city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആത്മീയ യാത്രയുടെ നിറവില്‍

സാംസ്‌കാരിക വൈവിധ്യങ്ങളുടെ കശ്മീര്‍ കാഴ്ചകള്‍ - 2
മുഹമ്മദ് യാസിര്‍ സി എല്‍ / യാത്രാവിവരണം
(www.kasargodvartha.com 24.05.2017) യാത്രയുടെ ഒമ്പതാം ദിനം രാവിലെ എട്ടു മണിയോടെ ഞങ്ങള്‍ ഗുല്‍മാര്‍ഗിലേക്ക് പുറപ്പെട്ടു. വഴിയോരത്ത് സുന്ദരമായ കാഴ്ചകള്‍. സുന്ദരന്‍മാരും സുന്ദരികളുമായ തദ്ദേശീയരെ അവരുടെ പരമ്പരാഗത വേഷങ്ങളോടെ ഞങ്ങള്‍ കണ്ടു. ചില സ്ഥലങ്ങളില്‍ റോഡിനിരുവശവും നെല്‍ കൃഷി കാണാനായി. ശ്രീനഗറില്‍ നിന്നും 55 കിലോമീറ്റര്‍ ദൂരെ ബരാമുള്ള ജില്ലയിലാണ് ഗുല്‍മാര്‍ഗ്.

സമുദ്ര നിരപ്പില്‍ നിന്നും 2730 മീറ്റര്‍ ഉയരത്തിലുള്ള ഗുല്‍മാര്‍ഗിനോട് അടുക്കും തോറും പേരിനെ അനര്‍ത്ഥമാക്കി കൊണ്ട് പൂക്കള്‍ പുതച്ച താഴ്വരകള്‍. അവിടെ 11 മണിയോടെ ഞങ്ങള്‍ എത്തിച്ചേര്‍ന്നു.

മഞ്ഞ് കാലമല്ലാത്തതിനാല്‍ മഞ്ഞ് മൂടിക്കിടക്കുന്ന താഴ് വര ഞങ്ങള്‍ക്ക് നഷ്ടമായി. അവിടെ നിന്ന് 4 കുതിരകളിലായി ഞങ്ങള്‍ സവാരി നടത്തി. ധാരാളം ഹിന്ദിസിനിമാ ചിത്രീകരണങ്ങള്‍ നടന്ന മനോഹരമായ സ്ഥലം. തുടര്‍ന്ന് ദാല്‍ തടാകത്തിനടുത്ത് ഹോട്ടലില്‍ നിന്ന് ചായ കഴിച്ചു. കിലോമീറ്ററുകള്‍ വിസ്തൃതമായ ദാല്‍ തടാക തീരത്ത് കൂടിയുള്ള യാത്ര ശരീരത്തിനെന്ന പോലെ മനസ്സിനും കുളിര്‍മയേകി.
ആത്മീയ യാത്രയുടെ നിറവില്‍

വയസ്സായ ഒരു കാശ്മീരി, ബോട്ട് സവാരി ചെയ്യാന്‍ ഞങ്ങളെ ക്ഷണിക്കുന്നുണ്ടായിരുന്നു. ദാല്‍ തടാകത്തിന്റെ അക്കരയില്‍ നിരനിരയായി ചലിക്കാത്ത ഹൗസ് ബോട്ടുകള്‍ നിര്‍ത്തിയിട്ടിരുന്നു. ആദ്യം ഞങ്ങള്‍ പാരി മഹലിലേക്ക് പുറപ്പെട്ടു. പാരി മഹല്‍ അഥവ അപ്സരസുകളുടെ വീട് പൊതുവെ ക്യുന്റിലണ്‍ എന്നാണ് അറിയപ്പെടുന്നത്.

ആത്മീയ യാത്രയുടെ നിറവില്‍

ചഷംഇഷിഹി ഉദ്യാനത്തിന് മുകളില്‍ സ്ഥിതി ചെയ്യുന്ന പാരി മഹല്‍ പതിനേഴാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്റെ മൂത്തമകന്‍ താര ഷിഖോ പണികഴിപ്പിച്ചതാണ്. താരാ ഷിഖോ അദ്ദേഹത്തിന്റെ സുഫി ഗുരുവായ മുല്ല ഷാ ബദക്ഷിയോടുള്ള ബഹുമാനാര്‍ത്ഥം പണികഴിപ്പിച്ചതാണ് ഉദ്യാനം. ഉദ്യാനത്തിന്റെ മൊത്തം നീളം 122 മീറ്ററും വീതി 62.5 മീറ്ററുമാണ്.

ആത്മീയ യാത്രയുടെ നിറവില്‍

ദാല്‍ തടാകത്തിന്റെ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഉദ്യാനത്തിന് ആറ് മേടകളുണ്ട്. മറ്റ് മുഗള്‍ ഉദ്യാനങ്ങളില്‍ നിന്നും വ്യത്യസ്തമായി പാരി മഹലില്‍ വെള്ളച്ചാട്ടങ്ങളും അരുവികളും ഇല്ല. ഭൂമിക്കടിയിലൂടെയുള്ള പൈപ്പുകള്‍ വഴിയാണ് ജലസംഭരണികള്‍ നിറയ്ക്കുന്നത്. നിരവധി പൂക്കളും മരങ്ങളും ഉള്ള പൂന്തോട്ടവും പുല്‍ത്തകിടിയും ഉദ്യാനത്തിലുണ്ട്. ശേഷം ഞങ്ങള്‍ മനോഹരമായ മുഗള്‍ ഗാര്‍ഡനിലേക്ക് യാത്ര തിരിച്ചു.

ആത്മീയ യാത്രയുടെ നിറവില്‍

മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ജഹാംഗീറിന്റെ ഭാര്യ നൂര്‍ജഹാന്റെ സഹോദരന്‍ അസിഫ് ഖാന്‍ 1633ല്‍ ആണ് ഇത് നിര്‍മ്മിച്ചത്. കണ്ണിന് ഇമ്പം പകരുന്ന ബഹു വര്‍ണ്ണപൂക്കള്‍, ഔഷധ ഗുണമുള്ള സസ്യങ്ങള്‍, ചെറു വെള്ള ചാട്ടങ്ങള്‍, ഫൗണ്ടനുകള്‍, വലിയ വലിയ വാല്‍നറ്റ് മരങ്ങള്‍, ചിനാര്‍ മരങ്ങള്‍, പൈന്‍ മരങ്ങള്‍ എന്നിവ കൊണ്ടെല്ലാം സമൃദ്ധമായ ഗാര്‍ഡന്‍ മുഗള്‍ സാമ്രാജ്യത്തിന്റെ ഔന്നിത്യത്തിന്റെ അടയാളമായി ആയിരങ്ങളെ ഇന്നും ആകര്‍ഷിക്കുന്നു. കാശ്മീരി സ്ത്രീ പുരുഷന്‍മാരുടെ പരമ്പരാഗതവേഷം ധരിച്ച് ഞങ്ങള്‍ ഫോട്ടോ എടുത്തു.

തുടര്‍ന്ന് ഷാലിമാര്‍ ഗാര്‍ഡന്‍ ലക്ഷ്യമാക്കി ഞങ്ങള്‍ നീങ്ങി. ശ്രീ നഗറില്‍ നിന്നും പതിനഞ്ചു കിലോമീറ്റര്‍ അകലെ ദാല്‍ ലൈക്കിനു തെക്ക് വശത്തായി അതിമനോഹരമായ ഷാലിമാര്‍ ഗാര്‍ഡന്‍. മുഗള്‍ ഭരണാധികാരിയായ ജഹാന്‍ഗിര്‍ തന്റെ ഭാര്യ നൂര്‍ജഹാന് വേണ്ടി നിര്‍മ്മിച്ചതാണ്. കൊച്ചു കൊച്ചു ഫൗണ്ടനുകളും, കനാലുകളും പൂന്തോട്ടവും കണ്ടു. ശേഷം ഞങ്ങള്‍ ഹസ്രത്ത് ബാല്‍ മസ്ജിദിലേക്ക് പുറപ്പെട്ടു. അപ്പോഴേക്കും സന്ധ്യ കഴിഞ്ഞിരുന്നു.

മഗ് രിബ് നമസ്‌കാരത്തിന് സമയമായതിനാല്‍ അവിടെ ചെന്ന് നമസ്‌കരിക്കാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. ദാല്‍ തടാക തീരത്ത് വഴിയോര വാണിഭ കാഴ്ചകള്‍ ഞങ്ങള്‍ കണ്ടു. കാശ്മീരിന്റ കരകൗശല വസ്തുക്കള്‍ വില്‍പനക്കുണ്ടായിരുന്നു. ഞങ്ങള്‍ കുറച്ച് ഷോപ്പിങ് നടത്തി. നേരം ഇരുട്ടി തുടങ്ങി. ദാല്‍ തടാകം അതിന്റെ തീരങ്ങളില്‍ ഉറപ്പിച്ച് നിര്‍ത്തിയിരിക്കുന്ന ഹൗസ് ബോട്ടുകളുടെ വെളിച്ചത്തിന്റെ പ്രഭയില്‍ വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു. തൊട്ടടുത്ത് തന്നെയായിരുന്നു ഹസ്രത്ത് ബാല്‍ മസ്ജിദ്.

മുഗള്‍ ഭരണകൂടത്തിന്റെ സംഭാവനയായ ഈ മസ്ജിദ് നിര്‍മ്മാണ കലയുടെ ചാതുരികൊണ്ട് തലയെടുപ്പോടെ ഇന്നും നില നില്‍ക്കുന്നു. മസ്ജിദിനു മുമ്പില്‍ അതിമനോഹരമായ പൂന്തോട്ടവും നിര്‍മ്മിച്ചിട്ടുണ്ട്. പ്രവാചകന്‍ മുഹമ്മദ് നബിയുടേതെന്ന് വിശ്വസിക്കപ്പെടുന്ന തലമുടി ഈ പള്ളിയില്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. എന്നാല്‍ നബി ജനിച്ച മാസമായ റബീഉല്‍ അവ്വലില്‍ മാത്രമേ തിരു കേശം കാണിച്ചു കൊടുക്കുകയുള്ളൂ എന്ന് അവര്‍ പറഞ്ഞതിനാല്‍ ഞങ്ങള്‍ക്കത് കാണാന്‍ സാധിച്ചില്ല. അവിടെ നമസ്‌കരിച്ച ശേഷം ഞങ്ങള്‍ 1394ല്‍ സുല്‍ത്താന്‍ സിക്കന്തര്‍ ഷാ പണികഴിപ്പിച്ച ജാമിയ മസ്ജിദ് കാണാന്‍ പുറപ്പെട്ടു.

ശ്രീനഗറിലെ ഏറ്റവും പഴയ മുസ്ലീം പള്ളിയാണെന്നാണ് അത് കരുതപ്പെടുന്നത്. 'ഭ്രൈഫഡെ മോസ്‌ക് ' എന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നത്. പണ്ട് നിരവധി തവണ തകര്‍ക്കപ്പെട്ടിട്ടുള്ള പള്ളി പല പ്രാവശ്യം പുതുക്കി പണിയുകയും ചെയ്തിട്ടുണ്ട്. മുസ്ലീം രൂപകല്‍പനയില്‍ ഇന്ത്യന്‍ നിര്‍മ്മിതിയുടെ കൂടിച്ചേരലാണ് പള്ളിയുടെ നിര്‍മ്മാണത്തില്‍ കാണാന്‍ കഴിയുന്നത്.

370 തൂണുകളില്‍ നിര്‍മ്മിച്ചിട്ടുള്ള പ്രാര്‍ത്ഥന ഹാളാണ് ഈ പള്ളിയുടെ ഏറ്റവും വലിയ ആകര്‍ഷണം. ഓരോന്നും ദേവദാരു മരങ്ങളാലാണ് നിര്‍മ്മിച്ചിരിക്കുന്നത്. പുറത്തുള്ള തിരക്കുകളും ബഹളങ്ങളും ഒട്ടും ബാധിക്കാത്ത തരത്തില്‍ തീര്‍ത്തും ശാന്തമാണ് പള്ളിക്കകത്തെ അന്തരീക്ഷം. സന്ദര്‍ശകരെ വളരെ ആകര്‍ഷിക്കുന്നു. ഒരേ സമയം 30,000 പേരെ ഉള്‍ക്കൊള്ളാനുള്ള സ്ഥലം പള്ളിക്കകത്തുണ്ട്.

രാത്രി പത്ത് മണിയോടെ ഞങ്ങളുടെ താമസസ്ഥലത്തേക്ക് ഞങ്ങള്‍ മടങ്ങി. യാത്രയുടെ പത്താം ദിവസം രാവിലെ 8 മണിയോടെ പഹല്‍ഗാമിലേക്ക് യാത്രയായി. വഴി നീളെ തോക്കുമായി പട്ടാളക്കാര്‍ ജാഗരൂകരായി നില്‍ക്കുന്നത് കാണാമായിരുന്നു. വഴിയരികില്‍ സഫ്രോണ്‍ പാടങ്ങളും ഇടതൂര്‍ന്നു നില്‍ക്കുന്ന പൈന്‍ മരങ്ങളും ആപ്പിള്‍ തോട്ടങ്ങളും വാള്‍നറ്റ് തോട്ടങ്ങളും മനസ്സിന് ആനന്ദം പകരുന്ന കാഴ്ചകളായിരുന്നു.

ചുവന്ന് തുടുത്ത് പാകമായ ആപ്പിളുകള്‍! കൊതിയടക്കാന്‍ കഴിയാതെ ഞങ്ങള്‍ വാഹനം സൈഡാക്കി, ഒരു തോട്ടത്തിലേക്ക് കയറി. പാകമായ ആപ്പിളുകള്‍ രണ്ട് ഭാഗത്തായി കൂട്ടിയിട്ടിരിക്കുന്നു. രണ്ടും തരം തിരിച്ച് പെട്ടിയിലാക്കുകയാണ് ഒരാള്‍. വലിയ ആപ്പിള്‍ എക്സ്പോര്‍ട്ട് ക്വാളിറ്റിയാണെന്ന് അയാള്‍ പറഞ്ഞു. ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഫ്രീയായി ഓരോ ആപ്പിള്‍ വീതം അയാള്‍ നല്‍കി. ഞങ്ങള്‍ നല്ല ആപ്പിള്‍ തന്നെ രണ്ട് പെട്ടിയിലാക്കി വാങ്ങി. ഏകദേശം 11 മണിയോടു കൂടി പഹല്‍ഗാമിലെത്തി.

അവിടന്ന് ദൂര കാഴ്ചയില്‍ മഞ്ഞില്‍ മൂടിക്കിടക്കുന്ന മലകള്‍ ദൃശ്യമായി മഞ്ഞ് സീസണില്‍ പഹല്‍ഗാമില്‍ അരയോളം മഞ്ഞായിരിക്കുമെന്ന് ഒരു തദ്ദേശീയന്‍ ഞങ്ങളോട് പറഞ്ഞു. മാര്‍ച്ച്, ഏപ്രില്‍ മാസമാണ് സന്ദര്‍ശിക്കാന്‍ പറ്റിയ സമയമെന്നും മഞ്ഞ് ഉരുകി പോന്ന സമയമായതിനാല്‍ ഐസും കാണാം. വലിയ തണുപ്പും അനുഭവപ്പെടില്ല എന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.

അമര്‍നാഥ് യാത്രയുടെ മലകയറാന്‍ തുടങ്ങുന്നത് പഹല്‍ഗാമില്‍ നിന്നാണ്. അവിടന്ന് 32 കിലോമീറ്ററോളം പടവുകള്‍ കയറി വേണം ശിവന്റെ ഗുഹയിലെത്താന്‍.(തുടരും)....

Also Read:  സാംസ്‌കാരിക വൈവിധ്യങ്ങളുടെ കശ്മീര്‍ കാഴ്ചകള്‍ - 1

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Travlling, Tourism, Visits, Agriculture, Garden, Photo, Masjid, Valley, House boat, Water reservoir, Water fall, Flowers, Trees, Shopping,  Mohammed Yasir C L, All India travelogue 2.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia