city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മണ്‍കലത്തിലൊരു ജുസ്അ് പുള്ളി

നോമ്പ് അനുഭവം: ഖാസി സയ്യിദ് മുഹമ്മദ് മദനി അല്‍ ബുഖാരി മൊഗ്രാല്‍

(www.kasargodvartha.com 14/06/2016) നിരവധി മഹല്ലുകളുടെ ഖാസിയും കാനക്കോട് സൈനിയ്യ് എജുക്കേഷന്‍ സെന്ററിന്റെ ചെയര്‍മാനും പ്രമുഖ ആത്മീയ പണ്ഡിതനുമായ ഖാസി സയ്യിദ് മുഹമ്മദ് മദനി അല്‍ ബുഖാരി തങ്ങളുടെ വൈവിധ്യം നിറഞ്ഞ നോമ്പ് അനുഭവം വായനക്കാരോട് പങ്കു വെക്കുകയാണ്. നിശ്കളങ്കനും നിസ്വാര്‍ത്ഥനുമായ ആ കര്‍മയോഗിയുടെ അനുഭവങ്ങള്‍ക്ക് പത്തരമാറ്റുണ്ട്.

ശഅബാനിലെ ബറാഅത്ത് രാവ് കഴിഞ്ഞാല്‍ നാടും വീടും റമദാനിനെ പ്രതീക്ഷിച്ച് വരവേല്‍ക്കാന്‍ സന്നദ്ധരാവുകയാണ്. റമദാന്‍ വരവ് ഇതര വിശ്വാസികള്‍ക്ക് വരെ അറിയാന്‍ സാധിക്കുന്നത് മാപ്പിളാരുടെ വീടുകളില്‍ കാണുന്ന വൃത്തിയാക്കല്‍ കണ്ടുകൊണ്ടാണ്. ഓടും മുളിയും മേഞ്ഞ വീടുകളാണ് അധികവും. വീടിന്റെ അകവും പുറവും പരിസരങ്ങളുമെല്ലാം വൃത്തിയാക്കും. മച്ചില്‍(അട്ടം)പുറത്തുള്ള എല്ലാ ചിലന്തി വലകളും മാലിന്യങ്ങളും അടിച്ചു വാരി അകം ശുദ്ധിയാക്കി കട്ടിലും കസേരയും പലകയുമെല്ലാം കഴുകി വൃത്തിയാക്കും. പാറത്താളിയുടെ ഇല കൊണ്ടാണ് ഇതെല്ലാം കഴുകുക. റമദാനിനെ വരവേല്‍ക്കാന്‍ നാട് ഒരുങ്ങുന്ന കാഴചകള്‍ ഇന്ന് ഇല്ലാതായിരിക്കുന്നു.

ഖാസിയും ആത്മീയ നേതാവുമായിരുന്ന സയ്യിദ് സൈനുല്‍ ആബിദീന്‍ കുഞ്ഞിക്കോയ തങ്ങളാണ് മദനി തങ്ങളുടെ പിതാവ്. ഖാസിയുടെ മകനെന്ന നിലയില്‍ മദനി തങ്ങള്‍ക്ക് ഉത്തരവാദിത്തം ഏറെയായിരുന്നു. വീട്ടില്‍ പിതാവിന്റെ ശിക്ഷണം തികച്ചും വ്യത്യസ്തമാണ്. കുട്ടിക്കാലത്ത് തന്നെ വ്രതാനുഷ്ഠാനവും ഖുര്‍ആനോത്തും നിസ്‌കാരവുമെല്ലാം ചിട്ടയോടെ പഠിപ്പിക്കുകയും പ്രാവര്‍ത്തികമാക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു.

വിവിധ മഹല്ലുകളുടെ ഖാസിയായിരുന്ന പിതാവിന് നോമ്പാരംഭ വിവരം ജനങ്ങള്‍ക്കെത്തിക്കേണ്ടതിനാല്‍ പലപ്പോഴും മൊഗ്രാലില്‍ നിന്ന് കാസര്‍കോട്ട് ഖാസിയാരുടെ സവിധത്തിലേക്ക് മദനി തങ്ങളെയാണ് പിതാവ് പറഞ്ഞയക്കാറ്. ആധുനിക സംവിധാനങ്ങളില്ലാത്ത ആ കാലത്തെ സാഹസികം നിറഞ്ഞ അനുഭവങ്ങള്‍ പങ്കുവെക്കുമ്പോള്‍ രോമാഞ്ചം അനുഭവപ്പെടുന്നു.

മാസപ്പിറവി വിവരം അറിയാന്‍ കാസര്‍കോട് പോകാന്‍ മതിയായ യാത്രാ സൗകര്യമില്ല. മൊഗ്രാല്‍ പാലം വരെ നടന്ന് അവിടെന്ന് ബസില്‍ കാസര്‍കോട്ടെത്തും. മാസപ്പിറവി അറിഞ്ഞ് വീട്ടില്‍ തിരിച്ചെത്താന്‍ രാത്രി ഏറെ വൈകും. അവറാന്‍ മുസ്ലിയാരായിരുന്നു അന്നത്തെ ഖാസി. മലയോര നാടുകളിലാണ് പിതാവ് ഖാസിയായിട്ടുള്ളത്. കര്‍ണാടകയുടെ പല ഭാഗത്തും ഖാസിയാണ്. മഹല്ലുകളിലേക്ക് ഈ സന്ദേശം എത്തിക്കാനുള്ള ചുമതലയും തങ്ങളുടെ തലയിലായിരുന്നു. ചിലപ്പോള്‍ മാസപ്പിറവി സ്ഥിരീകരിക്കുമ്പോള്‍ സുബ്ഹിയോടടുത്തിരിക്കും. വെളുപ്പിന് പുറപ്പെട്ട് നിശ്ചിത സ്ഥലത്തെത്തുമ്പോള്‍ ഒമ്പത് മണിയായിരിക്കും. ഒരിക്കല്‍ റമദാനിന്റെ മാസപ്പിറവി അറിയിക്കാന്‍ പോയി പള്ളിയിലെത്തുമ്പോള്‍ സമയം ഒമ്പത് മണിയോടടുത്തിരുന്നു. പള്ളിയിലെ ഉസ്താദ് പ്രാതല്‍ കഴിച്ച് പാത്രം കഴുകുന്ന കാഴ്ചയാണ് കണ്ടത്. എല്ലാവരോടും റമദാന്‍ വിവരം അറിയിക്കാന്‍ പള്ളിയില്‍ തക്ബീര്‍ ചൊല്ലി തിരിച്ചു വന്നു. ഇങ്ങനെ എത്രയെത്ര സംഭവങ്ങള്‍...

കാരക്കയും പച്ചവെള്ളവുമാണ് പ്രധാനമായും നോമ്പുതുറക്കുണ്ടാവുക. ചിലപ്പോള്‍ ചീരാ കഞ്ഞിയും. കൂടുതലും പള്ളിയില്‍ തന്നെയാണ് തറാവീഹ് നിസ്‌കാരം. വീട്ടില്‍ വിശേഷ ദിവസമാണെങ്കില്‍ മുറ്റത്ത് പായിടും. പിതാവ് തന്നെയാണ് ഇമാമ് നില്‍ക്കുക. പള്ളിയില്‍ നടക്കുന്ന വയള് കേള്‍ക്കും. ഇശാ നിസ്‌കാരം കഴിഞ്ഞാണ് വയളിന്റെ സമയം. ഉപ്പയും മറ്റേതെങ്കിലും മുസ്ലിയാറായിരിക്കും വയള് പറയുക.

ദര്‍സ് ജീവിതത്തിനിടയില്‍ വയള് പറയുന്ന ശൈലി തങ്ങള്‍ക്കുണ്ടായിരുന്നു. നാടിന്റെ തൊട്ടടുത്ത പള്ളികളില്‍ പോയി ളുഹ്‌റിനും അസറിനും പ്രഭാഷണം നടത്തും. ഖുര്‍ആനോത്തിന്റെ കാര്യത്തില്‍ മാതാപിതാക്കള്‍ കര്‍ക്കശ സ്വഭാവമായിരുന്നു. നിര്‍ബന്ധമായും ദിവസവും ഖുര്‍ആനോതണം. ഓതിയ ജുസ്ഉകള്‍ കുറിക്കാന്‍ കലണ്ടറോ മറ്റ് സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. അതിനുള്ള പോംവഴിയായി ഉമ്മ പഠിപ്പിച്ചതാണ് മണ്‍കലത്തില്‍ പുള്ളിയിടുകയെന്നത്.

ഒരു ജുസ്അ് ഓതി കഴിഞ്ഞാല്‍ വീട്ടിലുണ്ടായിരുന്ന മണ്‍കലത്തില്‍ ചുണ്ണാമ്പ് (നൂറ്) കൊണ്ട് പുള്ളിയിടണം. ഒരു ജുസ്ഇന് ഒരു പുള്ളി. അവസാനം എണ്ണി നോക്കും. 30 പുള്ളിക്ക് ഒരു ഖത്മ് പൂര്‍ത്തിയായെന്ന് ചുരുക്കം. ഒരു പുള്ളി കുറഞ്ഞതായി കണ്ടാല്‍ ഖത്മ് തീര്‍ത്തില്ലെന്ന് വെക്കും. മതിയായ ശിക്ഷയും കിട്ടും. രസകരവും പഠനാര്‍ഹവുമായ ഈ രീതികള്‍ വിവരിക്കുമ്പോള്‍ തങ്ങളുടെ മുഖത്ത് പഴമയുടെ തിളക്കം വിളിച്ചോതുന്നു.

മൊഗ്രാല്‍ കടപ്പുറത്ത് ജോലി ചെയ്തിരുന്ന മത്സ്യ തൊഴിലാളികളാണ് അത്താഴത്തിന് വിളിച്ചിരുന്നത്. അത്താഴം നേരത്തെ കഴിച്ച് കടലില്‍ തോണിയിറക്കാന്‍ പോകുമ്പോള്‍ എല്ലാവരും ഉറക്കെ കുക്കിവിളിച്ചാണ് പോകാറ്. കൂക്കി വിളി കേട്ട് വീട്ടുകാര്‍ എണീക്കും. അത്താഴ കൊട്ടും ഉണ്ടായിരുന്നു. കുമ്പള മുതല്‍ മൊഗ്രാല്‍ വരെ ഒരു സംഘം ആളുകള്‍ ബൈത്തും പാടി അത്താഴ മുട്ടിന് വരും.

അതു പോലെ പ്രധാനപ്പെട്ട റമദാന്‍ വിശേഷങ്ങളിലൊന്നാണ് ഖളാ കമ്പനി. ജീവിതത്തില്‍ കഴിഞ്ഞു പോയ ഖളാഅ് ആയ നിസ്‌കാരങ്ങളെ പള്ളിയില്‍ ജമാഅത്തായി നിസ്‌കരിക്കും. ഇതിന് പ്രത്യേക ജമാഅത്ത് തന്നെ ഉണ്ടാകും. നിസ്‌കാരം ഖളാ ആക്കിയവരെല്ലാം ഇതില്‍ പങ്കെടുക്കും. ഖളാ കമ്പനിയെന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്.

-സമ്പാദകന്‍: എന്‍ കെ എം മഹ്‌ളരി ബെളിഞ്ച
മണ്‍കലത്തിലൊരു ജുസ്അ് പുള്ളി

Related Articles:

വാല് പോലെ അഹ് മദ് മോന്‍


പൊന്നാനിയിലെ കുഞ്ഞന്‍ നോമ്പ് തുറ

ഏയ്, നാളെ നോമ്പ് അബെ
Keywords : Ramadan, Article, Experience, Qazi Sayyid Madani Al Bhukari Mogral, NKM Belinja.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia