city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു

നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം ( ഭാഗം മുപ്പത്തിയൊന്ന്)

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 13.12.2017)   കാസര്‍കോട് കളക്ടറേറ്റില്‍ നടക്കുന്ന ചൈല്‍ഡ് ലൈന്‍ അഡ്‌വൈസറിക്കമ്മറ്റി മീറ്റിംഗില്‍ പങ്കെടുക്കുന്നതിന് ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനിലെത്താന്‍ വീട്ടിനടുത്തുള്ള ബസ് സ്റ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുകയായിരുന്നു ഞാന്‍. മോട്ടോര്‍ ബൈക്കില്‍ വന്ന ഒരു ചെറുപ്പക്കാരന്‍ എന്റെയടുത്ത് ബ്രേയ്ക്കിട്ടു നിര്‍ത്തി. തലയില്‍ ഹെല്‍മെറ്റ് വെച്ചതിനാല്‍ ആളെ തിരിച്ചറിഞ്ഞില്ല. ഹെല്‍മെറ്റ് മാറ്റി 'എന്നെ മനസ്സിലായില്ലേ സാര്‍' എന്നാരാഞ്ഞു. 'മുഖം ഓര്‍മ്മയുണ്ട് ആരാണ് എന്ന് തിരിച്ചറിയാന്‍ പറ്റുന്നില്ല' എന്ന എന്റെ പ്രതികരണം കേട്ടപ്പോള്‍ അവന്‍ പറഞ്ഞു തുടങ്ങി. 'ഞാന്‍ സാറിന്റെ സ്റ്റുഡന്റാണ്. കരിവെള്ളൂര്‍ നോര്‍ത്ത് യു. പി. സ്‌കൂളില്‍ എന്നെ പഠിപ്പിച്ചിട്ടുണ്ട്.' 'സാര്‍ എങ്ങോട്ടാ?' 'ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക്' ഞാനും അങ്ങോട്ടാണ് സാറിന് ഈ വണ്ടിയില്‍ കയറാന്‍ വിഷമമുണ്ടോ? വിഷമമൊന്നും പറയാതെ ബൈക്കില്‍ കയറി ഇരുന്നു. സ്റ്റേഷന്‍ വരെ ഒന്നും സംസാരിച്ചില്ല.

സ്റ്റേഷനില്‍ എത്തിയപ്പോള്‍ അവന്‍ സംസാരിക്കാന്‍ തുടങ്ങി. ഞാന്‍ മാധവന്‍. സാറിനെ ഒരിക്കലും എനിക്ക് മറക്കാന്‍ കഴിയില്ല. ഞാന്‍ ഇന്നീനിലയിലെത്തിയത് സാറിന്റെ ഒരുശിക്ഷയാണ്. അന്ന് അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ കളി പിരീഡ് ഞങ്ങളെ ഗ്രൗണ്ടിലേക്ക് കൊണ്ടുപോയി. ക്യൂ ആയിട്ട് നില്‍ക്കാന്‍ സാര്‍ പറഞ്ഞു. ഞാന്‍ ക്യൂവില്‍ നിന്ന് മാറി കൂട്ടുകാരോട് സംസാരിക്കുകയായിരുന്നു. അനുസരിക്കാത്തതിന്റെ പേരില്‍ സാര്‍ എന്റെ തുടയ്ക്കിട്ട് വടികൊണ്ട് രണ്ടു മൂന്ന് അടിതന്നു. വേദനിച്ചിരുന്നു. ഉടനെ ക്യൂവില്‍ സ്ഥാനം പിടിച്ചു. അതിന് ശേഷം ഇന്നേവരെ ഞാന്‍ ക്യൂസിസ്റ്റം എവിടെ ഉണ്ടെങ്കിലും ക്യൂ തെറ്റിക്കാറില്ല. അതുകൊണ്ട് മാത്രമാണ് എനിക്ക് മിലിട്ടറിയില്‍ സെലക്ഷന്‍ കിട്ടാന്‍ കാരണം. അച്ചടക്കം എന്താണെന്ന് സാര്‍ മനസ്സിലാക്കിത്തന്നില്ലേ? അതിന്നും ഞാന്‍ പാലിക്കുന്നു. മിലിട്ടറിയില്‍ ഇരുപത് കൊല്ലം സേവനം പൂര്‍ത്തിയാക്കി. പെന്‍ഷന്‍ വാങ്ങി. ഇപ്പോള്‍ കാസര്‍കോട് ടെലിഫോണ്‍സില്‍ വര്‍ക്ക് ചെയ്യുന്നു. ഒറ്റശ്വാസത്തിലാണ് അവന്‍ ഇത് പറഞ്ഞുതീര്‍ത്തത്. അടികൊടുത്തതോ, അന്നത്തെ ശിക്ഷയോ ഒന്നും എന്റെ ഓര്‍മ്മയില്‍ വന്നില്ല. മാധവന്‍ എന്ന ചെറുപ്പക്കാരന്‍ അമ്പതിലെത്തിയിട്ടും പത്തു വയസ്സിലുണ്ടായ അനുഭവം അയവിറക്കുകയാണ്.......... ക്യൂ തെറ്റിച്ചതിന് കിട്ടിയ ശിക്ഷ ജീവിതത്തില്‍ പോരാടി ജയിക്കാന്‍ അവന് കരുത്തേകി എന്നറിഞ്ഞപ്പോള്‍ മനസ്സുകുളിര്‍ത്തു.........

ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു


കടിച്ച അടയാളം ഇപ്പോഴുമുണ്ടോ? കാസര്‍കോട് എല്‍. ബി. എസ്. എഞ്ചിനീയറിംഗ് കോളജിലെ അധ്യാപകനാണ് പ്രവീണ്‍ കുമാര്‍. അവനും എന്റെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. ക്ലാസില്‍ കുരുത്തം കെട്ട ചെക്കനായിരുന്നു അവന്‍. അവന് മാഷന്മാരെയൊന്നും പേടിയില്ലായിരുന്നു. അവന്റെ അമ്മ നാരായണിടീച്ചറും അതേ സ്‌കൂളിലെ അധ്യാപികയായിരുന്നു. ആ ധൈര്യവും അവനുണ്ട്. ആ പിരീഡ് ഒരു കണക്ക് പാട്ട് പഠിപ്പിക്കുകയായിരുന്നു. ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ചെന്നിങ്ങിനെ ഞാനെണ്ണി...... ആറ്, ഏഴ്, എട്ട്, ഒന്‍പത്, പത്ത് വരെയും ഞാനെണ്ണി. പ്രവീണ്‍ മാത്രം ബെഞ്ചില്‍ നിന്ന് എഴുന്നേറ്റ് നില്‍ക്കാതെ പാടുകമാത്രം ചെയ്യുന്നു. 'എഴുന്നേല്‍ക്കട പ്രവീണെ' എന്ന് പറഞ്ഞ് അവന്റെ കയ്യില്‍ പിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു. അവന് ദേഷ്യം വന്നു. എന്റെ വലതുകൈത്തണ്ടയില്‍ ഒരൊറ്റകടി. പല്ല് തറച്ചു. ചോര വന്നു. കുട്ടിയല്ലേ ഒന്നും ചെയ്യാന്‍ പറ്റില്ലല്ലോ? ആ കടിയുടെ പാട് ഇന്നുമുണ്ട് എന്റെ കൈക്ക് . അടുത്തിടെ എന്നെ കണ്ടപ്പോള്‍ പ്രവീണ്‍ അടുത്തു വന്നു. കൈത്തണ്ട നോക്കട്ടെ സാര്‍ ഞാന്‍ കടിച്ച അടയാളം ഇപ്പോഴും ഉണ്ടോ എന്ന് കാണട്ടെ. അന്നത്തെ അവന്റെ കുസൃതി മൂലം മനസ്സിലുണ്ടായ ദേഷ്യം എന്നോട് കാണിച്ചു. അമ്പത് വര്‍ഷത്തോളമായിട്ടും അവന്‍ ആ സംഭവം മറന്നില്ല. ഓര്‍ത്തു വെക്കുന്നു. അതുപോരെ ഒരധ്യാപകന് സന്തോഷിക്കാന്‍............

ആ റൊട്ടിയുടെ രുചി കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്‌നിക്കിലെ ഓട്ടോ മൊബൈല്‍ എച്ച്. ഒ. ഡി യാണ് കരിവെള്ളൂരിലെ പി. വി. ചന്ദ്രന്‍. പ്രൈമറി ക്ലാസിലെ എന്റെ വിദ്യാര്‍ത്ഥിയാണവന്‍. അന്നവന്‍ ധരിക്കുന്ന നരച്ച കാക്കി ട്രൗസറും ചുവന്ന പഴയ ചെക്ക് ഷര്‍ട്ടും എനിക്കോര്‍മ്മയുണ്ട്. മഴവെള്ളത്തിലും ചെളിവെള്ളത്തിലും തുള്ളിക്കളിക്കലും, വെള്ളത്തില്‍ കിടക്കുന്ന തവളയെ പിടിക്കലും തുടങ്ങി സകല കുരുത്തക്കേടുകളുടെയും ആശാനായിരുന്നു കുട്ടിയായ ചന്ദ്രന്‍. ഇതൊക്കെയാണെങ്കിലും എനിക്കവനെ ഇഷ്ടമാണ്. ഓടാനും, ചാടാനും, എന്തെങ്കിലും പണി ഏല്‍പ്പിച്ചാല്‍ ഉഷാറോടെ ചെയ്തു തീര്‍ക്കാനും അവന്‍ തയ്യാറായിവരും. എന്നെ അവന്‍ പൊന്നുമാഷ് എന്നാണ് വിളിക്കാറ്. ഇപ്പോഴും വാട്‌സ് ആപ്പിലും മറ്റും സന്ദേശമയക്കുമ്പോള്‍ എന്റെ പൊന്നുമാഷ് എന്നാണ് സംബോധന ചെയ്യാറ്. അവന്‍ പനിവന്ന് കിടപ്പിലായി. ദിവസങ്ങളോളം സ്‌കൂളില്‍ വന്നില്ല. ഞാന്‍ അവനെ കാണാന്‍ പോയതും, വായക്ക് രുചിയില്ലാത്തതിനാല്‍ ഭക്ഷണം കഴിക്കാത്തതും, കാണാന്‍ പോയപ്പോള്‍ റൊട്ടി വാങ്ങിക്കൊണ്ടുപോയി അവന് കൊടുത്തതും. ഇന്നും ഓര്‍മിച്ചു പറയും. അന്ന് തിന്ന ആ റൊട്ടിയുടെ രുചി ഇന്നും നാവിലുണ്ടെന്നും വികാരാധീനനായി ചന്ദ്രന്‍ പറയും.

കുട്ടിക്കാലത്ത് നടന്ന സംഭവങ്ങള്‍, അനുഭവിച്ചറിഞ്ഞ സന്തോഷങ്ങള്‍ ഒന്നും ഒരിക്കലും മായില്ല. അരനൂറ്റാണ്ടിനപ്പുറം നല്‍കിയ റൊട്ടിക്കഷ്ണത്തിന്റെ രുചിയോര്‍മ്മ ഒരിക്കലും ചന്ദ്രന് മറക്കാന്‍ പറ്റുന്നില്ല. ഇതൊന്നും എന്റെ ഓര്‍മ്മയില്‍ നിലനില്‍ക്കുന്നില്ല..... പക്ഷേ ചന്ദ്രനെ പോലുള്ളവര്‍ ഓര്‍മ്മപങ്കിടുമ്പോള്‍ സന്തോഷം തോന്നുന്നു. ഇതിനിടെ കരിവെള്ളൂരിലെ പ്രമുഖസാംസ്‌കാരിക സ്ഥാപനമായ ഏവണ്‍ ലൈബ്രറിയില്‍ നടന്ന വാര്‍ഷിക യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിനെ കുറിച്ച് ചര്‍ച്ച നടക്കുകയാണ്. ചന്ദ്രന്‍ അതിമനോഹരമായി നല്ലൊരു പ്രഭാഷണം തന്നെ നടത്തി. വളര്‍ന്നു വരുന്ന നല്ലൊരു പ്രഭാഷകന്‍ കൂടിയാണ് ചന്ദ്രന്‍. ഞാന്‍ ചന്ദ്രന്റെ മുന്നിലാണിരുന്നത്. അവന്‍ പിറകില്‍ നിന്ന് മാഷും എന്തെങ്കിലും സംസാരിക്കൂയെന്ന് പറഞ്ഞു കൊണ്ടിരിക്കുകയാണ്. പണ്ട് സ്‌കൂള്‍ സാഹിത്യസമാജത്തില്‍ പ്രസംഗിക്കാന്‍ ചന്ദ്രനെ ഞാന്‍ നിര്‍ബന്ധിച്ച് എഴുന്നേല്‍പ്പിച്ച് കൊണ്ടു പോയതാണ് എന്റെ ഓര്‍മ്മയിലേക്ക് വന്നത്. സംസാരിക്കാന്‍ പേടിച്ചു വിറച്ചു നിന്ന ചന്ദ്രനാണ് ഇന്ന് അതിഗംഭീര പ്രാസംഗികനായിതീര്‍ന്നത്........ ബോധക്ഷയം- അഭിനയമായിരുന്നു.

പടന്ന ഗവ: യു. പി. സ്‌കൂള്‍ ആറാം ക്ലാസില്‍ സയന്‍സ് പഠിപ്പിക്കുകയാണ്. കുട്ടികളെല്ലാം ശ്രദ്ധിച്ചിരിക്കുകയാണ്. ലാസ്റ്റ് ബെഞ്ചിലെ അഹമ്മദ് ജനലിലൂടെ പുറത്തേക്ക് നോക്കിയിരിപ്പാണ്. ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരിക്കുന്ന കൂട്ടുകാരെയാണ് അവന്‍ ശ്രദ്ധിക്കുന്നത്. ക്ലാസില്‍ ശ്രദ്ധിക്കാതെ പുറത്തേക്ക് നോക്കിയിരിക്കുന്ന അഹമ്മദിനോട് പെട്ടെന്നൊരു ചോദ്യം ചോദിച്ചു. കേരളത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള കടല്‍ ഏതാണ്? ഉത്തരം പറയാതെ മിഴിച്ചു നില്‍ക്കുന്ന അവന്റെ കൈ വെള്ളയില്‍ രണ്ടടികൊടുത്തു. അടി കിട്ടിയ ഉടനെ അവന്‍ കുഴഞ്ഞു വീഴുന്നു. കുട്ടികളൊക്കെ ചുറ്റും കൂടി നിന്നു. മുഖത്ത് വെള്ളം തളിച്ചു. അവന്‍ ഞരങ്ങാന്‍ തുടങ്ങി........ അഹമ്മദിന്റെ രക്ഷിതാവിനെ വിളിക്കാന്‍ പ്യൂണിനെ വിട്ടു. രക്ഷിതാവ് ഓടി വന്നു. അഹമ്മദിന് മാറ്റമൊന്നും കാണുന്നില്ല. അവനെ താങ്ങിയെടുത്ത് ബെഞ്ചില്‍ കിടത്തി..... എന്റെ നെഞ്ചിടിപ്പ് കൂടി കൂടി വന്നു. എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ അന്ധാളിച്ചു നില്‍ക്കുകയായിരുന്നു. അവന്‍ കണ്ണ് തുറക്കാന്‍ തുടങ്ങി. ഞരക്കം നിര്‍ത്തി. മെല്ലെ എഴുന്നേറ്റിരുന്നു. എന്റെ ശ്വാസം നേരെ വീണു. അവനെ രക്ഷിതാക്കള്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.

അടുത്ത ദിവസം അവന്‍ സ്‌കൂളില്‍ വരുമോ എന്ന ഭയമായിരുന്നു എനിക്ക്. അവന്‍ വന്നു. സാധാരണ പോലെ ക്ലാസില്‍ ഇരിക്കുന്നത് കണ്ടു. പക്ഷേ അവന്റെ അടുത്ത കൂട്ടുകാരന്‍ എന്നോട് പറഞ്ഞു. 'അവന്‍ അങ്ങിനെ വെറുതെ കളിച്ചതാണോലും മാഷെ പേടിപ്പിക്കാന്‍ ചെയ്തതാണേലും.' പക്ഷേ അക്കാര്യം ഞാന്‍ അവനോട് ചോദിച്ചില്ല. വീണ്ടും പ്രശ്‌നമായെങ്കിലോ എന്ന് കരുതിയാണ് ചോദിക്കാതിരുന്നത്. കാലമേറെ കഴിഞ്ഞു. ഒരു ദിവസം ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുമ്പോള്‍ ഒരു കാറ് എന്റെ അടുത്തുവന്നു നില്‍ക്കുന്നു. ഗ്ലാസ് താഴ്ത്തി. ഒരു താടിക്കാരനായ ചെറുപ്പക്കാരന്‍ നിറഞ്ഞ ചിരിയുമായി നമസ്‌കാരം പറഞ്ഞു. അത് മറ്റാരുമായിരുന്നില്ല. എന്നെ മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തിയ അഹമ്മദ് തന്നെ. അവന്‍ കാറില്‍ നിന്നിറങ്ങി. 'സാറിനെ പണ്ട് വിഷമിപ്പിച്ചതില്‍ ക്ഷമ ചോദിക്കുന്നു. ഇക്കാര്യം ഞാന്‍ എന്റെ ഭാര്യയോടും മക്കളോടും പറയാറുണ്ട്.... ക്ഷമിക്കണേ സാര്‍......' അത് പറയുമ്പോള്‍ അവന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു............

Also Read:  1.നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

2.ഉച്ചയ്ക്ക് വിശപ്പടക്കാന്‍ ഒരാണിവെല്ലം

3.മൊട്ടത്തലയില്‍ ചെളിയുണ്ട

4.ആശിച്ചുപോകുന്നു കാണാനും പറയാനും

5.പ്രണയം, നാടകം, ചീട്ടുകളി

6.കുട്ടേട്ടനൊരു കത്ത്

7.ശ്രീലങ്കന്‍ റേഡിയോയില്‍ നിന്നും മലയാള പ്രക്ഷേപണം കേട്ട കാലം മറന്നുവോ?

8.പേര് വിളിയുടെ പൊരുള്‍

9.തികഞ്ഞ മാപ്പിളയാകാന്‍ അത് ചെയ്‌തേ തീരൂ

10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്

11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ

12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍

13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍

14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !

15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്

16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും

17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ

18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ

19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...

20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍

21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം

22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്

23.വീണുടഞ്ഞ സ്വപ്നം

24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം

25.പേടിപ്പെടുത്തിയ ചുടുകാട്

26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ

27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍

28.എം.വി ആര്‍ നോട് ഒരു ചോദ്യം

29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookanam-Rahman, Bus, Railway station, Military, School, Story of my foot steps part-31.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia