city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യൂണിവേഴ്‌സിറ്റി ചാല ക്യാമ്പസ് അടച്ചുപൂട്ടില്ല; ഒമ്പതിന് മന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്താന്‍ തീരുമാനം

2 കോടി ചിലവില്‍ നിര്‍മ്മിച്ച വനിതാ ഹോസ്റ്റലിന്റെ ഉദ്ഘാടനം 9 ന് മന്ത്രി നിര്‍വ്വഹിക്കും

കാസര്‍കോട്: (www.kasargodvartha.com 03/09/2016) കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള വിദ്യാനഗര്‍ ചാല ക്യാമ്പസ് അടച്ചുപൂട്ടില്ല. കാസര്‍കോട് എം പി പി. കരുണാകരന്‍, എം എല്‍ എ എന്‍.എ നെല്ലിക്കുന്ന്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. വി.പി.പി മുസ്തഫ, പ്രൊഫ. രാജു, ചാല ക്യാമ്പസ് ഡയറക്ടര്‍ ശ്രീലത, അസി. ഡയറക്ടര്‍മാര്‍, കോളജ് ജീവനക്കാരുടെ പ്രതിനിധികള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, മറ്റു ജനപ്രതിനിധികള്‍, പി.ടി.എ ഭാരവാഹികള്‍, വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ശനിയാഴ്ച ക്യാമ്പസില്‍ ഒത്തുചേര്‍ന്ന് ക്യാമ്പസ് അടച്ചുപൂട്ടാനുള്ള നീക്കം സംബന്ധിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.

ഒരു തരത്തിലും ക്യാമ്പസ് അടച്ചുപൂട്ടാന്‍ അനുവദിക്കില്ലെന്ന് സംസാരിച്ച പി. കരുണാകരന്‍ എം പിയും, എം എല്‍ എ എന്‍.എ നെല്ലിക്കുന്നും, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗങ്ങളും യോഗത്തെ അറിയിച്ചു. ഒമ്പതിന് ജില്ലയിലെത്തുന്ന വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ സാന്നിധ്യത്തില്‍ ചാല ക്യാമ്പസിന്റെ വിഷയം ചര്‍ച്ച ചെയ്യാനും തീരുമാനിച്ചു. അന്നുതന്നെ രണ്ടുകോടി രൂപ ചിലവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി രണ്ടു വര്‍ഷം കഴിഞ്ഞ വനിതാ ഹോസ്റ്റലിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിക്കും. ഇതു സംബന്ധിച്ച് വാര്‍ത്താ സമ്മേളനം നടത്തുന്നതിനും യോഗത്തില്‍ തീരുമാനമായി.

ചാല ക്യാമ്പസ് അടച്ചുപൂട്ടുന്നത് സംബന്ധിച്ച് കാസര്‍കോട് വാര്‍ത്ത നല്‍കിയ റിപോര്‍ട്ടിനെ തുടര്‍ന്നാണ് അടിയന്തിര നടപടികളുമായി അധികൃതര്‍ രംഗത്തുവന്നത്. മറ്റ് മുന്‍നിര മാധ്യമങ്ങളും കാസര്‍കോട് വാര്‍ത്തയ്ക്കു പിന്നാലെ ചാല ക്യാമ്പസ് അടച്ചുപൂട്ടുന്നത് സംബന്ധിച്ച് വാര്‍ത്തകള്‍ നല്‍കിയിരുന്നു. ചാല ക്യാമ്പസ് അടച്ചുപൂട്ടാന്‍ അനുവദിക്കില്ലെന്ന് നേരത്തെ തന്നെ എംപിയും എംഎല്‍എയും വ്യക്തമാക്കിയിരുന്നു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാടും ക്യാമ്പസ് അടച്ചുപൂട്ടില്ലെന്ന് ബന്ധപ്പെട്ടവരോട് വ്യക്തമാക്കിയിരുന്നു.

യൂണിവേഴ്‌സിറ്റിയില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തി ക്ലാസുകള്‍ തുടങ്ങുന്നതിനുള്ള നടപടിയും മന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനമാകുമെന്നാണ് കരുതുന്നത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ മറ്റൊരു ക്യാമ്പസായ നീലേശ്വരം ഡോ. പി.കെ രാജന്‍ സ്മാരക ക്യാമ്പസില്‍ എം.സി.എ കോഴ്‌സിന് ഒഴിവുള്ള സീറ്റുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ എട്ടിന് രാവിലെ 10 മണിക്ക് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ചാല ക്യാമ്പസില്‍ അഡ്മിഷന്‍ ലഭിച്ച ഏതാനും വിദ്യാര്‍ത്ഥികളെ കുട്ടികള്‍ കുറഞ്ഞതിന്റെ പേരില്‍ നീലേശ്വരം ക്യാമ്പസിലേക്ക് മാറ്റിയിരുന്നു. നീലേശ്വരം ക്യാമ്പസില്‍ സ്‌പോട്ട് അഡ്മിഷന് അനുമതി നല്‍കിയ അധികൃതര്‍ കാസര്‍കോട് ചാല ക്യാമ്പസിനെ ഒഴിവാക്കിയതും ചര്‍ച്ചയായിട്ടുണ്ട്.

2000 ലാണ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിദ്യാനഗര്‍ ചാലയില്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസ് ആരംഭിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ ഹോസ്റ്റല്‍, ലൈബ്രറി, മള്‍ട്ടി ഫെസിലിറ്റി ലാബ്, വിശാലമായ സെമിനാര്‍ ഹാള്‍, പുതിയ ക്ലാസ് റൂമുകള്‍, മികച്ച യാത്രാ സൗകര്യം, ഇന്റര്‍ ലോക്ക് ചെയ്ത റോഡ് തുടങ്ങിയ സൗകര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയിരുന്നു. എം സി എ, എം ബി എ, ബി എഡ് കോഴ്‌സുകളിലായി നിരവധി വിദ്യാര്‍ത്ഥികളാണ് ഇൗ ക്യാമ്പസില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയത്.

വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന കാസര്‍കോട്ടെ ക്യാമ്പസിന്റെ നിലനില്‍പിന് ക്യാമ്പസ് അധികൃതരും വിദ്യാര്‍ത്ഥി സംഘടനകളും മുന്നോട്ട് വെച്ച കാര്യങ്ങള്‍ വിദ്യാഭ്യാസ മന്ത്രിയുമായും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അധികൃതരുമായും ചര്‍ച്ച ചെയ്യാനാണ് എംപിയുടെയും എം എല്‍ എയുടെയും സാന്നിധ്യത്തില്‍ നടന്ന യോഗത്തിലുണ്ടായ പൊതുധാരണ.

യോഗത്തിൽ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി കോര്‍ട്ട് മെമ്പര്‍ എന്‍.എ അബൂബക്കര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം, നഗരസഭാ മുന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ. അബ്ദുര്‍ റഹ് മാന്‍ കുഞ്ഞിമാസ്റ്റര്‍, മുന്‍ കൗണ്‍സിലര്‍ മമ്മു ചാല, വാര്‍ഡ് മെമ്പര്‍മാരായ ഹമീദ് ബെദിര, മുംതാസ് അബൂബക്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

യൂണിവേഴ്‌സിറ്റി ചാല ക്യാമ്പസ് അടച്ചുപൂട്ടില്ല; ഒമ്പതിന് മന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്താന്‍ തീരുമാനം

Related News: 
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ചാല ക്യാമ്പസ് അടച്ചുപൂട്ടാന്‍ അനുവദിക്കില്ല: എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ


Keywords: Kaaragod, Kerala, Kannur University, Chale Campus, Education,  Education Minister, Meet, University Chala Campus: hostel building will be inaugurated on 9th September.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia