city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്വാതന്ത്ര്യ സമര സേനാനി കെ മാധവന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 25.09.2016) സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവുമായ കെ മാധവന്‍ (102) അന്തരിച്ചു. ഞായറാഴ്ച രാത്രി കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ പങ്കെടുത്ത അവസാന കണ്ണിയായിരുന്നു. പയ്യന്നൂരില്‍ നടന്ന ഉപ്പു സത്യഗ്രഹത്തിലും പങ്കെടുത്തിട്ടുണ്ട്. 1916ല്‍ മടിക്കൈയിലെ പ്രശസ്തമായ ഏച്ചിക്കാനം എന്ന ജന്മി കുടുംബത്തിലായിരുന്നു ജനനം.

തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്‌കൂള്‍, നീലേശ്വരം രാജാസ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. വിദ്വാന്‍ പി കേളുനായരുടെ വിജ്ഞാനദായിനി ദേശീയ വിദ്യാലയത്തില്‍ സംസ്‌കൃതം പഠിച്ചു. പിന്നീട് 1934ല്‍ എറണാകുളത്തെ ഹിന്ദികോളജില്‍ നിന്ന് വിശാരദ് പാസായി. പിന്നീട് നീണ്ട കാലത്തെ ജയില്‍ ജീവിതത്തിനിടയിലാണ് മാധവേട്ടന്‍ തമിഴ്, കന്നഡ, ഇംഗ്ലീഷ് ഭാഷകള്‍ പഠിച്ചത്.

12 -ാം വയസുമുതലേ ദേശീയ പ്രസ്ഥാനത്തിലിറങ്ങി. കോണ്‍ഗ്രസ് പ്രവര്‍ത്തരോടൊപ്പം മദ്യവര്‍ജനം, സൈമ കമ്മീഷന്‍ ബഹിഷ്‌ക്കരണം, വിദേശ വസ്ത്ര ബഹിഷ്‌ക്കരണം തുടങ്ങിയ പ്രക്ഷോഭ പരിപാടികളില്‍ സജീവമായി പങ്കെടുത്തു. നീലേശ്വരം രാജാസ് ഹൈസ്‌കൂളില്‍ സായാഹ്ന ക്ലാസുകളില്‍ അധ്യാപകനായും സേവനമനുഷ്ടിച്ചു. 1928 മെയ് 25, 26, 27 തീയ്യതികളില്‍ പയ്യന്നൂരില്‍ വച്ച് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്വത്തില്‍ നടന്ന നാലാം സംസ്ഥാന കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്തു. കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ വോളണ്ടിയര്‍ കെ മാധവനായിരുന്നു.

സമ്മേളനത്തിന്റെ മുഖ്യ സംഘാടകനായ വിദ്വാന്‍ പി കേളുനായര്‍ക്കൊപ്പമാണ് വെള്ളിക്കോത്ത് വിജ്ഞാനദായി ദേശീയ വിദ്യാലയത്തിലെ സഹപാഠികളുള്‍പെടെ പയ്യൂരിലേക്ക് പോയി സമ്മേളനത്തില്‍ പങ്കെടുത്തത്. കള്ള് ഷാപ്പ് പിക്കറ്റിനെ തുടര്‍ന്ന് 1930 ആഗസ്ത് 20 ന് അറസ്റ്റിലായി. എന്നാല്‍ അന്ന് 15 വയസുണ്ടായിരുന്ന കൊച്ചുമാധവന്‍ തനിക്ക് 19 വയസാണെന്ന് കോടതിയില്‍ വ്യാജമൊഴികൊടുത്ത് സ്വയം ജയില്‍ ശിക്ഷ ഏറ്റുവാങ്ങി. 1935ല്‍ ഹൊസ്ദുര്‍ഗ് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയായി. 1938 ല്‍ കമ്മ്യൂണിസ്റ്റും പിന്നീട് പ്രമുഖനായ ബോള്‍ഷെവിക്കുമായി മാറിയ കെ പി ആര്‍ ഗോപാലന്റെ നേതൃത്വത്തില്‍ കോട്ടച്ചേറിയില്‍ ഒന്നാം കാസര്‍കോട് താലൂക്ക് കര്‍ഷക സമ്മേളനം നടന്നു. ഇതിന്റെ മുഖ്യ സംഘാടകനായിരുന്നിട്ടും ത്രിവര്‍ണ പതാകയ്ക്കു പകരം ചുവപ്പ് പതാകയാണ് ഉയര്‍ത്തേണ്ടതെന്ന് മാധവന്‍ ശഠിച്ചു. ഇതില്‍ പ്രതിഷേധിച്ച് മാധവേട്ടന്റെ രാഷ്ട്രീയ ഗുരുവായ എ സി കണ്ണന്‍ നായര്‍ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയി.

ഈ സമ്മേളനത്തില്‍ വച്ചാണ് മാധവേട്ടന്‍ കര്‍ഷകസംഘത്തിന്റെ കാസര്‍കോട് താലൂക്ക് സെക്രട്ടറിയായി തിരഞ്ഞെടുക്കപെടുന്നത്. 1939 ലെ കൊടക്കാട് കര്‍ഷക സമ്മേളനത്തിന്റെ മുഖ്യ സംഘാടകനും മാധവനായിരുന്നു. പിന്നീട് കര്‍ഷസംഘത്തിന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രഥമ സെക്രട്ടറി സ്ഥാനത്തും പ്രവര്‍ത്തിച്ചു.

1957 ലെ അസംബ്ലി തെരെഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥിയായ കെ മാധവനെതിരെയുള്ള പ്രചാരണത്തില്‍ പ്രസംഗിക്കാനും നെഹ്‌റു ഹൊസ്ദുര്‍ഗിലെത്തിയിരുന്നു. 1921 ഏപ്രില്‍ 21 ന് പയ്യന്നൂര്‍ ഒളവറ പുഴയിലെ ഉളിയത്ത് കടവില്‍ കെ കേളപ്പന്റെ നേതൃത്വത്തില്‍ നടത്തിയ ചരിത്രമുന്നേറ്റമായ ഉപ്പു സത്യഗ്രഹത്തില്‍ പങ്കെടുക്കുമ്പോള്‍ പതിനഞ്ചുവയസ്സായിരുന്നു കെ മാധവന്. ഇതേ തുടര്‍ന്ന് കോഴിക്കോട്ടും കേളപ്പന്റെ നേതൃത്വത്തില്‍ നടന്ന ഉപ്പുസത്യഗ്രഹ സമരത്തിലും പങ്കെടുത്ത് ബ്രിട്ടീഷ് പോലീസിന്റെ ക്രൂരമര്‍ദനത്തിന് ഇരയായി.

1931 ലെ ഗുരുവായൂര്‍ സത്യഗ്രഹത്തിലും ക്ഷേത്രപ്രവേശന ജാഥയിലും പി കൃഷ്ണപിള്ള, എ കെ ജി, കെ കേളപ്പന്‍, വിഷ്ണു ഭാരതീയന്‍, ടി എസ് തിരുമുമ്പ് എന്നിവരോടൊപ്പം കെ മാധവനും സജീവമായി പങ്കെടുത്തു. 1935 ല്‍ കെ പി സി സിയില്‍ അംഗമായി. ചരിത്രപ്രസിദ്ധമായ കയ്യൂര്‍ സമരം നടക്കുമ്പോള്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഹൊസ്ദുര്‍ഗ് താലൂക്ക് സെക്രട്ടറിയായിരുന്നു കെ മാധവന്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍പ്പിന് ശേഷം സിപിഐയിലും പിന്നീട് സിപിഎമ്മിലും പ്രവര്‍ത്തിച്ചു. പതിനാറ് വര്‍ഷത്തോളം കാഞ്ഞങ്ങാടിന്റെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വഹിച്ചു. പിന്നീട് സജീവ രാഷ്ട്രീയത്തില്‍ നിന്നും മാറിനില്‍ക്കുകയും ചെയ്തു.

കാഞ്ഞങ്ങാട് പി സ്മാരക സമിതി, പി സ്മാരക ട്രസ്റ്റ്, വിദ്വാന്‍ പി സ്മാരക ട്രസ്റ്റ്, എ സി കണ്ണന്‍ നായര്‍ സ്മാരക ദേശീയ പഠന കേന്ദ്രം എന്നിവയുടെ അധ്യക്ഷനായിരുന്നു. കമ്മ്യൂണിസ്റ്റ് സമരനായകര്‍, സോവിയറ്റ് യൂണിയനില്‍, ഇ കെ നായനാര്‍ അവതാരികയെഴുതിയ ഒരു ഗാമത്തിന്റെ ഹൃദയത്തിലൂടെ, പയസ്വിനിയുടെ തീരത്ത്, ക്രിയേറ്റീവ് ആര്‍ട്‌സ് ആന്‍ഡ് കള്‍ചറല്‍ കോ ഓപറേറ്റീവ് സൊസൈറ്റി പ്രസിദ്ധീകരിച്ച ഒരു ഗാന്ധിയന്‍ കമ്മ്യൂണിസ്റ്റിന്റെ ഓര്‍മകള്‍ എന്നിവ മാധവേട്ടനെഴുതിയ പുസ്തകങ്ങളാണ്.

പിതാവ്: എ സി രാമന്‍ നായര്‍. മാതാവ്: കൊഴുമ്മല്‍ ഉണ്ണാങ്ങ. ഭാര്യ: മീനാക്ഷിയമ്മ. മക്കള്‍: ഇന്ദിര (ബംഗളൂരു), അഡ്വ. സേതുമാധവന്‍ (ഹൊസ്ദുര്‍ഗ് കോടതി), ആശാലത, ഡോ. അജയകുമാര്‍ കോടോത്ത് (മുന്‍ പി എസ് സി അംഗം). മരുമക്കള്‍: ഗോപിനാഥന്‍ നായര്‍ (റിട്ട. മാനേജര്‍, വിജയ ബാങ്ക്), തമ്പാന്‍ നമ്പ്യാര്‍ (റിട്ട. കോളജ് പ്രിന്‍സിപ്പല്‍, കര്‍ണാടക), എ സി ലേഖ (അധ്യാപിക, ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍), പ്രേമജ (മാനേജര്‍, കേരള ഗ്രാമീണ്‍ ബാങ്ക്).

സ്വാതന്ത്ര്യ സമര സേനാനി കെ മാധവന്‍ അന്തരിച്ചു


Keywords : Obituary, Kanhangad, Kasaragod, Leader, K Madhavan, Freedom Fighter.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia