city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വാല് പോലെ അഹ് മദ് മോന്‍

നോമ്പ് അനുഭവം: സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ 

(www.kasargodvartha.com 09.06.2016)
സമസ്ത കേരള സുന്നീ യുവജന സംഘം കാസര്‍കോട് ജില്ലാ പ്രസിഡണ്ടും പഞ്ചിക്കല്‍ റൗളത്തുല്‍ ഉലൂം എജ്യുക്കേഷന്‍ സെന്ററിന്റെ ചെയര്‍മാനുമായ സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ക്ക് രണ്ട് ദേശങ്ങളുമായി ബന്ധപ്പെട്ട് അനുഭവങ്ങള്‍ പറയാനുള്ളത്. കര്‍ണാടകയിലെ ബദ്രാവധിയിലാണ് തങ്ങളുടെ ജനനം. 20 വയസ്സ് വരെ ഭദ്രാവധിയിലാണ് തങ്ങളുടെ ജീവിതം. കുട്ടിക്കാലത്തെ മധുരിക്കുന്ന റമദാന്‍ ഓര്‍മകള്‍ പങ്കെടുക്കുമ്പോള്‍ തങ്ങളുടെ മുഖത്ത് നേര്‍ചിത്രം തെളിഞ്ഞുവരുന്നത് പോലെ തോന്നുന്നു. റമദാന്‍ മുഴുവനും പെരുന്നാള്‍ പ്രതീതിയാണ് ഉണ്ടാവുക. പെരുന്നാള്‍ പ്രതീക്ഷിക്കും പോലെ റമദാനിനെയും വരവേല്‍ക്കും.

നാലു വയസ് പ്രായമുള്ളപ്പോള്‍ തന്നെ പിതാവ് തങ്ങളുടെ കൈയ്യും പിടിച്ച് പള്ളിയില്‍ കൊണ്ട് പോകും. റമദാനില്‍ അത്താഴം കഴിച്ച് മൂന്ന് കിലോ മീറ്റര്‍ വരെ നടന്ന് സ്ഥിരമായി പള്ളിയില്‍ കൊണ്ടുപോകുന്നത് കാണുമ്പോള്‍ ആരും അത്ഭുതപ്പെടും. ബദ്രാവധിയില്‍ അന്‍വാര്‍ കോളനിയിലായിരുന്നു താമസം. അന്ന് അവിടെ നിസ്‌കാരം മദ്‌റസയിലായിരുന്നു നടന്നിരുന്നത്. സുബ്ഹിക്ക് പിതാവിന്റെ കൈയും പിടിച്ച് നിസ്‌കാരത്തിനു വേണ്ടി പോവുമ്പോള്‍ ഖുദ്ദൂസ് എന്ന ഹനഫി വിശ്വാസി തങ്ങളുടെ പിതാവിനോട് നിസ്‌കരിക്കാനുള്ള പ്രായമൊന്നും ഈ കുട്ടിക്കായില്ലല്ലോ എന്ന് ചോദിച്ചപ്പോള്‍? ചൊട്ടയിലെ ശീലം ചുടലവരെ എന്നായിരുന്നു പിതാവിന്റെ മറുപടി.

റമദാനിലെ വൈകുന്നേരങ്ങളില്‍ വീട്ടിലിരുന്ന് എല്ലാവരും ഖുര്‍ആനോത്തും മുഹ്യുദ്ദീന്‍ മാലയും ബദര്‍ മൗലീദുമെല്ലാം ഓതും. എന്തെങ്കിലും തെറ്റിയാല്‍ ഉമ്മ തിരുത്തും. ഒരു രസമായിരുന്നു റമദാനിലെ കുട്ടിക്കാലം. റമദാനിനെ വരവേല്‍ക്കാന്‍ നാടും വീടും അലങ്കരിക്കും. പള്ളികള്‍ പെയിന്റടിക്കും. റമദാനിലെ രാത്രികളില്‍ ആരാധനകളില്‍ മുഴുകും. വെളിച്ചം കൊണ്ട് പകല്‍ പോലെ അലങ്കൃതമാകും നാടും നഗരവും.

വൈകുന്നേരങ്ങളില്‍ നോമ്പ് തുറയുടെ ആരവങ്ങളുയരും. വ്യത്യസ്ത പലഹാരങ്ങളും വിഭവങ്ങളാലും സമൃദ്ധമായിരിക്കും നോമ്പ് തുറ. തറാവീഹ് നിസ്‌കാരം കഴിഞ്ഞ് വീടുകളില്‍ പ്രത്യേകം തയ്യാറാകുന്ന ചീരാകഞ്ഞി കുടിച്ച് സിയാറത്തിനിറങ്ങും. ചീരാ കഞ്ഞി ഭദ്രാവധിയിലെ പ്രത്യേകതയായിരുന്നു. നല്ല രസമുള്ള ചീരാകഞ്ഞി കുടിക്കാന്‍ വീടുകളില്‍ തിരക്കായിരിക്കും. കച്ചവട സ്ഥാപനങ്ങളും മറ്റ് കടകളുമെല്ലാം റമദാനില്‍ മുഴു സമയവും തുറന്നിടും. രാത്രി സിയാറത്തും കഴിഞ്ഞ് പള്ളിയില്‍ പോയി തഹജ്ജുദ് നിസ്‌കരിച്ച് അത്താഴം കഴിക്കാന്‍ വീട്ടില്‍ എത്തും. സുബ്ഹി നിസ്‌കാരം കഴിഞ്ഞ് വിശ്രമിക്കും.

അത്താഴത്തിന് വിളിച്ചുണര്‍ത്താന്‍ പച്ച തലപ്പാവും കറുത്ത കോട്ടും ധരിച്ച് ദഫും മുട്ടി ബൈത്തുകളും റമദാന്‍ പാട്ടുകളും പാടി വരുന്ന ഒരു സംഘം ആളുകള്‍ വരും. ഖലീഫമാര്‍ എന്നാണ് ഇവിടെ പറയാറ്. മുര്‍ശദ് എന്നാണ് അവിടെ ഹനഫികള്‍ വിളിക്കാറ്. റമദാന്‍ മുഴുവനും അവര്‍ നാടുകളില്‍ കറങ്ങി പെരുന്നാളിന് യാത്ര ചോദിക്കാന്‍ വീടുകളില്‍ കയറിയിറങ്ങും. ഒരു പ്രതിഫലവും പറ്റാത്ത ആ ഖലീഫമാരുടെ സേവനം നാട്ടുകാരെ അത്ഭുതപ്പെടുത്തും. കുട്ടികള്‍ ഇവര്‍ക്കൊപ്പം കൂടി കൈയും മുട്ടി പാട്ടുപാടി നടക്കും.

ഒരു പതിറ്റാണ്ട് കാലത്തെ സൗദി അറേബ്യയിലെ ജീവിതത്തിലും നിരവധി റമദാന്‍ ഓര്‍മകള്‍ തങ്ങള്‍ക്ക് പറയാനുണ്ട്. റമദാന്‍ നാളുകളിലെ സൗദി അറേബ്യയുടെ സാഹോദര്യ കാഴ്ചകള്‍ അനുകരണീയവും ചിന്താര്‍ഹനീയവുമാണെന്നാണ് തങ്ങള്‍ക്ക് പറയാനുള്ളത്. മറ്റുള്ളവര്‍ക്ക് നോമ്പ് തുറപ്പിക്കുക എന്നത് അറബികള്‍ക്ക് വലിയ സന്തോഷം നല്‍കുന്ന കാര്യമാണ്. റമദാനായാല്‍ എല്ലാ പള്ളികളിലും ഇഫ്താര്‍ ടെന്റുകള്‍ ഉണ്ടാകും. നോമ്പ് തുറക്കായി വിദേശികളും സ്വദേശികളുമായ നിരവധി പേര്‍ ടെന്റിലെത്തും.

അറബികളുടെ വീടുകളില്‍ നിന്നും മറ്റ് സൗഹൃദ സംഘടനകളും നോമ്പു തുറക്കുള്ള വിഭവങ്ങളെത്തിക്കും. അഞ്ചോ ആറോ പേര്‍ക്ക് കഴിക്കാവുന്ന തളികക്ക് ചുറ്റുമിരുന്നാണ് ഭക്ഷണം കഴിക്കാറ്. വ്യത്യസ്ഥ ഭാഷക്കാരും ദേശക്കാരുമായിരിക്കും കൂട്ടിനുണ്ടാവുക. രാവുകള്‍ പകലുകളാണ് അവിടെ. മതമൈത്രിയുടെ നേര്‍ക്കാഴ്ചയാണ് സൗദിയിലെ ഓരോ ഇഫ്താര്‍ ടെന്റുകളും.

റമദാനിലെ തറാവീഹ് കഴിഞ്ഞാണ് തങ്ങള്‍ ഉംറക്ക് പുറപ്പെടുന്നത്. ദമാമിലായിരുന്നു സേവനം. റമദാനിലെ ഒരു ഉംറ വേളയില്‍ മുത്ത് നബിയുടെ സിയാറത്ത് കഴിഞ്ഞ് ജന്നത്തുല്‍ ബഖീഇലേക്ക് പുറപ്പെട്ടു. നിരവധി മഹാന്മാരും മഹതികളും അന്തിയുറങ്ങുന്ന ജന്നത്തുല്‍ ബഖീഇല്‍ സിയാറത്ത് ചെയ്യുമ്പോഴാണ് ആറോ ഏഴോ പ്രായം തോന്നിക്കുന്ന ഒരു കുഞ്ഞ് തങ്ങളുടെ പിറകില്‍ നിന്ന് ഖമീസ് പിടിച്ചു വലിച്ചു. തിരിഞ്ഞു നോക്കിയപ്പോള്‍ നിശ്കളങ്ക മുഖത്തോടെ കുട്ടി സലാം പറയുകയും ഇന്ന് നിങ്ങള്‍ എന്റെ കൂടെ നോമ്പ് തുറക്കണമെന്ന് പറയുകയും ചെയ്തു.

തങ്ങള്‍ വരാമെന്നേറ്റു. ഉച്ച ബാങ്കിന് മുമ്പായിരുന്നു ഈ ക്ഷണം. തങ്ങള്‍ സിയാറത്ത് തുടര്‍ന്ന് എല്ലാം കഴിഞ്ഞ് തിരിച്ച് പോകാന്‍ നില്‍ക്കുമ്പോഴും കുട്ടി വാലുപോലെ തങ്ങള്‍ക്കൊപ്പം കൂടി. സന്ധ്യാ നേരം വരെ കുട്ടി തങ്ങള്‍ക്കൊപ്പം തന്നെ. നിനക്ക് രക്ഷിതാക്കളൊന്നുമില്ലേ എന്ന് അന്വേഷിച്ചപ്പോള്‍ ഉണ്ട് എന്നും അവരെ പിന്നെ കാണാമെന്നുമായിരുന്നു മറുപടി. നോമ്പ് തുറ സമയം വരെ കുട്ടി തങ്ങള്‍ക്കൊപ്പം നില്‍ക്കുകയും സമയമായപ്പോള്‍ മദീനാ പള്ളിയുടെ മുറ്റത്ത് നോമ്പ് തുറക്ക് തയ്യാറാക്കിയ സുപ്രയില്‍ എത്തിക്കുകയും ചെയ്തു.

കുട്ടിയുടെ പിതാവും ജേഷ്ഠന്മാരും തങ്ങളെ കണ്ടപ്പോള്‍ കെട്ടി പിടിച്ച് ആലിംഗനം ചെയ്തു. അറബികളിലെ അന്‍സാരി കുടുംബക്കാരാണവര്‍. ദിവസവും വീട്ടില്‍ നിന്ന് നോമ്പ് തുറ വിഭവങ്ങളുണ്ടാക്കി മദീന പള്ളിയില്‍ എത്തിച്ച് അതിഥികളെ സല്‍കരിക്കുന്ന വിശാല മനസ്‌കരാണ് അന്‍സാരികള്‍. അഹ് മദ് എന്നായിരുന്നു കുട്ടിയുടെ പേര്. വാലുപോലെ പിന്തുടര്‍ന്ന് നോമ്പ് തുറപ്പിച്ച അഹ് മദ് മോന്റെ ഓര്‍മകള്‍ ആവേശത്തോടെ പങ്കുവെക്കുകയായിരുന്നു തങ്ങള്‍.

-സമ്പാദകന്‍: എന്‍ കെ എം മഹ്‌ളരി ബെളിഞ്ച

വാല് പോലെ അഹ് മദ് മോന്‍

Related Articles: 

റമദാന്‍ വയളിലൂടെ പട്ടിക്കാട്ടേക്ക്

പത്ത് ഖത്തം പാരായണം തീര്‍ത്തിരുന്ന കോളജ് വിദ്യാര്‍ത്ഥി

മുറ്റത്തെ പായക്ക് മണമുണ്ട്
Keywords : Ramadan, Article, Memories, Sayyid PS Attakoya Thangal Ba Hassan, NKM Belinja.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia