city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കിട്ടിയത് ഉണ്ണി മാങ്ങ, വീണത് വിഷപ്പാമ്പ്

നോമ്പ് അനുഭവം: സയ്യിദ് മുഹമ്മദ് അഷ്‌റഫ് മദനി അസ്സഖാഫ് തങ്ങള്‍

(www.kasargodvartha.com 20/06/2016)
മഞ്ഞംപാറ മജ്‌ലിസ് ചെയര്‍മാനും പ്രമുഖ ആത്മീയ പണ്ഡിതനുമായ സയ്യിദ് മുഹമ്മദ് അഷ്‌റഫ് മദനി അസ്സഖാഫ് തങ്ങള്‍ ഏവര്‍ക്കും സുപരിചിതനായ വ്യക്തിത്വമാണ്. സൗമ്യ ശീലവും കുശലതയും തങ്ങളുടെ പ്രത്യേകതയാണ്. വിദ്യാഭ്യാസ ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്ത് ജീവിതം ഒഴിഞ്ഞു വെച്ച തങ്ങള്‍ ധൃതി പിടിച്ച ജീവിതത്തിനിടയില്‍ അല്‍പ നേരം നോമ്പനുഭവങ്ങള്‍ പങ്കു വെക്കാന്‍ മനസ്സുവെച്ചു.

ഇല്ലായ്മയുടെ തീച്ചൂളയില്‍ വളര്‍ന്നു വന്ന തങ്ങളുടെ ജീവിതത്തില്‍ കഴിഞ്ഞുപോയ റമദാനിലെ ഓരോ ദിനരാത്രങ്ങളും അമൂല്യ ഓര്‍മകളാണ് സമ്മാനിച്ചത്. ഉമ്മയുടെ മടിത്തട്ടിലാണ് തങ്ങള്‍ വളര്‍ന്നത്. ഭക്ഷണം കിട്ടാന്‍ പ്രയാസമാണ്. എട്ട് വയസ് പ്രായമുള്ളപ്പോള്‍ തങ്ങളുടെ ജീവിതത്തിലുണ്ടായ ഓര്‍മ പങ്കു വെക്കുമ്പോള്‍ ഖണ്ഡമിടറി. കവിള്‍ത്തടത്തിലൂടെ ഒലിച്ചു വന്ന കണ്ണീരിനൊപ്പം പറഞ്ഞു പൂര്‍ത്തിയാക്കി.

റമദാനില്‍ നോമ്പനുഷ്ഠിച്ച തങ്ങള്‍ ഉമ്മയ്‌ക്കൊപ്പമാണ് നോമ്പ് തുറക്കിരുന്നത്. നോമ്പ് തുറക്കായി മണ്‍ പാത്രത്തില്‍ (ബാടെ) ചോറും കഞ്ഞിവെള്ളവുമാണ് ഉണ്ടായിരുന്നത്. ആദ്യം പാത്രം നിറയെ തങ്ങള്‍ക്ക് വിളമ്പിക്കൊടുത്തു. അത് മുഴുവനും അകത്താക്കി. വിശപ്പിന്റെ കാഠിന്യത്താല്‍ വീണ്ടും കഞ്ഞിക്ക് വേണ്ടി കരഞ്ഞപ്പോള്‍ ഉമ്മ കുടിക്കാന്‍ വെച്ചിരുന്നതും തങ്ങള്‍ക്ക് വിളമ്പി കൊടുത്തു. അത് മാത്രമായിരുന്നു അന്ന് ആ വീട്ടിലുണ്ടായിരുന്നത്. മകന്‍ വയറ് നിറച്ചു തിന്നുന്നത് കണ്ട് സന്തോഷിച്ച ഉമ്മ വിശപ്പ് സഹിക്കാതെ പച്ച വെള്ളം കുടിച്ചായിരുന്നു അന്ന് നേരം പുലര്‍ത്തിയത്. അടുക്കളയില്‍ പോയി ഉമ്മ പച്ച വെള്ളം കുടിക്കുന്നതും അരമുണ്ട് മുറുക്കി കുത്തുന്നതും തങ്ങള്‍ നേരില്‍ കണ്ടിരുന്നെങ്കിലും കഴിക്കാനില്ലാത്ത കഥ അറിഞ്ഞിരുന്നില്ല. മൂന്ന് ദിവസം കഴിഞ്ഞ് ഉമ്മ പറഞ്ഞു, മോനേ ഇന്നേക്ക് മൂന്ന് ദിവസമായി ഞാന്‍ മുഴു പട്ടിണിയായാണ് നോമ്പനുഷ്ഠിക്കുന്നത്.

ഉടുതുണിക്ക് മറുതുണിയില്ലാത്ത ജീവിത കാലം വികാരഭരിതനായി വിവരിക്കുകയാണ് തങ്ങള്‍. കപ്പ കൃഷി ചെയ്ത് കിട്ടുന്ന കപ്പക്കിഴങ്ങ് ഉണക്കി പൊടിച്ചാണ് ജീവിതം തള്ളിനീക്കിയത്. നോമ്പ് തുറയുടെ സമയം അറിയാനുള്ള സംവിധാനം ഉണ്ടായിരുന്നില്ല. പള്ളിയില്‍ നിന്ന് ബാങ്ക് കേള്‍ക്കാത്ത കാലം. സൂര്യന്റെ അസ്തമാനം മനസ്സിലാക്കിയാണ് നോമ്പ് തുറക്കാറ്. വൈകുന്നേരങ്ങളില്‍ അസ്തമനം നോക്കി നില്‍ക്കും. അന്തരീക്ഷം മൂകമാണെങ്കില്‍ നോമ്പ് തുറ വൈകും. ഒരു ദിവസം നോമ്പ് തുറ നേരവും പ്രതീക്ഷിച്ച് സൂര്യനെ നോക്കി നില്‍ക്കുകയാണ്. അന്തരീക്ഷം മൂകതയായത് കാരണം ഒന്നും തെളിഞ്ഞ് കാണുന്നില്ല. സമയം ഒരുപാടായി. അപ്പോഴാണ് ഉമ്മയുടെ കുടുംബത്തില്‍ പെട്ട ഒരാള്‍ വീട്ടിലേക്ക് വന്നത്. അദ്ദേഹത്തിന്റെ കൈയ്യില്‍ വാച്ചുണ്ടായിരുന്നു. നോമ്പ് തുറക്കാന്‍ കാത്ത് നില്‍ക്കുന്ന ഞങ്ങളോട് അദ്ദേഹമാണ് സമയം കഴിഞ്ഞ് അരമണിക്കൂറായ വിവരം പറയുന്നത്.

അത്താഴ സമയത്തും ഈ പ്രതിസന്ധി ഉണ്ടായിരുന്നു. ചിലപ്പോള്‍ 12 മണിക്ക് എണീറ്റ് അത്താഴം കഴിക്കും. പൂവന്‍ കോഴിയുടെ കൂവലാണ് ആശ്രയം. എന്നും അരമണിക്കൂര്‍ മുമ്പ് വീട്ടിലുണ്ടായിരുന്ന കോഴി കൂവും. അന്നേരം എണീറ്റ് അത്താഴം കഴിക്കും.

നോമ്പ് തുറയ്ക്ക് കാര്യമായി ഒന്നും ഉണ്ടായിരുന്നില്ല. കുന്നില്‍ നിന്ന് കന്നിപ്പഴവും ഞാവല്‍ പഴവും പെറുക്കി നോമ്പ് തുറക്ക് കഴിക്കാന്‍ സൂക്ഷിച്ച് വെക്കും. ഉണ്ണി മാങ്ങ മറ്റൊരു വിഭവമാണ്. ചിര്‍ത്തട്ടി മുഹമ്മദ് ഹാജിയുടെ വീട്ടിനടുത്തായിരുന്നു ഉണ്ണിമാങ്ങ മരം. നാട്ടുകാരായ കുട്ടികളെല്ലാം ഉണ്ണി മാങ്ങ പെറുക്കാന്‍ വരും. നോമ്പ് തുറനേരത്ത് ഉണ്ണി മാങ്ങ കഴിക്കാനുള്ള ആര്‍ത്തിയില്‍ ഒരു ദിവസം തങ്ങള്‍ അതിരാവിലെ മങ്ങിയ സൂര്യപ്രകാശത്തില്‍ ഉണ്ണി മാങ്ങാ പെറുക്കാന്‍ ചിര്‍ത്തട്ടിയിലെത്തി.

രാത്രി ഉണ്ടായ കാറ്റില്‍ ഒരുപാട് മാങ്ങ കൂട്ടിവെച്ചത് പോലെ വീണുകിടക്കുന്നത് കണ്ടപ്പോള്‍ എല്ലാം വാരി പിടിച്ച് അരമുണ്ടിലിട്ട് മടക്കി കുത്തി ആരും കാണാതെ വീട്ടിലേക്ക് നടന്നു. ഇത്രയും മാങ്ങ കാണുമ്പോള്‍ ആരെങ്കിലും തട്ടിപ്പറിക്കുമോയെന്ന പേടിയും മനസിലുണ്ട്. വീട്ടിലെത്തി സന്തോഷത്തോടെ ഉമ്മയുടെ മുമ്പില്‍ മടക്കി കുത്തിയ മുണ്ടഴിച്ച് നിലത്തിട്ടപ്പോഴാണ് ഉണ്ണി മാങ്ങയ്‌ക്കൊപ്പം വിഷപാമ്പ് വീണത്. പേടിച്ചോടിയ തങ്ങളെ ഉമ്മ സമാധാനപ്പെടുത്തി. കൂട്ടിയിട്ട മാങ്ങയ്‌ക്കൊപ്പം ചുരുണ്ട് കൂടിയ പാമ്പിനെ തങ്ങള്‍ ശ്രദ്ധിച്ചിരുന്നില്ല. രണ്ട് കിലോ മീറ്ററോളം നടന്നു വരുമ്പോള്‍ ഒന്നും കാട്ടാതിരുന്നത് അഷ്‌റഫ് തങ്ങളുടെ ഭാഗ്യമെന്ന് പറയാനേ പറ്റൂ. നാഥന്‍ തുണച്ചു എന്ന് ചുരുക്കും. ഇതെല്ലാം അന്നത്തെ നോമ്പ് തുറ വിഭവങ്ങളായിരുന്നു.

വിദേശത്തായിരിക്കുമ്പോള്‍ ശൈഖ് സാഇദിന്റെ സെക്രട്ടറിയായിരുന്ന അലിയ്യുല്‍ ഹാശിമിക്കൊപ്പവും പ്രമുഖ വ്യവസായി യൂസുഫലി സാഹിബിനൊപ്പം നോമ്പ് തുറന്ന അനുഭവം തങ്ങള്‍ക്ക് പറയാനുണ്ടെങ്കിലും ദുബൈയിലെ മറ്റൊരു അറബി പണ്ഡിതന്റെ വീട്ടിലെ നോമ്പ് തുറ തങ്ങള്‍ക്കേറെ ഇഷ്ടപ്പെട്ടു. നിരവധി പണ്ഡിതന്മാര്‍ നോമ്പ് തുറക്കായി സദസിലുണ്ട്. ബാങ്കിന്റെ 20 മിനുട്ട് മുമ്പ് എല്ലാവരും തീന്‍ മേശക്ക് ചുറ്റുമിരിക്കും. എല്ലാവരുടെ ചുണ്ടും ദിഖ്‌റും സ്വലാത്തും തസ്ബീഹിനാല്‍ ചലിക്കുന്നു. ചിലര്‍ പ്രാര്‍ത്ഥനയിലാണ്. ആത്മീയ അന്തരീക്ഷത്തില്‍ ഉള്ള അത്തരം നോമ്പ് തുറ മാതൃകയാക്കമെന്നാണ് തങ്ങള്‍ പറയുന്നത്.

ദര്‍സ് ജീവിതത്തിലെ റമദാന്‍ കാലം വയള് പറഞ്ഞ് പരിശീലിക്കും. അതില്‍ നിന്നും കിട്ടിയ പൈസയിലാണ് കിതാബുകള്‍ വാങ്ങിയത്. പൈക്ക ഭാഗത്ത് വയള് പറഞ്ഞപ്പോള്‍ ഒരാള്‍ തങ്ങള്‍ക്ക് നൂറ് രൂപ കൊടുത്ത് അനുമോദിച്ചത് ഇന്നും ഓര്‍ക്കുന്നു. വയള് പറഞ്ഞ് ലഭിക്കുന്ന കാശ് കൊണ്ട് ആദ്യം ഉമ്മയ്ക്ക് പെരുന്നാള്‍ വസ്ത്രം വാങ്ങിക്കൊടുക്കും. തങ്ങള്‍ക്ക് ഉമ്മ കഴിഞ്ഞാണ് ബാക്കിയെല്ലാം. അതു തന്നെയാണ് തങ്ങളുടെ വിജയവും.

-സമ്പാദകന്‍: എന്‍ കെ എം മഹ്‌ളരി ബെളിഞ്ച

കിട്ടിയത് ഉണ്ണി മാങ്ങ, വീണത് വിഷപ്പാമ്പ്

Related Articles:













Keywords : Article, Ramadan, Sayyid Muhammed Ashraf Madani Assaqaf Thangal, NKM Belinja.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia