സൗജന്യ ശബരിമല സന്ദര്‍ശനമടക്കം നമുക്ക് സര്‍ക്കാരില്‍ നിന്ന് നിരവധി ഔദാര്യങ്ങള്‍ ലഭിക്കുന്നില്ലേ? സാലറി ചലഞ്ചിനോട് 'നോ' പറയുന്നതിന് മുമ്പ് 30 കാര്യങ്ങള്‍ ശ്രദ്ധിക്കുക; പുനര്‍വിചിന്തനത്തിന് ആഹ്വാനം ചെയ്ത് കാസര്‍കോട് എസ്പിയുടെ കുറിപ്പ് വിവാദത്തില്‍
Sep 24, 2018, 22:35 IST
കാസര്‍കോട്: (www.kasargodvartha.com 24.09.2018) സാലറി ചലഞ്ചിനോട് 'നോ' പറയുന്നവരോട് പുനര്‍വിചിന്തനത്തിന് ആഹ്വാനം ചെയ്ത് കൊണ്ടുള്ള കാസര്‍കോട് എസ്പിയുടെ 30 കാര്യങ്ങളടങ്ങിയ കുറിപ്പ് വിവാദത്തില്‍. കാസര്‍കോട് എസ്പി ഡോ. എ ശ്രീനിവാസാണ് സാലറി ചലഞ്ചിന്റെ കുരുക്കില്‍ പെട്ടിരിക്കുന്നത്. പോലീസ് സേനയിലെ ഒരു മാസത്തെ ശമ്പളം നല്‍കാന്‍ വിസമ്മതിച്ചവരോട് പുനര്‍വിചിന്തനം നടത്താനാവശ്യപ്പെടുന്ന തരത്തിലുള്ള സന്ദേശം അയച്ചതാണ് ശ്രീനിവാസന്‍ പുലിവാല് പിടിച്ചിരിക്കുന്നത്.
പോലീസുകാര്‍ക്ക് കിട്ടുന്ന സ്ഥാനക്കയറ്റങ്ങളും എക്‌സ് കേഡര്‍ തസ്തികകളും തത്ഫലമായുണ്ടാകുന്ന പ്രൊമോഷനുകളും സാങ്കല്‍പ്പിക പ്രൊമോഷനുകളും സര്‍ക്കാരിന്റെ ഔദാര്യമാണെന്ന എസ്പിയുടെ കുറിപ്പിലെ ഒന്നാമത്തെ പോയിന്റാണ് സേനയില്‍ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്. സാലറി ചലഞ്ചിന്റെ സമയപരിധി 22ന് അവസാനിച്ചിരുന്നു. ഇതിനുപിന്നാലെയാണ് 'പുനര്‍വിചിന്തനത്തിനുള്ള കുറിപ്പ്' പുറത്തുവന്നിരിക്കുന്നത്. കാസര്‍കോട് ജില്ലയിലെ എല്ലാ പോലീസുകാര്‍ക്കും 23 ാം തീയതി സന്ദേശം അയച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാന പോലീസ് മേധാവിക്കും സോണ്‍ എഡിജിപിമാര്‍ക്കും കണ്ണൂര്‍, തൃശൂര്‍ ഐജിമാര്‍ക്കും സന്ദേശത്തിന്റെ പകര്‍പ്പ് അയച്ചുകൊടുത്തിട്ടുണ്ട്.
ചലഞ്ചിനോട് 'നോ' പറഞ്ഞവര്‍ വീണ്ടും സമ്മതപത്രം നല്‍കുന്നതിന് നിര്‍ബന്ധിക്കുന്ന തരത്തിലുള്ളതാണ് എസ്പിയുടെ കുറിപ്പെന്നും ആരോപണമുണ്ട്. പോലീസ് വകുപ്പില്‍ സഹകരണ സംഘം, പോലീസ് ക്യാന്റീന്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നത് മൂലം വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് സാമ്പത്തിക ലാഭമുണ്ടാകുന്നുണ്ട്. ജോലിക്കിടയില്‍ മരിച്ചവരുടെ കുട്ടികള്‍ക്കായി ആശ്രിത നിയമനത്തിനുള്ള പരീക്ഷ നടത്തിയത് പോലീസ് ഉദ്യോഗസ്ഥരുടെ അടുത്ത തലമുറയെ സംരക്ഷിക്കാനാണ് തുടങ്ങിയവയാണ് അര മണിക്കൂര്‍ ആലോചിക്കാനായി പറയുന്ന മുപ്പതിന കാര്യങ്ങളടങ്ങിയ കുറിപ്പില്‍ പറയുന്നത്.
വിരമിക്കല്‍ അടുത്തിരിക്കുന്നവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളായ പരേഡില്‍ നിന്ന് ഒഴിവാക്കല്‍, ശിക്ഷണ നടപടികളിലുള്ള അനുകമ്പ, വീടിനടുത്തു ജോലി ഉറപ്പാക്കല്‍ എന്നിവയൊക്കെ സര്‍ക്കാരിന്റെ ഔദാര്യമാണ്. തെറ്റ് ചെയ്യുന്നവര്‍ക്കെതിരെ ശിക്ഷണ നടപടികള്‍ക്ക് വകുപ്പുതല നടപടി സ്വീകരിക്കാറുണ്ട്. എങ്കിലും സര്‍ക്കാരിന്റെ മഹാമനസ്‌കതയില്‍ ഇത്തരം ശിക്ഷാ നടപടികള്‍ ഒഴിവാക്കാനും അല്ലെങ്കില്‍ ശിക്ഷയുടെ ഭാരം കുറയ്ക്കാനും ഔദാര്യം കാട്ടുന്നുണ്ടെന്ന് ചിന്തിക്കണം. കനത്ത, തുടര്‍ച്ചയായ ഡ്യൂട്ടിക്ക് ശേഷം ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ വിശ്രമം ലഭിക്കുന്നതും സര്‍ക്കാരിന്റെ കൃപ കൊണ്ടാണ്.
രാജ്യത്തിന്റെ നാനാഭാഗത്ത് നിന്ന് ഭക്തര്‍ പണവും സമയവും ചെലവാക്കി ശബരിമലയിലേക്ക് വരുന്നുണ്ട്. എന്നാല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ ഭഗവാനെ കാണാനും സേവിക്കാനും സാധിക്കുന്നുണ്ട്. പോലീസുകാര്‍ക്ക് ക്യാന്റിനീലൂടെ നികുതിയിളവില്‍ സാധനങ്ങള്‍ നല്‍കുന്നതിനാല്‍ സര്‍ക്കാരിന് വലിയ നഷ്ടമുണ്ടാകുന്നു. ഡേ ഓഫ് അലവന്‍സ്, ബീറ്റ് ഓഫീസര്‍ അലവന്‍സ്, യൂണിഫോം അലവന്‍സ് എന്നിവയും സര്‍ക്കാരിന്റെ ഔദാര്യം തന്നെയാണ്. പോലീസില്‍ ജോലി ചെയ്യുന്നതിനാലാണ് വീട്ടുവാടകയ്ക്ക് ഡിസ്‌കൗണ്ട് ലഭിക്കുന്നത്. സബ്‌സിഡി നിരക്കില്‍ വകുപ്പിലെ വാഹനം ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നുണ്ട്.
ഡ്യൂട്ടിയില്‍ അപകടം നേരിട്ടാല്‍ അവധി അനുവദിക്കുന്നത് സര്‍ക്കാരിന്റെ മനുഷ്യത്വമാണ്. ഫോട്ടോഗ്രാഫിയില്‍ താത്പര്യമുള്ളവരെ പോലീസ് ഫോട്ടോഗ്രാഫറാക്കുന്നതും ബിടെക്കുകാരനെ സൈബര്‍സെല്ലില്‍ നിയമിക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയാണ്. പോലീസ് മെഡല്‍, ബാഡ്ജ് ഓഫ് ഓണര്‍ എന്നിവ സര്‍ക്കാരിന്റെ സല്‍പ്രവര്‍ത്തനം, ഡ്യൂട്ടിക്കുശേഷം കൂടുതല്‍ വിശ്രമം ലഭിക്കുന്നത് സര്‍ക്കാരിന്റെ കൃപയല്ലേ? ഡ്യൂട്ടിയില്‍ മരിച്ചാല്‍ സര്‍ക്കാര്‍ എക്കാലവും ഓര്‍ക്കും, മ്യൂസിയത്തില്‍ ചിത്രങ്ങള്‍ സൂക്ഷിക്കും, കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കി അവരുടെ ഭാവി സര്‍ക്കാര്‍ പരിപാലിക്കുന്നില്ലേ എന്നിങ്ങനെ നീളുന്നതാണ് എസ്പിയുടെ കുറിപ്പ്.
ഇക്കാരണങ്ങളാല്‍ ഒരുമാസത്തെ ശമ്പളമെന്നത് വളരെ ചെറിയ തുകയാണെന്ന് ചിന്തിക്കണമെന്നും കുറിപ്പില്‍ പറയുന്നുണ്ട്. അതേസമയം, ഇതൊരു സൗമ്യമായ ഓര്‍മ്മപ്പെടുത്തലാണെന്നും നിര്‍ബന്ധമില്ലെന്നും എസ്പി അവസാനത്തില്‍ പറയുന്നു.
''ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം നല്‍കുന്നതില്‍ നിന്ന് ചില ഉദ്യോഗസ്ഥര്‍ വിട്ടുനില്‍ക്കുന്നതായി കണ്ടപ്പോള്‍ വരെ പ്രോത്സാഹിപ്പിക്കാനാണ് സന്ദേശം നല്‍കിയത്. ശമ്പളം നല്‍കണമെന്ന് നിര്‍ബന്ധമില്ല.'' ശ്രീനിവാസന്‍ പറഞ്ഞു.
ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം കൊടുക്കാന്‍ സന്ദേശത്തില്‍ ചൂണ്ടിക്കാണിക്കുന്ന ചില കാരണങ്ങള്‍
- ശബരിമല ഡ്യൂട്ടി ലഭിക്കുമ്പോള്‍ നമുക്ക് (പോലീസുകാര്‍ക്ക്) സര്‍ക്കാര്‍ ചെലവില്‍ ഭഗവാനെ കാണുന്നതിനു സാധിക്കുന്നു. എത്രപേര്‍ക്ക് നമ്മളേക്കാള്‍ കൂടുതല്‍ ഭഗവാനെ ദര്‍ശിക്കാന്‍ കഴിയുന്നുണ്ട്. ദൈവത്തിന്റെ കൃപയാണിത്.
- കനത്ത ഡ്യൂട്ടിക്ക് ശേഷം കൂടുതല്‍ വിശ്രമം ലഭിക്കുന്നില്ലേ? സര്‍ക്കാരിന്റെ കൃപ കാരണമാണിത്.
- വിരമിക്കല്‍ അടുത്തിരിക്കുന്നവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഓര്‍ക്കുക. പരേഡില്‍നിന്ന് അവരെ ഒഴിവാക്കുന്നു. ശിക്ഷണ നടപടികളില്‍ അനുകമ്പ. വീടിനടുത്ത് ജോലി ഉറപ്പാക്കുന്നു. സര്‍ക്കാരിന്റെ ഈ ഔദാര്യം അംഗീകരിക്കേണ്ടേ?
- പോലീസുകാരുടെ കുട്ടികള്‍ എആര്‍ ക്യാംപ്, ബറ്റാലിയന്‍ എന്നിവിടങ്ങളിലെ ബസുകളില്‍ സ്‌കൂളിലേക്ക് പോകുന്നത് ആസ്വദിക്കുന്നില്ലേ? മറ്റു വകുപ്പുകളില്‍ അവരുടെ കയ്യില്‍നിന്ന് പണം ചെലവാക്കിയാണ് കുട്ടികള്‍ യാത്ര െചയ്യുന്നത്.
- ഉദ്യോഗസ്ഥര്‍ വിരമിച്ചതിനുശേഷം മരിച്ചാലും ശവസംസ്‌കാരത്തില്‍ ബ്യൂഗിള്‍ വായിക്കുന്നു. മറ്റു വകുപ്പുകളില്‍ ഇല്ലാത്തതാണിത്.
- സേനയില്‍ ഒരാള്‍ക്ക് ഗുരുതരമായ പരുക്ക് പറ്റിയാല്‍ ആയാള്‍ക്ക് ലളിതമായ ഡ്യൂട്ടികള്‍ നല്‍കുന്നു. അയാള്‍ വാങ്ങുന്ന ശമ്പളം പരിഗണിക്കാതെയാണ് ചെറിയ രീതിയിലുള്ള ജോലി നല്‍കുന്നത്. ഉദ്യോഗസ്ഥര്‍ റോഡ് വക്കില്‍ എറിയപ്പെടുന്നില്ല.
- ഷിഫ്റ്റ് ഡ്യൂട്ടി, 24 മണിക്കൂര്‍ ഡ്യൂട്ടി, 24 മണിക്കൂര്‍ അവധി. ഈ ഡ്യൂട്ടി സമ്പ്രദായം കൊണ്ട് നമുക്ക് ഗുണങ്ങളില്ലേയെന്ന് മനഃസാക്ഷിയോട് ചോദിക്കുക
- പോലീസ് വകുപ്പില്‍ ജോലി ചെയ്യുന്നതുകൊണ്ട് വീട്ടുവാടകയ്ക്ക് ഡിസ്‌കൗണ്ട് ലഭിക്കുന്നില്ലേ? ചിന്തിക്കുക. ഞാന്‍ (ജില്ലാ പോലീസ് മേധാവി) വിശദീകരിക്കുന്നില്ല.
- പോലീസ് അസോസിയേഷന്‍ പല സേനകളിലും വിദൂര സ്വപ്നമാണെങ്കിലും സംസ്ഥാനത്ത് അസോസിയേഷന്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
- പോലീസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നമുക്കും ബന്ധുക്കള്‍ക്കും സാധാരണക്കാരേക്കാള്‍ വേഗത്തില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലേ?
- മറ്റു സംസ്ഥാനങ്ങളിലെ പോലീസ് സേനയിലെ ഉദ്യോഗസ്ഥന്മാര്‍ സംഭാവന നല്‍കിയിട്ടുണ്ട്. നമ്മുടെ മാതൃഭൂമി പുനര്‍നിര്‍മിക്കേണ്ടത് നമ്മുടെയും കടമയല്ലേ? ചിന്തിക്കുക
- ആവശ്യങ്ങള്‍ക്കനുസൃതമായി നമ്മുടെ മാതൃഭൂമിയെ സേവിക്കാനുള്ള മനോഭാവം കടമയല്ലേ? ഈ സേവനത്തില്‍ ചേര്‍ന്നപ്പോള്‍ ഞങ്ങള്‍ യൂണിഫോമും പ്രതിജ്ഞയും എടുത്തുവെന്ന് ഓര്‍ക്കുക.
Keywords: Kasaragod Police Chief, Dr. A. Srinivasan, Kasaragod, News, Police, SP, Salary Challenge: Kasargod Dist. Police Chief on controversy
< !- START disable copy paste -->