city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

40 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മാലിക് ദീനാര്‍- പടിഞ്ഞാര്‍ റെയില്‍വേ റോഡ് യാഥാര്‍ത്ഥ്യത്തിലേക്ക്, ഉടന്‍ അനുമതി ലഭിക്കുമെന്ന് പ്രതീക്ഷ, രാഷ്ട്രീയ വിവാദം ഒഴിവാക്കണമെന്ന് വാര്‍ഡ് കൗണ്‍സിലര്‍

കാസര്‍കോട്: (www.kasargodvartha.com 17.10.2017) 40 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മാലിക് ദീനാര്‍-നെച്ചിപ്പടുപ്പ്- വെസ്റ്റ്ഹില്‍- പടിഞ്ഞാര്‍ റെയില്‍വേ റോഡ് യാഥാര്‍ത്ഥ്യത്തിലേക്ക്. റോഡ് നിര്‍മിക്കുന്നതിന് റെയില്‍വേയില്‍ നിന്നും സ്ഥലം അനുവദിച്ചു കൊണ്ട് ഉടന്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് തളങ്കര പടിഞ്ഞാര്‍ വാര്‍ഡ് കൗണ്‍സിലര്‍ മുജീബ് തളങ്കര കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

സ്ഥലം വിട്ടുകിട്ടുന്നതിനായി 1,09,000 രൂപ റെയില്‍വേയ്ക്ക് സെന്റേജ് ചാര്‍ജായി കാസര്‍കോട് നഗരസഭ കെട്ടിവെച്ചിട്ടുണ്ട്. റോഡിന്റെ ഡ്രൈനേജിനുള്ള ഫണ്ടായി 35 ലക്ഷം രൂപയും സുരക്ഷാമതിലിനുള്ള 40 ലക്ഷം രൂപയും കാസര്‍കോട് എം എല്‍ എയുടെ വികസന ഫണ്ടില്‍ നിന്നും നല്‍കുമെന്നറിയിച്ച് റെയില്‍വേയ്ക്ക് കത്തും നല്‍കിയിട്ടുണ്ട്.

മലപ്പുറം എം പി പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലിനെ തുടര്‍ന്നാണ് റോഡ് യാഥാര്‍ത്ഥ്യമാകുന്നത്. നാലു വര്‍ഷം മുമ്പ് കാസര്‍കോട് എം പി പി. കരുണാകരന്‍ 10 ലക്ഷം രൂപ ഈ റോഡിന്റെ ആവശ്യത്തിനായി ഫണ്ട് അനുവദിച്ചിരുന്നു. എന്നാല്‍ എംപിയുടെ ഭാഗത്തു നിന്നും ഇതിന്റെ തുടര്‍നടപടികള്‍ ഉണ്ടായില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടു തന്നെ റെയില്‍വേയില്‍ നിന്നും റോഡ് നിര്‍മാണത്തിനായി അനുമതി ലഭിക്കാത്തതിനാല്‍ ഫണ്ട് ലാപ്‌സാവുകയായിരുന്നു.

ഇപ്പോള്‍ കുഞ്ഞാലിക്കുട്ടി ഇടപെട്ടതോടെ കഴിഞ്ഞ ദിവസം പാലക്കാട് റെയില്‍വേ ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥര്‍ റോഡ് നിര്‍മിക്കുന്നതിനുള്ള സ്ഥലം സന്ദര്‍ശിച്ചിരുന്നു. പാലക്കാട് ഡിവിഷന്‍ എഞ്ചിനീയര്‍ മുഹമ്മദ് ഇസ്ലാം, കാസര്‍കോട് റെയില്‍വേ എഞ്ചിനീയര്‍ പാദൂര്‍, വിനോദ് കുമാര്‍, മംഗളൂരു സബ് എഞ്ചിനീയര്‍ ഗോപി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

വാര്‍ഡ് കൗണ്‍സിലര്‍ മുജീബ് തളങ്കര, സലീം നെച്ചിപ്പടുപ്പ്, അന്‍സാരി വെസ്റ്റ്ഹില്‍, ഇബ്രാഹിം വെസ്റ്റ് ഹില്‍ എന്നിവര്‍ സ്ഥലം സംബന്ധിച്ചുള്ള കാര്യങ്ങള്‍ അധികൃതര്‍ക്കു മുന്നില്‍ അവതരിപ്പിച്ചു. സന്ദര്‍ശനത്തിനു ശേഷം കാസര്‍കോട് റെയില്‍വേ വി വി ഐ പി ലോഞ്ചില്‍ വെച്ച് കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്നിന്റെ സാന്നിധ്യത്തില്‍ മുന്‍സിപ്പാലിറ്റി പ്രതിനിധികളുമായി വിശദമായ ചര്‍ച്ചയും നടത്തിയിരുന്നു.

റെയില്‍വേയുടെ മെല്ലേപ്പോക്ക് നയമാണ് ഇത്രയും കാലം റോഡ് നിര്‍മാണം സംബന്ധിച്ചുള്ള കാര്യങ്ങള്‍ക്ക് തടസമായി നിന്നത്. ഇനി അത് ഉണ്ടാകില്ലെന്നും ഉടന്‍ തന്നെ അനുമതി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. തളങ്കര പടിഞ്ഞാര്‍ മേഖലയിലെ ഇരുന്നൂറോളം കുടുംബങ്ങളാണ് യാത്രാ സൗകര്യമില്ലാതെ വര്‍ഷങ്ങളായി ദുരിതം പേറുന്നത്.

ഈ റോഡ് യാഥാര്‍ത്ഥ്യമായാല്‍ ചരിത്രസ്മാരകം കൂടിയായ മാലിക് ദീനാറിന്റെ പടിഞ്ഞാര്‍ ഭാഗത്തേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയും. റെയില്‍വേയുടെ അനുമതിയുണ്ടായാല്‍ മൂന്ന് മീറ്റര്‍ റോഡ് കോണ്‍ക്രീറ്റായോ ടാറിംഗായോ നിര്‍മിക്കുന്നതിന് നഗരസഭയുടെ ഫണ്ട് വിനിയോഗിക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്.

അതേസമയം പി.കെ കുഞ്ഞാലിക്കുട്ടിയെ റോഡിന്റെ ആവശ്യത്തിനായി സമീപിച്ചതിന്റെ പേരില്‍ ഉണ്ടായിട്ടുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ വികസനത്തിന് തടസമാകുമെന്നും അതുകൊണ്ടു തന്നെ ഇത്തരം വിവാദങ്ങളില്‍ നിന്നും എല്ലാവരും ഒഴിഞ്ഞ് നില്‍ക്കണമെന്നും മുജീബ് തളങ്കര പറഞ്ഞു. എല്ലാവരും ഈ റോഡിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ രാഷ്ട്രീയപരമായി ഒന്നും കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.


Keywords: Kasaragod, Kerala, news, Malik deenar, Road, P.Karunakaran-MP, Railway, Permission for Malik deenar-Padinhar Railway road

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia