിലേക്കും കോളജില്‍ നിന്ന് വീട്ടിലേക്കും ഉള്ള യാത്രാച്ചെലവ്. സിനിമ- ടാക്‌സി ചെലവ് എല്ലാം അതില്‍ ഒതുങ്ങണം.

കൂക്കാനത്തുനിന്ന് ബാഗുംതുക്കിപ്പിടിച്ച് കരിവെള്ളൂര്‍- പാലക്കുന്നിലേക്കുള്ള യാത്ര. ചെലവിനുള്ള തുകയ്ക്കു വേണ്ടി അമ്മാവന്റെ മേശക്കരികിലെ നില്‍പ്പ്, മേശതുറന്ന് ഇരുപത് രൂപയെടുത്തു നീട്ടുന്ന അമ്മാവന്റെ രൂപം. കെ.എസ്.ആര്‍.ടി.സി.ബസ്സിലെ യാത്ര. മറക്കാന്‍ കഴിയാത്ത പതിനാറുകാരന്റെ ചുറുചുറുക്കോടു കുടിയുള്ള പ്രവര്‍ത്തനം എല്ലാം അറുപത്തിയെട്ടിലെത്തിയിട്ടും മറക്കാന്‍ പറ്റുന്നില്ല.

കഴിഞ്ഞ കാലത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ സങ്കടങ്ങളും സന്തോഷങ്ങളും സമ്മിശ്രമായിട്ടുണ്ടാകാറുണ്ട്. ക്ലാസ് മേറ്റ്‌സിന്റെ സ്റ്റേഹപ്രകടങ്ങള്‍, ചിലപ്പോള്‍ പ്രത്യക്ഷമാവുന്ന കെറുവ്, പരസ്പര കുറ്റാരോപണങ്ങള്‍ എല്ലാം മനസ്സില്‍ തങ്ങിനില്‍ക്കുന്നു. കോളജ് ഇലക്ഷന്‍, എന്‍.സി.സി. കേമ്പുകള്‍, കോളജ് ഡെ, കോളജ് മാഗസിന്‍ ഇതിലെക്കെ പങ്കാളിയാവാന്‍ കഴിഞ്ഞതോര്‍ക്കുമ്പോള്‍ മനസ്സില്‍ കുളിര്‍മതോന്നും...

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Article, Kookkanam Rahman, Story of my foot steps 81, College, Student, 20 Rupees

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia