പത്ത് ഖത്തം പാരായണം തീര്‍ത്തിരുന്ന കോളജ് വിദ്യാര്‍ത്ഥി
Jun 6, 2016, 17:00 IST
നോമ്പ് അനുഭവം സയ്യിദ് അതാഉല്ല തങ്ങള്‍ ഉദ്യാവരം(www.kasargodvartha.com 06/06/2016) റമദാനിന്റെ ചന്ദ്രക്കല മാനത്ത് ഉദയം ചെയ്തിരിക്കുന്നു. വിശ്വാസികള്‍ക്ക് ഇനി ആത്മ വിശുദ്ധിയുടെ നാളുകള്‍. റമദാനിലെ ഓരോ ദിന രാത്രങ്ങളും പവിത്രമാണ്. മുന്‍ കാല വിശ്വാസികളുടെ ധന്യമായ ചരിത്രങ്ങള്‍ നമുക്ക് പാഠമാണ്. റമദാന്‍ ഓര്‍മകള്‍ വര്‍ത്തമാന സമൂഹത്തിന് പാഠമാണ്. ഇനിയുള്ള ദിവസങ്ങളില്‍ വ്യത്യസ്ഥരുടെ അനുഭവങ്ങള്‍ വായനക്കെത്തുകയാണ്.
വിശുദ്ധ റമദാനില്‍ പത്ത് പ്രാവശ്യം വിശുദ്ധ ഖുര്‍ആന്‍ മുഴുവനും ഓതി തീര്‍ത്തിരുന്ന കോളജ് വിദ്യാര്‍ത്ഥിയെ പരിചയപ്പെടുന്നത് വായനക്കാര്‍ക്ക് പ്രചോദനമാകുമെന്നത് അവിതര്‍ക്കിതമാണ്. ഉദ്യാവരം ആയിരം ജമാഅത്ത് പ്രസിഡണ്ടും ആത്മീയ പണ്ഡിതനുമായ ഉദ്യാവരം സയ്യിദ് അതാഉല്ല തങ്ങളുടെ പഠന കാല റമദാന്‍ ജീവിതത്തിനാണ് ഈ തിളക്കം.
അഞ്ചാം ക്ലാസ് മുതല്‍ ആരംഭിച്ചതാണ് റമദാനിലെ മുപ്പത് ദിവസത്തെ വ്രതാനുഷ്ഠാനം. എസ് എസ് എല്‍ സി കഴിഞ്ഞ് കോളജ് ജീവിതം തുടങ്ങിയപ്പോള്‍ റമദാനായാല്‍ മറ്റ് ചിന്തകളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറി നിന്ന് ആരാധകള്‍ അധികരിപ്പിക്കാനാണ് സമയം ചിലവഴിച്ചത്. ഖുര്‍ആന്‍ പാരായണത്തിനാണ് പ്രധാനമായും സമയം ചിലവഴിച്ചത്. ഒരു ദിവസം പത്ത് ജുസ്അ് ആണ് ഓതാറ്. മൂന്ന് ദിവസം കൊണ്ട് ഒരു ഖത്തം തീര്‍ക്കും. മുപ്പത് ദിവസം കൊണ്ട് പത്ത് ഖത്തമ് ഓതിത്തീര്‍ക്കുന്ന ആ വിദ്യാര്‍ത്ഥി കാലം ചാരിത്ഥാര്‍ത്ത്യത്തോടെ ഓര്‍ക്കുകയാണ് തങ്ങള്‍. പിതാവിന്റെ പ്രാചോദനവും തങ്ങള്‍ പങ്കുവെച്ചു. എത്ര ജുസ്ആയി എന്ന് പിതാവ് ഇടക്കിടെ അന്വേഷിക്കും. നോമ്പ് പിടിക്കാന്‍ പിതാവ് നിര്‍ബന്ധിപ്പിക്കും.
കുട്ടിക്കാലത്തെ റമദാന്‍ ജീവിതം ഹരമായിരുന്നു തങ്ങള്‍ക്ക്. നോമ്പ് മുറിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ജ്യേഷ്ഠനേയും തങ്ങളെയും ഉമ്മ പലകയില്‍ ഇരുത്തി പാത്രത്തില്‍ വിഭവങ്ങള്‍ ഇട്ടുകൊടുക്കും. ഉണ്ടാക്കിയതെല്ലാം അകത്താകും. നോമ്പ് തുറ കഴിഞ്ഞാല്‍ നാസ്ത. പിന്നെ നിസ്‌കാരം. ഇതാണ് അന്നത്തെ ശൈലി. എല്ലാ റമദാനിലും കുടുംബക്കാരെ വിളിച്ച് നടത്തുന്ന നോമ്പ് തുറയും അതില്‍ ഉണ്ടാകുന്ന വിഭവങ്ങളും വേറെത്തന്നെയാണ്.
മസ്ജിദുന്നബവിയിലും മസ്ജിദുല്‍ ഹറമിലും ചിലവഴിച്ച നോമ്പ് കാലം തങ്ങള്‍ ഓര്‍ത്തെടുക്കുമ്പോള്‍ മനസ് നിറയുന്നു. മുത്ത് നബിയുടെ തിരു റൗളക്ക് മുമ്പിലിരുന്ന് നോമ്പ് തുറന്ന പുണ്യ ദിനങ്ങള്‍ അതാഉല്ല തങ്ങള്‍ ആത്മ നിര്‍വൃതിയോടെയാണ് പങ്കു വെച്ചത്. താജുല്‍ ഉലമാ ഉള്ളാള്‍ തങ്ങള്‍ക്കൊപ്പവും പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളോടൊപ്പമുള്ള നോമ്പ്തുറയെ കുറിച്ച് പറയാന്‍ അതാഉല്ല തങ്ങള്‍ക്ക് വാക്കിന് പഞ്ഞം അനുഭവിക്കുന്നു. എല്ലാ റമദാനിലും ഒരു ദിവസം താജുല്‍ ഉലമാ ഉദ്യാവരം അതാഉല്ല തങ്ങളുടെ വീട്ടിലെത്തും. താജുല്‍ ഉലമയുടെ നോമ്പ് തുറ ഒരുപാട് പാഠങ്ങള്‍ സമ്മാനിച്ചുവെന്നാണ് തങ്ങള്‍ പറയുന്നത്. ബാങ്ക് കൊടുത്താല്‍ നോമ്പ് തുറക്കും. സംസം വെള്ളം കൊണ്ടാണ് ഉള്ളാള്‍ തങ്ങള്‍ നോമ്പ് മുറിക്കാറ്. ഒരു കാരക്കയും തിന്നും. പിന്നെ നിസ്‌കാരം കഴിഞ്ഞ് എന്തെങ്കിലും കഴിക്കും. നോമ്പിന്റെ ആദരവുകളെ കുറിച്ചും പ്രതിഫലങ്ങളെ കുറിച്ചെല്ലാം താജുല്‍ ഉലമാ പറഞ്ഞുകൊടുക്കും.
ഭാര്യ വീട്ടില്‍ വെച്ചാണ് അതാഉല്ല തങ്ങള്‍ക്ക് ശിഹാബ് തങ്ങള്‍ക്കൊപ്പം നോമ്പ് തുറക്കാനുള്ള നിയോഗമുണ്ടായത്. ഡൈനിംഗ് ടേബിളിലുള്ള എല്ലാ വിഭവങ്ങളെയും ആശ്ചര്യത്തോടെ വീക്ഷിക്കുകയും നോമ്പ് തുറക്ക് എല്ലാറ്റില്‍ നിന്നും അല്‍പാല്‍പം കഴിക്കുകയും ചെയ്യുന്ന ശിഹാബ് തങ്ങളുടെ ശൈലി അതാഉല്ല തങ്ങള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു.
റമദാനില്‍ വീട്ടിലെത്തുന്നവരുടെ പ്രയാസങ്ങള്‍ മനസിലാക്കി ധര്‍മം ചെയ്തിരുന്ന പിതാവിന്റെ പാരമ്പര്യം കെടാതെ സൂക്ഷിക്കാന്‍ തങ്ങള്‍ക്കാവുന്നുണ്ട്. പിതാവിന്റെ വേര്‍പാട് തങ്ങളെ നോവിച്ചുവെങ്കിലും ഉമ്മയുടെ സ്‌നേഹമാണ് താങ്ങി നില്‍ക്കുന്നത്. ഇപ്പോഴും ഉമ്മയ്‌ക്കൊപ്പം നോമ്പ് തുറക്കുന്നതാണ് തങ്ങള്‍ക്കേറെയിഷ്ടം. ഉമ്മക്ക് വേണ്ടി പഴമയുടെ മധുവൂറും പലഹാരങ്ങളായ സോജി, സേമ്യ, കസ്‌കസ് തുടങ്ങിയവ ഉണ്ടാക്കുന്നതിലും മാറ്റം വരുത്തിയിട്ടില്ല.
റമദാനില്‍ മറക്കാനാവാത്ത ഓര്‍മയാണ് അത്താഴ നേരത്തെ ചെണ്ട കൊട്ട്. പാതി രാത്രി കഴിഞ്ഞാല്‍ ഉദ്യാവരം ഓരോ വഴികളിലൂടെയും രണ്ടാളുകള്‍ ചെണ്ട കൊട്ടി അത്താഴത്തിന് വിളിച്ചുണര്‍ത്തും. എല്ലാ വീട്ടുകാരും ഇത് കേട്ടാണ് എണീക്കാറ്. പെരുന്നാളിന് ഇവര്‍ എല്ലാ വീടുകളിലും കയറും. അവര്‍ക്ക് പ്രത്യേകം നീക്കി വെച്ച സംഖ്യ കൊടുത്തുവിടും. അതാഉല്ല തങ്ങളുടെ വീട്ടിലെത്തിയാല്‍ അവര്‍ മുട്ടാന്‍ പറയും. തങ്ങള്‍ മുട്ടികൊടുക്കും. വീട്ടുകാര്‍ക്ക് കൗതുകമാണ് തങ്ങളുടെ മുട്ട്.
-സമ്പാദകന്‍: എന്‍ കെ എം മഹ്‌ളരി ബെളിഞ്ച
Keywords : Ramadan, Article, Student, College, Hafiz NKM Belinja, Sayyid Athaullah Thangal Udyavara, Nomb Anubavam, Ramadan experience: Sayyid Athaullah Thangal Udyavara.