city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്താണ് ആര്‍ത്തവം? ആര്‍ത്തവരക്തത്തിന് അശുദ്ധിയുണ്ടോ? സ്ത്രീകള്‍ സ്ത്രീകള്‍ക്കെതിരായി പട നയിക്കുമ്പോള്‍..

നടന്നു വന്ന വഴിയിലൂടെ (ഭാഗം 79) / കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 23.11.2018) കേരളം ഞെട്ടി വിറച്ച പ്രളയത്തിനു ശേഷം അതിജീവനത്തിനായി നമ്മള്‍ കാണിച്ച ഐക്യവും, മനുഷ്യ നന്മ വിളിച്ചോതുന്ന പ്രവര്‍ത്തനങ്ങളും ഏവരാലും ശ്ലഘിക്കപ്പെട്ടു. കേരളജനത വിദ്യാഭ്യാസത്തിലും, സംസ്‌ക്കാരത്തിലും, മറ്റുള്ളവര്‍ക്ക് മാതൃകയാണെന്ന് പലരും കൊട്ടിഘോഷിച്ചു. ഇനിയും നവകേരള സൃഷ്ടിക്കായി അരയും തലയും മുറുക്കി നമ്മുക്ക് മുന്നേറേണ്ടതുണ്ട്. അതിനിടയിലാണ് ശബരിമല സ്ത്രീ പ്രവേശന പ്രശ്‌നത്തില്‍ കോടതി നടത്തിയ വിധിക്കെതിരെ ചിലര്‍ കോപ്രായത്തം കാട്ടാന്‍ തുടങ്ങിയത്. കേരളീയര്‍ നേടിയെടുത്ത അഭിമാനകരമായ നേട്ടങ്ങളുടെ നേരെ കൊഞ്ഞനം കുത്തുന്ന സമീപനമായിപ്പോയി ആചാരത്തിന്റെയും വിശ്വാസത്തിന്റെയും സംരക്ഷകര്‍ ചമഞ്ഞ് ചിലര്‍നടത്തുന്ന അഭിപ്രായ പ്രകടങ്ങളും തെരുവോരങ്ങളില്‍ സംഘടിപ്പിച്ച ആള്‍ക്കുട്ട യാത്രകളും.

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് സമരം നടത്തുന്നവര്‍ സമ്മതിക്കുന്നുണ്ട്. തീണ്ടാരി പെണ്ണുങ്ങള്‍ പോകുന്നതിനെ മാത്രമെ ഇവര്‍ എതിര്‍ക്കുന്നുള്ളു എന്റെ ചെറിയ അനുഭവം വെച്ചു പറയട്ടേ, ആര്‍ത്തവമായാല്‍ ദേവാലയങ്ങളിലും പുണ്യസ്ഥലങ്ങളിലും ചെല്ലുന്നത് തെറ്റാണെന്ന് പെണ്‍കുട്ടികളെ കുടുബാന്തരീക്ഷത്തില്‍ വെച്ചു തന്നെ പഠിപ്പിച്ചു വിട്ടിട്ടുണ്ട്. അവരെ കണ്ടീഷന്‍ ചെയ്തു വെച്ചിട്ടുണ്ട്. അത്തരം സ്ത്രീകളും പെണ്‍കുട്ടികളും ആരാധനാ കേന്ദ്രങ്ങളില്‍ മെന്‍സസ് സമയത്ത് ഒരിക്കലും ചെല്ലില്ല. ഹൈസ്‌കൂള്‍കളില്‍ നിന്നും അനൗപചാരീക വിദ്യാകേന്ദ്രങ്ങളില്‍ നിന്നും സ്ത്രീകളെയും പെണ്‍കുട്ടികളെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള നിരവധി പഠനയാത്രകള്‍ സംഘടിപ്പിച്ച വ്യക്തിയാണ് ഈ കുറിപ്പുകാരന്‍.

ആ കൂട്ടത്തില്‍ മെന്‍സസായ പെണ്‍കുട്ടികളും സ്ത്രീകളുമുണ്ടാവാറുണ്ട്. വിദ്യാസമ്പന്നരായ കുടുംബങ്ങളില്‍ നിന്ന് വരുന്നവര്‍ പോലും അവിടെങ്ങളില്‍ കയറാതെ മാറി നില്‍ക്കുന്നത് കണ്ടിട്ടുണ്ട്. ചെറുപ്പത്തിലേ പരിശീലിച്ചത് കൊണ്ട്. അതൊരു തെറ്റണെന്ന് തോന്നി. സ്വയം അത് ആചരിക്കുന്നു. അവരുടെ മനസ്സ് അതിന് സമരസപ്പെട്ടിട്ടില്ല. എന്റെ ഉറച്ചവിശ്വാസം ആര്‍ത്തവസമയത്ത് സ്ത്രീകള്‍ ശബരിമലയ്ക്കു പോവാറില്ലായെന്നു തന്നെയാണ്. അഥവാ അതിന് തയ്യാറാവണമെങ്കില്‍ കാലം കുറച്ചുകൂടി കഴിയേണ്ടിവരും..തീര്‍ച്ച!

ഇപ്പേള്‍ നടന്ന സുപ്രീംകോടതി വിധിയെക്കുറിച്ച് നിഷ്പക്ഷമായി കുറേകാര്യങ്ങള്‍ പഠിക്കേണ്ടതുണ്ട്. 2006ല്‍ തുടങ്ങിയ ഈ കേസ് കൊടുത്തത് യങ്ങ് ലോയേര്‍സ് യൂണിയനിലെ അഞ്ച് വനിതാ അഭിഭാഷകരാണ്. നീണ്ട പതിനെട്ട് വര്‍ഷത്തിനു ശേഷം 2018ല്‍ വിധി വന്നു. എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ കയറാം എന്ന വിധി. ഈ സ്ത്രീ അനുകൂലമായ വിധി ഞങ്ങള്‍ക്ക് വേണ്ടാ എന്ന് ഉദ്‌ഘോഷിച്ച് നാമ ജപയാത്ര നടത്തുന്നതില്‍ മുന്‍പന്തിയിലും സ്ത്രീകള്‍ തന്നെ. വിരോധാഭാസമെന്നല്ലാതെ എന്തു പറയാന്‍..

കോടതി വിധിയെ ചരിത്രവിധി എന്ന് വിശേഷിപ്പിച്ച് പറഞ്ഞത് കോണ്‍ഗ്രസ് നോതാക്കളാണ്. ഇതേപോലെ കോടതിവിധിയില്‍ സന്തോഷം പ്രകടിപ്പിച്ചത് ആര്‍ എസ് എസുകാരാണ്. ഈ രണ്ടുകുട്ടരുമാണ് തങ്ങളുടെ ആദ്യപ്രതികരണങ്ങള്‍ മറച്ചുവെച്ച് സ്ത്രീപ്രവേശനത്തിനെതിരെ സമര രംഗത്തും, പ്രതിഷേധ രംഗത്തും ഉറച്ചു നില്‍ക്കുന്നത്.

ആര്‍ത്തവരക്തത്തിന് അശുദ്ധിയുണ്ടോയെന്ന് ശാസ്ത്രം പറയുന്നത് പഠിച്ചാല്‍ മനസ്സിലാവും. സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ പൂരുഷ ബീജം സ്വികരിക്കാന്‍ സന്നദ്ധമായിരിക്കുന്ന ഒരു രക്ത ബെഡാണ് ഇതെന്നും പുരുഷബീജമായ സ്‌പേമും, സ്ത്രീബീജമായ അണ്ഡവും സംയോജീച്ചുണ്ടാകുന്ന സിക്താണ്ഡം ഇവിടെയാണ് സുരക്ഷിതമായി നിലകൊള്ളുന്നത്. അങ്ങിനെ പുരുഷബീജം സ്വീകരിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ രക്തബെഡ് യോനിയിലൂടെ പുറത്തേക്ക് പോകും. ഇതാണ് ആര്‍ത്തവം. ഇതിന് അശുദ്ധികല്‍പ്പിക്കേണ്ടതുണ്ടോ എന്ന് വരും തലമുറയെങ്കിലും പുനപരിശോധിക്കണം.

ഇനിവരുന്ന തലമുറ ഇപ്പോള്‍ നടക്കുന്ന ശബരിമലപ്രവേശനം സംബന്ധിച്ച് കോടതിവിധിയും പ്രതിഷേധവും എങ്ങനെയായിരിക്കും നോക്കിക്കാണുക? ഇതിനുമുമ്പ് സ്ത്രീകള്‍ക്കെതിരായി നടന്നിരുന്ന ആചാരങ്ങളെ മാറ്റിയെടുത്തത് സാംസ്‌ക്കാരിക നായകന്മാരുടെ നേതൃത്വത്തില്‍ സമൂഹം ഒന്നായി നിന്ന് പോരാടിയത് കൊണ്ടാണ്. 'സതി' ആയാലും, മാറുമറക്കല്‍ അവസ്ഥയ്ക്ക് അനുകുലമായ ശ്രമായാലും ജനമുന്നേറ്റമാണ് അതൊക്കെ ഇവിടെ നിന്ന് തൂത്തെറിഞ്ഞത്.

'ശബരിമല സ്ത്രീപ്രവേശനം' അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് ഒരു ജനകീയ മൂന്നേറ്റം ഉണ്ടായില്ല. കുറച്ച് വ്യക്തികളുടെ പരാതിയുടെ മേല്‍ സുപ്രീം കോടതിയാണ് അനുകുലമായവിധി ഉണ്ടാക്കിയത്. പുരോഗമനാശയക്കാര്‍ ആ വിധിയില്‍ അത്യന്തം ആഹ്ലാദിച്ചു. വിധി വന്ന ദിവസം ഇന്ന് പ്രതിഷേധിക്കാന്‍ മുന്നിലിറങ്ങിയ രാഷ്ട്രീയ നേതൃത്വവും ഒറ്റ മനസ്സോടെയാണ് അതിനെ സ്വാഗതം ചെയ്തത്. കേരളം ഇക്കാര്യത്തിലും മാതൃകയാവാന്‍ പോകുന്നു എന്ന് നിഷ്പക്ഷമതികള്‍ സന്തോഷിച്ചു.

എന്തായാലും കാലം കഴിയുന്തോറും സ്ത്രീസമത്വത്തിന് വേണ്ടി പൊരുതുന്നവരുടെ ശ്രമം മൂലം ആരാധാനലയങ്ങളില്‍ സ്ത്രീപ്രവേശനത്തിന് സമൂഹ്യ അംഗികാരം കിട്ടും. ഇപ്പോള്‍ കാണുന്നതുപോലെ പെട്ടെന്നുണ്ടാകുന്ന വികാര വിക്ഷോഭങ്ങള്‍ കെട്ടടങ്ങും. കാലത്തിന്റെ കുത്തൊഴുക്കില്‍ ഇവിടത്തെ ദേവാലയങ്ങളും ആരാധാനാലയങ്ങളും മാറ്റത്തിന് വിധേയമാകും. ചിലപ്പോള്‍ ഈ വര്‍ഷം നേരിട്ട പോലുള്ള പ്രളയജലത്തില്‍ ഇവയൊക്കെ നാശോന്മുഖമായി തീരുകയോ ചെയ്യാം. അങ്ങിനെ സംഭവിച്ചാല്‍ നശിച്ചുപോയ ചരിത്ര സ്മാരകങ്ങളും, അമ്പലങ്ങളും, പള്ളികളും പുനസ്ഥാപിക്കാന്‍ ജാതി മത സ്ത്രീ പുരുഷഭേദമില്ലതെ സര്‍വ്വരും സഹകരിക്കുകയും ചെയ്യും. അത്തരം സന്ദര്‍ഭങ്ങളില്‍ അകറ്റി നിര്‍ത്തപ്പെടുന്ന മനോഭാവത്തിന് മാറ്റം വരുകയും ചെയ്യും.

ഇന്നിപ്പോള്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നത് തികച്ചും രാഷ്ട്രീയക്കളിയാണ്. വര്‍ഗ്ഗീയവിഷം ചീറ്റാന്‍ തയ്യാറെടുത്തുനില്‍ക്കുന്ന അവസരവാദികള്‍ എന്തിനും തയ്യാറായി നില്‍ക്കുകയാണ്. ശബരിമലയില്‍ തന്നെ മതസൗഹാര്‍ദ്ദത്തിന്റെ വെന്നിക്കൊടിയായി ഉയര്‍ന്നു നില്‍ക്കുന്ന ബാബര്‍ പള്ളി അവിടുന്ന് മാറ്റണമെന്ന് പറയുന്ന വര്‍ഗ്ഗിയവാദികളും ഇവിടെ സുലഭമാണ്.

വിശ്വാസികളെ വഞ്ചിതരാക്കിക്കൊണ്ട് നാമ ജപയാത്ര എന്ന പേരില്‍ സ്ത്രീപുരുഷന്മാരെ തെരുവിലിറക്കാന്‍ ഇവര്‍ക്ക് സാധിച്ചു. വിശ്വാസികളെയാണ് ഇതില്‍ ചൂഷണം ചെയ്തത്. ഈ പ്രവര്‍ത്തനത്തിലൂടെ കോടതിക്കും സര്‍ക്കാറിനും എതിരായ മനോഭാവം അവരില്‍ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞു. ഇനി ശബരിമലയില്‍ അരങ്ങേറുന്ന ഏത് കാര്യത്തിനും മനസ്സുകൊണ്ടും പ്രവര്‍ത്തികൊണ്ടും എതിരാളികളായി നില്‍ക്കാന്‍ നാം ജപയാത്രയില്‍ പങ്കെടുത്തവരുടെ മനസ്സ് പാകപ്പെടും.

രാഷ്ട്രീയ മുതലെടുപ്പും, വര്‍ഗ്ഗിയത ആളിക്കത്തിക്കാനും ഉതകുന്ന പ്രവൃത്തിയുമല്ലേ നാം അവസാനമായി ശബരിമലയില്‍ കണ്ടത്. അവിടെ ഒരു മുസ്ലിം സ്ത്രീയെ ഇരുമുടിക്കെട്ടുമേന്തി സന്നിധാനത്തിലെത്തിക്കാന്‍ ഗുഢമായ നീക്കം നടന്നു എന്ന് നവമാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നു. ചെറുപ്പക്കാരി മാത്രമല്ല, അവള്‍ ഒരു അന്യമതക്കാരിയുമാണ്. വിശ്വാസികള്‍ക്ക് അരിശം കയറാന്‍ ഇതിനപ്പുറം എന്തു വേണം? ഇത് ദുഷ്ടലാക്കോടെ ചിലര്‍ നടത്തിയതാണെന്നറിയുമ്പോഴാണ് സാധാരണക്കാരുടെ മനസ്സുപിടക്കുന്നത്. ഇത്തരം വിഷവിത്തുപാകി ജനമനസ്സുകളെ ഭിന്നിപ്പിക്കുന്ന കപടരാഷ്ട്രീയ നേതാക്കളെ ജനം തിരിച്ചരിയണം.

കേരളം വിദ്യാസമ്പന്നരുടെ നാടാണ്. സ്ത്രീകള്‍ ഇക്കര്യത്തില്‍ വളരെ മുന്‍പന്തിയിലാണ്. എന്നിട്ടുംപോലും സ്ത്രീകള്‍ സ്ത്രീകള്‍ക്കെതിരെ നടത്തുന്ന ഒരു സമര മുറയായിട്ടേ ഇപ്പോള്‍ ഇതിനെ കാണാനാവൂ. ഈ ചിന്ത സ്ത്രീകള്‍ മാറ്റിയെടുക്കണം. അതിനുള്ള ബോധവല്‍കരണ പ്രവര്‍ത്തനമാണ് സ്ത്രീ തുല്യതയ്ക്കു വേണ്ടി സമരമുഖത്തിറങ്ങുന്ന വനിതാനേതാക്കള്‍ ചെയ്യേണ്ടത്.

ഇതൊപ്പം ചേര്‍ത്തൂ വായിക്കേണ്ട കാര്യമാണ് മുരളി തുമ്മാരുകൂടി എഴുതിയ അനുഭവക്കുറിപ്പ്. ഈ വ്യക്തി ജനീവയില്‍ ആയിരിക്കുമ്പോള്‍ സ്ത്രീകള്‍ നടത്തുന്ന ഒരു പ്രകടനം കണ്ടുപോലും. 'ആര്‍ത്തവ നാളുകള്‍ വേദനാജനകമാക്കുന്ന അവസ്ഥയെപറ്റി ഗവേഷണം നടത്തുക, ഇതിന്റെ ചികില്‍സയില്‍ സ്‌പെഷലൈസ് ചെയ്ത കുടുതല്‍ ഡേക്ടര്‍മാരെ നിയമിക്കുക. ഇതിനാണ് ജനിവയിലെ സ്ത്രീകള്‍ തെരുവിലറങ്ങിയത്. എന്നാല്‍ ഈ പ്രബുദ്ധ കേരളത്തിലെ സ്ത്രീകള്‍ ഇറങ്ങിയത് എന്തിനാണെന്ന് ചിന്തിച്ചു നോക്കൂ...!

എന്താണ് ആര്‍ത്തവം? ആര്‍ത്തവരക്തത്തിന് അശുദ്ധിയുണ്ടോ? സ്ത്രീകള്‍ സ്ത്രീകള്‍ക്കെതിരായി പട നയിക്കുമ്പോള്‍..

Keywords:  Article, Kookanam-Rahman, Women, story-of-my-foot-steps-79, Menses, Menstruation

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia