city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കെത്തിയ ചിലരെക്കുറിച്ച്

നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം ( ഭാഗം നാല്‍പത്തിനാല്)

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 14.03.2018) കരിവെളളൂരിന്റെ സാംസ്‌ക്കാരിക ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതിച്ചേര്‍ക്കേണ്ട ഒരു വിദ്യാഭ്യാസ വിപ്ലവം നടക്കുകയുണ്ടായി. 1980കളിലായിരുന്നു അതിന്റെ തുടക്കം. നൂറ് കണക്കിന് ബീഡി-നെയ്ത്ത് തൊഴിലാളികളുടെ സംഗമകേന്ദ്രമായിരുന്നു അന്ന് കരിവെളളൂര്‍. സാധു ബീഡി, ദിനേശ് ബീഡി മേഖലയില്‍ ആയിരത്തോളം തൊഴിലാളികള്‍ ജീവിതമാര്‍ഗം കണ്ടെത്തിയിരുന്ന കേന്ദ്രമായിരുന്നു ഇവിടം. കേവലം പത്തുവയസ്സുകാരന്‍ മുതല്‍ അറുപത്കാരന്‍ വരെ ബീഡിക്കമ്പനികളില്‍ ജോലിക്കെത്തും. മിക്കവരും നിരക്ഷരരോ അര്‍ധ സാക്ഷരരോ ആയിരിക്കും. പക്ഷേ ബോധതലത്തില്‍ ഉന്നത നിലവാരം കൈവരിച്ചവരാണിവര്‍. ലോകകാര്യങ്ങളെക്കുറിച്ച് ചര്‍ച്ചകളും, വാദപ്രതിവാദങ്ങളും കമ്പനികളില്‍ തൊഴിലിനിടയില്‍ നടക്കും. ഒരാള്‍ പത്രം വായിക്കും, മറ്റുളളവര്‍ കേള്‍ക്കും. വായനക്കാരനുളള കൂലി ഇതര തൊഴിലാളികള്‍ വീതം വെച്ച് നല്‍കും. എഴുത്ത് പഠിച്ച് കരുത്തുനേടാന്‍ ആവേശമായിരുന്നു തൊഴിലാളികള്‍ക്ക്. കരിവെളളൂരില്‍ എന്റെ നേതൃത്വത്തില്‍ ആരംഭിച്ച സാക്ഷരതാ ക്ലാസ്സിലേക്ക് അല്‍പം നാണിച്ചാണെങ്കിലും അവര്‍ കടന്നുവന്നു.

ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ നാല്‍പ്പതോളം പഠിതാക്കള്‍ അക്ഷരമുറപ്പിച്ചു. അവിടംകൊണ്ട് നിര്‍ത്താന്‍ അവര്‍ തയ്യാറായില്ല. ഇക്കാലത്തെപോലെ തുല്യതാ പരീക്ഷകളൊന്നുമില്ലായിരുന്നു അന്ന്. പ്രൈവറ്റായി ഏഴാം ക്ലാസ്സ് പരീക്ഷയെഴുതാമെന്ന് കെ.ഇ.ആറില്‍ ഒരു വ്യവസ്ഥ ഉണ്ട്. പതിനേഴ് വയസ്സ് പൂര്‍ത്തിയാവണം, പ്രൈമറി ക്ലാസ്സു കൂടിയുളള സ്‌ക്കൂളില്‍ പരീക്ഷയെഴുതാം, പത്തുരൂപ ചലാന്‍ അടക്കണം, റഗുലര്‍ കുട്ടികളോടൊപ്പം വാര്‍ഷിക പരീക്ഷയെഴുതണം. ഈ വ്യവസ്ഥ പ്രകാരം 1981 മാര്‍ച്ചില്‍ കാടങ്കോട് ഗവ. ഫിഷറീസ് ഹൈസ്‌ക്കൂളില്‍ 23 പേര്‍ ഏഴാം ക്ലാസ്സ് പരീക്ഷയെഴുതി ജയിച്ചു. കരിവെളളൂര്‍ ബസാറില്‍, പയ്യന്നൂര്‍ റൂറല്‍ ബാങ്കിന്റെ കരിവെളളൂര്‍ ശാഖ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലും, കച്ചവടക്കാരനായ അബ്ബാസിന്റെ പീടിക മുറിയിലും, മുസ്ലീം കള്‍ച്ചറല്‍ സൊസൈറ്റി ആഫീസിലും, സെന്‍ട്രല്‍ എ.എല്‍.പി. സ്‌ക്കൂളിലും വെച്ചാണ് ക്ലാസ്സെടുത്തിരുന്നത്. 'കാന്‍ഫെഡ് സി.ഇ.സി.' എന്ന് സ്ഥാപനത്തിന് പേരിട്ടു. കണ്ടിന്യൂയിങ് എഡ്യുക്കേഷന്‍ സെന്ററിന്റെ ചുരുക്കപ്പേരായ 'സി.ഈ.സി.' എന്ന പേരിട്ടത് പി.ടി. ഭാസ്‌ക്കര പണിക്കര്‍ സാറായിരുന്നു. ഇടയ്ക്കു വെച്ച് പഠനം നിര്‍ത്തിയ അര്‍ദ്ധസാക്ഷരരും ക്ലാസ്സിലേക്ക് വരാന്‍ തുടങ്ങി. എസ്.എസ്.എല്‍.സി. പരീക്ഷ എഴുതണമെന്ന മോഹം പഠിതാക്കള്‍ക്കുണ്ടായി. അങ്ങനെ രാത്രിയുടെ അന്ത്യയാമങ്ങളില്‍ പോലും വിശപ്പടക്കിപ്പിടിച്ചു കൊണ്ട് അവര്‍ പഠിച്ചു.

ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കെത്തിയ ചിലരെക്കുറിച്ച്

എസ്.എസ്.എല്‍.സി. പരീക്ഷയെഴുതി ജയിച്ചു. ഇരുപത് പേരില്‍ നാല് തൊഴിലാളികള്‍ ഫസ്റ്റ് ക്ലാസ്സ് നേടി. 1990 വരെ സാക്ഷരതാ ക്ലാസ്സ്, ഏഴാം ക്ലാസ്സ്, എസ്.എസ്.എല്‍.സി. ക്ലാസ്സ് എന്നിവ സജീവമായി നടത്തി. നൂറ് കണക്കിന് തൊഴിലാളികള്‍ എസ്.എസ്.എല്‍.സി. പരീക്ഷയെന്ന കടമ്പ കടന്നു. വൈകുന്നേരങ്ങളില്‍ ഒഴിഞ്ഞ ചോറ്റുപാത്രവും തൂക്കി പാഠപുസ്തകങ്ങളും കൈയ്യിലേന്തി സി.ഇ.സി. യെ ലക്ഷ്യമാക്കി വരുന്ന തൊഴിലാളികള്‍ കരിവെളളൂരില്‍ അന്ന് നിത്യ കാഴ്ചയായിരുന്നു. എസ്.എസ്.എല്‍.സി.ക്കു ശേഷം കുറേ തൊഴിലാളികള്‍ കോളജില്‍ ചേര്‍ന്നു പഠിച്ചു. ചിലര്‍ പ്രൈവറ്റായി പ്രീഡിഗ്രിയും, ഡിഗ്രിയും, പി.ജി.യും എഴുതി വിജയം കണ്ടെത്തി. ബീഡിത്തൊഴിലാളിയായും, നെയ്ത്ത് തൊഴിലാളിയായും ജീവിച്ചു തീര്‍ക്കേണ്ടിവരുമെന്ന് കരുതിയവര്‍ക്ക് ഉയര്‍ന്ന ഉദ്യോഗങ്ങളില്‍ കയറിപ്പറ്റി ജീവിതം നയിക്കാനുളള അവസരമൊരുക്കിക്കൊടുത്തു എന്നതില്‍ എന്നെ ചാരിതാര്‍ത്ഥ്യപൂര്‍വ്വം സ്മരിക്കുന്നവരാണിവരൊക്കെ.

കരിവെളളൂരിലെ കളള്ഷാപ്പില്‍ കളള് എടുത്ത് കൊടുക്കുന്ന ജോലിയിലേര്‍പ്പെട്ട പി.പി. ചന്ദ്രന്‍ സി.ഇ.സി.യിലൂടെ ഏഴാം ക്ലാസ്സും, എസ്.എസ്.എല്‍.സി.യും ജയിച്ച് എം.എ. എക്‌ണോമിക്‌സ് പരീക്ഷയും ജയിച്ചു. കാസര്‍കോട് ഗവ. കോളജില്‍ ലക്ചററായി അവന് ജോലി ലഭിച്ചത് തൊഴിലാളികള്‍ക്ക് അഭിമാനിക്കാവുന്ന നേട്ടമായിരുന്നു. പക്ഷേ ആ സന്തോഷം അധികനാള്‍ നീണ്ടുനിന്നില്ല. വളരെ ചെറുപ്പത്തിലേ അവന് ഇവിടെനിന്ന് വിട ചൊല്ലേണ്ടിവന്നു... എം. ഗംഗാധരന്‍ എന്ന വെളളൂരിലെ നെയ്ത്ത് തൊഴിലാളി പി.ജി. എടുത്ത് മിലിട്ടറി സ്‌ക്കൂളില്‍ ലക്ചററായി ജോലിയില്‍ കയറി. ദിനേശ് ബീഡിത്തൊഴിലാളികളായ കൊടക്കാട്ടെ പ്ലാക്കാ ലക്ഷ്മണനും, മാണിയാട്ടെ രാജനും പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായി കഴിഞ്ഞ വര്‍ഷം ജോലിയില്‍ നിന്ന് റിട്ടയര്‍ ചെയ്തു. സാധു ബീഡിത്തൊഴിലാളിയായിരുന്ന ടി.വി. രവീന്ദ്രന്‍ ടീച്ചേര്‍സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് അധ്യാപകനായിട്ടും, ഹെഡ്മാസ്റ്ററായിട്ടും ജോലി ചെയ്തു. ഈ വര്‍ഷം സര്‍വീസില്‍ നിന്ന് റിട്ടയര്‍ ചെയ്തു. നെയ്ത്ത് തൊഴിലാളിയായിരുന്ന എ.വി. നാരായണന്‍ പ്രൈമറി സ്‌ക്കൂള്‍ ഹെഡ്മാസ്റ്ററായി പിരിഞ്ഞു. വേറൊരു നെയ്ത്ത് തൊഴിലാളിയായിരുന്ന വെളളൂരിലെ ബാലകൃഷ്ണന്‍ അധ്യാപകനായി വിരമിച്ചിരിക്കുകയാണ്.

ദേശാഭിമാനി ദിനപത്രത്തിന്റെ കണ്ണൂര്‍ യൂണിറ്റില്‍ ചീഫ് പ്രൂഫ് റീഡറായി ജോലി ചെയ്യുന്ന പി.പി. കരുണാകരന്‍ കരിവെളളൂരിലെ സാധു ബീഡിത്തൊഴിലാളിയായിരുന്നു. ഭക്ഷണം പോലും കഴിക്കാതെ രാത്രി ക്ലാസ്സിലെത്തി കരുണാകരന്‍ ബോധം കെട്ട് വീണതും, തിമിര്‍ത്ത് പെയ്യുന്ന മഴയത്ത് അവനെ വീട്ടില്‍ കൊണ്ടുവിട്ടതും ഓര്‍മ്മിച്ചുപോകുന്നു. പാര്‍ട് ടൈം കണ്ടിജന്റ് മീനിയല്‍ ജീവനക്കാരനായിരുന്ന കരിമ്പില്‍ ശ്രീധരന്‍ എസ്.എസ്.എല്‍.സി. വിജയിച്ചത് കരിവെളളൂര്‍ സി.ഇ.സി.യിലൂടെയാണ്. തുടര്‍ന്ന് അവന്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പോസ്റ്റില്‍ നിന്നാണ് വിരമിച്ചത്. പഠനശേഷം സി.ഇ.സി.യുടെ പ്രവര്‍ത്തനത്തില്‍ ശ്രീധരന്‍ എന്നെ സഹായിച്ചിട്ടുണ്ട്. തിമിരി സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് റിട്ടയര്‍ ചെയ്ത മണക്കാട്ടെ തൈപ്പളളി ഭാസ്‌ക്കരനും കരിവെളളൂര്‍ ബ്രാഞ്ചിലെ സാധുബീഡിത്തൊഴിലാളിയായിരുന്നു. പി.വി. ഗണേശന്‍ ഹൈസ്‌ക്കൂള്‍ അധ്യാപകനാണിന്ന്. സാക്ഷരതാ ക്ലാസ്സിലെ ഏറ്റവും പ്രായം കുറഞ്ഞ പഠിതാവായിരുന്നു അവന്‍. രാത്രി ക്ലാസ്സ് വിട്ടാല്‍ നല്ല മഴയത്ത് കൈയ്യിലെ സ്ലേറ്റ് തലയില്‍ വെച്ച് കൂക്കി വിളിച്ച് ഓടിപ്പോവുന്ന ഗണേശന്റെ ചിത്രം മനസ്സില്‍ കൊത്തിവെച്ചപോലുണ്ട് ഇന്നും.

കൊട്ടന്‍ കരിവെള്ളൂര്‍ ബസാറിലെ മികച്ച വ്യാപാരിയാണിന്ന്. കൊട്ടനെ എനിക്കെന്നും ഓര്‍മ്മ വരും. ആദ്യ ബാച്ച് സാക്ഷരതാ ക്ലാസ്സിലെ പഠിതാവാണ് കൊട്ടന്‍. ആകാശവാണി കോഴിക്കോട് നിലയത്തില്‍ നിന്ന് പ്രസ്തുത ക്ലാസ്സിലെ പഠിതാക്കളെ ഇന്റര്‍വ്യൂ ചെയ്യാന്‍ ആള്‍ക്കാര്‍ വന്നു. കൊട്ടന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ ആകാശവാണി ജീവനക്കാര്‍ അത്ഭുതത്തോടെ പരസ്പരം നോക്കിയത് മറക്കാതെ മനസ്സിലുണ്ട്. കൊട്ടന്‍ പലപ്പോഴും അക്കാര്യം ഓര്‍ത്തു പറയാറുണ്ട്. കരിവെള്ളൂര്‍ തുടര്‍വിദ്യാകേന്ദ്രത്തിലൂടെ അരപ്പട്ടിണിയിലും അറിവ് നേടി ജീവിതത്തിന്റെ പച്ചപ്പ് കണ്ടെത്തിയവര്‍ നിരവധിയുണ്ട്. അവരില്‍ ഓര്‍മ്മച്ചെപ്പിലൂടെ അരിച്ചെത്തിയ ചിലരെ എടുത്തുപറഞ്ഞു എന്ന് മാത്രം. ഇവരെയൊക്കെ അക്ഷര വെളിച്ചത്തിലൂടെ നടത്തിച്ച് ജീവിത വെളിച്ചത്തില്‍ എത്തിച്ചു എന്നതില്‍ എനിക്ക് അഭിമാനമുണ്ട്. കരിവെളളൂരിന്റെ ചരിത്രനിര്‍മ്മിതി നടത്തുന്നവര്‍ക്ക് ഇങ്ങനെയും ഒരു നന്മ വിതറിയ മനുഷ്യനെയും അതിലൂടെ ജീവിതവിജയം കൊയ്ത നിരവധി തൊഴിലാളികളെയും തിരിച്ചറിയാന്‍ ഈ കുറിപ്പ് സഹായകമാകട്ടെ എന്ന് ആശിച്ചുപോകുന്നു...

Also Read:
1.
നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം
3.മൊട്ടത്തലയില്‍ ചെളിയുണ്ട

4.ആശിച്ചുപോകുന്നു കാണാനും പറയാനും

5.പ്രണയം, നാടകം, ചീട്ടുകളി

6.കുട്ടേട്ടനൊരു കത്ത്

7.ശ്രീലങ്കന്‍ റേഡിയോയില്‍ നിന്നും മലയാള പ്രക്ഷേപണം കേട്ട കാലം മറന്നുവോ?

8.പേര് വിളിയുടെ പൊരുള്‍

9.തികഞ്ഞ മാപ്പിളയാകാന്‍ അത് ചെയ്‌തേ തീരൂ

10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്

11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ

12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍

13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍

14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !

15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്

16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും

17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ

18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ

19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...

20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍

21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം

22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്

23.വീണുടഞ്ഞ സ്വപ്നം

24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം

25.പേടിപ്പെടുത്തിയ ചുടുകാട്

26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ

27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍

28.എം.വി ആര്‍ നോട് ഒരു ചോദ്യം

29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം

30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍

31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു

32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ

33.30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും

34.പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍

35.റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍

36.മലപോലെ വന്നത് മഞ്ഞുപോലെ പോയി

37.രോഗികളേ നിങ്ങള്‍ തെക്കോട്ടുപോവാതെ വടക്കോട്ടു പോവൂ

38.തറവാട് ഒരോര്‍മ്മ

39.കരിവെളളൂരിലെ മുസ്ലീം കമ്മ്യൂണിസ്റ്റുകാര്‍

40.ഗ്രാന്‍ഡ് മോസ്‌ക്ക് ഒരത്ഭുതക്കാഴ്ച

41.ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി ഓര്‍മ്മച്ചെപ്പ് തുറന്നപ്പോള്‍
42.ബസിലെ സീറ്റ് സംവരണവും ഒഴിയുന്നവരുടെ വേദനയും
43.സംഘാടകനെന്നനിലയിലെ പ്രവര്‍ത്തനങ്ങള്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Article, Kookanam-Rahman, Employees, SSLC, School, Story of my foot steps part-44.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia