city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മദ്രാസിലെ മസാലക്കഞ്ഞിയും, കട്‌ലറ്റും

നോമ്പ് അനുഭവം: സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പാണക്കാട്

(www.kasargodvartha.com 22.06.2016) പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ കാസര്‍കോട് വരുന്നുണ്ടെന്ന വിവരം വാട്‌സ് ആപ്പില്‍ വന്ന റിപ്പോര്‍ട്ട് വായിച്ചപ്പോഴാണ് അറിഞ്ഞത്. വാര്‍ത്തയുടെ നേരറിഞ്ഞപ്പോള്‍ തങ്ങളുമായി ഫോണില്‍ ബന്ധപ്പെട്ട് കാര്യം ഒ കെ യായി. പുതിയ ബസ് സ്റ്റാന്‍ഡിനടുത്തുള്ള ഷോപ്പ് ഉദ്ഘാടനത്തിനെത്തിയ തങ്ങള്‍ക്കൊപ്പം പലരും ഉണ്ട്. ജലീല്‍ കടവത്തിന്റെ കാറിലാണ് തങ്ങളെത്തിയത്. അദ്ദേഹത്തോട് വിഷയം സൂചിപ്പിച്ചപ്പോള്‍ സന്തോഷപൂര്‍വം കനിഞ്ഞു.

അടുത്ത ട്രെയ്‌നില്‍ നാട്ടില്‍ തിരിക്കാനുള്ളത് കൊണ്ട് പരിപാടികളെല്ലാം വേഗത്തിലാക്കാനുള്ള ഒരുക്കത്തിലാണ്. ചുരുങ്ങിയ നേരം തങ്ങള്‍ക്കൊപ്പം കാറില്‍ യാത്ര ചെയ്ത് നോമ്പനുഭവങ്ങള്‍ ചോദിച്ചറിഞ്ഞു. എല്ലാം കഴിഞ്ഞ് ട്രെയ്‌നില്‍ പോകാനായി റെയിവെ സ്‌റ്റേഷനിനടുത്ത് എത്തിയപ്പോഴാണ് തങ്ങളുടെ പരിചയക്കാരില്‍ ആരോ ഒരാള്‍ വിളിച്ച് ആശുപത്രിയിലാണെന്ന വിവരം പറഞ്ഞത്. മറ്റൊരു ദിവസം വരാമെന്ന മറുപടി പ്രതീക്ഷിച്ചെങ്കിലും അതായിരുന്നില്ല തങ്ങളുടെ മറുപടി. എന്നാല്‍ പോക്ക് അടുത്ത ട്രെയ്‌നിലാക്കാം, എനിക്കൊന്ന് മാലിക് ദീനാര്‍ ഹോസ്പിറ്റലില്‍ പോകണമെന്ന് ജലീല്‍ കടവത്തിനോട് പറഞ്ഞപ്പോഴാണ് ആ മനുഷ്യ സ്‌നേഹിയുടെ വിശാലമനസ്സിനെ കുറിച്ച് മനസ്സിലാകുന്നത്. അതാണ് മുനവ്വറലി തങ്ങള്‍.

റമദാന്‍ ആഗതമായാല്‍ രണ്ട് സന്തോഷമാണ് മുനവ്വറലി തങ്ങളുടെ കുടുംബക്കാര്‍ക്കുണ്ടായിരുന്നത്. നോമ്പെടുക്കുക എന്ന സന്തോഷവും ഒരു മാസം പിതാവിന്റെ സഹവാസമുണ്ടാകുമെന്ന മറ്റൊരു സന്തോഷവും. പിതാവിനോട് കൂടുതല്‍ ഇടപഴകാനുള്ള അവസരങ്ങള്‍ റമദാനിലാണ് ഉണ്ടാവുക. നോമ്പ് കാലം വീടും പള്ളിയുമായി കഴിഞ്ഞിരുന്ന മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓര്‍മകള്‍ പങ്ക് വെക്കുമ്പോള്‍ മകന്‍ മുനവ്വറലി തങ്ങള്‍ക്കുള്ള പിതൃ സ്‌നേഹത്തിന്റെ അനുപമയാര്‍ന്ന ആഴം മനസ്സിലാക്കാന്‍ കഴിയുന്നു. അത്താഴം മുതല്‍ വൈകുന്നേരം വരെ പിതാവിനൊപ്പം കൂടും. സുബ്ഹി കഴിഞ്ഞ് നടക്കാന്‍ പോകും. പിന്നെ ഖുര്‍ആനോത്തില്‍ മുഴുകും. ഖുര്‍ആന്‍ പാരായണം അധികരിപ്പിച്ച് ദിഖ്‌റ് ദുആകളായി കഴിഞ്ഞു കൂടുന്ന പിതാവിന്റെ റമദാന്‍ ജീവിതം നാട്ടുകാര്‍ക്കും വലിയ സന്തോഷമായിരുന്നു. പിതാവിനോട് കൂടുതല്‍ സമയം ചെലവഴിക്കുകയെന്നത് അവര്‍ക്കും ആഗ്രഹമായിരുന്നു.

ബാപ്പാന്റെ പഴയ കാല സുഹൃത്തുകള്‍ നോമ്പ് തുറക്ക് വീട്ടില്‍ വരും. അവരുമായി എന്തെങ്കിലും തമാശ പറഞ്ഞിരിക്കും. പാണക്കാട് കൊടപ്പനയ്ക്കല്‍ തറവാടില്‍ ജ്വലിക്കുന്ന ഓര്‍മകളായി ഇന്നും നിലനില്‍ക്കുകയാണ് ആ നോമ്പു തുറ.

എല്ലാ വഖ്തിനും പിതാവിനൊപ്പമായിരുന്നു മുനവ്വറലി തങ്ങള്‍ പള്ളിയില്‍ പോയിരുന്നത്. തറാവീഹിനും ഒപ്പമുണ്ടാകും. തറാവീഹ് കഴിഞ്ഞാല്‍ കുടുംബത്തില്‍ നിന്ന് മരണപ്പെട്ടവരുടെ ഖബര്‍ സിയാറത്ത് ചെയ്യും. കുടുംബ വീടുകള്‍ സന്ദര്‍ശിക്കും. ഉമ്മ ഖുര്‍ആനോതാന്‍ നിര്‍ബന്ധിപ്പിക്കും. ചുരുങ്ങിയത് ഒരു ജുസ്അ് എങ്കിലും ദിവസവും ഓതിയിരിക്കണം. ഖുര്‍ആനോതുമ്പോള്‍ പിതാവുണ്ടെങ്കില്‍ അര്‍ത്ഥങ്ങളും അതില്‍ പ്രതിബാധിക്കുന്ന കഥകളും പറഞ്ഞു തരും. വെള്ളിയാഴ്ചകളില്‍ ഉപ്പാപ്പയുടെയും മറ്റ് പ്രമുഖരുടെയും മഖ്ബറ സിയാറത്തിന് പോകും.

പിതാവിന്റെ അനുജന്മാരുടെയും സഹോദരിമാരുടെയും വീടുകളില്‍ നോമ്പ് തുറക്ക് പോകും. വീട്ടില്‍ വരുന്ന പാവപ്പെട്ടവര്‍ക്ക് സഹായങ്ങള്‍ നല്‍കാന്‍ മടിച്ചിരുന്നില്ല. എന്ത് തിരക്കുണ്ടായാലും അവര്‍ക്കുള്ളത് കൊടുത്തു വിടും. പിതാവിനൊപ്പം നോമ്പ് തുറക്കാന്‍ പലരും വീട്ടില്‍ വരും. വൈകുന്നേരങ്ങളില്‍ വീട്ടില്‍ വരുന്നവരെ നോമ്പ് തുറപ്പിച്ച് യാത്രയാക്കും. വിദൂര യാത്രക്കാരാണെങ്കില്‍ നോമ്പ് തുറക്കുള്ളത് കൈയ്യില്‍ കൊടുത്തു വിടും. ഇതായിരുന്നു മുഹമ്മദലി ശിഹാബ് തങ്ങളുടെ റമദാനിലെ ജീവിത ശൈലി.

ചെന്നൈയിലെ പഠന കാല ഓര്‍മകളും മുനവ്വറലി തങ്ങള്‍ പങ്കു വെച്ചു. മള്‍ട്ടി കള്‍ച്ചറായിരുന്നു മദ്രാസ് ജീവിതം. വിവിധ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ സഹപാഠികളായിരുന്നു. റമദാനില്‍ എല്ലാ ദിവസവും ക്ലാസ് നടക്കും. നോമ്പ് തുറക്ക് മുമ്പേ പള്ളിയിലെത്തും. മദ്രാസിലെ റമദാന്‍ സ്‌പെഷ്യലാണ് മസാല കഞ്ഞിയും കട്‌ലയ്റ്റും. മസാല കഞ്ഞികുടിക്കാന്‍ നല്ല തിരക്കാകും. പ്രത്യേക രുചിയാണ് അതിന്. പാവപ്പെട്ടവര്‍ പള്ളിയില്‍ നിന്ന് മസാലക്കഞ്ഞി കൊണ്ടു പോകും. ചന്തകളിലും കടപ്പുറം പോലെയുള്ള വിനോദ കേന്ദ്രങ്ങളിലെല്ലാം മസാല കഞ്ഞിയുടെ വില്‍പന ചൂടോടെ നടക്കാറുണ്ട്. പലരുടെയും ഉപജീവനമാണ് മസാല കഞ്ഞി.

തറാവീഹിന് കുട്ടികള്‍ തന്നെ ഇമാമായി നില്‍ക്കും. നിസ്‌കാരത്തിന് ശേഷം പ്രമുഖരുടെ ക്ലാസുണ്ടാകും. ഇംഗ്ലീഷിലാണ് ക്ലാസ് നടക്കാറ്. കൂട്ടുകാര്‍ക്കൊപ്പമുള്ള റമദാന്‍ ജീവിതവും ഹരമായിരുന്നു. മലേഷ്യയിലെ റമദാന്‍ ജീവിതവും തങ്ങള്‍ അനുഭവിച്ചറിഞ്ഞു. മൂന്ന് വര്‍ഷത്തെ പഠനത്തിന് വേണ്ടിയാണ് തങ്ങള്‍ മലേഷ്യയില്‍ എത്തിയത്. വുസൂലില്‍ ഫിഖ്ഖ് (നിതാന കര്‍മ ശാസ്ത്രം) ആയിരുന്നു പാഠ്യ വിഷയം.

റമദാനിനെ വരവേല്‍ക്കാന്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ മലേഷ്യ ഒരുങ്ങും. പള്ളികളും പട്ടണങ്ങളുമെല്ലാം അലങ്കരിക്കും. സുല്‍ത്താനാണ് മാസപ്പിറവി പ്രഖ്യാപിക്കുന്നത്. രാജ കൊട്ടാരത്തില്‍ ശരീഅത്തിന്റെ അഗ്രേസരന്മാരായ പണ്ഡിതന്മാരും ഖാസിമാരുമെല്ലാം രാജ കൊട്ടാരത്തിന്റെ സംവിധാനങ്ങളില്‍ പെട്ടതാണ്. നോമ്പു തുറക്ക് വൈറ്റ് റൈസാണ് കൂടുതലും. ചെറുകടികളും മറ്റ് ഭോജനാഹാരങ്ങളും അങ്ങാടിയില്‍ സുലഭമായി ലഭിക്കും. വീടുകളില്‍ ഭക്ഷണം പാചകം ചെയ്യുന്നത് കുറവാണ്. അങ്ങാടിയെയാണ് ഇവിടെത്തുകാര്‍ ആശ്രയിക്കുന്നത്. റെസ്‌റ്റോറന്റുകളിലാണ് കുടുംബക്കാര്‍ നോമ്പ് തുറക്കുന്നത്. സാധനങ്ങള്‍ക്ക് വിലക്കുറവാണിവിടെ.

പെരുന്നാള്‍ ആഘോഷം ഒരാഴ്ച വരെ നീളും. പെരുന്നാളിന് കുട്ടികള്‍ക്ക് പൈസ കൊടുക്കും. പെരുന്നാള്‍ പൈസ കൊടുക്കാനായി പ്രത്യേക കവറുകള്‍ ഷോപ്പുകളില്‍ വാങ്ങാന്‍ കിട്ടും. അവിവാഹിതരായ ചെറുപ്പക്കാര്‍ക്കും പൈസ കൊടുക്കലുണ്ട്. മലേഷ്യയിലെ നോമ്പ് ജീവിതവും ഒരുപാട് അനുഭവങ്ങളാണ് തങ്ങള്‍ക്ക് സമ്മാനിച്ചത്.

ലണ്ടനിലെ പെരുന്നാള്‍ പൊലിമയും മറ്റൊരു പ്രതീതിയാണ്. ഒരു ഡിസംബറിലെ പെരുന്നാളിനാണ് തങ്ങള്‍ക്ക് പുത്തനനുഭവം സമ്മാനിച്ചത്. തണുപ്പിനാല്‍ പുതച്ചു മൂടിയ ലോകം. വൈകിട്ട് നാല് മണിക്ക് തന്നെ മഗ്‌രിബ് ബാങ്ക് വിളിക്കും. നോമ്പു തുറക്കുള്ള വിഭവങ്ങള്‍ നേരത്തെ തയ്യാറാക്കും. പകല്‍ നേരം കുറഞ്ഞ സമയം മാത്രം. ആറ് മണിക്കാണ് സുബ്ഹി ബാങ്ക്. നോമ്പിന്റെ ക്ഷീണം അനുഭവപ്പെട്ടില്ല. മുസ്ലിം പള്ളികള്‍ സജീവമാണ്. എല്ലാ വഖ്തിനും ആളുകള്‍ നിസ്‌കാരത്തിനുണ്ടാകും. ഖുര്‍ആനോത്തും വ്യാപകമാണ്. പള്ളികളില്‍ നടക്കുന്ന നോമ്പ് തുറകളില്‍ നിരവധി പേര്‍ പങ്കെടുക്കും.

ബംഗ്ലാദേശുകാരുടെ ഒരുപാട് പള്ളികള്‍ കാണാം. ആ രാജ്യത്തെ മുസ്ലിം വിശ്വാസികള്‍ക്ക് അവരുടേതായ ഭക്ഷണം നോമ്പ് തുറക്ക് അവിടെ കിട്ടും. ഖത്തര്‍ എംബസിയുടെ പള്ളികളില്‍ അറബ് ഭക്ഷണവും യഥേഷ്ടം ലഭ്യമാകും. അത് പോലെയാണ് സോമാലിമക്കാര്‍ക്കും.

ലണ്ടനിലെ സെന്റര്‍ മോസകിലാണ് ഏറ്റവും തിരക്കനുഭവപ്പെടുക. ലണ്ടനിലെ മുസ്ലിം കേന്ദ്രമാണ് സെന്റര്‍ മോസ്‌ക്. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് വരുന്ന മുസ്ലിം പണ്ഡിതന്മാര്‍ അവിടെ ക്ലാസ്സെടുക്കുകയും തറാവീഹിന് ഇമാം നില്‍ക്കുകയും ചെയ്യും. പെരുന്നാള്‍ നിസ്‌കാരം അതിരാവിലെ ആരംഭിക്കും. അഞ്ചോ ആറോ ഘട്ടങ്ങളിലായാണ് സെന്റര്‍ മോസ്‌കില്‍ പെരുന്നാള്‍ നിസ്‌കാരം നടക്കുക. അനിര്‍വചനീയ അനുഭൂതിയാണ് ലണ്ടനിലെ പെരുന്നാളില്‍ അനുഭവപ്പെടുക.

-സമ്പാദകന്‍: എന്‍ കെ എം മഹ്‌ളരി ബെളിഞ്ച

മദ്രാസിലെ മസാലക്കഞ്ഞിയും, കട്‌ലറ്റും


Related Articles:

വാല് പോലെ അഹ് മദ് മോന്‍

പൊന്നാനിയിലെ കുഞ്ഞന്‍ നോമ്പ് തുറ

ഏയ്, നാളെ നോമ്പ് അബെ

മണ്‍കലത്തിലൊരു ജുസ്അ് പുള്ളി

കോട്ടുമല ഉസ്താദിനൊപ്പം ഒരു നോമ്പ് തുറ

പീര്‍ സാഹിബ് വന്ന പെരുന്നാള്‍

എന്‍ കെ ബാലകൃഷ്ണന്‍ എസ് ഐയുടെ നോമ്പ് കാലം

കടത്തിണ്ണയില്‍ ഒരു നോമ്പ് തുറ

പാടത്താളിയിലെ നീര്

കിട്ടിയത് ഉണ്ണി മാങ്ങ, വീണത് വിഷപ്പാമ്പ്

കസബിലെ നോമ്പ് തുറ
Keywords : Ramadan, Article, Panakkad Munavvar Ali Shihab Thangal, Madras.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia