city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'തട്ടിക്കൊണ്ടുപോകല്‍' സംഭവങ്ങള്‍ കുട്ടികളില്‍ ഭയമുണ്ടാക്കുന്നു; വിദ്യാര്‍ത്ഥി പേടിച്ചത് കോഴിയിറക്കാന്‍ വന്ന വാന്‍ കണ്ട്

കാസര്‍കോട്: (www.kasargodvartha.com 09/12/2016) നാട്ടിലെമ്പാടും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ ഇറങ്ങിയിട്ടുണ്ടെന്ന പ്രചരണം കുട്ടികളില്‍ ഭയമുണ്ടാക്കുന്നതായി പോലീസ് പറഞ്ഞു. ചെമ്മനാട്ട് കഴിഞ്ഞ ദിവസമുണ്ടായ 'തട്ടിക്കൊണ്ടുപോകല്‍ ശ്രമം' വിദ്യാര്‍ത്ഥിയുടെ മനസിലുണ്ടായ പേടിയെ തുടര്‍ന്നാണെന്ന് കാസര്‍കോട് ടൗണ്‍ പോലീസ് കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തി.

ചെമ്മനാട് കൊളമ്പക്കാലിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടിയാണ് കഴിഞ്ഞ ദിവസം മദ്രസയിലേക്ക് പോകുന്നതിനിടെ തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി വീട്ടുകാരോട് പറഞ്ഞത്. 'തട്ടിക്കൊണ്ടുപോകല്‍' സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ചപ്പോഴാണ് ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് തെളിഞ്ഞിരിക്കുന്നത്.

വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ തന്നെ കുട്ടി തന്നെ ഇന്ന് ആരെങ്കിലും തട്ടിക്കൊണ്ടുപോകുമെന്ന് ഭയത്തോടെ പറഞ്ഞിരുന്നു. പിന്നീട് കൊളമ്പക്കാലിലെത്തിയപ്പോള്‍ അവിടെ കോഴിയിറക്കാന്‍ വന്ന വാന്‍ കണ്ട് കുട്ടി ഭയപ്പെടുകയും അവിടെ നിന്നും ഓടിരക്ഷപ്പെടുകയുമായിരുന്നു. തന്നെ വാനില്‍ പിടിച്ചുകയറ്റിയെന്നും തന്റെ സുഹൃത്തായ അപ്‌സര സ്‌കൂളില്‍ പഠിക്കുന്ന കോളിയടുക്കത്തെ ഒരു കുട്ടിയും ഉണ്ടായിരുന്നതായാണ് കുട്ടി പറഞ്ഞത്. അഞ്ചുപേര്‍ വാനിലുണ്ടായിരുന്നതായും ഒരാള്‍ ഡ്രൈവിംഗ് സീറ്റിലും മറ്റൊരാള്‍ കാവല്‍ക്കാരനും മറ്റു മൂന്നു പേര്‍ കുട്ടികളെ പിടിച്ചുകൊണ്ടുപോകുന്നവരുമാണെന്നാണ് കുട്ടി പറഞ്ഞത്.

കുട്ടിക്കൊപ്പം രക്ഷപ്പെട്ടുവെന്ന് പറയുന്ന വിദ്യാര്‍ത്ഥിയെ കണ്ടെത്താന്‍ കോളിയടുക്കം അപ്‌സര സ്‌കൂളില്‍ കുട്ടിയെയും കൊണ്ട് സ്‌കൂളിലെത്തി. അവിടെ ക്ലാസുകള്‍ തോറും കയറിയിറങ്ങി ഒപ്പം രക്ഷപ്പെട്ടുവെന്ന് പറയുന്ന 'സുഹൃത്തിനെ' അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. അങ്ങനെയൊരു കുട്ടി അവിടെ പഠിക്കുന്നില്ലെന്നാണ് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്. വിഭ്രാന്തി മൂലമാണ് കുട്ടി ഇത്തരമൊരു കഥ മെനഞ്ഞെടുത്തതെന്നും പോലീസ് പറഞ്ഞു. കുട്ടി ചില സന്ദര്‍ഭങ്ങളില്‍ അനാവശ്യമായി പേടിക്കുന്ന സ്വഭാവം പ്രകടിപ്പിച്ചിരുന്നതായി ക്ലാസ് അധ്യാപികയും പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

കുട്ടികളുടെ മനസില്‍ പെട്ടെന്ന് ഭയമുണ്ടാക്കുന്ന കാര്യങ്ങളാണ് നാട്ടില്‍ നിന്നും പ്രചരിക്കുന്നത്. സംഭവത്തില്‍ യാതൊരു ആശങ്കയും രക്ഷിതാക്കള്‍ക്ക് വേണ്ടെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. സത്യത്തില്‍ ഇല്ലാത്ത സംഭവമാണ് കുട്ടികളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. കറുത്ത വാനിലെത്തുന്ന സംഘം കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതായി ജില്ലയിലുടനീളം വ്യജപ്രചരണം അഴിച്ചുവിട്ട് സാമൂഹ്യവിരുദ്ധര്‍ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. ഇതുവരെ കാസര്‍കോട്ട് നടന്ന ഒരു 'തട്ടിക്കൊണ്ടുപോകല്‍' പരാതിയിലും കഴമ്പുണ്ടായിട്ടില്ലെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

Keywords:  Kasaragod, Kerala, complaint, Police, Investigation, Omni Van, Chemnad, Student, Kidnap rumors no facts behind.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia