കേരള ഗ്രാമീണ ബാങ്കില്‍ പണം ആവശ്യപ്പെട്ടെത്തിയ ഇടപാടുകാര്‍ മാനേജറെ വളഞ്ഞുവെച്ചു; പോലീസെത്തി സംഘര്‍ഷം ഒഴിവാക്കി
Nov 30, 2016, 13:46 IST
വിദ്യാനഗര്‍: (www.kasargodvartha.com 30/11/2016) വിദ്യാനഗറിലെ കേരള ഗ്രാമീണ ബാങ്കില്‍ പണം ആവശ്യപ്പെട്ടെത്തിയ ഇടപാടുകാര്‍ മാനേജറെ വളഞ്ഞുവെച്ചു. സംഘര്‍ഷം ഉണ്ടായതിനെതുടര്‍ന്ന് വിദ്യാനഗര്‍ പോലീസ് സ്ഥലത്തെത്തി സ്ഥിതി ശാന്തമാക്കി. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെയാണ് സംഭവം. രാവിലെ എട്ട് മണിമുതല്‍ പണമാവശ്യപ്പെട്ട് ക്യൂനിന്ന് മടുത്ത ജനങ്ങളോട് ഇന്ന് പണം കിട്ടില്ലെന്ന് മാനേജര്‍ അറിയിച്ചതോടെയാണ് സ്ഥിതി വഷളായത്. പ്രകോപിതരായ ഇടപാടുകാര്‍ മാനേജറെ വളഞ്ഞുവെക്കുകയും ബഹളംവെക്കുകയും ചെയ്തു.
ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലുള്ള താന്‍ ഒരാഴ്ചയായി ഓരോ ദിവസവും പണത്തിനായി ക്യൂ നില്‍ക്കുകയാണെന്നും ഓരോ കാരണംപറഞ്ഞ് പണംനല്‍കാതെ ബാങ്ക് അധികൃതര്‍ തിരിച്ചയക്കുകയാണ് ഉണ്ടായതെന്നും നായന്മാര്‍മൂല കാനക്കുന്നിലെ കൂലിത്തൊഴിലാളിയായ അബ്ബാസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. നായന്മാര്‍മൂലയിലെ ഓട്ടോ ഡ്രൈവറായ ഹനീഫ് ഭാര്യാ സഹോദരന്റെ വിവാഹ ആവശ്യത്തിന് 20,000 രൂപ എടുക്കാന്‍ എത്തിയതായിരുന്നു. പാസ്ബുക്കും മറ്റും വാങ്ങി സീല്‍ ചെയ്‌തെങ്കിലും പണം നല്‍കിയില്ലെന്ന് ഹനീഫ് പറഞ്ഞു. അബ്ബാസിന് കഴിഞ്ഞമാസം 19ന് 11,000 രൂപ കിട്ടിയിരുന്നു. ഇപ്പോള്‍ 24,000 രൂപ എടുക്കാന്‍ എത്തിയതായിരുന്നു. രാവിലെ ഒമ്പത് മണിയോടെ ക്യൂനിന്നതാണ് ഹനീഫ്.
10 മണിയോടെ എത്തിയ മാനേജര്‍ ആര്‍ ബി ഐയുടെ പണമെത്തുന്ന കാസര്‍കോട്ടെ എസ് ബി ടി ബാങ്കിലേക്ക് പോയിരുന്നു. ജില്ലയിലെ 54 ഗ്രാമീണ്‍ ബാങ്കുകളിലും പണമെത്തിക്കുന്നത് ഇവിടെനിന്നാണ്. എന്നാല്‍ ഇവിടെനിന്നും പണംകിട്ടാതെ ബാങ്കിലേക്ക് മടങ്ങിയ മാനേജര്‍ ഈ വിവരം ഇടപാടുകാരെ അറിയിച്ചതോടെയാണ് ഇടപാടുകാര്‍ പ്രകോപിതരായത്. സ്വന്തക്കാര്‍ക്ക് വൈകുന്നേരങ്ങളില്‍ ചെക്കുകള്‍മാറി മാനേജര്‍ സ്വകാര്യമായി പണം നല്‍കുന്നതായും ക്യൂനില്‍ക്കുന്ന തങ്ങളെ പണമില്ലെന്ന് പറഞ്ഞ് പറ്റിക്കുകയുമാണെന്നാണ് ഇടപാടുകാര്‍ ആരോപിക്കുന്നത്.
കഴിഞ്ഞമാസം 23ന് മാത്രമേ എസ് ബി ടിയില്‍നിന്നും പണം കിട്ടിയിട്ടുള്ളതെന്നും ആ പണമാണ് ഇതുവരെ ബാങ്കില്‍നിന്നും വിതരണം ചെയ്തുവന്നതെന്നും ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ലോണായും മറ്റും തിരിച്ചടക്കുന്ന പണം ആ സമയത്തെത്തുന്നവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അല്ലാതെ സ്വന്തക്കാര്‍ക്ക് പണം നല്‍കുന്നതുമായുള്ള ആരോപണം ശരിയല്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
Also Read:
നാട്ടിലേക്ക് പോകാന്‍ പ്രവാസിയുടെ രണ്ട് വര്‍ഷത്തെ നിയമയുദ്ധം; കോടതി നടപടികള്‍ക്കായി നടന്നത് 1000 കിലോ മീറ്റര്‍
Keywords: Kasaragod, Vidya Nagar, Bank, Kerala, Kerala Grameen Bank, Manager, Protest, No currencies clash in Kerala Gramin bank