അംഗണ്‍വാടി അധ്യാപികയുടെ മരണത്തില്‍ ദുരൂഹത; മരിച്ചത് വിഷം അകത്തുചെന്ന്, അധ്യാപികയെ ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും വിവരം, വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിന് മൃതദേഹം പരിയാരത്തേക്ക്
Nov 24, 2016, 14:58 IST
ബദിയടുക്ക: (www.kasargodvartha.com 24/11/2016) ബദിയടുക്ക ഏത്തടുക്കയിലെ അംഗണ്‍വാടി അധ്യാപിക ആഇശ (30) യുടെ മരണത്തില്‍ ദുരൂഹത. അധ്യാപികയെ ചിലര്‍ ഭീഷണിപ്പെടുത്തിവന്നിരുന്നതായും ഇതേതുടര്‍ന്നാണ് ഇവര്‍ ജീവനൊടുക്കിയതെന്നുമാണ് നാട്ടുകാര്‍ നല്‍കുന്ന സൂചന. വ്യാഴാഴ്ച രാവിലെയാണ് ആഇശയെ വിഷം അകത്തുചെന്ന് അവശനിലയില്‍ കണ്ടെത്തിയത്. യുവതിയുടെ ഭര്‍ത്താവ് കര്‍ണാടക അഫ്രാസ് നേരത്തെ ആഇശയെ ഉപേക്ഷിച്ചിരുന്നു. ഇതിന് ശേഷം ഒരു യുവാവുമായി ആഇശ അടുപ്പത്തിലായിരുന്നതായാണ് പറയപ്പെടുന്നത്.
ഭാര്യയും കുട്ടികളുമുള്ള യുവാവിന് ആഇശയുമായുള്ള അടുപ്പത്തിന്റെ പേരില്‍ ജനപ്രതിനിധിയായ ബന്ധുവും സഹോദരിയും ഭീഷണിപ്പെടുത്തിയിരുന്നതായി ആരോപണമുണ്ട്. അതേസമയം ഇത്തരമൊരു ആരോപണം ശരിയല്ലെന്നാണ് ജനപ്രതിനിധി കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചത്. ഒരുമാസം മുമ്പ് ആഇശയുടെ വീട്ടിലെത്തിയ നാലംഗസംഘം ഇവരെ അക്രമിച്ച് വീട്ടിലുണ്ടായിരുന്ന കമ്മല്‍ ഉള്‍പെടെയുള്ള സ്വര്‍ണവും പണവും എ ടി എം കാര്‍ഡും കൊണ്ടുപോയിരുന്നതായി ഇവര്‍ അടുത്ത ബന്ധുക്കളോടും സുഹൃത്തുക്കളോടും പരാതിപ്പെട്ടിരുന്നു. ഇതിന് ശേഷം ആറംഗസംഘം വീണ്ടും വീട്ടില്‍വന്ന് ഭീഷണിമുഴക്കിയതായി യുവതി തന്നെ പലരോടും പറഞ്ഞിരുന്നു.
ഇതുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല. ഇതിനിടയില്‍ ജനപ്രതിനിധിയുടെ സഹോദരി ഇടപെട്ട് കൊണ്ടുപോയ സാധനങ്ങളില്‍ കുറച്ച് തിരിച്ചെത്തിച്ചിരുന്നു. ബാക്കിസാധനങ്ങള്‍ എത്തിച്ചുകൊടുത്തിരുന്നില്ല. ഇതിനിടയിലും ഭീഷണി തുടര്‍ന്നിരുന്നു. അതേസമയം ഭീഷണിയെതുടര്‍ന്ന് യുവതി ബുധനാഴ്ച കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിലെത്തി ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയരുന്നതായി പരാതിയുണ്ട്. തനിക്ക് ഭീഷണികാരണം ജോലിചെയ്യാന്‍ സാധിക്കുന്നില്ലെന്നും തന്റെ ജോലി ഇല്ലാതാക്കുമെന്നും ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നുമാണ് യുവതി പരാതി നല്‍കിയതായി ചിലരെ അറിയിച്ചത്.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ യുവതി ഉണര്‍ന്ന് വീടിന് പുറത്തുപോയി തിരിച്ചുവന്നിരുന്നതായി ബന്ധുക്കള്‍ പറയുന്നു. വിഷം കഴിക്കാനായിരിക്കാം ഇവര്‍ പുറത്തുപോയതെന്നാണ് സംശയിക്കുന്നത്. രാവിലെ എട്ട് മണിയോടെയാണ് അവശനിലയില്‍ കണ്ടത്. ആഇശയ്ക്ക് ഇതിനിടയില്‍ ചില ഫോണ്‍കോളുകള്‍ വന്നിരുന്നതായും ബന്ധുക്കളും മറ്റും സൂചിപ്പിക്കുന്നു. മരണത്തില്‍ സംശയം ഉയര്‍ന്നതിനെതുടര്‍ന്ന് മൃതദേഹം കാസര്‍കോട് തഹസില്‍ദാര്‍ ജയരാജന്റെ സാന്നിധ്യത്തില്‍ ബദിയടുക്ക എസ് ഐ കെ ദാമോദരന്റെ നേതൃത്വത്തില്‍ പോലീസ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടത്തിയശേഷം വ്യാഴാഴ്ച ഉച്ചയോടെ വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Related News:
Keywords: Badiyadukka, Kasaragod, Kerala, Obituary, Ayisha, Poison, Anganwadi teacher, Anganwadi teacher dies, Controversy, Teacher's dead body sent for detailed postmortem.