city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇല്ലാക്കഥകള്‍ മെനയും അത് പ്രചരിപ്പിക്കും, ചിലര്‍ക്ക് ഇക്കാര്യത്തില്‍ വലിയ മിടുക്കാണ്

നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം( ഭാഗം നാല്‍പ്പത്തിയഞ്ച്)

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 23.03.2018) ഇല്ലാക്കഥകള്‍ മെനയാനും പ്രചരിപ്പിക്കാനും ചിലര്‍ക്ക് മിടുക്കാണ്. വ്യക്തിയെ താറടിച്ചു കാണിക്കാനും, സമൂഹമധ്യത്തില്‍ ഇകഴ്ത്തിക്കെട്ടാനും പ്രകടിപ്പിക്കുന്ന സൂത്രപ്പണിയാണിത്. ഒരു വ്യക്തി സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത കാര്യം നാട്ടില്‍ പാട്ടായത് അയാള്‍ അറിയുമ്പോഴേക്കും ഏറെ വൈകിയിരിക്കും. ഇതിനെ എങ്ങനെ നേരിടണമെന്നും, പ്രതികരിക്കണമെന്നും അറിയാതെ അയാള്‍ പ്രയാസപ്പെടും. എന്തു ചെയ്യണമെന്നറിയാതെ നിസ്സഹായനായി ഒതുങ്ങി നില്‍ക്കും. ഇക്കാരണത്താല്‍ മന:പ്രയാസം മൂലം ആത്മഹത്യയില്‍ അഭയം തേടിയവര്‍ നിരവധിയുണ്ട് നമുക്കു ചുറ്റും. നടന്നുവന്ന വഴികളിലേക്ക് ഒന്നു തിരിഞ്ഞുനോക്കിയപ്പോള്‍ ഈ കുറിപ്പുകാരനെക്കുറിച്ചും നിരവധി ഇല്ലാക്കഥകള്‍ പ്രചരിച്ചിട്ടുണ്ട്. അപ്പോഴൊക്കെ മനസ്സ് വല്ലാതെ വേദനിച്ചിട്ടുണ്ട്. എന്ത് ചെയ്യണമെന്നറിയാതെ നിര്‍ന്നിമേഷനായി നിന്നുപോയിട്ടുണ്ട്. അത്തരം ചില സംഭവങ്ങള്‍ മനസ്സില്‍ ഇന്നും ഉണങ്ങാതെ കിടപ്പുണ്ട്. ഇവ പടച്ചുവിട്ട വ്യക്തികളെക്കുറിച്ച് കാര്യമായ അറിവ് ലഭിച്ചിട്ടുണ്ട്. അവരില്‍ പലരും കാലയവനികക്കുളളില്‍ മറഞ്ഞുപോയി. ചിലര്‍ ഇന്നും ജീവിച്ചിരിക്കുന്നുണ്ട്.

എല്ലാം സാമൂഹ്യരംഗത്തെ പ്രവര്‍ത്തനംമൂലം ഉണ്ടായതാണ്. എന്റെ പ്രവര്‍ത്തനത്തോട് അസഹിഷ്ണുത പുലര്‍ത്തിയവര്‍ പടച്ചുണ്ടാക്കിയ കെട്ടുകഥകളാണ്. സമൂഹത്തിന്റെ നന്മക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ ഈ അനുഭവങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും എന്ന ആഗ്രഹംമൂലം ചിലത് മാത്രം വായനക്കാരുമായി പങ്കിടുന്നു. ബാങ്കിലിട്ട പണം കാണാനില്ല: എന്റെയും അന്തരിച്ച കെ. കുഞ്ഞിക്കണ്ണന്‍ മാസ്റ്റരുടെയും പേരില്‍ ഹൊസ്ദുര്‍ഗ് സര്‍വ്വീസ് സഹകരണ ബാങ്കില്‍ ഒരു ജോയിന്റ് അക്കൗണ്ട് തുടങ്ങി. അന്തരിച്ച മടിക്കൈ കുഞ്ഞിക്കണ്ണന്‍ സ്മാരക എന്‍ഡോവ്‌മെന്റ് നല്‍കുന്നതിനായിരുന്നു പ്രസ്തുത അക്കൗണ്ട് ആരംഭിച്ചത്. സംഭാവനയായി പിരിച്ചെടുത്ത പത്തായിരം രൂപക്കടുത്ത സംഖ്യയാണ് ഫിക്‌സഡ് ഡിപ്പോസിറ്റായി നിക്ഷേപിച്ചത്. വര്‍ഷം 1995ലാണെന്ന് തോന്നുന്നു. ഒന്നുരണ്ടു വര്‍ഷം പ്രസ്തുത എഫ്.ഡി.യുടെ പലിശ തുകയെടുത്ത് സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കിയിരുന്നു. തുടര്‍ന്ന് പ്രസ്തുത പരിപാടി നടന്നില്ല. അഞ്ച് പത്ത് വര്‍ഷം പിന്നിട്ടപ്പോള്‍ എന്റെ കൈയ്യിലുളള എഫ്.ഡി. സര്‍ട്ടിഫിക്കറ്റുമായി നിലവില്‍ എത്ര തുകയുണ്ട് എന്നറിയാന്‍ ബാങ്കില്‍ ചെന്നു. അതൊക്കെ വര്‍ഷങ്ങള്‍ക്കുമുമ്പേ പിന്‍വലിച്ചല്ലോ എന്ന മറുപടിയാണ് ബാങ്കില്‍ നിന്ന് ലഭിച്ചത്. എന്റെ ഒപ്പില്ലാതെ എന്റെ കൈയ്യിലുളള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെ തുക മുഴുവന്‍ പിന്‍വലിച്ച കുബുദ്ധി ആരായിരിക്കും എന്ന് ഇതേവരെ തിരിച്ചറിഞ്ഞിട്ടില്ല. പക്ഷേ ആ തുക മുഴുവന്‍ ഞാന്‍ അടിച്ചുമാറ്റി എന്നാണ് തുക പിന്‍വലിച്ചത് ആരാണെന്ന് വ്യക്തിമായി അറിയുന്ന വ്യക്തി പ്രചരിപ്പിക്കുന്നത്. എന്നെ വഞ്ചിച്ചിട്ട്, എനിക്കെതിരായി കെട്ട്കഥ ചമക്കുന്ന വ്യക്തികളെ എന്ത് പേരിട്ട് വിളിക്കണം?...

ഇല്ലാക്കഥകള്‍ മെനയും അത് പ്രചരിപ്പിക്കും, ചിലര്‍ക്ക് ഇക്കാര്യത്തില്‍ വലിയ മിടുക്കാണ്

സാക്ഷരതാ പ്രഖ്യാപനവും കളളവാര്‍ത്തയും: 1990 ഏപ്രില്‍ 18 മാനഞ്ചിറ മൈതാനം നിറഞ്ഞു കവിഞ്ഞ ജനസഞ്ചയം. പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി ചേലക്കാടന്‍ ആയിഷ കേരളം സമ്പൂര്‍ണ്ണ സാക്ഷരത നേടിയതിന്റെ പ്രഖ്യാപനം നടത്തിയ ദിനം. കാസര്‍കോട് ജില്ലയില്‍നിന്ന് പത്തു ബസ്സുകളില്‍ നവസാക്ഷരരെ കൊണ്ടുപോകാനുളള ചുമതല ജില്ലാ കോ-ഓര്‍ഡിനേറ്ററായിരുന്ന എനിക്കായിരുന്നു. കൃത്യമായി ആളുകളെ സമ്മേളനത്തില്‍ എത്തിക്കുകയും പ്രശ്‌നങ്ങളില്ലാതെ തിരിച്ചെത്തിക്കുകയും ചെയ്തു. പക്ഷേ അടുത്ത ദിവസം ജില്ലയിലെ ഒരു ഈവ്‌നിംഗ് ഡെയിലിയില്‍ വന്ന വാര്‍ത്ത എന്നെ ഞെട്ടിച്ചു. പടന്ന, ബദിയടുക്ക എന്നീ പഞ്ചായത്തുകളില്‍ നിന്നെത്തിയ പഠിതാക്കള്‍ ഹോട്ടലില്‍ കയറി ബഹളം ഉണ്ടാക്കിയെന്നും, ജില്ലാ കോ-ഓര്‍ഡിനേറ്ററായ കൂക്കാനം റഹ് മാന്‍ ഇടപെട്ട് പ്രശ്‌നം ഒതുക്കിത്തീര്‍ത്തെന്നുമായിരുന്നു വാര്‍ത്ത. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടേയില്ല. പക്ഷേ പ്രസ്തുത പഞ്ചായത്തിലെ സാക്ഷരതാ പ്രവര്‍ത്തകര്‍ക്കും ജനപ്രതിനിധികള്‍ക്കും അമര്‍ഷമുണ്ടായി. അവര്‍ എന്നെ വിളിച്ച് ചോദ്യം ചെയ്തു. പത്രമാഫീസില്‍ ചെന്ന് അന്വേഷിച്ചു. ആരാണ് ഈ വാര്‍ത്ത നല്‍കിയതെന്ന് പത്രക്കാരനും പറയുന്നില്ല. ഇന്നും ഇതിന്റെ പിന്നിലെ രഹസ്യം പിടികിട്ടാ വസ്തുതയായി തുടരുന്നു...

ആരെ സന്തോഷിപ്പിക്കാനായിരുന്നു ഈ കളള വാര്‍ത്ത?..... ഡോ: ഭരതന്റെ വീടിന് കല്ലേറ്: കരിവെളളൂര്‍ ബസാറിലായിരുന്നു ഡോ: എ.വി. ഭരതന്റെ തറവാട് വീട്. അവിടെ അദ്ദേഹത്തിന്റെ സഹോദരി നാരായണിയേട്ടിയായിരുന്നു താമസിച്ചിരുന്നത്. 1980ല്‍ കരിവെളളൂരില്‍ കാന്‍ഫെഡിന്റെ നേതൃത്വത്തില്‍ അനൗപചാരിക തുടര്‍ വിദ്യാഭ്യാസ ക്ലാസ്സ് നടക്കുന്ന കാലം. തൊഴിലാളികള്‍ രാത്രി 7 മണിക്ക് ക്ലാസ്സിലെത്തും. 11-12 മണിവരെ ക്ലാസ്സുണ്ടാവും. ബീഡി-നെയ്ത്ത് മേഖലകളിലെ തൊഴിലാളികളാണ് ക്ലാസ്സില്‍ വരുന്നത്. തൊഴില്‍ശാലകളില്‍ നിന്ന് പണി കഴിഞ്ഞ് വിശന്ന വയറോടെ വരുന്നവരാണവര്‍. ഒരു ദിവസം ആരോ നാരായണിയേട്ടിയുടെ വീടിന് നേരെ കല്ലെറിഞ്ഞു. ക്ലാസ്സ് കഴിഞ്ഞ് തിരിച്ച് പോവുന്ന ചെറുപ്പക്കാരാണ് കല്ലെറിഞ്ഞതെന്ന പരാതിയുമായി നാരായണിയേട്ടി പോലീസ് സ്റ്റേഷനില്‍ ചെന്നു. വാസ്തവത്തില്‍ പഠിതാക്കളായി വന്ന കുട്ടികളൊന്നും ആ പണി ചെയ്യില്ല. ഈ സല്‍പ്രവര്‍ത്തനത്തോടുളള അമര്‍ഷം മൂലം ചില ദുഷ്ടബുദ്ധികളുടെ പ്രേരണമൂലം നാരായണിയേട്ടി കേസ് കൊടുത്തതാണ്. ഇതിന്റെ പേരില്‍ എനിക്കും അന്തരിച്ച സാമൂഹ്യപ്രവര്‍ത്തകനായ എ. നാരായണന്‍ മാസ്റ്റര്‍ക്കും പോലീസ് സ്റ്റേഷനില്‍ കയറേണ്ട അവസ്ഥയും വന്നു. ഇല്ലാക്കഥ കെട്ടിച്ചമക്കല്‍ ഇങ്ങനെയുമുണ്ട്. അസൂയയോ അസന്തുഷ്ടിയോ ആണ് ഇതിന് പിന്നില്‍.

പഠനയാത്രയും ആശുപത്രി ചികിത്സയും വര്‍ഷങ്ങളായി പഠനയാത്രാസംഘത്തെ നയിക്കുന്ന വ്യക്തിയാണ് ഞാന്‍. ഇന്ത്യ മുഴുക്കെ അതായത് ഡെറാഡൂണ്‍, മുസോറി, ഹിമാചല്‍ പ്രദേശ്, ബോംബൈ, ന്യൂഡല്‍ഹി, മദ്രാസ്, ബാംഗ്ലൂര്‍, ഷിംല തുടങ്ങിയ സ്ഥലങ്ങളിലേക്കെല്ലാം പല ഘട്ടങ്ങളിലായി പഠനയാത്രാസംഘത്തെ നയിച്ചിട്ടുണ്ട്. ഇന്നും അത് തുടരുന്നു. 1990ല്‍ നടത്തിയ ഒരു പഠനയാത്രാ ദു:ഖമാണ് ഇവിടെ ഓര്‍ക്കുന്നത്. ഞാനും അന്തരിച്ച കുഞ്ഞിക്കണ്ണന്‍ മാഷുമായിരുന്നു ഗ്രൂപ്പിനെ നയിച്ചത്. കാന്‍ഫെഡിന്റെ നേതൃത്വത്തില്‍ കുടുംബയാത്രയായിരുന്നു അത്. മൈസൂര്‍, ഊട്ടി, കൊടൈക്കനാല്‍ എന്നിവിടങ്ങളിലേക്കാണ് യാത്ര പോയത്. യാത്ര വിജയകരമായിരുന്നു. അടുത്ത ദിവസത്തെ ഒരു സായാഹ്ന പത്രവാര്‍ത്ത ഇങ്ങനെയായിരുന്നു. സ്ത്രീകളെയും കൊണ്ട് സുഖവാസകേന്ദ്രങ്ങളില്‍ യാത്രചെയ്ത് തിരിച്ചെത്തിയ കണ്ണൂര്‍ ജില്ലക്കാരനും കാസര്‍കോട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നവനുമായ സുമുഖനായ അധ്യാപകനും, ഖാദി വസ്ത്രധാരിയായ റിട്ട: അധ്യാപകനും ആശുപത്രിയില്‍ ചികിത്സ തേടി അഡ്മിറ്റായി.

സത്യത്തിന്റെ കണിക പോലുമില്ലാത്ത ഒരു കളളവാര്‍ത്ത. മാഷും മദ്യപിക്കാറുണ്ട്. കാസര്‍കോട് നടന്ന കാന്‍ഫെഡിന്റെ ഒരു പരിപാടി അവസാനിക്കാന്‍ ഏറെ വൈകി. തിരിച്ചുവരാന്‍ വാഹന സൗകര്യമില്ല. അഡ്വ: മാധവന്‍ മാലങ്കാടിന്റെ വീട്ടില്‍ താമസിക്കാന്‍ ഏര്‍പ്പാട് ചെയ്തു. വീട്ടില്‍ ഭക്ഷണം ഉണ്ടാവാന്‍ സാധ്യത ഇല്ലാത്തതിനാല്‍ കഴിക്കാന്‍ റൊട്ടി സംഘടിപ്പിച്ചു. വക്കീലിന്റെ കൂടെ വീട്ടിലെത്തി. കുറച്ചു സഹോദരിമാരും കൂടെയുണ്ടായിരുന്നു. അഡ്വക്കറ്റിന്റെ ഭാര്യ അവരെയൊക്കെ അഡ്ജസ്റ്റ് ചെയ്തു കിടന്നുറങ്ങാന്‍ ഏര്‍പ്പാട് ചെയ്തു. ഞാനും അഡ്വക്കറ്റും അദ്ദേഹത്തിന്റെ മുറിയില്‍ കിടന്നു. ബ്രഡ് വാങ്ങി മുറിക്കകത്തുകൂടിയത് മദ്യപിക്കാനായിരുന്നു എന്നാണ് പുറത്തു വിശ്രമിച്ചവര്‍ ആരോപിച്ചത്. മദ്യം തൊടാത്തവരാണ് ഞങ്ങള്‍ രണ്ടുപേരും. എന്നിട്ടും ഇല്ലാത്ത ആരോപണം എല്ലായിടത്തും വ്യാപിച്ചു... ആ കുഞ്ഞ് എന്റേതാണെന്നു പോലും സാമൂഹ്യരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ഒരു സഹോദരി, അവര്‍ നല്ല കെട്ടുറപ്പുളള കുടുംബിനിയാണ്. മാതൃകാപരമായി ജീവിച്ചു വരുന്നവര്‍. രണ്ടു മക്കളുടെ അമ്മ. മൂന്നാമത് ഗര്‍ഭിണിയായപ്പോള്‍ അവരോട് ശത്രുതയുളള ഒരു സ്ത്രീ പറഞ്ഞു പ്രചരിപ്പിച്ച ഇല്ലാക്കഥയാണിത്. ആ പെണ്‍കുട്ടി ഉന്നത ബിരുദം തേടി അമേരിക്കയില്‍ ഭര്‍ത്താവിനോടൊപ്പം സന്തോഷകരമായി ജീവിക്കുന്നു. എന്നെ അലോസരപ്പെടുത്തിയ ഒരു കിംവദന്തിയായിരുന്നു അത്. ഇത്തരം കല്ലുവെച്ച നുണകള്‍ പ്രചരിക്കുമ്പോള്‍ ഒന്നും ചെയ്യാതെ മിണ്ടാതിരിക്കുന്നതാണ് അഭികാമ്യം. അതൊക്കെ താനെ മാഞ്ഞുപോകും.... എന്ന വിശ്വാസത്തോടെ.........

Also Read:
1.
നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം
3.മൊട്ടത്തലയില്‍ ചെളിയുണ്ട

4.ആശിച്ചുപോകുന്നു കാണാനും പറയാനും

5.പ്രണയം, നാടകം, ചീട്ടുകളി

6.കുട്ടേട്ടനൊരു കത്ത്

7.ശ്രീലങ്കന്‍ റേഡിയോയില്‍ നിന്നും മലയാള പ്രക്ഷേപണം കേട്ട കാലം മറന്നുവോ?

8.പേര് വിളിയുടെ പൊരുള്‍

9.തികഞ്ഞ മാപ്പിളയാകാന്‍ അത് ചെയ്‌തേ തീരൂ

10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്

11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ

12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍

13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍

14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !

15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്

16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും

17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ

18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ

19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...

20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍

21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം

22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്

23.വീണുടഞ്ഞ സ്വപ്നം

24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം

25.പേടിപ്പെടുത്തിയ ചുടുകാട്

26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ

27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍

28.എം.വി ആര്‍ നോട് ഒരു ചോദ്യം

29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം

30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍

31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു

32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ

33.30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും

34.പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍

35.റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍

36.മലപോലെ വന്നത് മഞ്ഞുപോലെ പോയി

37.രോഗികളേ നിങ്ങള്‍ തെക്കോട്ടുപോവാതെ വടക്കോട്ടു പോവൂ

38.തറവാട് ഒരോര്‍മ്മ

39.കരിവെളളൂരിലെ മുസ്ലീം കമ്മ്യൂണിസ്റ്റുകാര്‍

40.ഗ്രാന്‍ഡ് മോസ്‌ക്ക് ഒരത്ഭുതക്കാഴ്ച

41.ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി ഓര്‍മ്മച്ചെപ്പ് തുറന്നപ്പോള്‍
42.ബസിലെ സീറ്റ് സംവരണവും ഒഴിയുന്നവരുടെ വേദനയും
43.സംഘാടകനെന്നനിലയിലെ പ്രവര്‍ത്തനങ്ങള്‍
44.ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കെത്തിയ ചിലരെക്കുറിച്ച്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Article, Kookanam-Rahman, Suicide, Bank, Stone pelting, Complaint, police-station, Story of my foot steps part-45.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia