city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുമ്പോല്‍ തറവാട്ടിലെ നോമ്പ് കാലം

നോമ്പ് അനുഭവം: സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍

(www.kasargodvartha.com 28.06.2016) ചിരി കാണ്‍ണാങ്ങ് അബ്ബു തങ്ങളെ നോക്കണം, ഒരു പ്രഭാഷകന്റെ ഭാഷണത്തില്‍ കേട്ട വാക്കുകളാണിത്. ആ പുഞ്ചിരി നേരിട്ട് കണ്ടപ്പോള്‍ ഹൃദയം തരളിതമാകുന്നു. വിഷമങ്ങള്‍ പമ്പ കടക്കുന്നു. ഇത്ര മനോഹരമായി തങ്ങള്‍ക്കെങ്ങെനെയാണ് പുഞ്ചിരിക്കാനാവുന്നതെന്ന് പലരും ചോദിക്കുന്നു. പലര്‍ക്കും ആ പുഞ്ചിരിയുടെ രഹസ്യമറിയാന്‍ അറിയാന്‍ ആഗ്രഹമുണ്ട്. കുമ്പോല്‍ സയ്യിദ് കെ എസ് മുഹമ്മദ് ആറ്റക്കോയ തങ്ങളുടെ തിരു സവിധം എന്നും രാജ സന്നിധിയുടെ പ്രതീതിയാണ്.

നാനാ ദിക്കുകളില്‍ നിന്നും ജാതി മത ഭേദമന്യേ നിരവധി പേര്‍ കുമ്പോലിലെ നാഷണല്‍ ഹൈവേക്ക് സമീപത്തുള്ള തങ്ങളുടെ വീട്ടുമുറ്റത്തെത്തി ആത്മ സായൂജ്യവും കുടുംബ സമാധാനവും കരഗതമാക്കി തിരിച്ചു പോകുന്നു. മാഥാപുരം മൂസ സഖാഫി വഴിയാണ് തങ്ങളെ ബന്ധപ്പെട്ടത്. എഴുത്തുകാരനും കുമ്പോല്‍ തറവാട്ടിലെ ഒരംഗവുമായ സയ്യിദ് ശമീം തങ്ങളോട് റമദാനിന് മുമ്പ് തന്നെ സംസാരിച്ചിരുന്നുവെങ്കിലും വിദേശത്തായിരുന്ന തങ്ങളെത്താന്‍ കാത്തു നിന്നു. വിഷയവുമായി ബന്ധപ്പെട്ട് തങ്ങളെ സമീപിച്ചപ്പോള്‍ നിറപുഞ്ചിരിയോടെ തങ്ങള്‍ അനുഭവങ്ങള്‍ പറഞ്ഞു തന്നു. കുമ്പോലിലെ സുല്‍ത്താന്റെ മുമ്പിലിരുന്ന ആ നിമിഷങ്ങള്‍ ജീവിതത്തിലെ വലിയ സൗഭാഗ്യമായി കാണാനേ കഴിയൂ. കേരള - കര്‍ണാടകയിലെ ആയിരത്തോളം മഹല്ലുകളുടെ നേതൃസ്ഥാനം അലങ്കരിക്കുന്ന തങ്ങള്‍ നിരവധി സ്ഥാപനങ്ങളുടെ ചെയര്‍മാനാണ്. ജാമിഅ സഅദിയ്യയുടെ പ്രസിഡണ്ടുമാണ് തങ്ങള്‍.

കുമ്പോല്‍ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളുടെ മൂത്തമകനായി 1947ലാണ് ആറ്റക്കോയ തങ്ങളുടെ ജനനം. റമദാന്‍ വലിയ ആവേശമായിരുന്നു. കുട്ടികള്‍ റമദാനില്‍ ആവേശത്തോടെ നോമ്പനുഷ്ഠിക്കും. റമദാനിന്റെ പൊന്നമ്പിളി ഉദയം ചെയ്ത വിവരം അറിയാന്‍ കുമ്പളയിലേക്ക് ആരെയെങ്കിലും പറഞ്ഞയക്കും. കുമ്പോലില്‍ നിന്ന് എം സി സി റോഡിലൂടെ നടന്ന് പുഴക്കരയിലെത്തും. അവിടെന്ന് തോണിയില്‍ അക്കരെ കടന്ന് വീണ്ടും നടക്കും. കുമ്പള പള്ളിയില്‍ പോയി കാസര്‍കോട് ഖാസിയുടെ വിവരം കിട്ടാന്‍ കാത്തു നില്‍ക്കും. കുമ്പളയുടെ ചുറ്റുഭാഗത്തുള്ള മഹല്ലില്‍ നിന്ന് വന്നവരെല്ലാം കുമ്പള പള്ളിയിലാണ് നില്‍ക്കുക. കാസര്‍കോട് നിന്ന് ഖാസിയാരുടെ വിവരവുമായി എത്തിയാല്‍ അവരവരുടെ നാട്ടിലേക്ക് പിരിയും. അവറാന്‍ മുസ്ലിയാരായിരുന്നു ഖാസി. അതീവ ഗൗരവക്കാരനും സൂക്ഷ്മ ശാലിയുമായ അവറാന്‍ മുസ്ലിയാര്‍ പിറവി കണ്ട വിവരവുമായി എത്തുന്നവരോട് വിശദമായി അന്വേഷിച്ചതിന് ശേഷമേ ഉറപ്പിച്ച് പ്രഖ്യാപിക്കുകയുള്ളൂ. പയ്യക്കിയില്‍ നിന്നും റമദാനിലെ നിലാവ് കണ്ട വിവരവുമായി ആ നാട്ടുകാര്‍ ഖാസിയാരെ സമീപിച്ചപ്പോള്‍ കണ്ടവനോടും സാക്ഷിയോടും വിവരങ്ങള്‍ വിശദമായി അന്വേഷിച്ചപ്പോള്‍ പരിപൂര്‍ണമായ മറുപടി ലഭിക്കാത്തതിനാല്‍ മാസപ്പിറവി ഉറപ്പിക്കാന്‍ തയ്യാറായില്ല. അത്രയ്ക്കും സൂക്ഷ്മ ശാലിയായിരുന്നു അവറാന്‍ മുസ്ലിയാരെന്നാണ് കുമ്പോല്‍ തങ്ങള്‍ പറയുന്നത്.

സുബ്ഹി നിസ്‌കാരം കഴിഞ്ഞാല്‍ ഖുര്‍ആനോതി നടക്കാനിറങ്ങും. കുട്ടികളെല്ലാം കൂട്ടമായി നടന്ന് കടപ്പുറത്ത് പോയിരിക്കും. 11 മണിവരെ അവിടെ ചിലവഴിച്ച് പള്ളിയില്‍ പോകാനായി പിരിയും. ളുഹ്‌റിന് പള്ളിയിലെത്തും. നിസ്‌കാരം കഴിഞ്ഞാല്‍ ഉര്‍ദിയുണ്ടാകും. അസര്‍ കഴിഞ്ഞാല്‍ നോമ്പ് തുറക്കുള്ള തിരക്കിലാണ് നാട്ടുകാര്‍. കുമ്പോല്‍ പള്ളിയില്‍ നോമ്പു തുറ ഉണ്ടാകും. പഴം, പപ്പായ അടങ്ങുന്ന ഫ്രൂഡ്‌സുകളും കഞ്ഞിയുമാണ് പള്ളിയിലുണ്ടാവുക. വീടുകളില്‍ നല്ല സദ്യയുണ്ടാകും. വീടുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന നോമ്പ് തുറയും കൂടുതലായിരുന്നു. നന്മയുടെ അത്തരം പ്രവര്‍ത്തനങ്ങള്‍ സുഷ്‌കിച്ചു പേകാതെ പുനര്‍ജനിപ്പിക്കണമെന്ന് തങ്ങള്‍ ഉണര്‍ത്തുകയും ചെയ്തു.

കുമ്പോല്‍ തറവാട്ടിലെ നോമ്പു തുറ വിഭവ സമൃദ്ധമായിരിക്കും. ദിവസവും പത്ത് പന്ത്രണ്ടുപേര്‍ കുമ്പോല്‍ തറവാട്ടില്‍ നോമ്പ് തുറയുടെ അതിഥികളായി ഉണ്ടാകും. പിതാവ് സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളെ കാണാനായി എത്തുന്നവരാണ് അധികപേരും. കുടുംബക്കാരും നോമ്പ് തുറക്കുണ്ടാവും. ഉമ്മയാണെങ്കില്‍ സല്‍ക്കാര പ്രിയരാണ്. പത്തിരി, മീന്‍കറി, കോരിക്കഞ്ഞി, കോഴിക്കറി, ഇറച്ചി തുടങ്ങിയ വിഭവങ്ങള്‍ തറവാട്ടിലെ തീന്‍മേശയില്‍ നിത്യകാഴ്ചയാണ്. റമദാന്‍ മാസമായാല്‍ ഉമ്മക്ക് സഹായത്തിനായി വീട്ടുജോലിക്കായി രണ്ടു പേരെ അധികമായി നിര്‍ത്തി അതിഥികളെ സന്തോഷിപ്പിക്കും. റമദാനില്‍ വരുന്നവര്‍ അസറിന് മുമ്പേവരണമെന്ന നിര്‍ബന്ധം പിതാവിനുണ്ടായിരുന്നു. റമദാന്‍ പതിനേഴിനാണ് വിപുലമായ നോമ്പ് തുറ നടക്കാറ്. അസറിന് ശേഷം പള്ളിയിലെ ഉസ്താദുമാര്‍ വന്ന് ബദര്‍ മൗലിദോതും. മഗ്രിബിനടുത്ത സമയം വരെ ഇതു നീളം. നാട്ടുകാരും പുറ നാട്ടുകാരുമെല്ലാം വീട്ടിലെത്തും. പിതാവിനെ കാണാന്‍ വരുന്നവരധികവും നോമ്പ് തുറക്ക് വീട്ടിലുണ്ടാകും.

റമദാനായാല്‍ പള്ളി പരിസരം ജനങ്ങളാല്‍ പോരിശയാകും. വൈകുന്നേരങ്ങളിലും നോമ്പ് തുറ നേരത്തും പള്ളിയും പരിസരവും ജനങ്ങളാല്‍ സന്തോഷത്തിലാകും. പരസ്പരം കഥപറയാനും ചങ്ങാത്തം കൂടാനും അവിടെയാണ് എല്ലാവരും വരിക. പള്ളിക്ക് സമീപത്തുണ്ടായിരുന്ന മുഹമ്മദ്ച്ചാന്റെ ഹോട്ടലില്‍ നോമ്പുതുറക്കാവശ്യമായ പലഹാരങ്ങളെല്ലാം ഉണ്ടാകും. നല്ല സ്വാദായിരിക്കും അതിന്. വീട്ടില്‍ പലഹാരം ഉണ്ടാക്കാത്ത ദിവസങ്ങളില്‍ ബാപ്പ മുഹമ്മദച്ചാന്റെ ഹോട്ടലില്‍ നിന്ന് കൊണ്ടുവരാന്‍ പറയും. പിതാവിനും നല്ല ഇഷ്ടമായിരുന്നു അദ്ദേഹത്തിന്റെ പലഹാരം.

വീട്ടില്‍ തന്നെയാണ് പിതാവിന്റെ നിസ്‌കാരം. വെള്ളിയാഴ്ച അതിരാവിലെ പള്ളിയില്‍ പോകും. നടന്നാണ് പോകാറ്. ജുമുഅ കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ അതിഥികളായി നോമ്പു തുറക്ക് നാലഞ്ചു പേര്‍ കൂടെയുണ്ടാകും. കെ പി കെ തങ്ങളായിരുന്നു പിതാവിന് ഇമാം നില്‍ക്കുക. ആകര്‍ഷണീയ ശൈലിയിലുള്ള അദ്ദേഹത്തിന്റെ ഖുര്‍ആനോത്ത് പിതാവിന് ഇഷ്ടമായിരുന്നു. റമദാനില്‍ ഖുര്‍ആനോത്തും ദിഖര്‍ ഔറാദുകളുമായി കഴിഞ്ഞ് കൂടുന്ന ശൈലിയാണ് പിതാവിന്റേത്.

ഉപ്പയുടെ സഹോദരി അമ്മായിയാണ് കുട്ടികള്‍ക്ക് നിയ്യത്ത് ചൊല്ലികൊടുക്കാറ്. വല്യുപ്പയുടെ കാലത്തെ കഥകളും പറഞ്ഞു കൊടുക്കും. അത്താഴം കഴിഞ്ഞാല്‍ പ്രത്യേക ദിഖ്ര്‍ ചൊല്ലാന്‍ പറയും. 10 പ്രാവശ്യം ചൊല്ലിപ്പിക്കും. റമദാന്‍ മുഴുവനും കുമ്പോല്‍ തറവാട്ടില്‍ പെരുന്നാളാണ്. ഇന്നും കുമ്പോലില്‍ നോമ്പ് തുറക്ക് ആള്‍ക്കാര്‍ ഒട്ടും കുറവല്ലെന്നാണ് സാഹചര്യം മനസ്സിലാക്കുന്നത്. താജുല്‍ ഉലമയോടൊപ്പമുള്ള നോമ്പ് തുറയും തങ്ങള്‍ ഓര്‍മിച്ചു. മക്കയിലും മദീനയിലുമുള്ള നോമ്പ് തുറയുടെ അനുഭവമാണ് തങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭൂതി നല്‍കിയതെന്നാണ് ആറ്റക്കോയ തങ്ങള്‍ പറയുന്നത്.

-സമ്പാദകന്‍: എന്‍ കെ എം മഹ്‌ളരി ബെളിഞ്ച

കുമ്പോല്‍ തറവാട്ടിലെ നോമ്പ് കാലം

Related Articles:
പത്തിരിയെന്ന വി ഐ പി ഫുഡ്


പൊന്നാനിയിലെ കുഞ്ഞന്‍ നോമ്പ് തുറ

ഏയ്, നാളെ നോമ്പ് അബെ

മണ്‍കലത്തിലൊരു ജുസ്അ് പുള്ളി

കോട്ടുമല ഉസ്താദിനൊപ്പം ഒരു നോമ്പ് തുറ

പീര്‍ സാഹിബ് വന്ന പെരുന്നാള്‍

എന്‍ കെ ബാലകൃഷ്ണന്‍ എസ് ഐയുടെ നോമ്പ് കാലം

കടത്തിണ്ണയില്‍ ഒരു നോമ്പ് തുറ

പാടത്താളിയിലെ നീര്

കിട്ടിയത് ഉണ്ണി മാങ്ങ, വീണത് വിഷപ്പാമ്പ്

കസബിലെ നോമ്പ് തുറ

മദ്രാസിലെ മസാലക്കഞ്ഞിയും, കട്‌ലറ്റും

പത്തിരിയെന്ന വി ഐ പി ഫുഡ്

ബോധം നഷ്ടപ്പെട്ട നോമ്പ്

ദാ, മോനെ ഇപ്പൊ ബാങ്കൊടുക്കും

മടവൂരിനൊപ്പം ഒരു നോമ്പ് തുറ

മാസം കണ്ടൂ...മാസം കണ്ടൂ
Keywords : Article, Ramadan, Kumbol-Thangal, KS Attakoya Thangal Kumbol, NKM Belinja.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia