city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍

നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം (ഭാഗം മുപ്പത്തിനാല്)

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 02.01.2018) അതൊരു ഇടിത്തീ വീണപോലെയാണനുഭവപ്പെട്ടത്. സംഭവം ഒരു പത്രവാര്‍ത്തയായിരുന്നു. അങ്ങനെയൊരു വാര്‍ത്ത ആ പത്രത്തില്‍ വന്നതാണ് എന്നെ വിഷമിപ്പിച്ചത്. ഞാന്‍ പ്രസ്തുത പത്രത്തിന്റെ ആജീവന വരിക്കാരനാണ്. അതിന്റെ ആശയത്തിലധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. എന്നിട്ടുകൂടി എന്നെ വേദനിപ്പിക്കുന്ന വാര്‍ത്ത വന്നതില്‍ ദു:ഖം തോന്നി. വന്ന വാര്‍ത്ത വസ്തുതയ്ക്ക് നിരക്കാത്തതാണ്. അതില്‍ സത്യത്തിന്റെ കണിക പോലുമില്ല. ശരിക്കു പറഞ്ഞാല്‍ താന്തോന്നിത്തം എന്നു പറയാം.

1999 മുതല്‍ കാസര്‍കോട് ജില്ലയില്‍ ആരംഭിച്ച ഒരു സര്‍ക്കാര്‍ പദ്ധതിയാണ് 'പാര്‍ട്ണര്‍ഷിപ്പ് ഹെല്‍ത്ത് പ്രോജക്ട്'. ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കുന്ന കാലത്താണ് പാന്‍ടെക് എന്ന ഞാന്‍ നയിക്കുന്ന സംഘടനയ്ക്ക് ഈ പ്രോജക്ട് അനുവദിച്ചു കിട്ടിയത്. പ്രസ്തുത പ്രോജക്ടിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് കടക്കുന്നതിന് മുമ്പേ ഒരു വനിതാ പ്രവര്‍ത്തക ചെയ്ത നെറി കേടാണ് ഈ പത്രവാര്‍ത്തയ്ക്ക് ആധാരം. പ്രോജക്ടിന്റെ ഓഫീസ് കാഞ്ഞങ്ങാടിനടുത്ത് ഐങ്ങോത്ത് എന്ന സ്ഥലത്ത് ഒരു വാടകക്കെട്ടിടത്തിലായിരുന്നു അന്ന് പ്രവര്‍ത്തിച്ചിരുന്നത്. എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനമാണ് പ്രോജക്ട് മുഖേന നടപ്പാക്കുന്നത്. അതിന് ഹൈ റിസ്‌ക്കില്‍പ്പെട്ട വിവിധ മേഖലകളിലെ വ്യക്തികളെ ഫോക്കസ് ചെയ്തുകൊണ്ടായിരുന്നു പ്രവര്‍ത്തിക്കേണ്ടിയിരുന്നത്.

പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍


എം.എസ്.എം (മെയില്‍ സെക്‌സ് വിത്ത് മെയില്‍), എഫ്.എസ്.ഡബ്ല്യു. (ഫീമെയില്‍ സെക്‌സ് വര്‍ക്കേര്‍സ്), ക്ലയന്റ്‌സ് എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തിക്കേണ്ടത്. ഈ ഗണത്തില്‍ പെട്ട വ്യക്തികള്‍ ഓഫീസ് സന്ദര്‍ശിക്കും. അവര്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗ് നല്‍കും. രോഗാണുബാധയുളളവരെ ചികിത്സയ്ക്ക് വിധേയരാക്കും. സുരക്ഷിതമായ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആവശ്യമായ കോണ്ടം വിതരണം ചെയ്യും. ഇതൊക്കെയായിരുന്നു പ്രസ്തുത ഓഫീസില്‍ നടന്നുവന്ന കാര്യങ്ങള്‍. ഇരു നില കെട്ടിടമായിരുന്നു അത്. ചുരുങ്ങിയ വാടകയ്ക്കാണ് ആ കെട്ടിടം ഓഫീസ് പ്രവര്‍ത്തനത്തിന് അനുവദിച്ചു തന്നത്. നല്ലൊരു നെയിം ബോര്‍ഡ് കെട്ടിടത്തിന് സമീപത്തായി സ്ഥാപിച്ചിരുന്നു.

കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈംഗികാരോഗ്യ പദ്ധതി എന്ന് വ്യക്തമായി ബോര്‍ഡില്‍ കാണിച്ചിരുന്നു. ഒരു ദിവസം ജില്ലയിലെ അറിയപ്പെടുന്ന ഒരു വനിതാ നേതാവ് എന്നെ വിളിക്കുന്നു. 'മാഷേ നിങ്ങള്‍ നടത്തുന്ന സ്ഥാപനത്തില്‍ എന്തൊക്കെയോ നടക്കുന്നുണ്ട് എന്ന് പരാതി കിട്ടിയിട്ടുണ്ടല്ലോ?'. വിളിച്ച സ്ത്രീ എന്റെ അടുത്ത സുഹൃത്തായിരുന്നു. ഞാന്‍ അവരുടെ വീട്ടില്‍ ചെന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്. പരസ്പരം കുടുംബ-നാട്ടു കാര്യങ്ങളൊക്കെ സംസാരിക്കാറുണ്ട്. അവര്‍ എന്റെ വീട്ടിലും വരാറുണ്ട്. എല്ലാം പരസ്പരം അറിയുന്ന വ്യക്തികളാണ് ഞങ്ങള്‍. 'അവിടെ ഒന്നും നടക്കുന്നില്ലാ... നിങ്ങള്‍ നേരിട്ട് പോയി കാണൂ. എന്നിട്ട് അഭിപ്രായം പറയൂ'-ഞാന്‍ പറഞ്ഞു. പിന്നീടാണ് ആ കാര്യം ഞാന്‍ മനസ്സിലാക്കിയത്. എന്നോട് വിരോധമുളള ഒരു വനിതാ പ്രവര്‍ത്തകയാണ് ജില്ലാ നേതാവായ വനിതയോട് ഒരു നുണ പറഞ്ഞത്. എന്നോട് ചെറിയ വനിതാ പ്രവര്‍ത്തകയ്ക്ക് വിരോധമാവാന്‍ ഒരു കാരണമുണ്ടായിരുന്നു. അവള്‍ക്ക് ഒരു ചെറുപ്പക്കാരനുമായി അടുപ്പമുണ്ടായിരുന്നു. അത് ഞാന്‍ ഇടപെട്ട് ആ ചെറുപ്പക്കാരനെ പിന്തിരിപ്പിച്ചു. ആ ചെറുപ്പക്കാരന്‍ നല്ലൊരു സാമൂഹ്യ പ്രവര്‍ത്തകനാണ്. അതുകൊണ്ട് തന്നെ അവന്റെ തെറ്റായ പോക്കിനെ തടയേണ്ടത് എന്റെ ബാധ്യതയായിരുന്നു. അതിനെ തുടര്‍ന്നുളള അവളുടെ വിരോധമാണ് ഞാന്‍ നടത്തുന്ന പ്രോജക്ടിനെക്കുറിച്ച് അപവാദം പറയാന്‍ പ്രേരിപ്പിച്ചത്.

വനിതാ നേതാവ് ഓഫീസ് സന്ദര്‍ശിച്ചു. പ്രോജക്ടിനെക്കുറിച്ചൊന്നും നേതാവിനറിയില്ല. അവര്‍ അവിടെ കണ്ട കാഴ്ചയും ചെറിയ വനിതാ പ്രവര്‍ത്തക പറഞ്ഞ കാര്യവും ഏതാണ്ട് ശരിയാണെന്ന് മനസ്സിലായി. അവിടെ വിവിധ ക്വാളിറ്റിയുളള ഗര്‍ഭ നിരോധന ഉറകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ലൈംഗിക തൊഴിലാളികളായ സ്ത്രീകള്‍ അവിടെ ഇരിക്കുന്നുണ്ട്. പ്രോജക്ടിന്റെ സ്റ്റാഫില്‍ പെട്ട പുരുഷന്മാരെയും അവിടെ കണ്ടു. ഇതൊക്കെ കണ്ടപ്പോള്‍ നേതാവിന് ഹാലിളകി. ഉടനെ അവര്‍ക്കറിയാവുന്ന പത്ര ഓഫീസിലേക്കു വിളിക്കുന്നു. ഈ പ്രോജക്ടാഫീസില്‍ കണ്ട കാര്യങ്ങള്‍ക്ക് പൊടിപ്പും തൊങ്ങലും വെച്ച് പറഞ്ഞു കൊടുത്തു. സ്ത്രീകളെ ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുകയും, കമ്മീഷന്‍ പറ്റുകയും ചെയ്യുന്ന ഒരു സ്ഥാപനം കാഞ്ഞങ്ങാട് നാഷണല്‍ ഹൈവേയുടെ സമീപത്തായി ഒരു ഇരുനില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു. വിവിധ തരം ഗര്‍ഭ നിരോധന ഉറകളും മറ്റും ഇവിടെ നിന്ന് വിതരണം ചെയ്യുന്നുണ്ട്.

പത്രക്കാരന്‍ വാര്‍ത്ത കൊഴുപ്പിക്കാന്‍ നല്ലൊരു ഹെഡിംഗും കൊടുത്തു : 'സര്‍ക്കാര്‍ ചെലവില്‍ വേശ്യാലയം'. പോരേ പൂരം. ഞങ്ങള്‍ തിരുവനന്തപുരത്തുളള സംസ്ഥാനതല ഉഗ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. 'നമ്മള്‍ ഒന്നും പ്രതികരിക്കേണ്ട. പ്രവര്‍ത്തനവുമായി മുന്നോട്ടുപോയ്‌ക്കോളൂ' എന്നാണ് മറുപടി. പക്ഷേ ഇത് സര്‍ക്കാര്‍ പരിപാടിയാണ്. ജില്ലാ കളക്ടര്‍മാരാണ് ഈ പ്രോജക്ടിന്റെ തലവന്മാര്‍. ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് എല്ലാ സഹായങ്ങളും ചെയ്യുന്നുണ്ട്. എങ്കിലും ഈ വാര്‍ത്ത കണ്ട വായനക്കാര്‍ പ്രോജക്ടിനെക്കുറിച്ച് തെറ്റിദ്ധരിക്കില്ലേ? ഈ ചിന്തമൂലം മറ്റ് പത്രക്കാരെ കണ്ടു. മനോരമയിലും, ഇന്ത്യന്‍ എക്‌സ്പ്രസ്സിലും എന്താണ് ഈ പ്രോജക്ട് എന്നും, അതിന്റെ പ്രവര്‍ത്തനമെന്താണെന്നും, സന്നദ്ധരായ ഇതിന്റെ പ്രവര്‍ത്തകരെ അപമാനിക്കുന്നത് തെറ്റായ നടപടിയാണെന്നും വിശദമാക്കിക്കൊണ്ടുളള വാര്‍ത്ത വന്നു. എങ്കിലും ആദ്യ വാര്‍ത്തയുടെ പ്രത്യാഘാതമെന്ന നിലയില്‍ പ്രോജക്ടിനെതിരെ ചില സാമൂഹ്യ ദ്രോഹികളും രംഗത്തെത്തി.

ഓഫീസില്‍ സ്ഥാപിച്ച നെയിം ബോര്‍ഡുകള്‍ എടുത്തു കിണറിലെറിഞ്ഞു. കെട്ടിടമുടമ ഓഫീസ് മാറണമെന്ന് ആവശ്യപ്പെട്ടു. പുതിയ ഓഫീസ് കണ്ടെത്തി. അവിടെയും ചുമരെഴുത്ത് വന്നു. കെട്ടിടത്തിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. ചുവരെഴുത്തിലെ വാചകങ്ങളിലൊന്ന് ഇങ്ങനെ : 'കൂക്കാനം എയ്ഡ്‌സ് റഹ് മാന്‍'. ചില ദുഷ്ട ബുദ്ധികള്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്ത് 'ഒരു പെണ്ണിനെ കിട്ടുമോ? എത്രയാണ് ചാര്‍ജ്'. അന്ന് മൊബൈല്‍ ഫോണ്‍ ഇല്ല. ലാന്റ് ഫോണ്‍ വിളി വരുമ്പോള്‍ ഞാനില്ലാത്ത സമയത്ത് മകളോ, ഭാര്യയോ ആണ് ഫോണ്‍ അറ്റന്‍ഡ് ചെയ്യാറ്. അവരുടെ മാനസ്സിക അവസ്ഥ എന്തായിരിക്കുമെന്ന് പറയാതിരിക്കുകയാണ് ഭേദം.

കാസര്‍കോട് ജില്ലയില്‍ എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനം നടത്തിയില്ലായിരുന്നുവെങ്കില്‍ എച്ച്.ഐ.വി. അണുബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുമായിരുന്നു. നിലവില്‍ ലൈംഗികത്തൊഴിലാളികളുടെ ഇടയില്‍ കേവലം 11 പേര്‍ക്ക് മാത്രമാണ് അണുബാധയുളളത്. എന്നാല്‍ പൊതുസമൂഹത്തില്‍ ആയിരത്തിനടുത്ത് എച്ച്.ഐ.വി. അണുബാധരുണ്ട്. ആദ്യ ഘട്ടത്തില്‍ ഇത്തരത്തില്‍ ഈ പദ്ധതിക്കെതിരെ വാളോങ്ങിയവരുടെ നാട്ടില്‍ തന്നെ എയ്ഡ്‌സ് രോഗികളുണ്ട് എന്നുളളത് അവരെ മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. ഇടതുപക്ഷ വനിതാ പ്രവര്‍ത്തകരാണ് ഈ തെറ്റായ പ്രചരണം നടത്തിയത്. അക്കാലത്ത് അവരുടെ കൂട്ടാളികളായ വലതുപക്ഷ വനിതാ നേതാക്കളും ഞങ്ങള്‍ക്കെതിരായി നിന്നു.

അന്നത്തെ ഒരു വലതുപക്ഷ വനിതാ നേതാവ് ഇന്ന് ഇടതുപക്ഷത്തിന്റെ കൂടെയാണ്. അവര്‍ എന്നോടു വിളിച്ചു പറഞ്ഞു. 'നിങ്ങളെ ഞങ്ങള്‍ കാത്തു നില്‍ക്കുകയാണ്, സ്റ്റാന്‍ഡില്‍ തടഞ്ഞുവെയ്ക്കാന്‍'.ഇങ്ങനെ ഒരുപാട് ഭീഷണികളും, അപകീര്‍ത്തിപരമായ വാര്‍ത്തകളും, ഫോണ്‍ കോളുകളും, മാനസ്സികമായ സംഘര്‍ഷങ്ങളുണ്ടാക്കി. എങ്കിലും തിരിഞ്ഞു നോക്കുമ്പോള്‍ ഇന്ന് അഭിമാനവും, ആഹ്ലാദവും മനസ്സില്‍ അലയടിക്കുകയാണ്. മാനസ്സിക പീഡനങ്ങളെ സധൈര്യം ചെറുത്തു നില്‍ക്കാന്‍ സഹായിച്ച സഹപ്രവര്‍ത്തകരെയും ഒരുപാട് വിഷമം സഹിച്ച് പ്രവര്‍ത്തിച്ച വളണ്ടിയേര്‍സിനെയും നന്ദിയോടെ ഹൃദയഭിത്തിയില്‍ സൂക്ഷിച്ചു വെയ്ക്കും.

Also Read:  1.നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

2.ഉച്ചയ്ക്ക് വിശപ്പടക്കാന്‍ ഒരാണിവെല്ലം

3.മൊട്ടത്തലയില്‍ ചെളിയുണ്ട

4.ആശിച്ചുപോകുന്നു കാണാനും പറയാനും

5.പ്രണയം, നാടകം, ചീട്ടുകളി

6.കുട്ടേട്ടനൊരു കത്ത്

7.ശ്രീലങ്കന്‍ റേഡിയോയില്‍ നിന്നും മലയാള പ്രക്ഷേപണം കേട്ട കാലം മറന്നുവോ?

8.പേര് വിളിയുടെ പൊരുള്‍

9.തികഞ്ഞ മാപ്പിളയാകാന്‍ അത് ചെയ്‌തേ തീരൂ

10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്

11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ

12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍

13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍

14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !

15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്

16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും

17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ

18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ

19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...

20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍

21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം

22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്

23.വീണുടഞ്ഞ സ്വപ്നം

24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം

25.പേടിപ്പെടുത്തിയ ചുടുകാട്

26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ

27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍

28.എം.വി ആര്‍ നോട് ഒരു ചോദ്യം

29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം

30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍

31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു

32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookanam-Rahman, Pantech, Office, Phone-call, Threatened, Treatment, Story of my foot steps part-34.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia