city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അന്ന് ബ്ലാക്ക്മാന്‍, ഇപ്പോള്‍ ഓമ്‌നി വാന്‍; തട്ടിക്കൊണ്ടുപോകല്‍ സംഭവത്തില്‍ അപസര്‍പക കഥമെനഞ്ഞ് കുട്ടികള്‍; യാഥാര്‍ത്ഥ്യമെന്ത്?

കാസര്‍കോട്: (www.kasargodvartha.com 07/12/2016) ഏതാനും വര്‍ഷം മുമ്പ് ബ്ലാക്ക്മാന്‍ എന്ന സാങ്കല്‍പിക കഥാപാത്രം നാട്ടുകാരെ ഭയപ്പെടുത്തിയ സംഭവത്തിന്റെ തുടര്‍ച്ചയായി ഇപ്പോള്‍ നാട്ടില്‍ കുട്ടികളെ തട്ടികൊണ്ടുപോകുന്ന കറുത്തവാന്‍ ഭീതിവിതയ്ക്കുന്നു. ഒരുമാസം മുമ്പാണ് കറുത്ത ഓമ്‌നി വാനില്‍ കുട്ടികളെ തട്ടികൊണ്ടുപോകുന്ന സംഘം ഇറങ്ങിയതായി നാടിന്റെ നാനാഭാഗങ്ങളില്‍നിന്നും പ്രചരണം ഉയര്‍ന്നത്. ഉളിയത്തടുക്ക ഭാഗത്തായിരുന്നു ഇതിന്റെ തുടക്കം. മൂന്ന് കുട്ടികളെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നാണ് പരാതി ഉയര്‍ന്നത്. ഇതേകുറിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും അത്തരമൊരുസംഭവമൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.
അന്ന് ബ്ലാക്ക്മാന്‍, ഇപ്പോള്‍ ഓമ്‌നി വാന്‍; തട്ടിക്കൊണ്ടുപോകല്‍ സംഭവത്തില്‍ അപസര്‍പക കഥമെനഞ്ഞ് കുട്ടികള്‍; യാഥാര്‍ത്ഥ്യമെന്ത്?

പിന്നീട് മഞ്ചേശ്വരം, മിയാപദവ്, ബന്തിയോട്, ബെണ്ടിച്ചാല്‍ എന്നിവിടങ്ങളിലും തട്ടികൊണ്ടുപോകല്‍ ശ്രമമുണ്ടായതായി പരാതി ഉയര്‍ന്നിരുന്നു. തൊട്ടുപിന്നാലെ കളനാട്, ഉദുമ, നീലേശ്വരം കോട്ടപ്പുറം എന്നിവിടങ്ങളിലും കുട്ടികളെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചതായുള്ള പരാതി ഉയര്‍ന്നു. എല്ലായിടത്തും കറുത്ത ഓമ്‌നി വാന്‍തന്നെയായിരുന്നു വില്ലന്‍. അതേസമയം രണ്ടുസ്ഥലത്ത് ഓമ്‌നിവാനിന്റെ കളര്‍ നീലയായിരുന്നു. കാസര്‍കോട്ടെ ഒരു സ്‌കൂളില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച വാഹനമാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഒരു മഞ്ഞ നാനോകാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് ഇതില്‍ വസ്തുതയില്ലെന്ന് കണ്ട് കാര്‍ വിട്ടുകൊടുക്കുകയായിരുന്നു. എല്ലാ വാനിലും തങ്ങളെകൂടാതെ മൊട്ടയടിച്ച ഒരു കുട്ടികൂടി ഉണ്ടായിരുന്നുവെന്ന് കുട്ടികള്‍ വെളിപ്പെടുത്തിയിരുന്നു. ആരില്‍നിന്നോകേട്ട കഥ അതേപടി പകര്‍ത്തുന്നതായാണ് പോലീസ് സംശയിക്കുന്നത്.

ഏറ്റവും ഒടുവില്‍ ബുധനാഴ്ച രാവിലെ ഏഴ് മണിയോടെ ചെമ്മനാട് കൊളമ്പക്കാലില്‍ ചെമ്മനാട് ഗവ. യു പി സ്‌കൂളിലെ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ മദ്രസയിലേക്ക് പോകുമ്പോള്‍ കറുത്ത ഓമ്‌നിവാനില്‍ പിടിച്ചുകൊണ്ടുപോയതായും കോളിയടുക്കത്തെ മറ്റൊരുകുട്ടിയും വാനിലുണ്ടായിരുന്നതായും ഞങ്ങള്‍ രണ്ടുപേരുംചേര്‍ന്ന് വാന്‍ ഒരുസ്ഥലത്ത് നിര്‍ത്തിയപ്പോള്‍ കുതറിയോടി രക്ഷപ്പെടുകയുമായിരുന്നുവെന്നുമാണ് ചെമ്മനാട്ടെ വിദ്യാര്‍ത്ഥി വെളിപ്പെടുത്തിയത്. വിവരമറിഞ്ഞതോടെ പോലീസ് നാലുഭാഗത്തുനിന്നും ചെമ്മനാട്ട് കേന്ദ്രീകരിച്ചിരുന്നു.

എന്നാല്‍ കറുത്ത വാനിന്റെ പൊടിപോലും കണ്ടെത്താന്‍ ആയില്ല. ചില സ്ഥലത്തെ സി സി ടി വി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചെങ്കിലും കറുത്ത വാനിനെകുറിച്ച് വിവരമൊന്നും ലഭിച്ചില്ല. കുട്ടി സംഭവം വിവരിച്ച രീതികാണുമ്പോള്‍ സത്യമാണെന്ന് ബോധ്യമാകുന്നുണ്ടെങ്കിലും പറഞ്ഞതില്‍ ചിലഭാഗത്ത് കുട്ടിയുടെ വിശദീകരണത്തില്‍ സംശയമുണ്ടെന്ന് കുട്ടിയുടെ ബന്ധുവായ യുവാവ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കുട്ടിയുടെ കയ്യില്‍ നഖത്തിന്റെ പാടുകള്‍ കണ്ടത് സംഭവത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതായും ബന്ധു വെളിപ്പെടുത്തി.

കാസര്‍കോട് സി ഐ സിഎ അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തില്‍ കുട്ടിയില്‍നിന്നും വിശദമായ മൊഴിയെടുത്തിട്ടുണ്ട്. പോലീസും പറയുന്നത് കുട്ടിയുടെ മൊഴി വിശ്വസനീയമല്ലെന്നാണ്. മദ്രസയില്‍പോകുന്നതിനും പഠിക്കുന്നതിനും താല്‍പര്യമില്ലാത്ത ചിലകുട്ടികള്‍ ഇത്തരം കഥകള്‍ മെനയുകയാണെന്നാണ് പോലീസ് സംശയിക്കുന്നത്. അതല്ലെങ്കില്‍ പോലീസിന്റെ ശ്രദ്ധ തിരിച്ചുവിട്ട് നേട്ടംകൊയ്യുന്ന ഏതെങ്കിലും സംഘത്തിവേണ്ടി കുട്ടികള്‍ ബോധപൂര്‍വം വെളിപ്പെടുത്തലുകള്‍ നടത്തുന്നുവെന്നാണ് സംശയം.

കാസര്‍കോടിന് പിന്നാലെ മലപ്പുറം, കോഴിക്കോട് ജില്ലകളിലും സമാനമായ തട്ടിക്കൊണ്ടുപോകല്‍ കഥകള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. അവിടെ ഒരുകുട്ടിയുടെ വെളിപ്പെടുത്തല്‍ പിന്നീട് ഉണ്ടാക്കിപ്പറഞ്ഞതാണെന്ന് തെളിയുകയും ചെയ്തിരുന്നു. മഞ്ചേശ്വരം ഭാഗത്ത് വൈകിട്ടും സന്ധ്യയ്ക്കും ഉണ്ടായ തട്ടികൊണ്ടുപോകല്‍ ശ്രമങ്ങള്‍ക്ക് പിന്നില്‍ മണല്‍മാഫിയ സംഘങ്ങളാണെന്ന് കാസര്‍കോട് ഡി വൈ എസ് പി എംവി സുകുമാരനും കുമ്പള സി ഐ വിവി മനോജും നേരത്തെ വെളിപ്പെടുത്തിയിരുന്നു.

നാട്ടില്‍ ഓമ്‌നി വാനില്‍ സ്‌കൂള്‍ കുട്ടികളെ തട്ടികൊണ്ടുപോകുന്ന സംഘമിറങ്ങിയിട്ടുണ്ടെന്ന പ്രചരണം ശക്തമായതോടെ ഗള്‍ഫിലുള്ള രക്ഷിതാക്കളും ആശങ്കയിലാണ്. സ്ത്രീകള്‍ മാത്രംവീട്ടിലുള്ളവര്‍ക്കാണ് കൂടുതല്‍ ആധിയുണ്ടായിരിക്കുന്നത്. മദ്രസയിലേക്കോ സ്‌കൂളുകളിലേക്കോ മക്കളെ കൊണ്ടുവിടുമ്പോള്‍ വീട്ടിലുള്ള മറ്റുകുട്ടികള്‍ തനിച്ചാകുന്നതാണ് ഗള്‍ഫിലുള്ള ഗൃഹനാഥന്മാരെ ആശങ്കയിലാക്കുന്നത്. അയല്‍പക്കത്തുള്ളവരെ നോക്കാനേല്‍പിച്ചാണ് പലരും കുട്ടികളെ സ്‌കൂളിലും മദ്രസയിലും കൊണ്ടുവിടുന്നത്. ഈസമയത്ത് ഗ്രാമപ്രദേശത്ത് കുട്ടികളെ തട്ടികൊണ്ടുപോകുന്നവര്‍ വീടുകളിലെത്തുമോയെന്ന ആശങ്കയാണ് രക്ഷിതാക്കള്‍ പങ്കുവെയ്ക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ ബ്ലാക്ക്മാന്‍ കഥ വെറും കെട്ടുകഥയാണെന്ന് പിന്നീട് തിരിച്ചറിഞ്ഞിരുന്നു. ഇപ്പോഴുള്ള തട്ടികൊണ്ടുപോകല്‍ ശ്രമങ്ങള്‍ക്കും അകാലചരമംതന്നെയാണ് ഉണ്ടാവുകയെന്നും പോലീസ് പറയുന്നു. സംഭവത്തില്‍ യാഥാര്‍ത്ഥ്യമില്ലെന്ന് ഉറപ്പാണെങ്കിലും യഥാര്‍ത്ഥ തട്ടികൊണ്ടുപോകല്‍സംഘങ്ങള്‍ രംഗത്തുവന്നാല്‍പോലും അത് വിശ്വസിക്കാന്‍ പലരും തയ്യാറാകില്ലെന്ന മറുവശവുമുണ്ടെന്ന് പോലീസ് പറഞ്ഞു.

Keywords: Kasaragod, Kidnap-attempt, Car, Omni Van, Police, complaint, Kerala, Students,  What is behind child kidnapping incident

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia