city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുഖ്യമന്ത്രിയുടെ നിര്‍ദേശം കാറ്റില്‍ പറത്തുന്നു; വാഹനപരിശോധനക്ക് സിവില്‍ പോലീസും ഷാഡോ പോലീസും; സുഹൈലിന്റെ മരണത്തിനുത്തരവാദികളായ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യം, സോഷ്യൽ മീഡിയയിലും പ്രതിഷേധം

കാസര്‍കോട്: (www.kasargodvartha.com 31.12.2017) വാഹന പരിശോധനക്കിടെയുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിയായ യുവാവ് മരണപ്പെട്ട സംഭവത്തനുത്തരവാദികളായ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. വാഹനങ്ങള്‍ പരിശോധിക്കാന്‍ പോലീസില്‍ നിയമപരമായി അധികാരമുള്ളത് ആര്‍ക്കാണെന്ന ചോദ്യവും ഈ സാഹചര്യത്തില്‍ ഉയരുകയാണ്.

അണങ്കൂരില്‍ ശനിയാഴ്ച പുലര്‍ച്ചെ നടുറോഡില്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെ കാറിടിച്ച് എം.ബി.എ വിദ്യാര്‍ത്ഥിയായ സുഹൈല്‍ മരണപ്പെടുകയായിരുന്നു. വാഹനപരിശോധനയുടെ അധികാരം ആര്‍ക്കെന്ന ചോദ്യമാണ് ഇതോടെ സജീവമായിരിക്കുന്നത്. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് ആഭ്യന്തരവകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി നല്‍കിയ മറുപടിയില്‍ ഇതുസംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉയര്‍ത്തിയിരുന്നു.

മോട്ടോര്‍ വാഹന നിയമപ്രകാരം സബ് ഇന്‍സ്പെക്ടര്‍ റാങ്കും അതിന് മുകളിലുമുള്ള ഉദ്യോഗസ്ഥര്‍ക്കാണ് വാഹനങ്ങള്‍ പരിശോധിക്കാന്‍ നിയമപരമായി അധികാരമുള്ളതെന്നാണ് വ്യവസ്ഥ. അസി. സബ് ഇന്‍സ്പെക്ടര്‍ക്ക് പോലും വാഹന പരിശോധന നടത്താന്‍ അധികാരമില്ലെന്ന് മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ വ്യക്തമാക്കിയിട്ടും കാസര്‍കോട്ട് സിവില്‍ പോലീസ് ഓഫീസര്‍മാര്‍ അടക്കമുള്ളവരെയാണ് വാഹനപരിശോധനക്ക് നിയോഗിക്കുന്നത്. ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്ന ഷാഡോ പോലീസുകാര്‍ക്ക് വാഹനങ്ങള്‍ പരിശോധിക്കാനുള്ള അധികാരമില്ലെന്ന് എന്‍.എ നെല്ലിക്കുന്നിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിരുന്നു.

തിരക്കേറിയ ജംഗ്്ഷനുകളിലും കൊടും വളവുകളിലും കയറ്റിറക്കങ്ങളിലും ഇടുങ്ങിയ റോഡുകളിലും പാലത്തിന്റെ മുകളിലും വാഹന പരിശോധന ഒഴിവാക്കേണ്ടതാണെന്ന് അധികൃതരുടെ നിര്‍ദേശവുമുണ്ട്. വാഹന പരിശോധന നടക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ പരിശോധനാ വാഹനത്തിന്റെ അരികിലെത്തി വാഹന പരിശോധന പൂര്‍ത്തിയാക്കേണ്ടതാണെന്നും വാഹനത്തിലുള്ള യാത്രക്കാരോട് മാന്യമായി പെരുമാറണമെന്നും ഒരേസമയം ഒന്നില്‍ കൂടുതല്‍ വാഹനങ്ങളെ തടഞ്ഞുനിര്‍ത്തി പരിശോധന നടത്താന്‍ പാടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

വാഹന പരിശോധനക്കിടെ വിദ്യാര്‍ത്ഥി കാറിടിച്ച് മരിക്കാനിടയായ സംഭവത്തില്‍ പോലീസുകാരുടെ ഭാഗത്ത് നിന്നുള്ള വീഴ്ച അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സുഹൈലിന്റെ മരണം; കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം, വാട്‌സ്ആപ്പ് കൂട്ടായ്മ ഡിജിപിക്ക് നിവേദനം നല്‍കി

കാസര്‍കോട്: പോലീസിന്റെ അനാസ്ഥമൂലം യുവാവ് അപകടത്തില്‍പെട്ട് മരിക്കാനിടയായ സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അണങ്കൂര്‍ കൊല്ലമ്പാടി വാട്‌സ്ആപ്പ് കൂട്ടായ്മ ഡിജിപിക്ക് നിവേദനം നല്‍കി. ഇടവഴികളിലും ഉള്‍റോഡുകളിലും ഇരു വാഹന പരിശോധന എന്ന പേരില്‍ പോലീസുകാരുടെ അനാവശ്യ വേട്ട നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരികയാണ്. അന്യായമായി ജനങ്ങളെ ദ്രോഹിക്കുന്നത് അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും വാട്‌സ്ആപ്പ് കൂട്ടായ്മ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

വിദ്യാര്‍ത്ഥിയുടെ അപകട മരണം; അന്വേഷണം വേണം: എന്‍.വൈ.എല്‍

കാസര്‍കോട്: പോലീസിന്റെ വാഹന പരിശോധനക്കിടെ കാറിടിച്ച് വിദ്യാര്‍ത്ഥി മരിക്കാനിടയായ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും നാഷണല്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. ഷെയ്ഖ് ഹനീഫ്, ജനറല്‍ സെക്രട്ടറി ഷാഫി സുഹ് രി, ട്രഷറര്‍ പി.എച്ച്. ഹനീഫ് എന്നിവര്‍ ആവശ്യപ്പെട്ടു.

തിരക്കേറിയ റോഡുകളില്‍ വാഹന പരിശോധനക്ക് നിയന്ത്രണം വേണമെന്ന നിര്‍ദ്ദേശം പാലിക്കപ്പെട്ടിട്ടുണ്ടോ എന്നും റോഡില്‍ത്തന്നെ വാഹന പരിശോധന നടത്തുകയായിരുന്നോ എന്നും അന്വേഷിക്കേണ്ടതുണ്ട്. പലപ്പോഴും പോലീസ് പ്രതിസ്ഥാനത്ത് നില്‍ക്കുന്ന കേസുകള്‍ വേണ്ട വിധത്തില്‍ അന്വേഷിക്കപ്പെടാതെ പോകുന്നത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനിടയാക്കുന്നു. അതിനാല്‍ സ്വതന്ത്രമായ അന്വേഷണം വേണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

സുഹൈലിന്റെ മരണം; പോലീസിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: എന്‍ വൈ എല്‍ ഉദുമ മണ്ഡലം കമ്മിറ്റി

കാസര്‍കോട്: സുഹൈലിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് എന്‍ വൈ എല്‍ ഉദുമ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മാനദണ്ഡങ്ങള്‍ ലംഗിച്ച് നടത്തുന്ന പോലീസ് പരിശോധന അവസാനിപ്പിക്കണമെന്ന് നാഷണല്‍ യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് ഷരീഫ് ചെമ്പിരിക്കയും സെക്രട്ടറി ഷാഹിദ് സി എല്ലും ആവശ്യപ്പെട്ടു.

വാഹന പരിശോധനക്കിടെ കാറിടിച്ച് യുവാവ് മരണപ്പെട്ട സംഭവത്തില്‍ കൊല കുറ്റത്തിന് കേസെടുക്കണം: എസ് കെ എസ് എസ് എഫ്

കാസര്‍കോട്: ശനിയാഴ്ച പുലര്‍ച്ചെ കാസര്‍കോട് അണങ്കൂരില്‍ നടുറോഡില്‍ ബൈക്ക് തടഞ്ഞ് വെച്ച് പോലീസ് പരിശോധിക്കുന്നതിനിടെ ബൈക്കിന് പിറകില്‍ കാറിടിച്ച് യുവാവ് മരണപ്പെട്ട സംഭവത്തില്‍ പോലീസിനെതിരെ കേസടുക്കണമെന്ന് എസ് കെ എസ് എസ് എഫ് കാസര്‍കോട് മേഖലാ പ്രസിഡണ്ട് ഹാരിസ് ബെദിരയും ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവിയും ആവശ്യപ്പെട്ടു.

കാസര്‍കോട് പരിധിയില്‍ പല സ്ഥലങ്ങളിലും യുവാക്കളെ തടഞ്ഞ് നിര്‍ത്തി അസഭ്യം പറയുകയും, ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥയാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ബൈക്കില്‍ യാത്ര ചെയ്യുന്നവരെ തടഞ്ഞ് നിര്‍ത്തി ബുദ്ധിമുട്ടിക്കുന്ന അവസ്ഥയാണുണ്ടാകുന്നത്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും എസ് കെ എസ് എസ് എഫ് നേതാക്കള്‍ പറഞ്ഞു.


Related News:
പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്തിയപ്പോള്‍ പിന്നാലെ വന്ന കാറിടിച്ച് പരിക്കേറ്റ എം ബി എ വിദ്യാര്‍ത്ഥി മരിച്ചു

വാഹനപരിശോധനക്കിടെ ബൈക്ക് കൈ കാട്ടി നിര്‍ത്തിയപ്പോള്‍ പിന്നില്‍ നിന്നും വന്ന കാര്‍ ഇടിച്ചുതെറിപ്പിച്ചു; എം ബി എ വിദ്യാര്‍ത്ഥിക്ക് ഗുരുതരം, പോലീസുകാര്‍ക്കും പരിക്ക്

മുഖ്യമന്ത്രിയുടെ നിര്‍ദേശം കാറ്റില്‍ പറത്തുന്നു; വാഹനപരിശോധനക്ക് സിവില്‍ പോലീസും ഷാഡോ പോലീസും; സുഹൈലിന്റെ മരണത്തിനുത്തരവാദികളായ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യം, സോഷ്യൽ മീഡിയയിലും പ്രതിഷേധം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Police, Death, Police, Suhail Death; Protest against police
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia