city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അതിവേഗ റെയില്‍പാതാ പദ്ധതിയില്‍ കാസര്‍കോടും ഉള്‍പ്പെടുമെന്ന് തൃക്കരിപ്പൂര്‍, ഉദുമ എം എല്‍ എമാരുടെ ഉറപ്പ്, പാസഞ്ചേഴ്‌സ് അസോസിയേഷന്‍ യോഗം ചേരുന്നു

ഉദുമ:  (www.kasargodvartha.com 22.07.2016) ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ബജറ്റ് പ്രസംഗവേളയില്‍ പ്രഖ്യാപിച്ച അതിവേഗ റെയില്‍പാത കേവലം സ്വപ്‌നം മാത്രമല്ലെന്നും, യാതാര്‍ത്ഥ്യമാകാനിരിക്കുന്ന പദ്ധതിയാണെന്നും കെ കുഞ്ഞിരാമന്‍ എം എല്‍ എ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. അതു കണ്ണൂര്‍ വരെ മാത്രമെന്ന് ആരാണ് പറഞ്ഞത്. സത്യവിരുദ്ധമായ പ്രചരണം മാത്രമാണത്. പദ്ധതി വരുന്നുണ്ടെങ്കില്‍ മംഗലാപുരം വരെയും അതുണ്ടാകും. മറിച്ചുള്ള പ്രചരണങ്ങളെല്ലാം തള്ളിക്കളയണമെന്നും എം എല്‍ എ പറഞ്ഞു. കാസര്‍കോട് ജില്ലയെ മാറ്റി നിര്‍ത്തിക്കൊണ്ടുള്ള റെയില്‍ വികസനം അസാദ്ധ്യമാണ്. മംഗലാപുരം വരെ പാത തുടരും. കോട്ടിക്കുളം , ചാത്തംങ്കൈ മേല്‍പ്പാലത്തിന് സംസ്ഥാന സര്‍ക്കാര്‍ എടുത്ത താല്‍പ്പര്യം ഏവരേയും അല്‍ഭുതപ്പെടുത്തിയയിരുന്നു.

മറ്റൊരു ജില്ലയിലും നിയോജകമണ്ഡലത്തിലും ഒരു പക്ഷെ കാണാന്‍ കഴിയാത്തതാണ് അത്. ഇതുവരെ നടന്നതും, ഇനി നടക്കാനിരിക്കുന്നതുമായ വികസനപ്രവര്‍ത്തനങ്ങളുടെ റിസള്‍ട്ട് ചെമ്മനാട്, പള്ളിക്കര തുടങ്ങിയ പഞ്ചായത്തുകളിലെ വോട്ടര്‍മാരിലുടെ വായിച്ചെടുത്ത തെരെഞ്ഞെടുപ്പായിരുന്നു കഴിഞ്ഞു പോയത്. കോട്ടിക്കുളം മേല്‍പ്പാലത്തിന് ഇപ്പോള്‍ പത്തു കോടി മാത്രമാണ് മാറ്റി വെച്ചിട്ടുള്ളത്. ഇനിയും ആവശ്യമായി വന്നാല്‍ പണം നല്‍കും. വികസനത്തിനു രാഷ്ട്രീയമില്ലെന്നും എം എല്‍ എ പറഞ്ഞു. റെയില്‍വേയുമായി സഹകരിച്ചു കൊണ്ട് തൃക്കണ്ണാട് മലാംകുന്ന് അണ്ടര്‍ പാസ് വേ നിര്‍മ്മിച്ചതും, നീലേശ്വരം പള്ളിക്കരയിലെ മേല്‍പ്പാലം വരാനിരിക്കുന്നതും വിവിധ ജനപ്രതിനിധികളുടെ പ്രവര്‍ത്തനങ്ങളുടെ ഫലങ്ങളാണ്. തുടങ്ങി വെച്ചതും തുടങ്ങാനിരിക്കുന്നതുമായ എല്ലാ പ്രവര്‍ത്തികള്‍ക്കും ജനപ്രതിനിധി എന്ന നിലക്ക് ജനങ്ങളോടൊപ്പമുണ്ടാകുമെന്നും കെ കുഞ്ഞിരാമന്‍ കൂട്ടിചേര്‍ത്തു.

ജില്ലയുടെ വികസന പ്രവര്‍ത്തനത്തിന് അഹിതമെന്നു തോന്നുന്ന ഏതു പ്രവര്‍ത്തിയേയും നിശിതമായി എതിര്‍ക്കുമെന്നും അത് ജനപ്രതിനിധി എന്ന നിലയില്‍ തങ്ങളുടെ കടമയും കര്‍ത്തവ്യവുമാണെന്നും അതിവേഗ പാത കാസര്‍കോട് വരെ നീട്ടേണ്ട ആവശ്യകതയെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും തൃക്കര്‍പ്പൂര്‍ എം എല്‍ എ എം രാജഗോപാലന്‍ ഇതേ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി കാസര്‍കോട് വാര്‍ത്തയോട്
പറഞ്ഞു.

അതേസമയം, ചെറുത്തൂര്‍, കോട്ടിക്കുളം, കുമ്പള, ഉപ്പള തുടങ്ങിയ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിവിധ പാസഞ്ചേര്‍സ് അസോസിയേഷനുകള്‍ ഈ വിഷയത്തില്‍ എടുക്കേണ്ട നിലപാടുകളെ സമ്പന്ധിച്ച് തിരുമാനിക്കാന്‍ യോഗം ചേരുമെന്ന് ബന്ധപ്പെട്ടവര്‍ സൂചന നല്‍കി. കാസര്‍കോട് എം പി പി കരുണാകരന്‍ ലോകസഭാ സമ്മേളനം കഴിഞ്ഞു തിരിച്ചു വരുന്ന മുറക്ക് എം പിയുടെ സാന്നിദ്ധ്യത്തില്‍ മുഖ്യമന്ത്രിയേയും, ധനമന്ത്രിയേയും കണ്ട് തങ്ങളുടെ പ്രതിഷേധം അറിയിക്കാനിരിക്കുകയാണ്. പുഞ്ചിരി മുളിയാറിന്റെ നേതൃത്വത്തില്‍ 27 ന് മൂന്ന് മണിക്ക് ജില്ലയോടുള്ള അവഗണനയ്‌ക്കെതിരെ കാസര്‍കോട് ആലിയ ഓഡിറ്റോറിയത്തില്‍ പൊതുജന കൂട്ടായ്മയും ഒരുക്കുന്നുണ്ട്. സംഭവത്തില്‍ കാസര്‍കോട് നിയോജക മണ്ഡലം മുസ്ലിം ലീഗ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. 26 ന് മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തും.

ദില്ലി ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കാസര്‍കോടു വഴി കടന്നുപോകുന്ന 10ല്‍പ്പരം ട്രെയിനുകള്‍ക്ക് ജില്ലയില്‍ എവിടേയും സ്റ്റോപ്പില്ല. ലാഭകരമല്ലത്തതത്രെ കാരണം. തിരുവന്തപുരത്തേക്ക് ദിവസനേ പോകുന്ന മലബാര്‍ എക്‌സ്പ്രസിലും മാവേലിക്കും ദില്ലിയിലേക്കുള്ള മംഗളയിലും മറ്റും കാലു കുത്താന്‍ പോലും ഇടമുണ്ടാകാറില്ല. ആരോട് എത്രകാലം പറഞ്ഞു നടക്കാനാകും അനാദായകരമായ കള്ളക്കഥകള്‍. കാസര്‍കോട് ജില്ലയില്‍ നിര്‍ത്താത്ത പല വണ്ടികള്‍ക്കും അന്യ ജില്ലകളിലെ അപ്രധാന കേന്ദ്രങ്ങളില്‍ വരെ സ്റ്റോപ്പുകളുണ്ട്. അത് അവരുടെ മിടുക്ക്. രാഷ്ട്രീയ ജനപ്രതിനിധികള്‍ ജനങ്ങളെ അരാഷ്ട്രീയ വാദികളാക്കരുതെന്നാണ് പൊതുവെയുള്ള വിമര്‍ശനം.

ജില്ലയുടെ മറ്റു വികസന കാര്യങ്ങളും എങ്ങുമെത്താതെ കിടക്കുകയാണ്. ചിറകറ്റ് ചീമേനി, 25,000 കോടി പ്രഖ്യാപിച്ച വൈദ്യുതി പദ്ധതികള്‍ സ്വപ്നങ്ങളില്‍ മൂടിപ്പുതച്ച് ഉറങ്ങുന്നു. പ്രഭാകരന്‍ കമ്മീഷന്റെ 11,123 കോടി രുപയുടെപദ്ധതികള്‍ ഇരുട്ടില്‍ തപ്പുന്നു. കാസര്‍കോട് നഗരത്തിലെ ചൗക്കി-വിദ്യാനഗര്‍ ബൈപ്പാസ് നിര്‍മ്മാണം കടലാസില്‍ നിന്നും എഴുന്നേറ്റിട്ടു പോലുമില്ല. ഉദ്യോഗസഥരെ പണിഷ്‌മെന്റ് ട്രാന്‍സ്ഫറിനു വേണ്ടി റിസര്‍വ്വ് ചെയ്തു വെച്ച വേലിക്കു പുറത്തുള്ള ജില്ലയായാണ് കാസര്‍കോടിനെ കണക്കാക്കുന്നത്. മഞ്ചേശ്വരത്ത് വന്ന മാരിടൈം ഇന്‍സ്റ്റിറ്റിയൂട്ട് കൊല്ലത്തുകാര്‍ കൊണ്ടു പോയി. മല്‍സ്യ ബന്ധന തുറമുഖം അതിഞ്ഞാലില്‍ 'ഇപ്പ ശരിയാക്കിത്തരാം' എന്ന പല്ലവിക്ക് പ്രായം പതിറ്റാണ്ടുകള്‍ കഴിഞ്ഞു.

കണിയൂര്‍ പാതക്ക് ഇപ്പോള്‍ ജീവന്‍ വച്ചു തുടങ്ങിയതേയുള്ളൂ. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് പറഞ്ഞു വെച്ച കാറ്റില്‍ നിന്നുമുള്ള വൈദ്യുതി പദ്ധതികള്‍, ഏറ്റവും കുടുതല്‍ പുഴകളും അരുവികളുമുള്ള ജില്ലയില്‍ വെള്ളം കെട്ടി നിര്‍ത്തി വയല്‍ കൃഷിയുടെ പരിപോക്ഷണം, ഇവയൊന്നും പിന്നീട് കേട്ടിട്ടേ ഇല്ല. ബാവിക്കരയില്‍ ഉപ്പുകുറുക്കുന്നു. കബഡി ജനിച്ച നാട്ടില്‍ ദേശീയ ഗൈംസില്‍ പോലുമില്ല ജില്ലക്ക് അംഗീകാരം. പറഞ്ഞു പറ്റിച്ചു കൊണ്ടിരിക്കുന്ന മെഡിക്കല്‍ കോളേജും മംഗലാപുരത്തെ മരുന്ന് തിന്നാന്‍ വിധിക്കപ്പെട്ട പാവങ്ങളും ഇതെല്ലാം സഹിച്ചം തപിച്ചും സ്വയം ശപിച്ചും കഴിയുകയാണ്.

കേന്ദ്രസര്‍വകലാശാലയുടെ അനുബന്ധ സ്ഥാപനങ്ങള്‍, ലോ അക്കാദമി അടക്കം അന്യ ജില്ലയിലേക്ക് ചേക്കേറുന്നു. പലതും തിരുവന്തപുരം, കൊല്ലം, തിരുവല്ല, പത്തനംതിട്ട എന്നിവിടങ്ങളിലേക്കും മറ്റും കൂടുമാറി. കേന്ദ്ര സര്‍വ്വകലാശാലയുടെ കീഴിലുള്ള അയ്യങ്കാളി പഠന കേന്ദ്രം നമ്മുടെ ജില്ല വിട്ട് തിരുവന്തപുരം കാപ്പിറ്റല്‍ സിറ്റി ക്യാമ്പസ് ദത്തെടുത്തു. മറൈന്‍ കൊല്ലക്കാര്‍ കൊണ്ടു പോയി. അതിനിടയില്‍ കണ്ണൂരു വരെയെങ്കിലും വരട്ടെ, അതിനിപ്പുറം പിന്നീട് അതിവേഗം നോക്കാം. അതിവേഗ പാതയുടെ സാദ്ധ്യതാ പഠനം എന്നും മറ്റും പറഞ്ഞു സമാധാനിപ്പിക്കാന്‍ വരികയാണ് ഇപ്പോള്‍ ചില രാഷ്ട്രീയക്കാര്‍. ഏതായാലും വികസനത്തിന്റെ കാര്യത്തില്‍ കാസര്‍കോട് നേരിടുന്ന അവഗണനയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വന്‍ ചര്‍ച്ച തന്നെയാണ് നടക്കുന്നത്.

പ്രതിഭാരാജന്‍

അതിവേഗ റെയില്‍പാതാ പദ്ധതിയില്‍ കാസര്‍കോടും ഉള്‍പ്പെടുമെന്ന് തൃക്കരിപ്പൂര്‍, ഉദുമ എം എല്‍ എമാരുടെ ഉറപ്പ്, പാസഞ്ചേഴ്‌സ് അസോസിയേഷന്‍ യോഗം ചേരുന്നു

Keywords: Kasaragod, Railway, Budget, K.Kunhiraman MLA, Train, Article, Agriculture, Games, Kannur, Electricity.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia