city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സിപിഎം സമ്മേളനങ്ങളിലേക്ക് ന്യൂനപക്ഷങ്ങളെ അടുപ്പിക്കാന്‍ കഴിഞ്ഞോ? ചര്‍ച്ച തുടങ്ങേണ്ടത് അവിടെ നിന്നല്ലേ?

സി പി എം സമ്മേളനം: ചില ന്യൂനപക്ഷ വീക്ഷണങ്ങള്‍
-പ്രതിഭാരാജന്‍

(www.kasargodvartha.com 31.10.2017) ബ്രാഞ്ച് ലോക്കല്‍ സമ്മേളനങ്ങള്‍ക്ക് വഴിമാറിക്കൊടുത്തു. നവംബറോടെ ഏരിയാ സമ്മേളനങ്ങളും കഴിയും. അടിസ്ഥാന വര്‍ഗത്തിന്റെ പേരില്‍ പരസ്പരം അങ്കക്കലി തീര്‍ക്കലായി പരിണമിക്കുകയായിരുന്നു പലയിടങ്ങളിലും സമ്മേളനങ്ങള്‍. പാര്‍ട്ടിക്കകത്തു തന്നെയുള്ള ശത്രുക്കള്‍ തമ്മിലുള്ള പോരാട്ടത്തിന്റെ അങ്കത്തട്ട്. ന്യൂനപക്ഷ വിഭാഗങ്ങളേക്കൂടി പാര്‍ട്ടിയിലേക്കടുപ്പിക്കാന്‍ ആവശ്യമാകും വിധം സമ്മേളനം ഒരു കരു നീക്കവും നടത്തിയില്ലെന്നു വേണം കരുതാന്‍. ഇവിടെ കുറിച്ചിടുന്ന ഇടതു നിരീക്ഷണം ന്യൂന പക്ഷ സമുദായത്തെ സി.പി.എം എങ്ങനെ നോക്കിക്കാണുന്നു എന്നതിനേക്കുറിച്ചാണ്. തിരിച്ചും.

''അതിശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നതിനായി സാമൂഹിക ബന്ധങ്ങള്‍ ദൃഢപ്പെടുത്തുവാനുള്ള നടപടികള്‍ സ്വീകരിച്ചു കൊണ്ട് മാത്രമേ സി.പി.എം പോലുള്ള ഒരു പാര്‍ട്ടി  സംഘടനാ സംവിധാനത്തിന് സമ്മേളനങ്ങളെ സമീപിക്കാന്‍ കഴിയുകയുള്ളു. ബഹുജന നയം നടപ്പിലാക്കുകയും അതുവഴി ജനങ്ങളുമായുള്ള സജീവ ബന്ധം ആഴത്തില്‍ ഉറപ്പിക്കുകയുമാണ് ഇവിടെ പ്രാഥമികമായി ചെയ്യേണ്ടിയിരിക്കുന്നത്.'' ഇത് കഴിഞ്ഞ കൊല്‍ക്കത്താ പ്ലീനം അംഗീകരിച്ച പ്രമേയത്തില്‍ നിന്നുമെടുത്തെഴുതിയ വരികളാണ്. സമ്മേളന നടത്തിപ്പിന്റെ മാനദണ്ഡങ്ങള്‍ എന്ന നിലയില്‍ ഇവ നടപ്പിലാക്കാന്‍ കീഴ് ഘടകങ്ങളോട് കോടിയേരി ആവശ്യപ്പെട്ടു. ന്യൂനപക്ഷത്തിനു പത്തു ശതമാനം, സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും ആവശ്യത്തിനു പ്രാതിനിധ്യം നല്‍കി വേണം പുതിയ കമ്മറ്റി വരാനെന്ന് നിര്‍ബന്ധം ചെലുത്തി.  എന്നാല്‍ പലയിടത്തും അവ കാറ്റില്‍ പറന്നിരിക്കുന്നു. 

കേരളത്തിലെ ജനസംഖ്യയില്‍ 43.65 ശതമാനം വരും ന്യൂനപക്ഷങ്ങള്‍. അവരില്‍ ബഹു ഭൂരിപക്ഷവും അവരവരുടേതായ മതരാഷ്ട്രീയത്തില്‍ വിശ്വസിച്ചു പോരുന്നവരാണ്. സി.പി.എമ്മിനെ അവര്‍ വിശ്വാസത്തിലെടുക്കുന്നുവെങ്കിലും വോട്ടു നല്‍കുന്നില്ല. ഇതിനുള്ള കാരണം അന്വേഷിക്കേണ്ടത് പ്രാദേശിക സമ്മേളനങ്ങളില്‍ വെച്ചായിരുന്നു. അതുണ്ടായില്ല. ഉദ്ഘാടന സമ്മേളനങ്ങള്‍ കാടുകയറുകയായിരുന്നു. നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ അടച്ചു വെച്ച് പുറംപൂച്ചായിരുന്നു സമ്മേളന ചര്‍ച്ചകള്‍. വിഭാഗീയത തലപൊക്കിയാലോ, സ്വന്തം പല്ലിടക്കു കുത്തി വെറുതെ നാറ്റണ്ട, ആര്‍ക്കും ഒരു ഛേദവുമില്ലാത്ത അമേരിക്കന്‍ സാമ്പത്തിക നയങ്ങളോടുള്ള വിയോജിപ്പു തൊട്ടു ഫാസിസത്തിലൂടെ ആര്‍.എസ്.എസിനോടുള്ള ചെറുത്തു നില്‍പ്പില്‍ ഉരുകിത്തീരുകയായിരുന്നു ഉദ്ഘാടന പ്രസംഗങ്ങള്‍. 

നേതൃത്വം നേതാക്കള്‍ക്കായി പഠിപ്പിച്ചുവിട്ടവ ബൈഹാര്‍ട്ടാക്കി അര്‍ത്ഥം മാറിപ്പോകാതെ ഉരുവിടണം. വിവാദമില്ലാതെ സമ്മേളനം കഴിച്ചു കൂട്ടണം. അതു മാത്രമാണ് ഉദ്ഘാടകന്റെ ചുമതല. ഉദ്ഘാടകന്റെ മനസിലും കാണും നിരവധി വിങ്ങലുകള്‍. പക്ഷെ പ്രസംഗത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ വയ്യ. അതിരുവിട്ടു പോയാല്‍ പിടിവീഴും. മെമ്പര്‍ഷിപ്പ് തെറിക്കും, പൊല്ലാപ്പാകും. ആര്‍ക്കും എതിര്‍പ്പില്ലാത്ത, എന്നാല്‍ ആര്‍ക്കും കേള്‍ക്കേണ്ടതില്ലാത്ത അമേരിക്കന്‍ സാമ്രാജത്വത്തിലും ഫാസിസത്തിലും പ്രസംഗം ഒതുങ്ങുന്നതിനു കാരണമതാണ്. അങ്ങനെ ഇലക്കും മുള്ളിനും കേടില്ലാത്ത വിധം ബ്രാഞ്ച്- ലോക്കല്‍ സമ്മേളനങ്ങള്‍ക്ക് തിരശീല വീഴുകയാണ്. അതിനിടയില്‍ കോടിയേരിയുടെ, സംവരണം, ന്യൂനപക്ഷ പരിപാലനം, ആര്‍ക്കുണ്ട് ഇതിനൊക്കെ സമയം? 

കൊല്‍ക്കത്ത പ്ലീനം രേഖയില്‍ സൂചിപ്പിച്ചതു പോലെ ബഹുഭൂരിപക്ഷം വരുന്ന ന്യുനപക്ഷ സമുദായങ്ങളെ ഇടതു പക്ഷത്തിലേക്ക് നയിക്കാനാവശ്യമായ തോതിലുള്ള ചര്‍ച്ചയും തീരുമാനങ്ങളും ഗ്രാസ് റൂട്ടില്‍ നിന്നു തന്നെ ആരംഭിച്ചില്ല. അതു കൊണ്ടു തന്നെ സമ്മേളനം കൊണ്ട് ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ പ്രതീക്ഷിച്ച ചലനമുണ്ടായില്ല. കമ്മ്യൂണിസത്തിനു ഒരു തരത്തിലും പോറലേല്‍ക്കരുത് എന്ന് കരുതുന്നവരാണ് ഇന്ന് ന്യൂനപക്ഷങ്ങള്‍. അവരെ പ്രസ്ഥാനത്തോടടുപ്പിക്കാന്‍ ബ്രാഞ്ചു തലങ്ങളിലാണ് പ്രവര്‍ത്തനം ത്വരിതപ്പെടുത്തേണ്ടിയിരുന്നത്. അതുണ്ടായില്ല.

ലോക്കല്‍ പൊതു സമ്മേളനത്തില്‍ സാധാരണയേക്കാള്‍ കവിഞ്ഞ ജനപങ്കാളിത്തം കാണാന്‍ കഴിഞ്ഞില്ല. പ്രതീക്ഷിച്ചതു പോലെ ന്യൂനപക്ഷത്തിന്റെ മുന്നേറ്റം രൂപാന്തരപ്പെട്ടില്ല. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന ആശങ്കകളില്‍ ഇടപെടുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് സി.പി.എം. അത് ആ വിഭാഗത്തിന് നല്ല ബോധ്യമുണ്ട്. അതിനു വേണ്ടി മാത്രം എത്രയോ യുവത്വത്തെ പാര്‍ട്ടിക്ക് ഫാസിസത്തിനു ബലികൊടുക്കേണ്ടി വന്നിട്ടുള്ളതും അവര്‍ക്ക് അറിവുണ്ട്. അവയ്ക്കുള്ള നന്ദി പാര്‍ട്ടിയോടുള്ള പിന്തുണയായി മാറേണ്ടും വിധം പ്ലീനത്തില്‍ എടുത്തു പറയും പ്രകാരം പൊതുജനാടിത്തറ വികസിപ്പിക്കാന്‍ സമ്മേളനങ്ങള്‍ മെനക്കെട്ടില്ല. 

സമരങ്ങളിലും പ്രക്ഷോഭങ്ങളിലുംകൂടി മാത്രമേ മതവ്യത്യാസത്തിന് അതീതമായ വര്‍ഗ്ഗ ഐക്യം സാധ്യമാകൂ എന്നതാണ് പാര്‍ട്ടി അജണ്ട. അവ തിരുത്തുക വയ്യ. സമരങ്ങളിലൂടേയും, പ്രക്ഷോഭങ്ങളിലൂടെയുമാണ് പാര്‍ട്ടി കരുത്തു നേടുക. ആര്‍ക്കു വേണ്ടിയാണോ പ്രക്ഷോഭം സംഘടിപ്പിക്കപ്പെടുന്നത്, അവര്‍ കൂടെ ഉണ്ടാകണം, കൂടെ. ന്യൂനപക്ഷ സംരക്ഷണത്തിനായും, അവരുടെ പൊതുവായ ക്ഷേമവും ലക്ഷ്യമാക്കിയും ഫാസിസത്തിനെതിരായുള്ള പ്രക്ഷോഭങ്ങളിലും ന്യൂനപക്ഷം കൂടെ നില്‍ക്കുന്നില്ല എന്ന പാര്‍ട്ടിയുടെ ആത്യന്തിക വിലാപം എവിടേയും ചര്‍ച്ച ചെയ്യപ്പെട്ടില്ല. പ്രശ്നാധിഷ്ഠിത വിഷയങ്ങളില്‍ പാര്‍ട്ടി മൗനം പാലിക്കുകയായിരുന്നു. ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്താന്‍ കണ്ണൂരില്‍ പാര്‍ട്ടി ഇസ്ലാമിക് ബാങ്ക് വരെ കൊണ്ടു വന്നു. കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ സാങ്കേതികമായി മാത്രം വിജയം വരിച്ച ഉദുമ നിയമസഭാ മണ്ഡലം, കാസര്‍കോട് പാര്‍ലിമെന്റ് നിയോജക മണ്ഡലം എന്നീ മേഖലകളില്‍ എന്തു മാറ്റങ്ങളാണ് പാര്‍ട്ടി ഉണ്ടാക്കിയതെന്ന ചോദ്യത്തിനു ജില്ലാ നേതൃത്വം മറുപടി പറയേണ്ടിയിരിക്കുന്നു. മതവിശ്വാസങ്ങളെ തങ്ങളില്‍ തന്നെ നിലനിര്‍ത്തിക്കൊണ്ട് ജനകീയ ജനാധിപത്യം സാര്‍ത്ഥകമാക്കാന്‍ എന്താണ് പോം വഴി എന്നു പാര്‍ട്ടി ഈ സമ്മേളനക്കാലത്തെങ്കിലും ആലോചിക്കേണ്ടിയിരിക്കുന്നു. വര്‍ഗീയതയോട് തുല്യ അകലമില്ലാത്തതു കാരണം പാര്‍ട്ടിയില്‍ നിന്നും കൊഴിഞ്ഞു പോക്ക് തുടരുകയാണ്. അവയേക്കുറിച്ച് ചര്‍ച്ചയാകാം.

സിപിഎം സമ്മേളനങ്ങളിലേക്ക് ന്യൂനപക്ഷങ്ങളെ അടുപ്പിക്കാന്‍ കഴിഞ്ഞോ? ചര്‍ച്ച തുടങ്ങേണ്ടത് അവിടെ നിന്നല്ലേ?

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Article, Prathibha-Rajan, CPM, Conference, Could bring minorities in CPM conferences?

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia