city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബദിയടുക്ക തേങ്ങി; കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളെ കാണാതായപ്പോള്‍ വീട്ടുകാരും നാട്ടുകാരും തെരഞ്ഞത് കുട്ടികളെ 'തട്ടിക്കൊണ്ടു'പോയവരെ

ബദിയടുക്ക: (www.kasargodvartha.com 29/11/2016) ബദിയടുക്കയില്‍ രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ കിണറ്റില്‍ മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട വേദനയില്‍ അലമുറയിട്ട് കരയുന്ന ഉമ്മമാരെ സമാധാനിപ്പിക്കാനാവാതെ നാട്ടുകാരും ബന്ധുക്കളും കാഴ്ചക്കാരാവുകയായിരുന്നു. ബദിയടുക്ക പിലാങ്കട്ട ഉബ്രങ്കളയിലെ ഹമീദ്-റിയാന ദമ്പതികളുടെ മകന്‍ റംസാന്‍ (നാല്), ഹമീദിന്റെ സഹോദരനായ ഷബീര്‍-നാഫിയ ദമ്പതികളുടെ മകന്‍ നസ്‌വാന്‍ (രണ്ട്) എന്നിവരാണ് ദാരുണമായി കിണറില്‍ മുങ്ങി മരിച്ചത്.

ചൊവ്വാഴ്ച 9.30 മണിയോടെ ചായ കഴിച്ച് കുട്ടികള്‍ മുറ്റത്ത് കൊച്ചു സൈക്കിളില്‍ കളിക്കുന്നതിനിടെ ഉമ്മമാര്‍ ഉച്ചയ്ക്കുള്ള ഭക്ഷണമുണ്ടാക്കുന്നതിന്റെ തിരക്കിലായിരുന്നു. അതുവരെ കുട്ടികളെ ഇടയ്ക്കിടെ വന്നുനോക്കിയിരുന്ന ഉമ്മമാരുടെ കണ്ണൊന്നു തെറ്റിയപ്പോഴാണ് ഇരുവരെയും മുറ്റത്ത് നിന്നും കാണാതായത്. അയല്‍പക്കത്തും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താനാവാത്തതോടെ ഇവരുടെ ആധി കൂടി. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങള്‍ നാടിന്റെ പലയിടത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ പെട്ടെന്നാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയതായി പ്രചരണം ഉയര്‍ന്നത്. പിന്നീട് എല്ലാവരും തട്ടിക്കൊണ്ടുപ്പോയവരെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. പക്ഷേ അപ്പോഴേക്കും കിണറിന്റെ അഗാധതയില്‍ മരണത്തിന്റെ കാണാക്കയത്തില്‍ എത്തിയിരുന്നു.

ഒരു മണിക്കൂറോളം കുട്ടികളെ പലയിടത്തും തെരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കുട്ടികള്‍ കളിച്ചുകൊണ്ടിരുന്ന സൈക്കിള്‍ എല്ലാത്തിനും സാക്ഷിയെന്നോണം മുറ്റത്ത് തന്നെ ഉണ്ടായിരുന്നു. ഒരു മണിക്കൂറിന് ശേഷം അയല്‍പക്കത്തെ ഒരാളാണ് ആള്‍മറയുള്ള വീട്ടുകിണറില്‍ ഇലയും മറ്റും വീഴുന്നത് തടയുന്നതിന് വേണ്ടി കെട്ടിയ പച്ച നെറ്റ് വല നീങ്ങിക്കിടക്കുന്നത് ശ്രദ്ധിച്ചത്. ഇതുകണ്ട് കിണറില്‍ വന്നുനോക്കിയപ്പോഴാണ് കുട്ടികള്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത് കണ്ടത്.

15 കോല്‍ ആഴമുള്ള കിണറ്റില്‍ നാല് കോലില്‍ അധികം വെള്ളമുണ്ട്. പെട്ടെന്ന് തന്നെ നാട്ടുകാരില്‍ ചിലര്‍ ഇറങ്ങി കുട്ടികളെ പുറത്തെടുത്തപ്പോഴേക്കും ശരീരം തണുത്ത് വിറങ്ങലിച്ചിരുന്നു. അപ്പോഴേക്കും വിവരമറിഞ്ഞ് ബദിയടുക്ക എസ്‌ഐ എ ദാമമോദരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവുമെത്തി. ജീവന്റെ തുടിപ്പ് അല്‍പ്പമെങ്കിലും ബാക്കിയുണ്ടോ എന്നറിയാന്‍ കുട്ടികളെ പെട്ടെന്ന് തന്നെ പോലീസ് ജീപ്പില്‍ ബദിയടുക്ക ഗവ. ആശുപത്രിയിലെത്തിച്ചു.

ഡോക്ടര്‍ പരിശോധിച്ച് മരണം ഉറപ്പ് വരുത്തിയതോടെ ആശുപത്രി പരിസരത്ത് നിലവിളികള്‍ ഉയര്‍ന്നു. നൂറ് കണക്കിനാളുകളാണ് വിവരമറിഞ്ഞ് ആശുപത്രിയിലേക്ക് ഒഴുകിയെത്തിയത്. പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടുകാരുടെ അഭ്യര്‍ത്ഥന മാനിച്ച് പോസ്റ്റുമോര്‍ട്ടം നടത്താതെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കുഞ്ഞുങ്ങളുടെ ചേതനയറ്റ ശരീരം വീട്ടിലെത്തിച്ചപ്പോള്‍ നാട്ടുകാരുടെയും ബന്ധുക്കളുടെയും ദുഖം അണപൊട്ടി. ആര്‍ക്കും പരസ്പരം ആശ്വസിപ്പിക്കാന്‍ കഴിയാത്ത വല്ലാത്തൊരു അവസ്ഥയായിരുന്നു ഉബ്രങ്കളയിലെ വീട്ടില്‍. മരിച്ച രണ്ട് കുഞ്ഞുങ്ങളുടെയും പിതാക്കള്‍ ഗള്‍ഫിലാണ്.

കിണറിനോട് ചേര്‍ന്ന് കോണ്‍ക്രീറ്റ് ജില്ലി കൂട്ടിയിട്ടിരുന്നു. ഇതുവഴി കയറിക്കളിക്കുന്നതിനിടെ കുട്ടികള്‍ അബദ്ധത്തില്‍ കിണറ്റിലേക്ക് വീണതാകാമെന്നാണ് കരുതുന്നത്. ബാവിക്കരയില്‍ തിങ്കളാഴ്ച പ്ലസ്ടു വിദ്യാര്‍ത്ഥിയും അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയും പുഴയില്‍ മുങ്ങിമരിച്ച സംഭവത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പാണ് ബദിയടുക്കയില്‍ രണ്ട് പിഞ്ചുകുഞ്ഞുങ്ങളും മുങ്ങിമരിച്ചത്. വീട്ടില്‍ ചെറിയ കുട്ടികള്‍ ഉണ്ടായിരിക്കെ കിണറിനോട് ചേര്‍ന്ന് അശ്രദ്ധയോടെ ജില്ലി കൂട്ടിയിട്ടതാണ് ഈ ദുരന്തത്തിന് കാരണമായിത്തീര്‍ന്നത്. നിധി പോലെ സൂക്ഷിച്ച മക്കള്‍ പറക്കമുറ്റും മുമ്പേ മരണത്തിന്റെ കൈ പിടിച്ച് പറന്നതിന്റെ നൊമ്പരം വീട്ടുകാരുടെ വിങ്ങുന്ന മനസില്‍ എന്നുമുണ്ടായിരിക്കും.

വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ മൃതദേഹം ഖബറടക്കി.

Related News: 
ബാവിക്കര ദുരന്തത്തിന് പിന്നാലെ ബദിയടുക്കയില്‍ രണ്ട് കുട്ടികള്‍ കിണറില്‍വീണ് മരിച്ചു


ബദിയടുക്ക തേങ്ങി; കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളെ കാണാതായപ്പോള്‍ വീട്ടുകാരും നാട്ടുകാരും തെരഞ്ഞത് കുട്ടികളെ 'തട്ടിക്കൊണ്ടു'പോയവരെ

Keywords: Kasaragod, Badiyadukka, Childrens, Death, Well, Kidnap, Mother, Family, Neighbors, Ramsan, Naswan, Badiyadukkans could not stop weeeping

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia